Wednesday, February 17, 2010
കര്‍ക്കരെയെ കൊന്നതാര്- വീഡിയോ-1
Sunday, February 7, 2010
'മുസ്‌ലിം‘ പത്രം, ‘ഹിന്ദു‘ വായന - രാജീവ് കൂപ്
മാധ്യമം, സിറാജ്, വര്‍ത്തമാനം, തേജസ് തുടങ്ങിയ മുസ്‌ലിം പത്രങ്ങള്‍...'മലയാളത്തിലെ പ്രശസ്‌തമായ ന്യൂസ് ചാനലില്‍ പ്രതിവാര മാധ്യമ അവലോകന പംക്തി കൈകാര്യം ചെയ്യുന്ന പ്രസിദ്ധനായ ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഇത്. മുസ്‌ലിം സംഘടനകള്‍ നടത്തുന്നവയാണ് മേല്‍പറഞ്ഞ നാല് പത്രങ്ങളും എന്നതു കൊണ്ട് ഈ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണെന്ന് പറയാനാവില്ല. പക്ഷേ, പതിവായി ഈ വിശേഷണം ഉപയോഗിക്കുമ്പോള്‍ അത് നിര്‍ദോഷമാണെന്നും കരുതാനാവില്ല. മുസ്‌ലിം പത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതിന് അപ്പുറത്ത് ഓരോ പത്രവും മുസ്‌ലിംകളിലെ ഏതേത് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വ്യക്തമാക്കാനും അദ്ദേഹം തയ്യാറാവാറുണ്ട്. ഇത്രയും ജാഗ്രത മറ്റു പത്രങ്ങളുടെ കാര്യത്തില്‍ കണ്ടുവരാറില്ല എന്നത് കൂടി പരിഗണിക്കുമ്പോള്‍ പ്രശ്‌നം കുറേക്കൂടി സങ്കീര്‍ണമാണെന്ന് വ്യക്തമാവും. മുസ്‌ലിം സമുദായ സംഘടനകള്‍ നടത്തുന്ന പത്രങ്ങള്‍ സ്വന്തം സംഘടനകളെ സംബന്ധിച്ച വാര്‍ത്തകളും ആ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുക സ്വാഭാവികം. പക്ഷേ, അതുകൊണ്ടു മാത്രം അതൊരു മുസ്‌ലിം പത്രമാണെന്ന് പറയാനാവുമോ? സംഘടനകളുടെ ആശയങ്ങളും നിലപാടുകളും അറിയിക്കുമ്പോള്‍ തന്നെ പൊതുസമുഹത്തെ ബാധിക്കുന്നതും അവര്‍ അറിയേണ്ടതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഈ പത്രങ്ങളെല്ലാം ഭൂരിഭാഗം സ്ഥലവും ചിലവഴിക്കുന്നത്. ശബരിമല മുതല്‍ താഴേക്ക് എല്ലാ ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ നല്ല താത്‌പര്യം പ്രകടിപ്പിക്കുകയും വിവിധ ഹൈന്ദവ സമുദായ സംഘടനകളുടെ വാര്‍ത്തകള്‍ക്ക് നല്ല പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പത്രമാണ് മാതൃഭൂമിയെന്ന് അത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് മാതൃഭൂമിയെ ഹിന്ദുപ്പത്രമെന്ന് ആരും വിശേഷിപ്പിക്കാറില്ല, മേല്‍പ്പറഞ്ഞ മാധ്യമ വിദഗ്‌ധനും. മലയാള മനോരമ അച്ചായന്റെ പത്രം എന്ന നിലക്കേ വിശേഷിപ്പിക്കപ്പെടാറുള്ളൂ. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വല്ലപ്പോഴും ഓര്‍ത്തഡോക്‌സ് പക്ഷത്തെയാണ് മനോരമ പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാറുണ്ടെന്ന് മാത്രം. ദീപികയെ വിശേഷിപ്പിക്കാന്‍ നസ്രാണി എന്ന വാക്ക് ഉപയോഗിച്ചു കേട്ടിട്ടുണ്ട്. നസ്രാണി ദീപിക എന്നത് മുന്‍ കാലങ്ങളില്‍ അവര്‍ തന്നെ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നതില്‍ അപാകത തോന്നേണ്ട കാര്യമില്ല. ഈ വിശേഷണങ്ങളും `മുസ്‌ലിം പത്രങ്ങള്‍' എന്നതിനെപ്പോലെ സ്ഥിരമായവയല്ല. തന്റെ പരിപാടിക്ക് കൊഴുപ്പുകൂട്ടാന്‍ അവതാരകന്‍ ഉപയോഗിക്കുന്ന ഈ വിശേഷണം ഒറ്റനോട്ടത്തില്‍ പ്രത്യേകിച്ച് ഉപദ്രവമൊന്നും ചെയ്യുന്നില്ല. പക്ഷേ, ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെടുമ്പോള്‍ ഈ പരിപാടി സ്ഥിരമായി വീക്ഷിക്കാന്‍ ഇടയുള്ള സമൂഹത്തിന് കിട്ടാന്‍ ഇടയുള്ള ചിത്രം മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമിറങ്ങുന്ന ചില പത്രങ്ങള്‍ ഇവിടെയുണ്ട് എന്നതായിരിക്കും. മുസ്‌ലിം സംഘടനകള്‍ നടത്തുകയും അവരുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ വ്യക്തമായ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ ഈ പത്രങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് എന്ന വസ്‌തുത പൊതുസമൂഹത്തിന്റെ മുന്നില്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യും. സൃഷ്‌ടിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ പുറമെയാണ്. ഗുജറാത്തിലെ വംശഹത്യക്ക് കാരണമായിപ്പറയുന്ന സബര്‍മതി എക്‌സ്‌പ്രസ്സിലെ തീപ്പിടിത്തം യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് റെയില്‍വേ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്‌തത്. ഈ റിപ്പോര്‍ട്ട് ഹിന്ദു ദിനപ്പത്രം പൂര്‍ണമായി പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ട് അതേപടി വിവര്‍ത്തനം ചെയ്‌ത് മുന്‍പറഞ്ഞ പത്രങ്ങളിലൊന്ന് പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു കോളജധ്യാപകന്‍ പ്രതികരിച്ചത് നിങ്ങള്‍ക്ക് താത്‌പര്യമുള്ള വിധത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവല്ലേ എന്നായിരുന്നു. മുസ്‌ലിം സംഘടന നടത്തുന്ന പത്രം യു സി ബാനര്‍ജി റിപ്പോര്‍ട്ട് വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഹിന്ദു ദിനപ്പത്രത്തില്‍ വന്ന പൂര്‍ണരൂപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ക്കെന്താണ് ഇതില്‍ താത്‌പര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മനസ്സിലെങ്കിലും വര്‍ഗീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന് ആവര്‍ത്തിച്ച് ഉപയോഗിച്ച് സ്ഥാപിക്കുമ്പോള്‍ ഇത്തരം സംശയങ്ങള്‍ അധികരിക്കുക മാത്രമേയുണ്ടാവൂ. മാധ്യമ വിശകലന വിദഗ്‌ധന്റെ മുസ്‌ലിം പത്ര പ്രയോഗവും അധ്യാപകന്റെ സംശയവും എന്തുകൊണ്ടുണ്ടാവുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടത് ചരിത്രത്തിലും ഭാഷയിലും ഇവരണ്ടും ഏതുരീതിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതിലുമാണ്. മുഗള്‍ ഭരണകാലത്ത് മുസ്‌ലിംകളല്ലാത്തവര്‍ തലക്കരം നല്‍കേണ്ടിവന്നിരുന്നുവെന്നാണ് നാമൊക്കെ പഠിക്കുന്ന ചരിത്രം. അക്‌ബര്‍ ഇത് നിര്‍ത്തലാക്കിയെന്നും ഔറംഗസീബിന്റെ കാലത്ത് പുനരാരംഭിച്ചുവെന്നും പഠിക്കും. പക്ഷെ, അന്ന് ഭൂസ്വാമിമാരായിരുന്ന സവര്‍ണ ഹിന്ദുക്കള്‍ താണജാതിക്കാരെക്കൊണ്ട് ഭൂമിയില്‍ പണിയെടുപ്പിച്ച് ധാന്യം സ്വന്തം പത്തായപ്പുരയില്‍ നിറച്ചിരുന്നത് മറ്റൊരു `തലക്കരം' തന്നെയായിരുന്നുവെന്ന് നാം പഠിപ്പിക്കാറില്ല, പഠിക്കാറുമില്ല. ജന്മിക്ക് വേണ്ടത്ര ധാന്യം ഉത്‌പാദിപ്പിക്കാന്‍ കഴിയാത്ത കീഴാളന് ജീവന്‍ നഷ്‌ടപ്പെടുന്നത് അന്ന് അപൂര്‍വമായിരുന്നില്ല. ഈ സമ്പ്രദായത്തില്‍ തലക്കരം മാത്രമല്ല ഈടാക്കപ്പെട്ടിരുന്നത്. കീഴാള കുടുംബത്തിലെ സ്‌ത്രീകള്‍ ജന്മിമാരുടെ സ്വത്തായിരുന്നു. അവര്‍ക്ക് ഉപയോഗിക്കണമെന്ന് തോന്നുമ്പോള്‍ അതിന് സൗകര്യമൊരുക്കാന്‍ കീഴാളര്‍ക്ക് `ബാധ്യത'യുണ്ടായിരുന്നു. മുഗള്‍ രാജാക്കന്‍മാര്‍ തലക്കരം പ്രഖ്യാപിച്ചത് തങ്ങളുടെ മതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ തലക്കരം ഒഴിവാകുമായിരുന്നു, തുല്യതക്ക് അവസരം ലഭിക്കുമായിരുന്നു. ജന്മി - കുടിയാന്‍ സമ്പ്രാദയത്തില്‍ ഈ ഒരു സാധ്യതപോലുമുണ്ടായിരുന്നില്ല. താണജാതിക്കാരന്‍ ജന്മിയുടെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളവന്‍ മാത്രമായി തുടരുകയായിരുന്നു. അധികാരം, കുലമഹിമ എന്നിവയില്‍ അധിഷ്‌ഠിതമായാണ് ചൂഷണവും പീഡനവും നടന്നിരുന്നത് എന്ന ചരിത്രപാഠം ഒരു മതവിഭാഗത്തിലെ രാജാക്കന്‍മാര്‍ ഭൂരിപക്ഷ സമുദായത്തോട് നീതികേട് കാട്ടി എന്ന് ലളിതവത്‌കരിക്കുകയാണ് നാം ചെയ്യുന്നത്. രാജ്യവിസ്‌തൃതി വര്‍ധിപ്പിക്കാന്‍ രാജാക്കന്‍മാര്‍ നടത്തിയ എല്ലാ ആക്രമണങ്ങളും കൊള്ളക്കും കൊള്ളിവെപ്പിനും കാരണമായിട്ടുണ്ട്. പക്ഷേ, ബാബറും ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങളെയും കൊള്ളകളെയും കുറിച്ചാണ് നാം കൂടുതല്‍ പഠിക്കാറ്. അവര്‍ നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രത്തിലെ വീരനായകനായി മാത്രമേ മാര്‍ത്താണ്ഡവര്‍മ നമ്മുടെ മുന്നില്‍ അവതരിക്കാറുള്ളൂ. യുദ്ധത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരെയും പത്മനാഭന്‍ തമ്പിയെയും കീഴടക്കി രാജ്യഭാരം പിടിച്ചെടുക്കുന്ന അദ്ദേഹം, പിള്ളമാരെ കഴുവേറ്റുകയും അവരുടെ കുടുംബങ്ങളിലെ സ്‌ത്രീകളെ തുറകയറ്റുകയും ചെയ്‌തുവെന്നതും ഒരു വീരോചിത പ്രവൃത്തിയായാണ് അവതരിപ്പിക്കപ്പെടാറ്. രാജ്യദ്രോഹക്കുറ്റം ചുമത്തി എട്ടുവീടരില്‍ അവേശേഷിച്ച പുരുഷന്‍മാരെ കഴുവേറ്റിയത് ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ, നിസ്സഹരായ സ്‌ത്രീകളെ തുറകയറ്റിയതിനെയോ? സ്‌ത്രീകളെ അകാരണമായി ശിക്ഷിച്ചുവെന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. അവരെ മുക്കുവര്‍ക്ക് കൈമാറാന്‍ തീരുമാനിക്കുമ്പോള്‍ മുക്കുവര്‍ അധഃകൃതരാണെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇത്തരത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ ചരിത്രം നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടാറില്ല. ബുദ്ധവിഹാരങ്ങള്‍ ആക്രമിച്ച് ഭിക്ഷുക്കളുടെ തലയറുത്ത് അധികാരം തിരിച്ചുപിടിച്ച സവര്‍ണസേനയെക്കുറിച്ച് പരാമര്‍ശിക്കപ്പെടാറേയില്ല. പക്ഷേ, മലബാറിനെ ആക്രമിച്ചു കീഴടക്കിയ ടിപ്പു സുല്‍ത്താന്‍ അവിടെ ഭരണപരമായ പല നല്ലകാര്യങ്ങളും ചെയ്‌തുവെന്ന് പറയുന്നതിന്റെ തൊട്ടുപിറകെ അദ്ദേഹത്തിന്റെ സേന ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും നിരവധി കുടുംബങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്‌തുവെന്ന് പറയാന്‍ മറക്കാറില്ല. വിദ്യാര്‍ഥികളെ സഹായിക്കാനായി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍, അന്നത്തെ ക്ഷേത്രങ്ങള്‍ക്കു മേല്‍ ആര്‍ക്കായിരുന്നു അവകാശമെന്നോ സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും കേന്ദ്രങ്ങളായിരുന്നു അവയെന്നോ സൂചിപ്പിക്കാറില്ല. വേദം കേള്‍ക്കുന്ന താണജാതിക്കാരന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കണമെന്ന് കല്‍പ്പിച്ചിരുന്ന സവര്‍ണരുടെ കൈകകളിലായിരുന്നു ക്ഷേത്രങ്ങള്‍. അവക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ, കീഴാളന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടി ആയിരുന്നിരിക്കാം. പക്ഷേ, ചരിത്ര വ്യാഖ്യാനം ആ വഴിക്ക് ചിന്തിക്കാറേയില്ല. ഇത് ചരിത്രം മാത്രമല്ല, വര്‍ത്തമാനം കൂടിയാണ്. കേരളത്തില്‍ നിന്ന് മണിക്കൂറുകള്‍ മാത്രം സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തമിഴ്‌നാടിന്റെ ഗ്രാമങ്ങളില്‍ ഇപ്പോഴും ക്ഷേത്രങ്ങളില്‍ താണജാതിക്കാര്‍ക്ക് പ്രവേശം നിഷിദ്ധമാണ്. ക്ഷേത്രപ്രവേശത്തിന് ദളിതുകള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്ന് മാത്രം. ക്ഷേത്രം പ്രവേശം മാത്രമല്ല ഇവിടെ നിഷേധിക്കപ്പെടുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തുകൂടെ വഴി നടക്കാന്‍ താണജാതിക്കാരന് ഇപ്പോഴും അവകാശം ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. ചെറിയ ചായക്കടകളില്‍പ്പോലും ഉയര്‍ന്ന ജാതിക്കാരനും താഴ്‌ന്ന ജാതിക്കാരനും രണ്ട് പാത്രത്തില്‍ വിളമ്പ് പതിവുണ്ട്. ഹോട്ടലില്‍ താഴ്‌ന്ന ജാതിക്കാരെ ബഞ്ചിലിരിക്കാന്‍ അനുവദിക്കാത്ത സ്ഥലങ്ങളും കുറവല്ല. സാമൂഹ്യമായ അസമത്വത്തില്‍ മനംനൊന്ത് മതം മാറുന്നവരുടെ എണ്ണം കുറവല്ല. കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രിസ്‌തീയരുടെ എണ്ണം വര്‍ധിച്ചതിന് പിന്നില്‍ ഈ സാമൂഹ്യ വ്യവസ്ഥക്ക് വലിയ പങ്കുണ്ട്. ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റാന്‍ ലൗ ജിഹാദ് എന്ന പേരില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമായ ഇക്കാലത്ത് `മുസ്‌ലിം പത്രങ്ങള്‍' എന്ന പ്രയോഗത്തിനും നേരത്തെ അധ്യാപകന്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും അര്‍ഥമേറുന്നു. ലൗ ജിഹാദ് എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡി ജി പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം മാധ്യമം, സിറാജ് തുടങ്ങിയ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതേ വാര്‍ത്ത പ്രണയം നടിച്ച് മതംമാറ്റാന്‍ സംഘടിത ശ്രമമെന്നതിന് പ്രാധാന്യം നല്‍കി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന പ്രചാരത്തിന് ഏറെ അര്‍ഥതലങ്ങളുണ്ടാവും. ഒരു സമുദായത്തിന്റെ മേല്‍ നേരത്തെ തന്നെ സൃഷ്‌ടിക്കപ്പെട്ട സംശയത്തിന്റെ നിഴലിന് കൂടുതല്‍ കനം വെക്കുമെന്ന് അര്‍ഥം. ഇത് ഒരു പരിപാടിയുടെ മാത്രം സംഭാവനയല്ല. മറിച്ച് നമ്മുടെ മാധ്യമങ്ങള്‍, പൊതുമാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവ പ്രത്യേകിച്ചും, സ്വീകരിച്ചുവരുന്ന നിലപാടുകളുടെ കൂടി സംഭാവനയാണ്. ലവ് ജിഹാദിന്റെ പേരില്‍ ആദ്യം പുറത്തുവന്നത് അഷ്‌കര്‍ - സില്‍ജ സംഭവമായിരുന്നു. കര്‍ണാടകക്കാരി സില്‍ജ, കണ്ണൂര്‍കാരന്‍ അഷ്‌കറിനെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇത് സഫലമാവുന്നതിനായി മതം മാറിയിട്ടുണ്ടാവാം. പക്ഷേ, ഇത് ലൗ ജിഹാദാണെന്ന് ഹിന്ദു ഏകോപനസമിതി ആരോപിച്ചു. ഈ ആരോപണത്തെ അടിസ്ഥാനമാക്കി ചാനലുകളടക്കം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അഷ്‌കറിനും സില്‍ജക്കും പറയാനുള്ളത് ആരെങ്കിലും കേട്ടോ എന്നത് സംശയമണ്. കണിച്ചുകുളങ്ങരക്കേസില്‍ പ്രതിയാവുകയും ദീര്‍ഘകാലം ഒളിവില്‍ കഴിയുകയും ചെയ്‌ത സജിത്ത് പോലീസിന് കീഴടങ്ങും മുമ്പ് രഹസ്യമായി അഭിമുഖം സംഘടിപ്പിച്ച് അത് ഒരു സെക്കന്റ് പോലും എഡിറ്റ് ചെയ്‌ത് നീക്കാതെ പ്രക്ഷേപണം ചെയ്യാന്‍ താത്‌പര്യം കാട്ടിയ ചാനലുകള്‍ (റിപ്പോര്‍ട്ടര്‍മാര്‍) അഷ്‌കറിനെയും സില്‍ജയെയും കാണാന്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണാവോ? വാര്‍ത്തകള്‍ വന്ന് വിവാദം ശക്തമായപ്പോള്‍ അഷ്‌കറും സില്‍ജയും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു. കണിച്ചുകുളങ്ങരക്കേസിലെ പ്രതി സജിത്തിനെപ്പോലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്‌ത സന്തോഷ് മാധവന്റെ അഭിമുഖം ചിത്രീകരിക്കാനും നമ്മുടെ ചാനലുകള്‍ മത്സരിച്ചിരുന്നുവെന്ന് ഓര്‍ക്കുക. ലൗ ജിഹാദിന്റെ ഭാഗമായി കര്‍ണാടകത്തിലെയും കേരളത്തിലെയും നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയിട്ടുണ്ടെന്നും അവരെ ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയാണെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. ശ്രീരാമസേനയുടെ നേതാവ് മുത്തലിക്ക് മുതല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വരെയുള്ളവര്‍ ഇക്കാര്യം പറയുന്നു. ഇതിനെതിരെ ബോധവത്‌കരണം നടത്തുമെന്നും ഇരുവരും പ്രഖ്യാപിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ ലൗ ജിഹാദ് വലുതായതോടെയാണ് ഇവര്‍ പ്രസ്‌താവനകളുമായി രംഗത്തുവരുന്നത്. ഇതുപോലുള്ള കണക്കുകള്‍ മുമ്പും കേട്ടു പരിചയമുണ്ട് നമുക്ക്. മലയാളികളായ നാല് യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ച് ഭീകരവേട്ട കൊഴുക്കുന്ന സമയത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകളിലൊന്ന് മുന്നൂറ് മലയാളി യുവാക്കളെ കാശ്‌മീരിലേക്ക് റിക്രൂട്ട് ചെയ്‌തുവെന്നതായിരുന്നു. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അന്നും മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തത്. ഏതായിരുന്നു ആ ഇന്റലിജന്‍സ് വൃത്തങ്ങള്‍ എന്ന് തിരിച്ചുചോദിക്കേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട മുന്നൂറു പേര്‍ക്ക് എന്തു സംഭവിച്ചുവെന്ന് കേന്ദ്ര, സംസ്ഥാന അന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തേണ്ടതല്ലേ? ഭീകരപ്രവര്‍ത്തനം എന്ന വാക്കിനെ രാഷ്‌ട്രീയ താത്‌പര്യം മുന്‍നിര്‍ത്തി നമ്മുടെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് കണ്ടു. അബ്‌ദുന്നാസര്‍ മഅ്‌ദനിക്കെതിരായ ഒരു മൊഴി പ്രസിദ്ധീകരിക്കാതെ നമ്മുടെ മാധ്യമങ്ങള്‍ അന്ന് പുറത്തിറങ്ങിയിരുന്നില്ല. തമിഴ്‌നാട്ടുകാരനായ മണി എന്ന യൂസുഫിന്റെ മുതല്‍ വിദേശത്തു നിന്ന് അറസ്റ്റ് ചെയ്‌ത് നാട്ടിലെത്തിച്ച സര്‍ഫറാസ് നവാസിന്റെ വരെ മൊഴികള്‍ നമ്മുടെ മാധ്യമങ്ങളില്‍ അമ്മനമാടി. മൊഴിയുടെ പകര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ മൊഴിപ്പകര്‍പ്പുകളുടെ ഒഴുക്കു നിലച്ചു. എന്തുകൊണ്ട് എന്ന് ആലോചിക്കേണ്ട ബാധ്യത നമുക്കില്ല. കാരണം നാം പഠിച്ച ചരിത്രം ഒരു രേഖയില്‍ മാത്രമുള്ളതാണ്. അറസ്റ്റിലാവുന്നവര്‍ പോലീസിന് നല്‍കുന്ന മൊഴിക്ക് കോടതിക്കു മുന്നില്‍ എന്ത് നിയമസാധുതയുണ്ടെന്നതു പോലും കണക്കാക്കാതെ നാം വിചാരണകള്‍ നടത്തി സന്തോഷിച്ചു. മംഗലാപുരം പോലീസ് കഴിഞ്ഞ ദിവസം നടത്തിയ അറസ്റ്റ് കൂടി പരിഗണിക്കുക. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്‍കി പതിനെട്ട് .യുവതികളെ കൊലപ്പെടുത്തിയ ആനന്ദ് എന്ന മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്‌തുവെന്നാണ് പോലീസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്. കൊല്ലപ്പെട്ട യുവതികളില്‍ അഞ്ചുപേര്‍ കാസര്‍കോട്ടുകാരാണെന്നും പോലീസ് പറഞ്ഞു. എന്നിട്ടും കേരളത്തിലെ ഒരു വാര്‍ത്താചാനലിനും ഇത് ബ്രേക്കിംഗ് ന്യൂസായില്ല, ഫ്‌ളാഷ് ന്യൂസ് പോലുമായില്ല. കേരളത്തിലെ മുന്നൂറു പേരെ ഭീകരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്‌തുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം ബ്രേക്കിംഗ് ന്യൂസ് കൊടുത്ത ചാനലുകള്‍ക്ക് പതിനെട്ടുപേരെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയത് വാര്‍ത്തപോലും ആകാതിരുന്നതിന്റെ കാരണമെന്തായിരിക്കും. അറസ്റ്റിലായത് ഏതെങ്കിലും ഷഫീഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നെങ്കില്‍? എങ്കില്‍ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസാവുമായിരുന്നുവെന്ന് ഉറപ്പ്. പരമ്പരക്കൊല ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവാകുമായിരുന്നു. മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന വ്യാഖ്യാനവും വരുമായിരുന്നു. ഷഫിഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നുവെങ്കില്‍ വാര്‍ത്ത ചാനലുകള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ആളുണ്ടാവുമായിരുന്നുവെന്നതിനാലാണ് ബ്രേക്കിംഗ് ന്യൂസാവുമായിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നത്. പൊതുമാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങളിലും ഇത് വലിയ വാര്‍ത്തയായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. |
Saturday, February 6, 2010
പ്രവാസജീവിതത്തിന്റെ ആകുലതകള്‍...
| |||
![]() | |||
Thursday, January 21, 2010
വിധി
- എം. പി. നാരായണപിള്ള പ്രതി ചോദിച്ചു. "ആരാണ് വാദി?" പ്രോസി പ്രോസികൂട്ടര്‍ വാദിയെ ചൂണ്ടിക്കാണിച്ചു. പ്രതി ചിരിച്ചു. "ഇത് വാദിയുടെ അനിയനാണ്" കോടതി അത് ശ്രദ്ധിക്കുകയും കുറിച്ചെടുക്കുകയും ചെയ്തു. "വാദിയെ ഞാന്‍ കൊന്നു. വാദി മരിച്ചു പോയി. കൊലകുറ്റത്തില്‍ വാദി മൃതനാണ്" "വാദിയില്ലാതെ എങ്ങിനെ പ്രതിയുണ്ടാകുന്നു? കേസുണ്ടാകുന്നു? കോടതിയുണ്ടാകുന്നു?" "ആരുണ്ടായാലും ആരില്ലാതായാലും നിങ്ങള്‍ കുറ്റവാളി തന്നെയല്ലേ?" കോടതി ചോദിച്ചു. "പരാതിക്കാരനുണ്ടാകുമോബോഴാണ് കുറ്റമുണ്ടാകുന്നത്. കുറ്റവാളിയെ തേടുന്നത്. ഇത്തരുണത്തില്‍ പരാതിക്കാരന്‍ മണ്‍മറഞ്ഞിരിക്കുന്നു". "പരാതിക്കാരന്‍ അനിയനാണ്" "അനിയനെ ഞാന്‍ കൊന്നില്ല. കൊല്ലാന്‍ ശ്രമിക്കുകപോലും ചെയ്തില്ല". കോടതി വിഷമിച്ചു. വിധി പിറ്റെന്നേക്ക് മാറ്റിവച്ചു. പിറ്റേന്നത്തെ വിധി: " വാദി ഹാജരില്ലാത്തതുകൊണ്ട് കേസ് തള്ളിയിരിക്കുന്നു. പ്രതിക്ക് പോകാം". കഥ ഇവിടെ തീര്‍ന്നു. ചരിത്രം: പ്രസ്തുത വിധി മുതലാണത്രേ കൊലക്കുറ്റത്തിനു വാദി സര്‍ക്കാര്‍ ആയതു. |
Tuesday, January 19, 2010
എന്റെ പൂച്ച
''നിങ്ങള്‍ പറയുന്നത് എനിക്കു മനസ്സിലാവുന്നില്ല...!!''
''എന്റെ പൂച്ചയെ കഴിഞ്ഞ രണ്ടു ദിവസമായി കാണുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്....''
''അതെനിക്ക് മനസ്സിലായി പക്ഷേ അതിനെന്തിനാണ് നിങ്ങളീ പോലീസ് സ്റ്റേഷനില്‍ വന്നു പറയുന്നത്..??...''
''ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ളതാണ് പോലീസ് എന്നല്ലേ......... ??''
''തീര്‍ച്ചയായും...''
''എന്റെ ഒരേയൊരു സ്വത്തായിരുന്നു ആ പൂച്ച.....''
''ഓഹോ...അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കാണാതെ പോയ പൂച്ചയെ പിടിക്കാന്‍ പോലീസിനോട് പറയുകയാണോ ??..''
''അതേ...എനിക്കു വേറെ എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ല....കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആ പൂച്ചയായിരുന്നു എനിക്കു കൂട്ട്....എന്റെ ഭാര്യ മരിച്ചശേഷം മക്കളൊന്നും എന്റെ അടുത്തേക്ക് വന്നിട്ടില്ല...അവള്‍ മരിച്ചു കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് എനിക്കാ പൂച്ചക്കുഞ്ഞിനെ കിട്ടുന്നത്....ആദ്യം എനിക്കതിനെ ഇഷ്ടമല്ലായിരുന്നു...എങ്കിലും വിശന്നു തളര്‍ന്ന അതിനു ഞാന്‍ കുറച്ചു ഭക്ഷണം കൊടുത്തു....അപ്പോഴത് തന്റെ കുഞ്ഞിക്കണ്ണുകള്‍ ചിമ്മി നന്ദി പ്രകടിപ്പിച്ചിരുന്നു....പിന്നെയും എന്റെ ശ്രദ്ധ പിടിച്ച് പറ്റാനായി അതു ഓരോരോ കുസൃതികള്‍ കാണിച്ചു കൊണ്ടിരുന്നു.....ഞാനതിനോട് പറഞ്ഞതാണ്....ഞാന്‍ ഏകനാണ് എന്റെ എകാന്തയില്‍ ആരും കൂട്ടില്ലാത്തതാണ് എനിക്കിഷ്ടം എന്ന്...പക്ഷെ അതു പോയില്ല...പിന്നെയത് പതിയെ എന്റെ സ്നേഹം പിടിച്ച് പറ്റി....മറ്റു വലിയ പൂച്ചകളെ കാണുമ്പോള്‍ അത് പേടിയോടെ എന്റെ മറവില്‍ വന്നൊളിക്കുമായിരുന്നു....പതുക്കെ ഞാനും അതിനെ സ്നേഹിച്ചു തുടങ്ങി..... എന്റെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്കു കൊടുത്തായിരുന്നു ഞാനതിനെ വളര്‍ത്തിയത് ..എന്റെ കിടക്കയില്‍ തന്നെയായിരുന്നു അതും ഉറങ്ങിയിരുന്നത്....അതിന്റെ കൂടെയിരിക്കുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന ഞാന്‍ അറിഞ്ഞിരുന്നില്ല......''
''നിങ്ങളുടെ മക്കളൊക്കെ ഇപ്പോള്‍ എവിടെയാണ്..??''
''ഒരുപാടു കാലം ഞാന്‍ വിദേശത്തായിരുന്നു....നല്ല വിദ്യാഭ്യാസവും പരിചരണവും കൊടുത്തായിരുന്നു ഞങ്ങള്‍ മക്കളെ വളര്‍ത്തിയിരുന്നത്...പക്ഷെ ചിറകുകള്‍ വച്ചപ്പോള്‍ അവര്‍ കൂട് വിട്ടു പറന്നു പോയി......''
''നിങ്ങളുടെ ഭാര്യ മരിച്ചപ്പോള്‍ അവരാരും വന്നില്ലേ??''
''ഒരാള്‍ മാത്രം വന്നു..ചടങ്ങുകള്‍ക്ക് കാത്തുനില്‍ക്കാതെ പോകുകയും ചെയ്തു....മറ്റുള്ളവരെല്ലാം ശവസംസ്കാരത്തിന്റെയന്നു ഓരോ വലിയ കുല വെള്ളപ്പൂക്കള്‍ അയച്ചിരുന്നു.......''
''താങ്കള്‍ ചെറുതായി വിറയ്ക്കുന്നുണ്ടല്ലോ അസുഖം വല്ലതും..??''
''അസുഖങ്ങളൊക്കെ പിടികൂടിയിട്ട് നാളേറെയായി...വേദനയില്ലാതെ മരിക്കാനുള്ള ഒരു വഴി ആലോചിച്ചിരിക്കുമ്പോഴാണ് ആ പൂച്ചക്കുഞ്ഞ് എന്റെ അടുത്തേക്ക് വരുന്നത്....പിന്നെ മരണത്തിന്റെ വഴി തേടിയ രാത്രികളിലെല്ലാം അത് കരഞ്ഞു ബഹളം വച്ചുകൊണ്ടിരുന്നു.....പതുക്കെ ഞാന്‍ മരണത്തെ കുറിച്ച് മറന്നു തുടങ്ങി.......സ്നേഹിക്കാന്‍ ആരെങ്കിലുമുള്ളപ്പോള്‍ എങ്ങിനെയാണ് മരിക്കുക എന്ന് കരുതിയാവണം ഞാനന്ന് മരിക്കാതിരുന്നത്.........''
''അപ്പോള്‍ താങ്കള്‍ ജീവിച്ചിരിക്കുന്നത് ആ പൂച്ചക്കുട്ടിക്കു വേണ്ടി മാത്രമാണെന്നാണോ പറയുന്നത്..!!!??..''
''തീര്‍ച്ചയായും..ഞാന്‍ എപ്പോഴും ജീവിച്ചിരുന്നത് എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രമായിരുന്നു.....സ്നേഹമില്ലാത്തിടത്ത് മരണമേ കൂട്ടിനുള്ളൂവെന്നായിരുന്നു എന്റെ വിശ്വാസം....എന്റെ ഭാര്യ എന്നെ സ്നേഹിച്ചിരുന്നു....മക്കള്‍ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ എന്നെനിക്കറിയില്ല.....ഏറ്റവുമൊടുവില്‍ ഞാന്‍ സ്നേഹിച്ചത് ആ പൂച്ചയെയായിരുന്നു.....''
''അപ്പോള്‍ ആ പൂച്ചയെ കിട്ടിയില്ലെങ്കില്‍ ??... ''
''അതേ...താങ്കള്‍ ചിന്തിക്കുന്നത് സത്യമാണ് .......ഞാന്‍ ഇപ്പോള്‍ വ്യാകുലപ്പെടുന്നത് ആ പൂച്ചയ്ക്ക് എന്തെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടാവുമോ എന്ന് കരുതി മാത്രമാണ്....''
''ഒരു പക്ഷെ അതു താങ്കളെ വിട്ടു പോയതാണെങ്കിലോ ??....''
''.....................''
''താങ്കള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ട്....അല്‍പ്പം വെള്ളം കുടിച്ചോളൂ....''
''ചിലപ്പോള്‍ അതും എന്നെ മടുത്തിട്ട് പോയതായിരിക്കും...അല്ലെങ്കില്‍ അതിനും ഒരിണയെ കിട്ടിയപ്പോള്‍ എന്നെ മറന്നിട്ടുണ്ടാവും...എന്തായാലും അതിനെ കുറിച്ച് അന്വേഷിക്കുക എന്നത് എന്റെ കടമയാണ്....അതു കുഞ്ഞായിരുന്നപ്പോള്‍ എന്നെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു....അപ്പോളഴതിനു സ്നേഹം പ്രകടിപ്പിക്കാന്‍ അറിയുമായിരുന്നു...വലുതായപ്പോള്‍ എന്നെക്കുറിച്ച് അതു കൂടുതല്‍ മനസ്സിലാക്കിയിട്ടുണ്ടാകും...തിരിച്ചറിവുകള്‍ വരുമ്പോഴല്ലേ എല്ലാ ജീവജാലങ്ങളും സ്വത്വം മനസ്സിലാക്കുന്നത്.........''
''താങ്കളുടെ വാക്കുകള്‍ എന്നെയും വല്ലാതെ ചിന്തിപ്പിക്കുന്നു....എന്റെ മക്കളെ ഏറെ സ്നേഹിക്കുന്നുണ്ട് എന്ന് കരുതിയിരുന്ന ഒരാളായിരുന്നു ഞാന്‍...........''
''കടമകള്‍ ഒരിക്കലും തീരുന്നില്ല....അതു ചെയ്തു തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ജീവിതം...തിരിച്ചു പ്രതീക്ഷിക്കുകയുമരുത്.......''
''പോലീസ് സ്റ്റേഷനില്‍ വന്നു പൂച്ചയെകുറിച്ചന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് ബുദ്ധി ഭ്രമമുണ്ടെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്....പക്ഷെ.....''..... .....
''ആ പൂച്ചയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ ഒന്നറിയിക്കാന്‍ അപേക്ഷിക്കുന്നു....ഒരാഴ്ച കൂടി മാത്രമേ ഞാനിവിടെ ഉണ്ടാവുകയുള്ളൂ..........''
''ഒരാഴ്ച...??........''
''അതേ..ഒരാഴ്ച......എല്ലാം ക്ഷമയോടെ കേട്ടതില്‍ ഒരുപാടു നന്ദിയുണ്ട്.....ഞാന്‍ ഇപ്പോള്‍ പോകട്ടെ.......ആ പൂച്ച പോയപ്പോള്‍ എന്റെ കിടക്ക വലിച്ചു കീറിയിട്ടാണ് പോയത്........''
''അപ്പോള്‍ ??!!!!........''
''സാരമില്ല കുറച്ചു ദിവസത്തെ പ്രശ്നമല്ലേയുള്ളൂ........ശരി........ഞാനിറങ്ങുന്നു............''
''..................!!!!!''
(സമര്‍പ്പണം : മക്കളെ സ്നേഹിച്ചു തളര്‍ന്ന അച്ഛന്‍മാര്‍ക്ക് .......)
ഇമെയിലില്‍ കിട്ടിയത്












































