Monday, December 28, 2009

ഐ.ബിയുടെ വഴിയെ തന്നെ എന്‍.ഐ.എയും

ദേശീയമോ ദേശാന്തരീയമോ ആയ മാനങ്ങളുള്ള തീവ്രവാദക്കേസുകളുടെ അന്വേഷണത്തിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) എന്ന പുതിയ സംവിധാനത്തിനു രൂപംകൊടുത്തത്. രാജ്യത്തിനകത്തും പുറത്തുമുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാലും ഇവ തമ്മില്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ സമ്പര്‍ക്കങ്ങള്‍ ഉണ്ടാവുമെന്നതിനാലും ഇത്തരമൊരു ഏജന്‍സിയുടെ രൂപീകരണത്തെ പൊതുവെ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്തുണ്ടായ ഗുരുതരമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുവില്‍ അത്തരമൊരു സമവായം സാധ്യമായത്. മുംബൈയിലെ ഞെട്ടിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനവും സുരക്ഷാസംവിധാനങ്ങളും പൂര്‍ണ പരാജയമാണെന്ന പൊതുബോധ്യവും അത്തരമൊരു ഏജന്‍സിയുടെ രൂപീകരണത്തെ സ്വാഗതം ചെയ്യുന്ന സാഹചര്യമൊരുക്കി.പക്ഷേ, എന്‍.ഐ.എയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഫെഡറല്‍ ഭരണഘടനാസംവിധാനത്തെ തന്നെ ചോദ്യംചെയ്യുന്ന തരത്തിലേക്കു നീങ്ങുകയാണോ എന്ന സംശയം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. ക്രമസമാധാനം പൂര്‍ണമായും സംസ്ഥാനവിഷയമായിട്ടുപോലും എന്‍.ഐ.എ പോലുള്ള ഒരു ദേശീയസംവിധാനത്തെ സ്വാഗതം ചെയ്യാനിടയാക്കിയത് സുരക്ഷ സംബന്ധിച്ച ഉല്‍ക്കണ്ഠകളായിരുന്നു. എന്നാല്‍, ദേശീയസുരക്ഷയോ തീവ്രവാദപ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ചെറുക്കലോ അല്ല മറിച്ച്, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സങ്കുചിത താല്‍പ്പര്യങ്ങളാണു പുതിയ സംവിധാനത്തിലും പ്രതിഫലിക്കുക യെന്ന സംശയം ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ഭരണകക്ഷിയുടെ കൈയിലെ കളിപ്പാവകളായി മാറിയ സി.ബി.ഐ, ഐ.ബി തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ മറ്റൊരു രൂപം മാത്രമായി എന്‍.ഐ.എയും മാറുന്നുവെന്നു സംശയിക്കണം.ഈ സംശയവും ഉല്‍ക്കണ്ഠയും ഉയര്‍ത്തിയിരിക്കുന്നത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിതന്നെയാണെന്നതു ഗൗരവാവഹമാണ്. കോഴിക്കോട് ബസ് സ്റ്റാന്റിലെ ഇരട്ടസ്‌ഫോടനക്കേസ് നേരത്തേ എന്‍.ഐ.എ ഏറ്റെടുത്തതാണ്. ഇപ്പോള്‍ കളമശ്ശേരി ബസ് കത്തിക്കലും കശ്മീരിലേക്കുള്ള തീവ്രവാദി റിക്രൂട്ട്‌മെന്റ് സംഭവവും സിമിയുടെ ക്യാംപുകള്‍ സംബന്ധിച്ച അന്വേഷണവും അവര്‍ ഏകപക്ഷീയമായി ഏറ്റെടുത്തിരിക്കുന്നു. കോടിയേരി തന്നെ വെളിപ്പെടുത്തുന്നതുപോലെ, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സംഭവങ്ങളേക്കാള്‍ ഗുരുതരവും മാരകവുമായ നിരവധി കേസുകള്‍ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായത് അവഗണിച്ച് എന്താണു കേരളം മാത്രം അവരുടെ പ്രത്യേക താല്‍പ്പര്യമേഖലയായത്?കേരളത്തിലെ ഇടതുസര്‍ക്കാരിനോടുള്ള വിരോധവും അവരെ കിട്ടുന്ന വടികൊണ്ട് അടിക്കാനുള്ള താല്‍പ്പര്യവും അതിലുണ്ടാവുമെന്നു തീര്‍ച്ച. പക്ഷേ, അതേപോലെ വ്യക്തമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തെ തീവ്രവാദത്തിന്റെ കരിനിഴലിന്‍ കീഴില്‍ നിര്‍ത്താനുള്ള ഗൂഢാലോചനയും. ഐ.ബിയുടെ മുസ്‌ലിം വിരുദ്ധത കുപ്രസിദ്ധമാണ്; ഇപ്പോള്‍ എന്‍.ഐ.എയും അതേ വഴിയിലൂടെയാണോ?
തേജസ് എഡിറ്റോറിയല്‍- 29-12-09

No comments: