കൊച്ചി: വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലായ തടിയന്റവിട നസീര്‍ സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസ് പൂഴ്ത്തിയ പോലിസ് നടപടിയും വിവാദമാവുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനം ഉള്‍പ്പെടെയുള്ളവയില്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ പെരുമ്പാവൂരിലെ കടയില്‍നിന്നു മോഷ്ടിച്ചതാണെന്ന് നസീര്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച കേസ് മുക്കിയതിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നാണ് പുതിയ വിവരം. പെരുമ്പാവൂരിനു സമീപമുള്ള തുരുത്തിയില്‍ ട്രേഡേഴ്‌സില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ മോഷണം പോയതെന്നാണ് പോലിസ് പറയുന്നത്. അനധികൃത സ്‌ഫോടകവസ്തുശേഖരവുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകളുള്ളയാളാണ് തുരുത്തിയില്‍ ട്രേഡേഴ്‌സ് ഉടമ റെജി കുര്യാക്കോസ്. റെജിയുടെ അനുജനുമായി അടുത്ത ബന്ധമുള്ള കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി സാബിറാണ് നസീറിനു പെരുമ്പാവൂരില്‍ താമസസൗകര്യം ഒരുക്കിയതെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.200 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ വന്‍ ശേഖരം കവര്‍ച്ച ചെയ്യപ്പെട്ടിട്ടും സംഭവം രഹസ്യമാക്കിയതും ദുരൂഹമാണ്. കടയുടമ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെന്നും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നെന്നും മുമ്പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍, തന്നെ ചിലര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കേസ് നല്‍കിയില്ലെന്നാണ് കടയുടമ ഇപ്പോള്‍ പറയുന്നത്. കശ്മീരില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശി വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീന്റെ മൃതദേഹത്തോടൊപ്പം കടയുടമയുടെ അനുജനും സാബിറിന്റെ സുഹൃത്തുമായ യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കണ്ടെത്തിയിരുന്നു. ഈ വിവരം കശ്മീര്‍ പോലിസ് കേരള പോലിസിനെ അറിയിച്ചിരുന്നെങ്കിലും അതേക്കുറിച്ച് അന്വേഷണമൊന്നും നടന്നില്ല. സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതു സംബന്ധിച്ച് കടയുടമ നല്‍കിയ പരാതിയോ കേസോ നിലവിലില്ലെന്നു കുറുപ്പുംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ശിവകുമാര്‍ എന്നിവര്‍ തേജസിനോട് പറഞ്ഞു. 200 കിലോ അമോണിയം നൈട്രേറ്റ്, 2000 ഡിറ്റൊണേറ്ററുകള്‍, 549 മീറ്റര്‍ തിരി തുടങ്ങിയവയാണ് കളവുപോയതെന്നാണ് അന്വേഷണസംഘം പറയുന്നത്. മോഷണം നടന്നെന്നു പറയപ്പെടുന്ന ദിവസം പരിചയമില്ലാത്ത സ്‌കോര്‍പിയോ കാര്‍ പ്രദേശത്ത് ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും പോലിസ് ഇതു മുഖവിലയ്‌ക്കെടുത്തില്ല. 40 കിലോ അമോണിയം നൈട്രേറ്റ് മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് ഇപ്പോള്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ ബാക്കി 75 കിലോ അമോണിയം നൈട്രേറ്റ് കണ്ണൂര്‍ ചക്കരക്കല്ലിലെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നസീര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അതു കണ്ടെടുക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ചില വാഹനങ്ങള്‍ കര്‍ണാടക പോലിസ് പിടിച്ചെടുക്കുകയുമുണ്ടായി. ഈ വാഹനങ്ങളുടെ ഉടമസ്ഥരെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌ഫോടകവസ്തുക്കളുമായി ബാംഗ്ലൂരിലേക്ക് പോകുംവഴി വാഹനം പോലിസ് പരിശോധിച്ചുവെങ്കിലും പേപ്പറുകള്‍ മാത്രം നോക്കി വിട്ടയക്കുകയായിരുന്നുവെന്ന് നസീറിനെ ഉദ്ധരിച്ച് വാര്‍ത്തകളും വന്നിരുന്നു.നസീറും സംഘവും നടത്തിയ സ്‌ഫോടനങ്ങള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികളിലെ ചിലരുടെ അറവോടെയാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
Thursday, January 7, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment