അബ്ദുല്ല മണിമ
സിറാജുന്നീസ, ബാബരി മസ്ജിദ്, സച്ചാര്‍-രംഗനാഥ് മിശ്ര കമ്മീഷന്... ജീവനും സ്വത്തുക്കളും തൊഴിലവകാശങ്ങളും അപകടത്തിലായ ഒരു സമൂഹത്തെയാണവ അടയാളപ്പെടുത്തുന്നത്. അവരോട് നീതി ചെയ്യപ്പെട്ടില്ലെന്നു മഅ്ദനി പറഞ്ഞപ്പോള്‍ അതില്‍ പൊള്ളുണ്ടായിരുന്നില്ല. യാഥാര്‍ഥ്യങ്ങള്‍ പൊള്ളുന്നവയായിരുന്നു എന്നതുകൊണ്ട് വാക്കുകളും പൊള്ളുന്നതാവുക സ്വാഭാവികം; ഒഴിവാക്കേണ്ടിയിരുന്ന അവിവേകങ്ങളും വ്യാകരണപ്പിശകുകളും അതിലുണ്ടായിരുന്നുവെങ്കിലും.യാദൃച്ഛികമായി ഒന്നും എവിടെയും സംഭവിക്കുന്നില്ല. നിയതമായ ലക്ഷ്യത്തോടെ സകലതും നിയന്ത്രിക്കുന്നവന് കാലേക്കൂട്ടി സമയവും സ്ഥലവും നിര്‍ണയിച്ചു നടത്തുന്ന കാര്യങ്ങള്‍ മാത്രമേ അവന്റെ ലോകത്തു സംഭവിക്കുന്നുള്ളൂ; വിശ്വാസികള്‍ക്ക് ഇക്കാര്യത്തില്‍ സംശയമില്ല. എങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന ചില സമാന്തരങ്ങളും താരതമ്യങ്ങളും ചരിത്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും. ഉമര്‍ ഖാസിയെക്കുറിച്ചു പത്രത്തിലൊരു കുറിപ്പു വായിച്ച അതേ ദിവസം, പീപ്പിള്‍ ടി.വിയുടെ മഅ്ദനിയെക്കുറിച്ചുള്ള ചുവര്‍വിലാപവും വായിക്കേണ്ടിവന്നപ്പോള്‍ ചിന്തിച്ചുപോയതാണ് ഇത്രയുമെല്ലാം. കലുഷനിലങ്ങള്‍ പ്രതിരോധിക്കുന്ന ഒരു സംഘം, ബസ് സമരം കത്തിയാളുന്ന ഒരു മധ്യാഹ്നം പട്ടണമധ്യത്തില് ഉച്ചഭാഷിണി കെട്ടി വിലപിക്കുന്നതും കേട്ടു, 'ഭീകരര്‍ മുസ്ലിംകളിലുണ്ടെന്നു കരുതി ഇസ്ലാമിനെ വെറുതെ വിട്ടേക്കണേ' എന്ന്. മാപ്പുസാക്ഷികള്‍ക്കു വംശനാശം സംഭവിക്കുന്നില്ല. മുന്തദര് അല്‍സെയ്ദിയും ഹുമാം ഖലീല്‍ ബലാവിയും ഉയര്‍ത്തുന്ന പ്രതിരോധങ്ങളുടെ പേരിലും മാപ്പെഴുതിക്കൊടുക്കാന്‍ നാം തയ്യാറായെന്നു വരും. ശോഭനാ ജോര്‍ജിന്റെ വളര്‍ത്തുതത്തയെ മോചിപ്പിക്കാന്‍ കേസ് കൊടുത്തയാളെ വിചാരണ ചെയ്ത ചാനല്‍പ്രഭു ചോദിച്ചത്രേ, 'ഒരു തത്തയെ രക്ഷിച്ച ശോഭനയോട് നിങ്ങളെന്തിന് പകയ്ക്കുന്നുവെന്ന്'! ഉത്തമനായ ജാമ്യക്കാരന്! ശോഭനാ ജോര്‍ജിന്റെ സ്ഥാനത്തു സാജിദ റഹ്മാനായിരുന്നെങ്കില്‍ ചാനല്‍പ്രഭു എത്ര ദിവസം കഅ്ബാലയവും ബാങ്കിന്റെ നാദവും പിന്നണിയാക്കി, മിണ്ടാപ്രാണിയോടുള്ള പീഡനം ചര്‍ച്ചയാക്കുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സിറാജുന്നീസയെയും ബാബരി മസ്ജിദും സച്ചാര്‍ റിപോര്‍ട്ടുമൊക്കെ മുമ്പില്‍വച്ചു മഅ്ദനി നിരത്തിയ വാദമുഖങ്ങള്‍ സത്യസന്ധവും ധീരവുമായിരുന്നു. നീതിമുറയില്‍ വിശ്വസിക്കുന്ന ആര്‍ക്കും അതു തള്ളിക്കളയാനാവുമായിരുന്നില്ല (അവയിലെ എരിവും ചൂടും അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും). തന്റെ ഒരു കാലും ജീവിതത്തിലെ പത്തുവര്‍ഷവും നല്കി, അദ്ദേഹം തന്റെ വാക്കുകളെ സഭ്യപ്പെടുത്തിയെന്ന് ഞാന്‍ വിശ്വസിക്കുകയും വാദിക്കുകയും ചെയ്ത ഒരു കാലവുമുണ്ടായിരുന്നു. അത് അപൂര്‍വമായിരുന്നു. വാരിയന്‍കുന്നനും വക്കം അബ്ദുല്‍ഖാദറിനുമൊക്കെ ശേഷം മുസ്ലിംകേരളം നീതിബോധത്തിനു സമര്‍പ്പിച്ച അര്‍പ്പണമായി ഞാനതിനെ തെറ്റിദ്ധരിച്ചു. പക്ഷേ, ഇപ്പോള്‍ വഴിയരികുകളില്‍ പ്രത്യക്ഷപ്പെടുന്ന ചുവര്‍പ്പരസ്യങ്ങളിലെ വിലാപവും ഇടര്‍ച്ചയും ഞരക്കവും, ഞാന്‍ കേട്ടത് ഇടിമുഴക്കമോ ഗര്‍ജനമോ ആയിരുന്നില്ല, ദുര്‍ബലമായൊരു ഓലിയായിരുന്നു എന്നെന്നെ ബോധ്യപ്പെടുത്തുന്നു. ശെയ്ഖ് അഹ്മദ് യാസീന്‍ ഒരു പ്രഭാതത്തില്‍, നമസ്കരിച്ചിറങ്ങിയ പള്ളിമുറ്റത്തു വച്ചു രക്തസാക്ഷ്യത്തിന്റെ തേരിലേറി. തന്റെ ദൗത്യത്തിലും മൊഴിഞ്ഞ വാക്കുകളിലും അദ്ദേഹം അടിയുറച്ചുവിശ്വസിച്ചിരുന്നു. മൃദുലമായ ആ ഉരുവിടലുകള്‍ ദിഗന്തങ്ങളെ പ്രകമ്പനംകൊള്ളിച്ചു; ശത്രുവിന്റെ നെഞ്ചുകളില്‍ വിറപായിച്ചു. താന്‍ ശത്രുവിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. ഒരു ആക്രമണമുണ്ടായാല്‍ ഓടിരക്ഷപ്പെടാന്‍ പോലും കഴിയാത്തവിധം, തന്റെ കാലുകള്‍ ജീവനറ്റവയാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ ജീവനാണു തന്റെ വാക്കുകളുടെ വിലയെന്നറിഞ്ഞുകൊണ്ട്, ആ ജീവന് ഒന്നുമില്ലാത്ത ഒരു ജനതയുടെ പോരാട്ടത്തിന്റെ മൂലധനമാക്കി ശെയ്ഖ് യാസീന്‍. ആ രക്തസാക്ഷിത്വത്തിന്റെ ഊര്‍ജത്തില്‍, ലോകത്തു താരതമ്യങ്ങളില്ലാത്ത ദുരിതപര്‍വങ്ങളില്‍ നിന്നുകൊണ്ട് ഒരു ജനത അതിജീവനത്തിന്റെ പടഹധ്വനി മുഴക്കുന്നു. അങ്ങനെ ശതം തലമുറകള്‍ അനന്തരമെടുക്കുന്ന ഈടുവയ്പായി ആ രക്തസാക്ഷിത്വം. ഗസയല്ല കേരളം. ഇന്ത്യ യെരറ്റ്സ് ഇസ്രായേലുമല്ല. എന്നാല്‍, താരതമ്യങ്ങള്‍ ശക്തിപ്പെടുത്താനാണു തെല്‍ അവീവിലും ഡല്‍ഹിയിലുമിരുന്ന് അന്തപ്പുരനീക്കങ്ങള്‍ക്കു തിരനാടകമെഴുതുന്നവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയും തടിയന്റവിടമാരെയും ഹെഡ്ലിമാരെയും നമുക്കു പ്രതീക്ഷിക്കാം. കൊല്ലന്റെ തൊടിയിലെ മുയലായി കഴിയാന്‍ ഒരു ജനതയ്ക്കു ജീവപര്യന്തം വിധിക്കപ്പെട്ടിരിക്കുന്നതിന്റെ അനന്തരം!തന്റെ നിരപരാധിത്വത്തില്‍ മഅ്ദനിക്ക് അശേഷം സംശയമില്ല. സൂഫിയ ഒരു പൂതനയല്ലെന്നു നെറിവുള്ള ഏതു മനുഷ്യനും അറിയാം (ഗോപീകൃഷ്ണന്റെ കാര്ട്ടൂണുകള് എന്തും പറഞ്ഞുകൊള്ളട്ടെ). വിലപിക്കേണ്ട സമയമല്ലിത് മഅ്ദനി സാഹിബ്. അവര്‍ താങ്കളുടെ മാംസം ചീന്തിയെടുക്കുകയും അസ്ഥിയുരുക്കുകയും ചെയ്താല്‍പ്പോലും അതൊരു ഈടുവയ്പാണ്- തനിക്കു മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന ജനതയ്ക്കും. വേലുപ്പിള്ള പ്രഭാകരന് സ്വര്‍ഗത്തില്‍ വിശ്വസിച്ചിരുന്നോ എന്നൊന്നും അറിഞ്ഞുകൂടാ- അയാള്‍ പക്ഷേ, തന്റെ ജനതയ്ക്കൊരു ഈഴത്തില്‍ വിശ്വസിച്ചിരുന്നു. അയാള്‍ സ്വന്തം ജീവന് വിലയായി നല്‍കിവാങ്ങിയ സമരമുഖം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മരതകദ്വീപില്‍ നീതിക്കായി തുറന്നുതന്നെ കിടക്കും. അയാളുടെ ജീവിതത്തോട് വിയോജിക്കുമ്പോഴും മരണത്തിലൂടെ തന്റെ ജനതയോടുള്ള ഉടമ്പടി അയാള്‍ പൂര്‍ത്തിയാക്കിയെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.മഅ്ദനി സാഹിബ്, ഒരു ജനത താങ്കള്‍ മുഖേന അതിക്രൂരമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. അങ്ങേറ്റെടുത്ത പോരാട്ടത്തില്‍ യഥാര്‍ഥമായും താങ്കള്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ സൂഫിയയെയും രണ്ടു മക്കളെയും വച്ചു വിലപിക്കേണ്ട ഗതി താങ്കള്‍ക്കു വരില്ലായിരുന്നു. സത്യം എല്ലായ്പ്പോഴും ഒരു പുതുജന്മം പോലെയാണ്. ഗര്‍ഭപാത്രത്തിന്റെയോ മുട്ടയുടെയോ അന്ധകാരങ്ങള്‍ക്ക് അതിനെ എക്കാലവും ഒളിപ്പിച്ചുവയ്ക്കാനാവില്ല. പിച്ചതെണ്ടി വാങ്ങുന്ന ഒരു ജീവിതത്തേക്കാള്‍ കാരാഗ്രഹങ്ങള്‍ പിളര്‍ന്നുവരുന്ന സത്യം താങ്കളെയും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ജനതയെയും ഒരുനാള്‍ വിമോചിപ്പിക്കുമായിരുന്നു. കാലത്തിറങ്ങി ശീതീകരിച്ച കാറുകളിലേറി, ഒരുക്കിയ മഞ്ചങ്ങളില്‍ പ്രസംഗിച്ച്, ഭാര്യയോടും കുഞ്ഞുങ്ങളോടുമൊപ്പം ഉണ്ടുറങ്ങാന്‍ തിരിച്ചെത്തണമെന്നു മോഹിക്കുന്നവര്‍ക്കുള്ള നടപ്പാതകളിലല്ല താങ്കള്‍ പ്രതിനിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനം ഇപ്പോള്‍ ചരിക്കുന്നത്. ദയവായി അവരെ അവരുടെ വഴിക്കു വിടുക. അവരുടെ പോരാട്ടം നയിക്കാനുള്ള സാരഥി താങ്കളല്ലെന്നു ചുവര്‍പ്പരസ്യങ്ങളിലൂടെ താങ്കള്‍ ഒപ്പിട്ടുകൊടുത്തിരിക്കുന്നു. അരങ്ങൊഴിഞ്ഞ് കൂടണഞ്ഞ് കുട്ടികളോടും കുടുംബത്തോടുമൊപ്പം താങ്കള്‍ സ്വസ്ഥനാവുക. ഒരു വിമോചകനെ കാത്തിരിക്കാനുള്ള ക്ഷമ അധഃസ്ഥിതര്‍ക്ക് ഇനിയും ബാക്കിയുണ്ട്. വ്യാജ വിമോചകരെ സഹിക്കാനുള്ള ക്ഷമയേ അവര്‍ക്കു നഷ്ടമായിട്ടുള്ളൂ.
തേജസ് 13 ജനുവരി 2010 ബുധന്‍
Wednesday, January 13, 2010
Subscribe to:
Post Comments (Atom)
1 comment:
kalakatta thinanuyogyaMAYA lakanam
Post a Comment