Thursday, January 7, 2010

നസീര്‍ സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിച്ച കേസ് പൂഴ്ത്തിയത് വിവാദമാവുന്നു

കൊച്ചി: വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലായ തടിയന്റവിട നസീര്‍ സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസ് പൂഴ്ത്തിയ പോലിസ് നടപടിയും വിവാദമാവുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനം ഉള്‍പ്പെടെയുള്ളവയില്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ പെരുമ്പാവൂരിലെ കടയില്‍നിന്നു മോഷ്ടിച്ചതാണെന്ന് നസീര്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച കേസ് മുക്കിയതിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നാണ് പുതിയ വിവരം. പെരുമ്പാവൂരിനു സമീപമുള്ള തുരുത്തിയില്‍ ട്രേഡേഴ്‌സില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ മോഷണം പോയതെന്നാണ് പോലിസ് പറയുന്നത്. അനധികൃത സ്‌ഫോടകവസ്തുശേഖരവുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകളുള്ളയാളാണ് തുരുത്തിയില്‍ ട്രേഡേഴ്‌സ് ഉടമ റെജി കുര്യാക്കോസ്. റെജിയുടെ അനുജനുമായി അടുത്ത ബന്ധമുള്ള കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി സാബിറാണ് നസീറിനു പെരുമ്പാവൂരില്‍ താമസസൗകര്യം ഒരുക്കിയതെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.200 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ വന്‍ ശേഖരം കവര്‍ച്ച ചെയ്യപ്പെട്ടിട്ടും സംഭവം രഹസ്യമാക്കിയതും ദുരൂഹമാണ്. കടയുടമ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെന്നും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നെന്നും മുമ്പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍, തന്നെ ചിലര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കേസ് നല്‍കിയില്ലെന്നാണ് കടയുടമ ഇപ്പോള്‍ പറയുന്നത്. കശ്മീരില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശി വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീന്റെ മൃതദേഹത്തോടൊപ്പം കടയുടമയുടെ അനുജനും സാബിറിന്റെ സുഹൃത്തുമായ യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കണ്ടെത്തിയിരുന്നു. ഈ വിവരം കശ്മീര്‍ പോലിസ് കേരള പോലിസിനെ അറിയിച്ചിരുന്നെങ്കിലും അതേക്കുറിച്ച് അന്വേഷണമൊന്നും നടന്നില്ല. സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതു സംബന്ധിച്ച് കടയുടമ നല്‍കിയ പരാതിയോ കേസോ നിലവിലില്ലെന്നു കുറുപ്പുംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ശിവകുമാര്‍ എന്നിവര്‍ തേജസിനോട് പറഞ്ഞു.  200 കിലോ അമോണിയം നൈട്രേറ്റ്, 2000 ഡിറ്റൊണേറ്ററുകള്‍, 549 മീറ്റര്‍ തിരി തുടങ്ങിയവയാണ് കളവുപോയതെന്നാണ് അന്വേഷണസംഘം പറയുന്നത്. മോഷണം നടന്നെന്നു പറയപ്പെടുന്ന ദിവസം പരിചയമില്ലാത്ത സ്‌കോര്‍പിയോ കാര്‍ പ്രദേശത്ത് ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും പോലിസ് ഇതു മുഖവിലയ്‌ക്കെടുത്തില്ല. 40 കിലോ അമോണിയം നൈട്രേറ്റ് മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് ഇപ്പോള്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ ബാക്കി 75 കിലോ അമോണിയം നൈട്രേറ്റ് കണ്ണൂര്‍ ചക്കരക്കല്ലിലെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നസീര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അതു കണ്ടെടുക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ചില വാഹനങ്ങള്‍ കര്‍ണാടക പോലിസ് പിടിച്ചെടുക്കുകയുമുണ്ടായി. ഈ വാഹനങ്ങളുടെ ഉടമസ്ഥരെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌ഫോടകവസ്തുക്കളുമായി ബാംഗ്ലൂരിലേക്ക് പോകുംവഴി വാഹനം പോലിസ് പരിശോധിച്ചുവെങ്കിലും പേപ്പറുകള്‍ മാത്രം നോക്കി വിട്ടയക്കുകയായിരുന്നുവെന്ന് നസീറിനെ ഉദ്ധരിച്ച് വാര്‍ത്തകളും വന്നിരുന്നു.നസീറും സംഘവും നടത്തിയ സ്‌ഫോടനങ്ങള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികളിലെ ചിലരുടെ അറവോടെയാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.




Monday, January 4, 2010

പാവം പ്രതിയും ഭീകരന്‍പ്രതിയും


Wednesday, December 30, 2009
ഓപറേഷന്‍ മഅ്ദനി-3 / വിജു വി. നായര്‍

ആഗസ്റ്റ് 23ന് കളമശേãരി കേസ് പ്രതികളായ ശരീഫ്, താജുദ്ദീന്‍, നാസര്‍ എന്നിവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി 164ാം വകുപ്പുപ്രകാരം സൂഫിയക്കെതിരെ മൊഴികൊടുത്തു. ഇവിടാണ് ക്യാച്ച്. ഒരു പ്രേരണയുമില്ലാതെ സ്വമേധയാ കോടതിയോട് നടത്തേണ്ട സത്യപ്രസ്താവനയാണ് 164ാം വകുപ്പുപ്രകാരമുള്ള മൊഴി. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തുകഴിയുന്നവരാണ് മേല്‍പറഞ്ഞവര്‍. സംഭവം നടന്ന് കൊല്ലം അഞ്ചായിട്ടും അങ്ങനെയൊരു പ്രസ്താവം കൊടുക്കാന്‍ തുനിയാതിരുന്ന അവര്‍ ഒരു സുപ്രഭാതത്തില്‍ ഒരേസമയം സ്വമേധയാ ചെന്ന് ഒരേതരം മൊഴികൊടുത്തു എന്നാണ് അന്വേഷണസംഘം നമ്മളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നത്. ഇനി ഈ മൊഴി കൊടുത്ത കഥാപാത്രങ്ങളെ പരിചയപ്പെടാം.
ഒന്നാംപ്രതി ശരീഫ് 164 സ്റ്റേറ്റ്മെന്റ് കൊടുത്തയുടനെ അയാളെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇയാളാണ് ബസ് കത്തിച്ചവരെ സ്വന്തം ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, കത്തിക്കാനുപയോഗിച്ച പന്തം, പെട്രോള്‍ ബാക്കി ഇത്യാദിക്കൊപ്പം ബൈക്കും കസ്റ്റഡിയിലെടുത്തിരുന്നു. അതെല്ലാം അഞ്ചുകൊല്ലത്തിനുശേഷം ഒരൊറ്റ സ്റ്റേറ്റ്മെന്റിന്റെ പേരില്‍ മടക്കിക്കൊടുത്തിരിക്കുകയാണ്. കോടതിമുമ്പാകെ ഒന്നാം പ്രതിയെന്ന് പറഞ്ഞവതരിപ്പിച്ച ആളെയും കേസിന് ഉപോദ്ബലകമായ തെളിവുകളെയും ഒറ്റയടിക്ക് തള്ളിക്കളയുക എന്നതിനര്‍ഥം തന്നെ ഈ തെളിവുകള്‍ കള്ളമായിരുന്നു എന്നല്ലേ? കുറേക്കൂടി ബലമുള്ള ഒന്നാംപ്രതിയെ കിട്ടിയപ്പോള്‍ പഴയ ഒന്നാംപ്രതി മാത്രമല്ല കേസിന്റെ തെളിവുകളും ഒഴിവാക്കപ്പെടുന്ന ഊളത്തരത്തെ കോടതിപോലും ചോദ്യംചെയ്യുന്നില്ലെന്നതാണ് വിചിത്രം. തടിയന്റവിട നസീറിനെ ഒന്നാംപ്രതിയാക്കിയതുതന്നെ കളമശേãരി കേസിന് ഭീകരഛായ പകരാനാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നസീറിനെ പ്രതിയാക്കിയപ്പോഴും ഇതൊരു തീവ്രവാദക്കേസ് അല്ലെന്ന് പറഞ്ഞ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇപ്പോള്‍ പ്ലേറ്റുമാറ്റിയിരിക്കുന്നു എന്നതാണ് അടുത്ത തകിടംമറിയല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് അതിന്റെ സാക്ഷ്യം.

164 കൊടുത്ത അടുത്തയാളെ പരിചയപ്പെടാം^താജുദ്ദീന്‍. സൂഫിയക്കെതിരെ കേസെടുത്തതിന്റെ പ്രധാന രേഖയായി പറയുന്നത് താജുദ്ദീന്റെ 164 സ്റ്റേറ്റ്മെന്റാണ്. 'നസീര്‍ പറയുന്നപോലെ ചെയ്യൂ, കേസുവന്നാല്‍ ഞാന്‍ നോക്കിക്കോളാം' എന്ന് താജുദ്ദീനോട് സൂഫിയ ഫോണില്‍ പറഞ്ഞു എന്നാണ് ആ സ്റ്റേറ്റ്മെന്റ്. കളമശേãരി കേസില്‍ വളരെ നേരത്തെ ജാമ്യത്തിലിറങ്ങിയ ആളാണിത്. ജനതാദള്‍^എസ് ആലുവ മണ്ഡലം പ്രസിഡന്റും ജനതാദള്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെയുള്ള ഘട്ടത്തില്‍ അയാള്‍ ഇങ്ങനെയൊരു മൊഴികൊടുത്തിട്ടില്ല. ദള്‍ ഇടതുമുന്നണിയോട് തെറ്റിപ്പിരിഞ്ഞ ശേഷമാണ് പ്രതിക്ക് പൊടുന്നനെ ഇങ്ങനൊരു ബോധോദയമുണ്ടായിരിക്കുന്നത്. കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് ഈ മാറ്റമെന്ന്താജുദ്ദീന്‍ പറയുകയുണ്ടായി. പൊലീസിന്റെ അടുത്ത നടപടി രസകരമായിരുന്നു^ താജുദ്ദീനെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയാക്കി അങ്ങോട്ടയച്ചു.

സത്യത്തില്‍ ഇതുതന്നെയായിരുന്നു സൂഫിയ മഅ്ദനിക്കായി കരുതിവെച്ചിരുന്ന കെണിയും. തടിയന്റവിട നസീര്‍ പിടിയിലായതോടെ ഓപറേഷന്‍ മഅ്ദനിയുടെ രണ്ടാംഘട്ടം (പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷമുള്ള ഭാഗം) നസീറിനെയും സൂഫിയയെയും കളമശേãരി കേസില്‍ ബന്ധപ്പെടുത്തുക എന്ന തന്ത്രത്തിന്റെ പ്രയോഗമായി. ഇരുവരെയും ഈ കേസില്‍പെടുത്തുന്ന 164 സ്റ്റേറ്റ്മെന്റുകള്‍ ഒറ്റയടിക്ക് തയാറാവുന്നു. ഒരു ചിന്നപ്രശ്നം മാത്രം^ഒന്നാംപ്രതിയെന്ന് പറഞ്ഞ് അഞ്ചുകൊല്ലമായി ചിത്രീകരിച്ചിരുന്ന ശരീഫിനെ ഒഴിവാക്കി നസീറിനെ ആ സ്ഥാനത്തു തിരുകാന്‍ പറ്റിയ പുതിയ മൊഴികള്‍ക്കായി ഒരാളെ വേണം. നസീര്‍ കണ്ണൂര്‍ക്കാരനായതുകൊണ്ട് ഈ ആളും ആ പ്രദേശത്തുനിന്നായാല്‍ ആധികാരികതയുണ്ടാവും. അങ്ങനെ ഒരു സുപ്രഭാതത്തില്‍ നവാസ് എന്ന 'കൊടുംഭീകരന്‍' അവതരിപ്പിക്കപ്പെടുന്നു.

നസീറിന്റെ അടുത്തയാള്‍, കോടിയുടെ ഹവാലാ ഓപറേറ്റര്‍, സര്‍വോപരി ഭീകരന്‍... ഇങ്ങനെയാണ് കണ്ണൂരില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന നവാസിനെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത്. കോയമ്പത്തൂര്‍ സ്ഫോടനത്തിനുവേണ്ടി ലക്ഷക്കണക്കിന് രൂപ എത്തിച്ച ഓപറേറ്ററും ഈ 26കാരനാണത്രെ. കോയമ്പത്തൂര്‍ സ്ഫോടനം നടന്നത് 1998ല്‍. ഇക്കൊല്ലം നവാസിന് 26 വയസ്സായെന്ന് രേഖപ്പെടുത്തുന്നത് മനോജ് എബ്രഹാമിന്റെ പൊലീസ്. അപ്പോള്‍ കോയമ്പത്തൂര്‍ സ്ഫോടനത്തിന് ലക്ഷങ്ങള്‍ എത്തിച്ചത് 15 വയസ്സുകാരനായ ഓട്ടോ ഡ്രൈവര്‍! നവാസിന്റെ ക്ലോസപ്പ് ഒപ്പാന്‍ ഓടിനടന്ന ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും വളരെ ലളിതമായ ഈ ഊളത്തരം ചോദ്യംചെയ്തില്ല. അങ്ങനെ ചോദിക്കില്ലെന്ന് പൊലീസിനും ഏറക്കുറെ ഉറപ്പുണ്ട്^ കേസ് തീവ്രവാദമല്ലേ, ഒരു കുഞ്ഞും വാ തുറക്കില്ല. രസമതല്ല, കശ്മീരി കേസിനോട് ബന്ധപ്പെട്ട് നസീറുമായി പുലബന്ധമെങ്കിലുമുള്ള മുഴുവനാളെയും വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍പ്രദേശത്ത് ഈ സ്ക്വാഡിന്റെ നിരന്തര പരതല്‍ നടക്കുമ്പോഴൊക്കെ നസീറിന്റെ ഏറ്റവുമടുത്ത കൈയാള്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചുനടക്കുകയായിരുന്നെന്നും കളമശേãരി കേസന്വേഷണ സംഘം കൊച്ചിയില്‍നിന്ന് ചെന്നാണയാളെ പൊക്കിയതെന്നും കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലേ കളമശേãരി കേസന്വേഷകരുടെ അതിവൈദഗ്ധ്യവും അതിനു പിന്നിലെ കൃത്യനിര്‍വഹണ തല്‍പരതയും കൂടുതല്‍ അടുത്തറിയൂ. ഏതായാലും ആന്റി ടെററിസ്റ്റ് സ്ക്വാഡിനെക്കൂടി വെട്ടിച്ച് നവാസിനെ അകത്താക്കിയ കളമശേãരി സംഘം അയാളുടെ 'മൊഴി' ഉടനടി പ്രസിദ്ധപ്പെടുത്തുന്നു^ 'നസീറാണ് ബസ് കത്തിക്കല്‍ കേസിലെ മുഖ്യ പ്രതി എന്ന് നവാസ് വെളിപ്പെടുത്തി'. പിറ്റേദിവസം തന്നെ നവാസുമായി ബംഗളൂരുവിലേക്ക് നസീറിനെ ചോദ്യംചെയ്യാന്‍. എ.ടി.എസല്ല, കളമശേãരി കേസന്വേഷണസംഘമാണ് ഇങ്ങനെ ചാടിപ്പുറപ്പെടുന്നതെന്ന് ശ്രദ്ധിക്കണം. തിരികെ വന്ന താമസം, അവര്‍ പ്രഖ്യാപിക്കുന്നു സൂഫിയക്കെതിരെ നസീര്‍ മൊഴി നല്‍കിയെന്ന്. മാധ്യമങ്ങള്‍ മുഖേന വമ്പിച്ച പ്രചാരണവും കൊടുക്കുന്നു. സ്വാഭാവികമായും സൂഫിയ ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണെന്ന വിചാരഗതി നാട്ടില്‍ പ്രചരിക്കും. എന്നാല്‍, തിരക്കഥയുടെ ഉദ്ദേശ്യം അതിലൊക്കെ വിപുലമായിരുന്നു.

ഒന്ന്, കളമശേãരി കേസിനെ തീവ്രവാദ കേസാക്കി മാറ്റണം. അതിന് ഇപ്പറഞ്ഞ നസീര്‍ബന്ധം അനിവാര്യം. രണ്ട്, തീവ്രവാദകേസിലെ ഉന്നതരുമായി ബന്ധപ്പെടുത്തിയാല്‍ സൂഫിയ മഅ്ദനിയെ ഈ കേസിനപ്പുറത്തേക്കും വിപുലപ്പെടുത്താം. കേരളത്തിന് പുറത്തുള്ള അന്വേഷണസംഘങ്ങള്‍ക്ക് കൈമാറാം. പണ്ട് മഅ്ദനിയെ കൈകാര്യംചെയ്ത അതേ റൂട്ടില്‍.

നവാസ്, നസീര്‍റൂട്ടിലൂടെ ആദ്യകാര്യം സാധിച്ചശേഷം രണ്ടാമത്തെ ലക്ഷ്യം നേടുന്നതിനുള്ള തന്ത്രവും ഭംഗിയായിത്തന്നെ ആസൂത്രണം ചെയ്തിരുന്നു. സൂഫിയക്കെതിരെ നസീര്‍ മൊഴിനല്‍കിയെന്ന പ്രചാരണത്തിന് പിന്നാലെ കോഴിക്കോട്ട് മഅ്ദനി കഴിയുന്ന ആശുപത്രിയിലായിരുന്ന സൂഫിയയോട് എറണാകുളം നോര്‍ത്ത് വനിതാ സ്റ്റേഷനിലെത്താന്‍ എസ്.ഐയുടെ നോട്ടീസ് ചെല്ലുന്നു. കളമശേãരി കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരോ സംസ്ഥാന ആഭ്യന്തരവകുപ്പോ ഒന്നുമറിയാതെ ഒരു താഴേത്തല എസ്.ഐ ഈ നോട്ടീസയക്കുന്നതെങ്ങനെ എന്ന അന്വേഷണത്തില്‍ തിരക്കഥയിലെ ഒരു പ്രമുഖനെ വ്യക്തമായി^സിറ്റി കമീഷണര്‍ മനോജ് എബ്രഹാം. ഡിസംബര്‍ എട്ടിനാണ് നോട്ടീസ്. പത്തിന് ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എറണാകുളം സ്റ്റേഷനിലെത്താനാണ് നിര്‍ദേശം. ഈ ദിവസങ്ങള്‍ നിര്‍ണായകമാണ്. തടിയന്റവിട നസീറുമായി മറ്റന്വേഷണങ്ങള്‍ക്കായി ബംഗളൂരു പൊലീസ് കൊച്ചിയില്‍ തങ്ങിയിരുന്ന അതേ ദിവസങ്ങള്‍. സൂഫിയ എത്തിയാല്‍ അറസ്റ്റ്ചെയ്ത് ആ സംഘത്തിനു കൈമാറാം. ഭര്‍ത്താവിന് പണ്ടുവച്ച അതേ കെണി. ചില കാര്യങ്ങള്‍ ചോദിക്കാന്‍ എന്നു മാത്രമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതിയാണെന്നൊന്നും വിദൂരസൂചനപോലുമില്ല. ഇതൊരു കെണിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പിന്നീട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖ^സൂഫിയയെ എട്ടാം തീയതിതന്നെ പ്രതിയാക്കിക്കഴിഞ്ഞിരുന്നു.
ഗൂഢാലോചനയുടെ പൊലീസ് വശം വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങള്‍ കൂടി വ്യക്തമാക്കിയാലേ ചിത്രം പൂര്‍ണമാവൂ.
അതേക്കുറിച്ചു നാളെ.


 
 
 





Wednesday, December 30, 2009

മൊഴികളെടുക്കാന്‍ എന്തെളുപ്പം! ഒപറേഷന്‍ മഅ്ദനി-2

മൊഴികളെടുക്കാന്‍ എന്തെളുപ്പം!

ഒപറേഷന്‍ മഅ്ദനി-2 / വിജു വി. നായര്‍

യു.ഡി.എഫ് ചെയ്ത സഹായങ്ങള്‍ മറന്ന നന്ദികെട്ട വര്‍ഗമാണ് പി.ഡി.പിയെന്നും ഒരു പാഠം പഠിപ്പിക്കുമെന്നുമുള്ള പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവരുമ്പോഴാണ് ഹലീം എന്നയാളെ കോഴിക്കോട് സ്ഫോടനക്കേസില്‍ പ്രതിയായി കസ്റ്റഡിയിലെടുക്കുന്നത്. മഅ്ദനിയുടെ ബോഡിഗാഡായിരുന്നു ഹലീമെന്ന് ഉടനടി പ്രചാരണം തുടങ്ങുന്നു. ഇത്തരം കേസുകളുണ്ടാകുന്ന നിമിഷം ഇമ്മാതിരി പ്രചാരണങ്ങള്‍ കേരളത്തില്‍ സ്ഥിരംപംക്തിയായിട്ടുണ്ട്. ആരെ എവിടെ പൊക്കിയാലും അയാള്‍ക്കൊരു മഅ്ദനികണക്ഷന്‍ അശരീരി കണക്കെ പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങള്‍ പറയുക, 'പൊലീസിന്റെ വിവരം' എന്നാണ്. പൊലീസുകാര്‍ ഔദ്യോഗികമായി ഇങ്ങനെയൊരു 'വിവരം' പ്രഖ്യാപിക്കാറുമില്ല. ചുരുക്കത്തില്‍ പ്രചാരണാര്‍ഥികളുടെ ഉദ്ദിഷ്ടകാര്യം ഒരു ചോദ്യോത്തരങ്ങളുമില്ലാതെ 'വസ്തുനിഷ്ഠവിവരം' എന്ന ലേബലില്‍ ചുളുവില്‍ പ്രചരിക്കുന്നു. ഹലീമിന്റെ കാര്യത്തില്‍ ഈ തട്ടിപ്പിനൊരു ആധികാരികത പകരാന്‍ ഹലീം നല്‍കിയ മൊഴിയുടെ രേഖ എന്ന മട്ടില്‍ ചാനലുകള്‍ ഒരു കടലാസ് പ്രദര്‍ശിപ്പിക്കുന്നു. എറണാകുളത്ത് കമീഷണര്‍ മനോജ് എബ്രഹാമിന്റെ പത്രസമ്മേളനം. 'പ്രതിക്ക് ആദ്യകാലത്ത് പി.ഡി.പി ബന്ധമുണ്ടായിരുന്നു' എന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. മഅ്ദനിയുമായി അയാള്‍ക്ക് ബന്ധമില്ലെന്ന് കമീഷണറുടെ മന്ത്രി കോടിയേരിയും പ്രഖ്യാപിക്കുന്നു. പക്ഷേ, ചാനലുകള്‍ക്ക് അതൊന്നും പ്രശ്നമല്ല^നാലഞ്ചു ദിവസത്തേക്കുള്ള ചര്‍ച്ചക്ക് പറ്റിയ വിഭവമായി ഹലീമിന്റെ മഅ്ദനിബന്ധം. ശ്രദ്ധിക്കണം, ഹലീംപോലുമല്ല ഇവിടെ ഫോക്കസില്‍, മഅ്ദനി തന്നെയാണ്. ഈ ആഘോഷത്തിമിര്‍പ്പിലാണ് കെ.ബാബു എം.എല്‍.എ അടിയന്തര പ്രമേയവുമായി നിയമസഭയിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 'ഇന്ത്യാവിഷനി'ലും പ്രത്യക്ഷപ്പെടുന്നത്. നമ്മള്‍ കോയമ്പത്തൂരില്‍ ഒരു ഡോസ് കൊടുക്കുമെന്ന് മഅ്ദനി പറഞ്ഞതായി കശ്മീര്‍കേസിലെ പുള്ളിയായ സത്താര്‍ഭായ് പറഞ്ഞെന്നും സത്താറാണ് കോയമ്പത്തൂരിലേക്ക് വേണ്ട സ്ഫോടകവസ്തുക്കള്‍ തരപ്പെടുത്തിക്കൊടുത്തതെന്നും കെ. ബാബു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ റഡാറില്‍ തെളിയുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നു. ഒന്ന്, കശ്മീരില്‍ കൊല്ലപ്പെട്ട നാലുപേരും മഅ്ദനിയുടെ വീട്ടില്‍ അത്താഴം കഴിച്ചിട്ടാണ് കശ്മീരിലേക്ക് വണ്ടികയറിയത്.  രണ്ട്, അതിനുമുമ്പ് ഇവര്‍ കരുനാഗപ്പള്ളിയിലെ മഅ്ദനിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങിയിരുന്നു. മൂന്ന് കോയമ്പത്തൂരിലേക്കുള്ള ബോംബുകള്‍ ഹലീമിനെക്കൊണ്ട് മഅ്ദനി കോട്ടക്കല്‍വെച്ച് ഉണ്ടാക്കിച്ചതാണ്.

കോണ്‍ഗ്രസ് എം.എല്‍.എയുടെ ഈ കണ്ടെത്തലുകള്‍ക്ക് തല്‍സമയം ഫോണിലൂടെ മഅ്ദനി ചാനലില്‍ കൊടുത്ത മറുപടിയും നമ്മള്‍ കേട്ടു: 1) കശ്മീര്‍ കേസിലെ ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ താനുമായി ബന്ധമുണ്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി കണ്ടെത്തിയ തെളിവു തന്നാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം, ഏതു ജയിലിലേക്കും തന്നെ കൊണ്ടുപോകാം. മറിച്ച്, അതിനു കഴിയാത്തപക്ഷം ബാബു എം.എല്‍.എ സ്ഥാനം രാജിവെക്കുമോ? 2) തന്റെ മാതാപിതാക്കളെ അവര്‍ സന്ദര്‍ശിച്ചു എന്നതിന് തെളിവോ ആരുടെയെങ്കിലും മൊഴിയോ ചൂണ്ടിക്കാണിക്കാമോ? 3) ഇന്ത്യയിലെ ഏറ്റവും വലിയ സ്ഫോടന കേസായ കോയമ്പത്തൂര്‍ സംഭവത്തിന്റെ ദീര്‍ഘമായ കുറ്റപത്രത്തില്‍ ബോംബുകളുടെ ഏതെങ്കിലും ഭാഗം കേരളത്തില്‍ നിര്‍മിച്ചതാണെന്നു പറഞ്ഞിട്ടുണ്ടോ? ഇത്തരം നികൃഷ്ടമായ നുണകള്‍ വിളിച്ചുപറയുന്നത് മറ്റാര്‍ക്കെങ്കിലും എതിരെയായിരുന്നെങ്കില്‍ ബാബുവിന്റെ കാലു തല്ലിയൊടിക്കുമായിരുന്നു^പി.ഡി.പിക്ക് അക്രമത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ അതു ചെയ്യാത്തത്.

ചാനല്‍ അവതാരകന്‍ ഈ മറുപടിക്കെന്തു പറയാനുണ്ടെന്ന് തിരക്കിയതോടെ ബാബു ഉരുണ്ടു^ഇതെല്ലാം താന്‍ പത്രത്തില്‍ വായിച്ചതാണെന്നും പത്രങ്ങളില്‍ വിശ്വാസമുണ്ടെന്നുമായി തരികിട. പക്ഷേ, ചാനല്‍ ഗീര്‍വാണത്തിലേറ്റ ക്ഷതം എം.എല്‍.എയുടെ ക്ഷോഭം കൂട്ടിയതായാണ് തുടര്‍ന്നുള്ള വിവരങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് പ്രമുഖരോട് ഇനി എല്ലാ കരുക്കളും നീക്കി മഅ്ദനിയെ പൂട്ടുമെന്നായി പരസ്യമായ ഭീഷണി. കെ. ബാബു ഒരുദാഹരണം മാത്രം. വലിയ യു.ഡി.എഫ് പ്രമാണികള്‍ നടത്തിയ കരുനീക്കളുടെ ഒരു ചെറു കണ്ണി. അതെന്തായാലും കളിയുടെ അടുത്ത എപ്പിസോഡ് ഉടനെ അരങ്ങേറുന്നു.

പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുപക്ഷത്തെ പിന്തുണച്ചതിലുള്ള അമര്‍ഷം മൂര്‍ച്ഛിച്ച മറുപക്ഷ പ്രമാണികളും ഇടതുവിരുദ്ധ മാധ്യമങ്ങളും ചേര്‍ന്ന് കളമശേãരി കേസില്‍ സൂഫിയയെ മാര്‍ക്സിസ്റ്റ്പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രചാരണം ശക്തമാക്കുന്നു. കുറ്റപത്രത്തില്‍ മജീദിനെ മുമ്പ് പീഡിപ്പിച്ച് എഴുതിവെച്ച മൊഴി ചാനലുകളിലൂടെ പുറത്തുവിടുന്നു. പൊലീസ് ചോര്‍ത്തിക്കൊടുക്കുന്ന ഇത്തരം വാര്‍ത്തകളുടെ മാധ്യമഭാഷയാണ് ഇക്കാലത്ത് 'എക്സ്ക്ലൂസീവ്'. മാധ്യമപ്രവര്‍ത്തനത്തില്‍ ലോവര്‍ പ്രൈമറി വകതിരിവെങ്കിലുമുള്ളവര്‍ ഇതിനെ വിളിക്കുക 'പ്ലാന്റഡ് സ്റ്റോറി' എന്നാണ്. സ്ഥാപിത താല്‍പര്യക്കാര്‍ പത്രക്കാരുടെ ചെലവില്‍ കൃത്രിമമായി നട്ടുവളര്‍ത്തുന്ന ഇനം. ഈ വിടുപണിക്ക് സര്‍വാത്മനാ തയാറുള്ള ചാനല്‍സംഘം നില്‍ക്കെ, പൊലീസുകാരുടെ പണി എളുപ്പമാവുന്നു. ആ വഴിക്ക് കിളിപ്പിച്ചെടുത്തതാണ് മജീദിന്റെ പഴയമൊഴി പുതിയ സംഭവമായി അവതരിപ്പിക്കപ്പെട്ട പരിപാടി. ഈ നേരത്താണ് മൊഴിക്കു പിന്നിലെ കള്ളത്തരത്തെപ്പറ്റി സാക്ഷാല്‍ മജീദ് 'കൈരളി'ചാനലിന് അഭിമുഖം കൊടുക്കുന്നത്. പക്ഷേ, 'കൈരളി' ഭരണകക്ഷി ചാനലായതുകൊണ്ട് അത് തമസ്കരിക്കപ്പെടുന്നു. തങ്ങള്‍ക്കാവശ്യമുള്ളതു മാത്രം പ്രചരിപ്പിക്കാന്‍ നമ്മുടെ ചാനല്‍വര്‍ഗത്തെ ആരും പഠിപ്പിക്കേണ്ടതില്ല.

ഈ 'വാര്‍ത്താ'കോലാഹാലത്തിനിടയില്‍ അതാ വരുന്നു, ആലുവ മജിസ്ട്രേറ്റ് മുമ്പാകെ ഒരു ഹരജി^കളമശേãരി കേസ് പുനരന്വേഷിക്കണമെന്ന് പി.ഡി. ജോസഫ് എന്ന പൌരന്റെ ആവശ്യം. ഈ പൌരന്റെ പശ്ചാത്തലവും ഹരജിയില്‍ അദ്ദേഹം നിരത്തിയ 'തെളിവുകളു'ം മറ്റൊരു കഥയാണ്, അതു നില്‍ക്കട്ടെ. പുനരന്വേഷണം തുടങ്ങി. പിന്നാലെ മെയ് 13, 14 തീയതികളില്‍ ഭീകരവിരുദ്ധ സംഘത്തലവന്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സൂഫിയയെ വിശദമായി ചോദ്യംചെയ്യുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ സുനില്‍ജേക്കബ് കണ്ണൂര്‍ ജയിലിലും ആലുവ സബ്ജയിലിലുമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നു. രണ്ടുപേര്‍ക്കും സൂഫിയയെ പ്രതിചേര്‍ക്കാനുള്ള തെളിവോ മൊഴിയോ കിട്ടുന്നില്ല. സുനില്‍ ജേക്കബിന് പകരം പി.എം. വര്‍ഗീസ് അന്വേഷണച്ചുമതലയേല്‍ക്കുന്നു. അദ്ദേഹവും സൂഫിയയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ചൊന്നും കിട്ടാതെ കേസുകെട്ട് പഴയ മട്ടില്‍ വീണ്ടും കിടപ്പായി.

അങ്ങനെയിരിക്കെ കേരളത്തിലെ തീവ്രവാദകേസുകള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാജു പുഴങ്കര എന്നയാള്‍ ഹൈകോടതിയില്‍ റിട്ട് പരാതി നല്‍കുന്നു. അതിന്മേല്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് ഭീകരവിരുദ്ധ സ്ക്വാഡിനോട്. അവര്‍ രണ്ടു കേസുകളാണ് തീവ്രവാദപ്പട്ടികയില്‍ നല്‍കിയത്^കോഴിക്കോട് ഇരട്ട സ്ഫോടനവും കശ്മീരില്‍ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതും. കളമശേãരി കേസ് തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുന്നതല്ലെന്നും വ്യക്തമാക്കി. മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍വെച്ച് ആക്രമിക്കപ്പെട്ടതിലുള്ള യുവാക്കളുടെ പ്രതിഷേധപ്രകടനമായിരുന്നു അതെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍, സൂഫിയ മഅ്ദനിയെ പ്രതിയാക്കാന്‍ നടത്തിയ പലവിധ ശ്രമങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ ഫലവത്തായില്ല. ഇലക്ഷനില്‍ മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനായതുകൊണ്ട് കോടിയേരിയുടെ പൊലീസ് സൂഫിയയെ സംരക്ഷിച്ചെന്ന് യു.ഡി.എഫും പൊലിസിന് തെളിവില്ലാത്തതുകൊണ്ട് പ്രതിയാക്കാന്‍ കഴിയില്ലെന്ന് ഇടതുസര്‍ക്കാറും അവരവരുടെ ന്യായം പറഞ്ഞ് പ്രശ്നം സജീവമായി നിലനിര്‍ത്തി. ഇനിയാണ് കൂടുതല്‍ സമര്‍ഥമായ കളി.

മറ്റു ചില കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനെന്ന് പറഞ്ഞ് പി.ഡി.പിയുടെ ചില ജില്ലാ നേതാക്കളെയും പോഷക സംഘടനാനേതാക്കളെയും കഴിഞ്ഞ ആഗസ്റ്റില്‍ എറണാകുളം പൊലീസ്ക്ലബിലേക്ക് വിളിപ്പിക്കുന്നു. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നതിനിടെ 'നിന്റെയൊക്കെ നേതാവിനെ ഞങ്ങള്‍ കുടുക്കും. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചാകും ഇനി അഴിയെണ്ണുക, ചില്ലുകൊട്ടാരങ്ങള്‍ക്ക് ഞങ്ങള്‍ ഉടനെ കല്ലെറിയും; അപ്പോള്‍ ആരുടെയൊക്കെ പ്രതിച്ഛായയാണ് തകരുന്നതെന്ന് കണ്ടോളൂ' ഇത്യാദി ഭീഷണികള്‍ പലവട്ടം പലരോടും മുഴക്കി. ഇക്കൂട്ടത്തില്‍, 'നിനക്കൊക്കെ മറ്റു വല്ല പാര്‍ട്ടിയിലും പോയി പ്രവര്‍ത്തിച്ചുകൂടേ?' എന്ന ചോദ്യവുമുണ്ട്. ഇതൊക്കെ കേള്‍ക്കാന്‍ വേണ്ടി വിളിപ്പിക്കപ്പെട്ടവര്‍ കളമശേãരി കേസിലോ മറ്റേതെങ്കിലും കേസിലോ ബന്ധപ്പെട്ടവരല്ല. ഇംഗിതം വ്യക്തമായിരുന്നു^മഅ്ദനിയെ കുടുക്കാന്‍ പോകുന്നു എന്ന ഭീഷണി വഴി പിന്തുണക്കാരെ ഭയപ്പെടുത്തി അകറ്റുക. അന്തരീക്ഷം ഒരുക്കിയശേഷം ആസൂത്രണം നടപ്പാക്കുക എന്ന ലളിതതന്ത്രം. മാധ്യമങ്ങള്‍ മുഖേന ഭീകരചിത്രം വരക്കുകയും അനുയായികളില്‍ ഭയം വിതറുകയും ചെയ്തിട്ട് കാര്യത്തിലേക്ക് കടക്കുക.
കാര്യപരിപാടിയിലെ തൊട്ടടുത്ത ഇനം ആ തന്ത്രംവ്യക്തമാക്കുന്നതാണ്. അതേക്കുറിച്ച് നാളെ.
(തുടരും)







Tuesday, December 29, 2009

ഓപറേഷന്‍ മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍

വിജു വി. നായര്‍

കളമശേãരി ബസ്കത്തിക്കല്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നു എന്ന് കോടിയേരിയും ഉണ്ടെങ്കില്‍ സംഗതി 42 മാസമായി കൈവശം വെച്ച് എന്തെടുക്കുകയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടിയും പരസ്പരം കുറ്റപ്പെടുത്തി മിടുക്കരാവുന്ന ആ 'തെളിവ്' എന്താണ്?
സൂഫിയ മഅ്ദനിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയ്ല്‍സ് എന്ന് രണ്ടു കൂട്ടരും ഒരേ നാവാല്‍ പറയും. എന്താണതിലെ 'ഡീറ്റെയ്ല്‍സ്' എന്ന് പൊതുവിലാരും ചോദിക്കുന്നില്ല, പറയുന്നുമില്ല. ബസ് കത്തിച്ചവരെന്ന് പൊലീസ് പറയുന്ന ചിലര്‍ സൂഫിയയുടെ ഫോണിലേക്കും തിരിച്ചും സംഭവദിവസം വിളിച്ചു എന്നു മാത്രമാണ് സ്ഥിരം മറുപടി. ബസ് കത്തിച്ചവരാണോ വിളിച്ചതെന്നു തറപ്പിച്ചു ചോദിച്ചാല്‍ ഇപ്പറയുന്ന പൊലീസിനും ഉരുണ്ടുകളിക്കേണ്ടിവരും. കാരണം, കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി എന്നു പറഞ്ഞ് തൊണ്ടിസഹിതം പിടികൂടി അഞ്ചു കൊല്ലമായി പ്രദര്‍ശിപ്പിച്ചിരുന്ന ആളല്ല ഇപ്പോള്‍ ഒന്നാംപ്രതി. തന്നെയല്ല, അയാളെ മേപ്പടി തൊണ്ടിസാധനങ്ങള്‍ സഹിതം വിട്ടയച്ചിരിക്കുന്നു. പുതിയ തൊണ്ടിയൊന്നും പൊന്തിയിട്ടുമില്ല.
ഫോണിലേക്കു വിളിച്ചു എന്നതു മാത്രമാണ് ഇപ്പോഴും തെളിവായി പൊലീസ് പറയുന്നത്. എങ്കില്‍, ഇപ്പോഴത്തെ ഒന്നാംപ്രതി തടിയന്റവിട നസീര്‍ അന്നേ ദിവസം സൂഫിയയെ വിളിച്ചതായി പറയുന്നുമില്ല. അതുംപോട്ടെ, ഫോണ്‍സംഭാഷണമാണ് ഈ കേസിലെ ഏക തെളിവെന്നിരിക്കെ, പ്രസ്തുതസംഭാഷണം എന്തായിരുന്നു എന്നതാണല്ലോ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാനുള്ള ഏകഘടകം. സംഭാഷണത്തിന്റെ ടേപ്പുണ്ട് എന്നു പറഞ്ഞുതുടങ്ങിയ പൊലീസ് ഇപ്പോള്‍ പറയുന്നത് ടേപ്പ് കാണാനില്ലെന്ന്. ബസ് കത്തിക്കലും സൂഫിയയും തമ്മിലെന്ത് എന്ന മര്‍മപ്രധാന ചോദ്യത്തില്‍നിന്ന് ഇങ്ങനെ ക്ലീനായി വഴുതിമാറുന്നതിന് എന്താണ് കാരണം? ഒന്നുകില്‍ അങ്ങനെയൊരു ടേപ്പില്ല. അല്ലെങ്കില്‍, പ്രസ്തുത ടേപ്പില്‍ ഈ കേസില്‍ സൂഫിയയെ ഉള്‍പ്പെടുത്താന്‍ പറ്റിയ സംഭാഷണമില്ല. പൊലീസ് ഇക്കാര്യത്തില്‍ കൌശലപൂര്‍വമായ മൌനം പാലിക്കുകയും അതേസമയം മാധ്യമദ്വാരാ, 'ഫോണ്‍ സംഭാഷണം, ഫോണ്‍ സംഭാഷണം' എന്ന ഉമ്മാക്കിയെ കച്ചക്കെട്ടായി നിലനിറുത്തുകയും ചെയ്യുമ്പോള്‍ സമൂഹം എന്ന നിലക്ക് നമുക്കു കാര്യം തിരക്കേണ്ടത് ഇനി സൂഫിയയോടും ബന്ധപ്പെട്ട ഫോണ്‍വിളിക്കാരോടുമാകുന്നു.
2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കളമശേãരിയില്‍ ബസ് കത്തിക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി അപ്പോള്‍ കോയമ്പത്തൂര്‍ ജയിലില്‍ ചെന്നൈ ഹൈകോടതിയുടെ പരിഗണനയിലുള്ള ജാമ്യാപേക്ഷയിലെ വിധിയും കാത്തുകഴിയുകയാണ്. മാത്രമല്ല, എട്ടുകൊല്ലത്തിലേറെയായി വിചാരണത്തടവുകാരനായി കിടക്കുന്നതിലെ മനുഷ്യാവകാശപ്രശ്നത്തിന്മേല്‍ കേരളത്തില്‍ പൊതുചര്‍ച്ച നടക്കുന്നു. ഈ നേരത്ത് മഅ്ദനിയുടെ ഭാര്യ പ്രകോപനപരവും ഭര്‍ത്താവിന്റെ വിധിക്ക് പ്രതിലോമകരവുമായ ഒരു അതിക്രമത്തിനു മുതിരുമോ എന്ന സാമാന്യചോദ്യം നമുക്ക് വിടാം. എന്നാല്‍, ജയിലില്‍ മഅ്ദനി മര്‍ദനത്തിനിരയായി, ബോധംകെട്ടു ഇത്യാദി വാര്‍ത്തകള്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയെ ഫോണിലും മറ്റും ബന്ധപ്പെട്ട് ആളുകള്‍ വിവരം തിരക്കുന്ന സ്വാഭാവികതയെ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല. ഇങ്ങനെ ബന്ധപ്പെട്ടവരില്‍ ചിലരെ പെറുക്കിയെടുത്ത് പ്രതിചേര്‍ക്കുകയാണ് പൊലീസ് ആദ്യമേ ചെയ്തത്. അവരില്‍ പ്രമുഖരായവരുടെ സൂഫിയാബന്ധം നോക്കാം.
ഒന്ന്, മജീദ് പറമ്പായി.
കണ്ണൂരിലെ മുന്‍ പി.ഡി.പി ജില്ലാ സെക്രട്ടറിയായ മജീദിന് മഅ്ദനി കുടുംബവുമായുള്ള ബന്ധം ഊഹിക്കാവുന്നതേയുള്ളൂ. തന്റെ വീട്ടുസഹായിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹകാര്യത്തിന് മജീദടക്കം പരിചയക്കാര്‍ പലരോടും സൂഫിയ സഹായമഭ്യര്‍ഥിച്ചിരുന്നു. മജീദിന്റെ ബന്ധുവായ 'ഹാജി' എന്നൊരാള്‍ ഇക്കാര്യത്തിന് പലവട്ടം ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. കളമശേãരിസംഭവത്തിന്റെ തലേന്ന് മജീദ് ബന്ധപ്പെട്ടതനുസരിച്ച് ഇപ്പറയുന്ന ഹാജിയും ഫോണ്‍ചെയ്തു. പെണ്ണു കാണാനായി ഒരു യുവാവിനെയും കൂട്ടി അയാള്‍ അന്ന് സൂഫിയയുടെ വീട്ടിലെത്തി. പ്രത്യേകിച്ചൊരു തീരുമാനവും പറയാതെ അവര്‍ പോയതുകൊണ്ട് പിറ്റേന്നുതന്നെ സൂഫിയ ഇപ്പറഞ്ഞ മൂന്നുപേരെയും ഫോണ്‍ ചെയ്ത് കാര്യം തിരക്കുന്നു. പെണ്ണിന് ഉയരക്കുറവായതിനാല്‍ വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് അന്നുതന്നെ അവര്‍ മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളത്രയും പറമ്പായി മജീദും പെണ്ണുകാണാന്‍ ചെന്നവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ ഉമറുല്‍ ഫാറൂഖ്, യൂസുഫ് എന്നിവരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയതുമാണ്. സൂഫിയ^മജീദ് ഫോണ്‍സംഭാഷണം ഈ വിവാഹകാര്യം സംബന്ധിച്ചുള്ളതല്ലെന്ന് പൊലീസും പറയുന്നില്ല. എന്നിട്ടും ഇവര്‍ രണ്ടാളെയും ഫോണ്‍സംഭാഷണം എന്ന 'തെളിവി'ന്റെ പേരില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നു.
കളമശേãരി കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് പി.ഡി.പിയുടെ ആലുവ മണ്ഡലം സെക്രട്ടറി ശരീഫാണ്. ഭേഷെ മര്‍ദിക്കുകയും അയാളുടെ വീട്ടില്‍നിന്ന് ബസ് കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് പന്തവും പെട്രോളും മറ്റും പിടിച്ചെന്നു പ്രചരിപ്പിക്കുകയും ചെയ്തു. സമാനമായ ചില സാധനങ്ങള്‍ സൂഫിയയുടെ വീട്ടുവളപ്പില്‍ കൊണ്ടുചെന്നിടണമെന്നും അവരാണ് ബസ് കത്തിക്കാന്‍ നിര്‍ദേശിച്ചതെന്നു പറയണമെന്നും ശരീഫിനോട് അന്നുതന്നെ പൊലീസ് ആവശ്യപ്പെട്ടതായി അയാള്‍ പറയുന്നുണ്ട്. എന്നുവെച്ചാല്‍, ബസ് കത്തിക്കലിന്റെ സൂത്രധാരക മഅ്ദനിയുടെ ഭാര്യയും നടത്തിപ്പുകാര്‍ പി.ഡി.പി പ്രവര്‍ത്തകരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് തുടക്കംതൊട്ടേ ശ്രമിച്ചിരുന്നു എന്നര്‍ഥം. ഇക്കാര്യം കേവലമായ അനുമാനമല്ല. ശരീഫിനുപുറമെ മജീദ് പറമ്പായിയും ഈ വഴിക്ക് വ്യക്തമായ സൂചന നേരത്തേതന്നെ പരസ്യമായി നല്‍കിയിരുന്നു. തന്നെ കസ്റ്റഡിയിലിട്ട് കഠിനമായി പീഡിപ്പിച്ചെന്നും സൂഫിയയാണ് ആസൂത്രകയെന്നു പറയാന്‍ ശക്തമായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നെന്നും മജീദ് ജാമ്യത്തിലിറങ്ങിയ ശേഷം പരസ്യമാക്കി. മജീദിന്റെ മേലുള്ള പീഡനം സഹിക്കവയ്യാതെ അയാളുടെ കുടുംബക്കാര്‍ അതിനുമുമ്പുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ലമെന്റ്തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ കൈരളി ടി.വിക്ക് മജീദ് നല്‍കിയ അഭിമുഖത്തിലും ഇതെല്ലാം സവിസ്തരം വെളിപ്പെടുത്തിയതാണ്. 'ഈ കേസ് തീര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്കിത് സൂഫിയയില്‍ കൊണ്ടെത്തിച്ചേ തീരൂ. എങ്കില്‍ മാത്രമേ ബസ് കത്തിച്ചത് മഅ്ദനിക്കുവേണ്ടിയാണെന്ന് വരുത്തി, അന്വേഷണം അവസാനിപ്പിക്കാന്‍ സാധിക്കൂ' എന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായിട്ടാണ് മജീദിന്റെ വെളിപ്പെടുത്തല്‍. ഇങ്ങനെയൊക്കെ പറഞ്ഞ് മജീദില്‍നിന്ന് തരപ്പെടുത്തിയ മൊഴി പീഡിപ്പിച്ചുണ്ടാക്കിയ കെട്ടുകഥകളാണെന്നു തോന്നിയ മേലുദ്യോഗസ്ഥര്‍ പക്ഷേ, സൂഫിയയെ ഇതുവെച്ച് പ്രതിയാക്കാന്‍ അന്നു തുനിഞ്ഞില്ല. അതുകൊണ്ടുതന്നെ, ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവരുടെ പേരു ചേര്‍ത്തില്ല.
എന്നാല്‍, കുറ്റപത്രം കൊടുത്ത് ഏതാനും ദിവസങ്ങള്‍ക്കകം പൊലീസ് അത് പിന്‍വലിക്കുന്നു. കൂടുതല്‍ അന്വേഷിക്കാനുണ്ടെന്ന് പറയുന്നില്ല. പുതുതായി ആരെയെങ്കിലും പ്രതിചേര്‍ക്കാനുണ്ടെന്നും പറയുന്നില്ല. ഇവിടെയാണ് കളി. സൂഫിയ മഅ്ദനിയെ പ്രതിയാക്കാനുള്ള തുടക്കം മുതല്‍ക്കേയുള്ള ശ്രമത്തിനു പിന്നിലെ ചേതോവികാരം പൊലീസിന് കളമശേãരി കേസിലുള്ള തുമ്പില്ലായ്മക്ക് ഒരൊറ്റമൂലി എന്നതായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം^കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് മുതല്‍^ ആ വഴിക്കുള്ള ആസൂത്രണത്തിനൊരു രണ്ടാം മുഖം കൈവരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മാത്രം ആവശ്യമായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ സംഗതി കുറേക്കൂടി ആഴത്തിലുള്ള പ്രബലഘടകങ്ങളുടെ അനിവാര്യതയായി. ആ പശ്ചാത്തലം വ്യക്തമാക്കിയാലേ ഈ കേസിന്റെ ഗൂഢാലോചന വകതിരിച്ചറിയാനാകൂ.
കളമശേãരിയില്‍ ഒരു ബസ് കത്തിച്ചാല്‍ ഉടന്‍ മഅ്ദനിയുടെ ഭാര്യയുടെ ഫോണില്‍ തെളിവു തപ്പുന്നതിന്റെ ഉദ്ദേശ്യത്തില്‍നിന്നുവേണം കഥ തുടങ്ങാന്‍. ഒന്നാമത് അവര്‍ പി.ഡി.പി പ്രവര്‍ത്തകയല്ല. മഅ്ദനിയുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ ഭാരവാഹിയുമല്ല. ജയിലില്‍ കഴിയുന്ന മഅ്ദനിക്കുവേണ്ടി ബസ് കത്തിച്ചതുകൊണ്ട് ഭാര്യയറിയാതെ കാര്യം നടക്കില്ലെന്നത് ഒരൂഹം മാത്രമാണ്. ആ വഴിക്ക് അന്വേഷണം നടത്തേണ്ടതുമാണ്. എന്നാല്‍, ഊഹത്തെ കറതീര്‍ന്ന മുന്‍വിധിയായി ഉറപ്പിക്കുന്ന നീക്കമാണ് ഈ കേസന്വേഷണത്തില്‍ പിന്നീട് കണ്ടതത്രയും. അഥവാ മറ്റൊരു സാധ്യതപോലും പൊലീസ് ഗൌനിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെയാണ് പ്രത്യേകിച്ചൊരു യുക്തിസഹമായ തുമ്പുമില്ലാതെ ഈ കേസ് കിടന്നുപോയതും. സൂഫിയയുടെ കോള്‍ലിസ്റ്റിലുള്ള ചിലരെ മാത്രം അച്ചുതണ്ടാക്കിയ തിരക്കഥയെയാണ് അന്വേഷണം എന്ന പേരില്‍ ഇത്രകാലം വിളിച്ചിരുന്നതെന്നു ചുരുക്കം. സ്വാഭാവികമായും തിരക്കഥക്ക് ബലമുണ്ടാകണമെങ്കില്‍ സൂഫിയതന്നെ നായികയാവണം. അതിനുള്ള വകുപ്പ് പക്ഷേ, കോള്‍ലിസ്റ്റിലില്ല. അഥവാ പൊലീസ് അഭിലഷിക്കുന്ന വെടിമരുന്ന് അതിലില്ല. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ തിരക്കഥാകൃത്തുക്കള്‍ ബാധ്യസ്ഥരാകും. വിശേഷിച്ചും അതിനുള്ള സമ്മര്‍ദം അവര്‍ക്കുമേലുണ്ടെങ്കില്‍, വിരുദ്ധധ്രുവങ്ങളില്‍ നിന്നുള്ള സമ്മര്‍ദം വരുമ്പോള്‍ അന്വേഷകര്‍ സൌകര്യംപോലെ ഡബിള്‍റോള്‍ നടിക്കും^അതതു സമ്മര്‍ദങ്ങളുടെ കാലികമായ ബലവും ക്ഷയവുമനുസരിച്ച്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഉഴപ്പിയതും കോടിയേരിയുടെ പൊലീസ് വെച്ചുതാമസിപ്പിച്ചതുമൊക്കെ ഈ സമ്മര്‍ദത്തിന്റെ ഒരൊറ്റ സന്തുലന ബിന്ദുവിലാണ്^മഅ്ദനിയെവെച്ചുള്ള മുസ്ലിം വോട്ടുരാഷ്ട്രീയം.
കേരളത്തിലെ ഇരു മുന്നണികള്‍ക്കും മഅ്ദനി ലക്ഷണമൊത്ത രാഷ്ട്രീയായുധമാണ്. ഇരുമുന്നണിയും തെരഞ്ഞെടുപ്പിന് മഅ്ദനിയുടെ പിന്തുണ തേടിച്ചെല്ലും. പിന്തുണ കിട്ടുന്നവര്‍ക്കെതിരെ മറുപക്ഷം ഉടനടി 'തീവ്രവാദിബന്ധം' ആരോപിക്കും. അടുത്ത റൌണ്ടില്‍ ഈ മറുപക്ഷത്തിനാണ് പിന്തുണ കിട്ടുന്നതെങ്കില്‍ അവര്‍ അതുവരെ പ്രചരിപ്പിച്ച തീവ്രവാദി ബന്ധക്കഥ ഒരുളുപ്പുമില്ലാതങ്ങ് വിഴുങ്ങും. കഴിഞ്ഞ തവണ മഅ്ദനിയുടെ തോളില്‍ കൈയിട്ട കൂട്ടര്‍ ഉടനെ പ്ലേറ്റ് തിരിച്ചുവെക്കും^എതിര്‍പക്ഷത്തിനുമേല്‍ തീവ്രവാദിബന്ധം എന്ന ലേബലൊട്ടിക്കുകയായി. കേരളീയരുടെ സാമാന്യബോധത്തെ ഇത്ര കൂളായി കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് കഴിഞ്ഞ ഒരു ദശകമായി ഇടതുപക്ഷവും യു.ഡി.എഫും സാഘോഷം വെച്ചുനടത്തുന്നു. ദോഷം പറയരുതല്ലോ^ഇക്കാര്യത്തില്‍ ഇരട്ടത്താപ്പില്ലാത്ത ഏകകക്ഷി ബി.ജെ.പിയാണ്.
നിര്‍ലജ്ജമായ ഈ ഭൂമികയിലേക്കാണ് മഅ്ദനി ജയില്‍വിട്ടെത്തുന്നത്. അതിനുമുമ്പ്, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പിന്തുണ തേടി ഇരുമുന്നണിയിലെയും പ്രമുഖര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അനന്തരം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഒരു പൊതുയോഗം. ഇക്കുറി മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നറിയിക്കുന്ന കത്ത് അവിടെവച്ച് പരസ്യമായി കൈമാറുന്നു. ഏറ്റുവാങ്ങിയത് കോടിയേരി. മുഖ്യപ്രസംഗകരിലൊരാള്‍ ആര്‍.എസ്.പി നേതാവ് ചന്ദ്രചൂഡന്‍ (ഈ ദേഹമാണ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളയില്‍ 'തീവ്രവാദബന്ധ'ത്തിന്മേല്‍ നമ്മളെ ധാര്‍മികമായി പ്രബുദ്ധരാക്കിയത്). ആ കത്തില്‍ പറഞ്ഞിരുന്നപോലെ വോട്ടുപെട്ടി തുറന്നപ്പോള്‍ 'വന്‍മരങ്ങള്‍ പലതും കടപുഴകി'. പുഴകിയ മരങ്ങള്‍ കൂടുതലും യു.ഡി.എഫിലായതുകൊണ്ട് മഅ്ദനി ജയില്‍വിട്ടിറങ്ങിയതും ഇടതുപക്ഷം ചെമ്പരവതാനി വിരിച്ച് ആളെ റാഞ്ചി. മുസ്ലിം വോട്ടില്‍ ഒരു കഷണം ഇടതുപക്ഷത്താവുന്നതിന്റെ ത്രാസം മറുപക്ഷം മറച്ചത് പഴയ പല്ലവി പൊടിതട്ടിയെടുത്തുകൊണ്ടാണ് ^'തീവ്രവാദിബന്ധം'. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് പ്രമാണിമാരുടെ മഅ്ദനി വിരോധം മൂര്‍ച്ഛിച്ചു. മാധ്യമങ്ങളില്‍^പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളില്‍^കയറിയിരുന്ന് പരസ്യമായ ശരവര്‍ഷം തുടങ്ങി. രാഷ്ട്രീയ വിമര്‍ശങ്ങളും ആരോപണ പ്രത്യാരോപണങ്ങളും എന്ന നിലവിട്ട് പച്ചയായ വ്യക്തിവിദ്വേഷവും ആപത്കരമായ വിഷവര്‍ഷവും പ്രസരിപ്പിക്കാനുള്ള ലൈസന്‍സായി പലര്‍ക്കും ഈ അവസരം. ഓപറേഷന്‍^മഅ്ദനിയുടെ രാഷ്ട്രീയ പിന്നാമ്പുറത്തേക്ക് വെളിച്ചംവീശുന്ന മാതൃകയായി പ്രശസ്തമായ ഒരുദാഹരണം തരാം
മാധ്യമം 28 Dec 2009

Monday, December 28, 2009

ഐ.ബിയുടെ വഴിയെ തന്നെ എന്‍.ഐ.എയും

ദേശീയമോ ദേശാന്തരീയമോ ആയ മാനങ്ങളുള്ള തീവ്രവാദക്കേസുകളുടെ അന്വേഷണത്തിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) എന്ന പുതിയ സംവിധാനത്തിനു രൂപംകൊടുത്തത്. രാജ്യത്തിനകത്തും പുറത്തുമുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാലും ഇവ തമ്മില്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ സമ്പര്‍ക്കങ്ങള്‍ ഉണ്ടാവുമെന്നതിനാലും ഇത്തരമൊരു ഏജന്‍സിയുടെ രൂപീകരണത്തെ പൊതുവെ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്തുണ്ടായ ഗുരുതരമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുവില്‍ അത്തരമൊരു സമവായം സാധ്യമായത്. മുംബൈയിലെ ഞെട്ടിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനവും സുരക്ഷാസംവിധാനങ്ങളും പൂര്‍ണ പരാജയമാണെന്ന പൊതുബോധ്യവും അത്തരമൊരു ഏജന്‍സിയുടെ രൂപീകരണത്തെ സ്വാഗതം ചെയ്യുന്ന സാഹചര്യമൊരുക്കി.പക്ഷേ, എന്‍.ഐ.എയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഫെഡറല്‍ ഭരണഘടനാസംവിധാനത്തെ തന്നെ ചോദ്യംചെയ്യുന്ന തരത്തിലേക്കു നീങ്ങുകയാണോ എന്ന സംശയം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. ക്രമസമാധാനം പൂര്‍ണമായും സംസ്ഥാനവിഷയമായിട്ടുപോലും എന്‍.ഐ.എ പോലുള്ള ഒരു ദേശീയസംവിധാനത്തെ സ്വാഗതം ചെയ്യാനിടയാക്കിയത് സുരക്ഷ സംബന്ധിച്ച ഉല്‍ക്കണ്ഠകളായിരുന്നു. എന്നാല്‍, ദേശീയസുരക്ഷയോ തീവ്രവാദപ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ചെറുക്കലോ അല്ല മറിച്ച്, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സങ്കുചിത താല്‍പ്പര്യങ്ങളാണു പുതിയ സംവിധാനത്തിലും പ്രതിഫലിക്കുക യെന്ന സംശയം ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ഭരണകക്ഷിയുടെ കൈയിലെ കളിപ്പാവകളായി മാറിയ സി.ബി.ഐ, ഐ.ബി തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ മറ്റൊരു രൂപം മാത്രമായി എന്‍.ഐ.എയും മാറുന്നുവെന്നു സംശയിക്കണം.ഈ സംശയവും ഉല്‍ക്കണ്ഠയും ഉയര്‍ത്തിയിരിക്കുന്നത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിതന്നെയാണെന്നതു ഗൗരവാവഹമാണ്. കോഴിക്കോട് ബസ് സ്റ്റാന്റിലെ ഇരട്ടസ്‌ഫോടനക്കേസ് നേരത്തേ എന്‍.ഐ.എ ഏറ്റെടുത്തതാണ്. ഇപ്പോള്‍ കളമശ്ശേരി ബസ് കത്തിക്കലും കശ്മീരിലേക്കുള്ള തീവ്രവാദി റിക്രൂട്ട്‌മെന്റ് സംഭവവും സിമിയുടെ ക്യാംപുകള്‍ സംബന്ധിച്ച അന്വേഷണവും അവര്‍ ഏകപക്ഷീയമായി ഏറ്റെടുത്തിരിക്കുന്നു. കോടിയേരി തന്നെ വെളിപ്പെടുത്തുന്നതുപോലെ, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സംഭവങ്ങളേക്കാള്‍ ഗുരുതരവും മാരകവുമായ നിരവധി കേസുകള്‍ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായത് അവഗണിച്ച് എന്താണു കേരളം മാത്രം അവരുടെ പ്രത്യേക താല്‍പ്പര്യമേഖലയായത്?കേരളത്തിലെ ഇടതുസര്‍ക്കാരിനോടുള്ള വിരോധവും അവരെ കിട്ടുന്ന വടികൊണ്ട് അടിക്കാനുള്ള താല്‍പ്പര്യവും അതിലുണ്ടാവുമെന്നു തീര്‍ച്ച. പക്ഷേ, അതേപോലെ വ്യക്തമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തെ തീവ്രവാദത്തിന്റെ കരിനിഴലിന്‍ കീഴില്‍ നിര്‍ത്താനുള്ള ഗൂഢാലോചനയും. ഐ.ബിയുടെ മുസ്‌ലിം വിരുദ്ധത കുപ്രസിദ്ധമാണ്; ഇപ്പോള്‍ എന്‍.ഐ.എയും അതേ വഴിയിലൂടെയാണോ?
തേജസ് എഡിറ്റോറിയല്‍- 29-12-09