Monday, December 15, 2008

മുംബൈ: അജ്‌മലിനെ മുമ്പേ പിടികൂടി

അജ്‌മലിനെ നീപ്പാളില്‍ നിന്ന്‌ മുമ്പേ പിടികൂടി: അഭിഭാഷകന്‍
റാവല്‍പിണ്ടി: മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്‌മല്‍ കസബിനെ 2006നു മുമ്പേ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നീപ്പാളില്‍ വച്ചു പിടികൂടി അജ്ഞാതകേന്ദ്രത്തിലടച്ചതാണെന്ന്‌ അഭിഭാഷകന്‍. ബിസിനസ്‌ ആവശ്യാര്‍ഥം കാഠ്‌മണ്ഡുവിലെത്തിയ അജ്‌മലിനെയും സംഘത്തെയും നീപ്പാള്‍ സൈനികരുടെ സഹായത്തോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ്‌ അഭിഭാഷകന്‍ സി എം ഫാറൂഖ്‌ ജിയോ ന്യൂസിനോടു പറഞ്ഞത്‌. ബിസിനസ്‌ സംഘത്തെ അന്യായമായി പിടികൂടിയതുമായി ബന്ധപ്പെട്ട്‌ 2008 ഫെബ്രുവരിയില്‍ താന്‍ നല്‍കിയ ഹരജി നീപ്പാള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. കേസ്‌ പരിഗണനയ്‌ക്കെടുത്ത കോടതി ഇന്ത്യന്‍ ഹൈക്കമ്മീഷനും നീപ്പാള്‍ സേനയ്‌ക്കും നോട്ടീസ്‌ അയച്ചിട്ടുമുണ്ട്‌.
അജ്‌മല്‍ അടക്കമുള്ള പാക്‌ സംഘത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ നീപ്പാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിന്നീടൊരവസരത്തില്‍ ഉപയോഗിക്കാന്‍ ഇവരെ അജ്ഞാതകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കാനിടയുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഫാറൂഖ്‌ പറഞ്ഞു. അജ്‌മലിന്റെ മാതാപിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യ-പാക്‌ സര്‍ക്കാരുകള്‍ക്ക്‌ താന്‍ കത്തുകള്‍ എഴുതിയിരുന്നു. പിടിയിലായ ശേഷം അജ്‌മലിനെക്കുറിച്ചു യാതൊരു വിവരവും തനിക്കു ലഭിച്ചിട്ടില്ലെന്നും വോയ്‌സ്‌ ഓഫ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ എന്ന സര്‍ക്കാരിതര സംഘടനയുടെ നേതാവുകൂടിയായ അഭിഭാഷകന്‍ അറിയിച്ചു. യഥാര്‍ഥ വിസയില്‍ ബിസിനസ്‌ ആവശ്യാര്‍ഥം നീപ്പാളിലെത്തിയ പാക്‌ സംഘത്തെ പിടികൂടിയശേഷം മുംബൈ ആക്രമണത്തില്‍ ഉപയോഗിച്ചിരിക്കാമെന്നും ജിയോ ന്യൂസിനോട്‌ ഫാറൂഖ്‌ പറഞ്ഞു. പാക്‌ ദിനപത്രമായ ദി ന്യൂസ്‌ ആണ്‌ ഈ റിപോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. 


തേജസ്‌ ദിനപത്രം- 16-12-08 

Monday, November 17, 2008

ഐ.ബിയുടെ സ്വന്തം ഭീകരവാദി

ഇന്‍ഫോമര്‍മാരെ പോലിസ്‌ ഭീകരവാദികളാക്കിയെന്ന്‌ സി.ബി.ഐ
ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ്‌ ഭീകരവാദികളായി ചിത്രീകരിച്ച്‌ ജയിലിലടച്ച ഇര്‍ഷാദ്‌ അലിയും മുഹമ്മദ്‌ ആരിഫ്‌ ഖമറും പോലിസ്‌ ഇന്‍ഫോമര്‍മാര്‍ തന്നെയെന്ന്‌ സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നുവര്‍ഷമായി തിഹാര്‍ ജയിലില്‍ പീഡനങ്ങളനുഭവിക്കുകയാണിവര്‍.
കശ്‌മീരിലെ ലശ്‌കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും പാക്‌ അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഇന്റലിജന്റ്‌സ്‌ ബ്യൂറോയുടെ നിര്‍ദേശമനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ തങ്ങളെ ജയിലിലടച്ചതെന്ന്‌ ഇര്‍ഷാദ്‌ അലിയും ഖമറും ഈയിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഡല്‍ഹി പോലിസ്‌ ഭീകരവിരുദ്ധ വിഭാഗത്തിലെ രവീന്ദര്‍ ത്യാഗി, വിനയ്‌ ത്യാഗി, സുഭാഷ്‌ ഭട്ട്‌ എന്നീ മൂന്ന്‌ സ്‌പെഷ്യല്‍ സെല്‍ ഓഫിസര്‍മാരാണ്‌ ഐ.ബിയുടെ സഹായത്തോടെ ഇരുവരെയും കുടുക്കിയത്‌. ഇര്‍ഷാദ്‌ അലിയും ഖമറും നിരപരാധികളാണെന്നും ഇവര്‍ അല്‍ബദര്‍ ഭീകരരാണെന്ന ഡല്‍ഹി പോലിസിന്റെ ആരോപണം തെറ്റാണെന്നും അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌ എസ്‌ മോഹിയുടെ മുന്നില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. തെറ്റായ തെളിവുകള്‍ സൃഷ്ടിച്ചതിനും പ്രതിജ്ഞാലംഘനത്തിനും മറ്റു ഗുരുതരമായ കുറ്റങ്ങള്‍ക്കും മൂന്ന്‌ പോലിസുകാര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ അഭ്യര്‍ഥന നവംബര്‍ 27ന്‌ കോടതി പരിഗണിക്കും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2006 ഫെബ്രുവരിയില്‍ മുബാറക്‌ ചൗക്കില്‍ നിന്നാണ്‌ അല്‍ബദര്‍ ഭീകരസംഘത്തില്‍പ്പെട്ട ഇരുവരെയും പിടികൂടിയതെന്നാണ്‌ ഡല്‍ഹി പോലിസ്‌ അവകാശപ്പെട്ടിരുന്നത്‌. എന്നാല്‍, രണ്ടുപേരും ഡല്‍ഹി പോലിസ്‌ സ്‌പെഷ്യല്‍ സെല്ലിന്റെയും ഐ.ബിയുടെയും ഇന്‍ഫോമര്‍മാരാണെന്ന്‌ അന്നുതന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖമറിനെയും ഇര്‍ഷാദ്‌ അലിയെയും കുടുക്കാന്‍ ഐ.ബിയും പോലിസ്‌ സ്‌പെഷ്യല്‍ സെല്ലും തമ്മില്‍ നടത്തിയ ഗൂഢാലോചന സി.ബി.ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ ലാന്റ്‌ലൈന്‍ നമ്പറില്‍ നിന്ന്‌ ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും നിരവധി തവണ വിളിച്ചത്‌ ഇവര്‍ ഇന്‍ഫോര്‍മര്‍മാരാണെന്നതിനു തെളിവാണെന്ന്‌ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഐ.ബിയില്‍ ഇന്‍സ്‌പെക്ടറായ മാജിദുദ്ദീനും ഇതില്‍ പങ്കാളിയായിട്ടുണ്ട്‌. പിടികൂടിയശേഷം ആര്‍.ഡി.എക്‌സും മറ്റ്‌ മാരകായുധങ്ങളും ഇരുവരുടെയും കൈയ്യില്‍ കെട്ടിയേല്‍പ്പിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ സൂക്ഷിക്കുന്ന ഇത്തരം ആയുധങ്ങള്‍ പോലിസിന്‌ എങ്ങനെ ലഭിച്ചു എന്ന ചോദ്യവും സി.ബി.ഐ ഉയര്‍ത്തുന്നുണ്ട്‌.
ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും അറസ്‌റ്റ്‌ ചെയ്‌ത ശേഷം ആയുധങ്ങള്‍ വിതരണം ചെയ്‌തവരെന്നാരോപിച്ച്‌ ജമ്മുകശ്‌മീരിലുള്ള രണ്ടുപേരുടെ മേല്‍ പോലിസ്‌ ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. തെറ്റായ അഡ്രസ്സിലേക്കയച്ച രണ്ട്‌ വാറന്റുകളും തിരിച്ചുവന്നെങ്കിലും തുടര്‍ന്ന്‌ യാതൊരു അന്വേഷണവും നടത്തിയിരുന്നില്ല. കുറ്റംചുമത്തപ്പെട്ടവരുടെ ജോലിസ്ഥലത്തോ ഡല്‍ഹിയിലെ ബജന്‍പുരയിലുള്ള വീടുകളിലോ പോലിസ്‌ പരിശോധന നടത്തിയില്ലെന്നതും സംശയത്തിനിടയാക്കി.
ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും അല്‍ബദറുമായി ബന്ധിപ്പിക്കാവുന്ന ചെറിയ തെളിവുപോലും പോലിസിന്‌ ഹാജരാക്കാനായില്ലെന്ന്‌ അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കി. സി.ബി.ഐ കുറ്റംചുമത്തിയ സബ്‌ ഇന്‍സ്‌പെക്ടര്‍മാരിലൊരാള്‍ക്ക്‌ ഈ വര്‍ഷം രാഷ്ട്രപതിയുടെ പോലിസ്‌ മെഡല്‍ കിട്ടിയിരുന്നു.
2006ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനരികില്‍ അബുഹംസയെന്ന `ഭീകരവാദി'യെ ഏറ്റുമുട്ടലിലൂടെ വധിച്ചതിനായിരുന്നു മറ്റ്‌ പോലിസ്‌ ഓഫിസര്‍മാരോടൊപ്പം ഇയാള്‍ക്കും അവാര്‍ഡ്‌ ലഭിച്ചത്‌. ഐ.ബിയുടെ ഏജന്റുമാര്‍ മതപണ്ഡിതന്‍മാരുടെ വേഷത്തില്‍ വന്ന്‌ മുസ്‌ലിം ചെറുപ്പക്കാരെ ജിഹാദിന്‌ പ്രേരിപ്പിക്കുകയും ആക്രമണങ്ങള്‍ക്ക്‌ ആര്‍.ഡി.എക്‌സ്‌ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ടെന്ന്‌ ഇര്‍ഷാദ്‌ അലി പ്രധാനമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇത്തരം ഇരകളെ പിന്നീട്‌ പോലിസ്‌ തന്നെ ആവശ്യം വരുമ്പോള്‍ വെടിവച്ചു കൊല്ലുകയാണു പതിവ്‌. കേരളത്തില്‍ നിന്ന്‌ ഏതാനും ചെറുപ്പക്കാര്‍ കശ്‌മീരിലെത്തി കൊല്ലപ്പെട്ടുവെന്ന്‌ പറയപ്പെടുന്ന സംഭവത്തില്‍ ഐ.ബിക്ക്‌ പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ കണ്ടെത്തലോടെ ഒന്നുകൂടി ബലപ്പെട്ടിരിക്കുകയാണ്‌.

Tuesday, November 11, 2008

തീവ്രവാദികള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസും: ഡോ. എം ഗംഗാധരന്‍

കെപിഒ റഹ്‌മത്തുല്ല

തിരൂര്‍: ആര്‍.എസ്‌.എസും ബി.ജെ.പിയുമാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദികളെന്നു പ്രശസ്‌ത ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചു തീവ്രമായ വെറുപ്പും ശത്രുതയും പുലര്‍ത്തുന്നവരാണ്‌ സവര്‍ക്കറിന്റെ അനുയായികളെന്നു തേജസിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇവരുടെ പോഷകസംഘടനകളായ ബജ്‌രംഗ്‌ദള്‍, വിശ്വഹിന്ദു പരിഷത്ത്‌ എന്നിവയും തീവ്രവാദമാണു പ്രചരിപ്പിക്കുന്നത്‌. ബാബരി മസ്‌ജിദ്‌ പൊളിച്ചതും ഗുജറാത്തില്‍ മുസ്‌ലിം വംശഹത്യക്കു നേതൃത്വം നല്‍കിയതും ഒറീസയിലും കര്‍ണാടകയിലും ക്രിസ്‌ത്യാനികളെ ആക്രമിച്ചതുമെല്ലാം ഇവരാണ്‌. ഈ ക്രിമിനല്‍സംഘത്തിന്റെ നേതാവായ അഡ്വാനിയാണു പ്രധാനമന്ത്രിയാവാന്‍ കുപ്പായമിട്ടിരിക്കുന്നത്‌. ഏറ്റവും വലിയ തീവ്രവാദികളായ ഈ ഹിന്ദുത്വശക്തികള്‍ക്കെതിരേ ചെറുവിരലനക്കാത്ത കോണ്‍ഗ്രസ്‌ ഇല്ലാത്ത മുസ്‌ലിം തീവ്രവാദത്തെ നേരിടുന്നു എന്നുവരുത്തി ബി.ജെ.പിക്കു കിട്ടാവുന്ന ഹിന്ദുവോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറിക്കാനാണു ശ്രമിക്കുന്നത്‌.
കേരളത്തില്‍ ആര്‍.എസ്‌.എസിനെയും ബി.ജെ.പിയെയും വളര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചത്‌ സി.പി.എമ്മാണ്‌. വടക്കന്‍ മലബാറില്‍ ആര്‍.എസ്‌.എസുകാരെ മാര്‍ക്‌സിസ്റ്റുകള്‍ അറുകൊല ചെയ്‌തത്‌ അവരുടെ വളര്‍ച്ചയ്‌ക്കും ജനങ്ങളില്‍ സഹതാപമുണ്ടാവാനും കാരണമായി. സി.പി.എമ്മിന്റെ സംഘര്‍ഷങ്ങളാണു കേരളത്തില്‍ ആര്‍.എസ്‌.എസിന്‌ ശക്തി പകര്‍ന്നത്‌. ബി.ജെ.പിയെപ്പോലെ തന്നെ അകറ്റിനിര്‍ത്തേണ്ട പാര്‍ട്ടിയാണു സി.പി.എമ്മും. സംസ്ഥാനത്തിന്റെ വ്യവസായവികസനത്തെ മൊത്തം തകര്‍ത്തത്‌ ഇവരാണ്‌. എന്നിട്ടിപ്പോള്‍ വികസനം എന്നുപറഞ്ഞു മുറവിളി കൂട്ടുകയാണ്‌- ഗംഗാധരന്‍ ചൂണ്ടിക്കാട്ടി.
മഅ്‌ദനി കേരളത്തിലെ മുസ്‌ലിം സമൂഹത്തിനു ഗുണം ചെയ്‌തുവെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇതരസമൂഹങ്ങളില്‍ വര്‍ഗീയചിന്തകള്‍ക്കു കാരണമായിട്ടുണ്ട്‌. എന്നാല്‍, എന്‍.ഡി.എഫ്‌ അങ്ങനെയല്ല. ആര്‍.എസ്‌.എസിന്റെ ക്രൂരതകളുടെ സ്വാഭാവിക പരിണതിയാണ്‌ എന്‍.ഡി.എഫ്‌. മുസ്‌ലിംകള്‍ക്കു നേരെ ഇവര്‍ നിരന്തരം അക്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ പ്രതിരോധിക്കാനുണ്ടായ സംരംഭം. ഇതില്‍ അസ്വാഭാവികതയില്ല. ആര്‍.എസ്‌.എസ്‌ അക്രമം നടന്ന സ്ഥലങ്ങളിലാണ്‌ എന്‍.ഡി.എഫ്‌ ശക്തിപ്രാപിച്ചിട്ടുള്ളത്‌. മുസ്‌ലിം സംഘടനകളെ മാത്രം തീവ്രവാദമുദ്ര കുത്തി നിരോധിക്കുന്നതിനെ അനുകൂലിക്കാനാവില്ല. ആര്‍.എസ്‌.എസിനെയും അനുബന്ധ സംഘടനകളെയുമാണ്‌ ആദ്യമായി നിരോധിക്കേണ്ടത്‌. ജനസംഖ്യയിലെ 40% വരുന്ന ഹിന്ദു ദരിദ്രരെ സഹായിക്കുന്നതിനു പകരം മറ്റു മതക്കാരെ ആക്രമിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. തീവ്രവാദത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ഭരണകൂട ഭീകരത പ്രതിഷേധാര്‍ഹമാണ്‌. അതിലും വലിയ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിന്ദുത്വശക്തികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവുന്നില്ല. ബി.ജെ.പി വലിയ പാര്‍ട്ടിയാണെന്നതാണ്‌ ഇതിനു കാരണം. ഇവരുടെ അത്ര ശക്തിയുള്ള മുസ്‌ലിം പാര്‍ട്ടികള്‍ ഇല്ലെന്നതും മുസ്‌ലിം വേട്ടയ്‌ക്കു കാരണമാണ്‌. നീതി നിഷേധിക്കപ്പെടുന്നു എന്ന ധാരണ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമാവുന്നുണ്ട്‌. ഇതര മതങ്ങളൊക്കെ വെറുക്കപ്പെടേണ്ടതാണെന്ന ധാരണ മുസ്‌ലിംസമൂഹത്തില്‍ സൃഷ്ടിക്കാനും അത്തരം സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും ചില നിഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്‌. അവരെ കണ്ടെത്തിയാല്‍ മലയാളികള്‍ കശ്‌മീരില്‍ വെടിയേറ്റുമരിച്ച സംഭവത്തിലെ നിഗൂഢതകള്‍ ഇല്ലാതാവും. പോലിസും പ്രത്യേക അന്വേഷണ ഏജന്‍സികളും പറയുന്നതൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. സത്യസന്ധമായ അന്വേഷണവും കണ്ടെത്തലും ഒരിക്കലും ഉണ്ടാവാറില്ല. കശ്‌മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മ സഫിയയുടെ ഗതികേട്‌ നാം മനസ്സിലാക്കണം. ഇത്‌ ഒരു ഉമ്മയുടെയും ഭാഗത്തു നിന്നു സ്വമേധയാ ഉണ്ടാവില്ല. ആരെല്ലാമോ അവരെക്കൊണ്ടു പറയിപ്പിച്ചതാണ്‌. ഒരു അമ്മയ്‌ക്കും മകനേക്കാള്‍ വലുത്‌ രാജ്യമായിക്കൂടാ. സഫിയയുടെ വാക്കുകളില്‍ ഒരു സമുദായത്തിന്റെ തേങ്ങലാണു മുഴങ്ങുന്നത്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അതു വലിയ കാര്യമായി എടുത്തുകാട്ടിയതും ശരിയായില്ല. ഒരു ഉമ്മയും രാജ്യത്തിനു വേണ്ടി മകനെ ഉപേക്ഷിക്കേണ്ടിവരരുത്‌. വ്യക്തിബന്ധങ്ങള്‍ രാഷ്ട്രീയസ്വാധീനങ്ങളാല്‍ തള്ളിപ്പറയുന്ന അവസ്ഥയുണ്ടാവരുത്‌. മനുഷ്യനേക്കാള്‍ വലുതല്ല രാജ്യമെന്നും രാജ്യസ്‌നേഹത്തേക്കാള്‍ വലുത്‌ മനുഷ്യസ്‌നേഹമാണെന്നും മനസ്സിലാക്കണം. സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുവന്നശേഷം മാത്രം പറയേണ്ട കാര്യങ്ങള്‍ ഒരു ഉമ്മ മുമ്പേ പറഞ്ഞത്‌ സംശയാസ്‌പദമാണ്‌. മതഭ്രാന്തും പണവും ഒരുമിക്കുന്നിടത്തു തീവ്രവാദത്തിനു കടന്നുവരാന്‍ എളുപ്പമാണ്‌. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ പണം ലഭിക്കുമെങ്കില്‍ ഏതു വഴിയും സ്വീകരിച്ചേക്കാം. ഇസ്‌ലാമിലില്ലാത്ത പൗരോഹിത്യത്തിന്റെ കടന്നുവരവും യുവാക്കളെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ട്‌- ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.

തേജസ്‌: 12-11-08

Saturday, November 8, 2008

പോലിസ്‌ ഇന്‍ഫോമേഴ്‌സിന്റെ പ്രച്ഛന്നവേഷങ്ങള്‍

ഭീകരവേട്ട: അറുതി വരാത്ത ദുരൂഹതകള്‍ - ഭാഗം 3

ടി എസ്‌ നിസാമുദ്ദീന്‍  
 





പോലിസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ആരില്‍ നിന്നാണോ വിവരങ്ങള്‍ ലഭിക്കേണ്ടത്‌ അതേ വിഭാഗത്തിലുള്ളവരെ പോലിസ്‌ ഇന്‍ഫോമേഴ്‌സ്‌ (യഥാസമയം വിവരങ്ങള്‍ എത്തിക്കുന്നവര്‍) ആക്കി നിയമിക്കാറുണ്ട്‌. മതസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍ എന്നിവയിലൊക്കെ പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ നിന്ന്‌ വിവരം ശേഖരിക്കാന്‍ ഐ.ബി അടക്കമുള്ള രഹസ്യാന്വേഷണവിഭാഗങ്ങള്‍ ഇവരെയാണ്‌ ഉപയോഗിക്കാറ്‌. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വാഗ്‌ചാതുരിയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിവുമുള്ളവരെയാണ്‌ ഇതിനു തിരഞ്ഞെടുക്കുക.
നുഴഞ്ഞുകയറുന്ന പ്രസ്ഥാനങ്ങളില്‍ തികഞ്ഞ ആത്മാര്‍ഥതയോടും അച്ചടക്കത്തോടും ഇവര്‍ തങ്ങളെ പഠിപ്പിച്ചുവിട്ടവരുടെ അജണ്ടകള്‍ സാവധാനം പകരും. ചിലര്‍ വ്യവസ്ഥാപിത സംഘടനകളുടെ നേതൃസ്ഥാനത്തുവരെ എത്തിയിട്ടുണ്ട്‌. സാമ്പത്തിക സഹായവും നിയമപരമായ സംരക്ഷണവും അധികൃതര്‍ നല്‍കും. സംഘടനകളില്‍ നുഴഞ്ഞുകയറിയും പ്രവര്‍ത്തകരെ സ്വാധീനിച്ചും വിവരങ്ങള്‍ ചോര്‍ത്തി ഐ.ബിക്കും മറ്റും നല്‍കുകയാണ്‌ ഇവരുടെ ജോലി. വര്‍ഗീയകലാപങ്ങള്‍ നടന്ന ശേഷം പ്രതികാരത്തിനു പ്രേരണയുമായി ഇരകളുടെ അടുക്കല്‍ അതേ സമുദായത്തിലുള്ളവരെത്തന്നെ രഹസ്യാന്വേഷണവിഭാഗം അവതരിപ്പിച്ച ഉദാഹരണങ്ങളുണ്ട്‌.
ഉറുമി മുസ്‌തഫയും സംശയാസ്‌പദമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാറാട്‌ സ്വദേശി മന്‍സൂറും ഒരേസമയം ഒറ്റുകാരായും ചില സംഘടനകളുടെ അംഗങ്ങളായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തളിപ്പറമ്പിലെ മുന്‍ ഡിവൈ.എസ്‌.പിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉറുമി മുസ്‌തഫയെ, വര്‍ഗീയാസ്വാസ്ഥ്യം തുടരുന്ന കാസര്‍കോഡ്‌ ജില്ലയില്‍ ചില ഓപറേഷനുകള്‍ക്ക്‌ ഉപയോഗിച്ചിരുന്നുവത്രെ. സംഘപരിവാര-ശിവസേനാ നേതാക്കളെ വധിക്കാന്‍ സൗകര്യമൊരുക്കാമെന്നു പറഞ്ഞ്‌ ഇയാള്‍ ചില സംഘടനകളുടെ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു.
2002 ഡിസംബര്‍ രണ്ടിന്‌ മുസ്‌തഫയുടെ സുഹൃത്തായ പി.ഡി.പി നേതാവിന്റെ മകന്റെ കടയില്‍ നിന്ന്‌ മൂന്നു പാക്കറ്റ്‌ വെടിമരുന്ന്‌ പോലിസ്‌ പിടിച്ചെടുത്തു. അതോടൊപ്പം എന്‍.ഡി.എഫിന്റെ ചില ലഘുലേഖകളും സി.ഡികളും കണ്ടെടുത്തു. സ്‌ഫോടക വസ്‌തുക്കള്‍ കടയില്‍ എത്തിച്ചശേഷം പിടികൂടാന്‍ പോലിസിന്‌ അവസരമൊരുക്കിയത്‌ ഉറുമിയായിരുന്നു. പി.ഡി.പിയെയും എന്‍.ഡി.എഫിനെയും കുടുക്കാന്‍ രഹസ്യാന്വേഷണവിഭാഗം ഉറുമിയെ ഉപയോഗിക്കുകയായിരുന്നെന്നാണു സംശയം.
കോഴിക്കോട്‌ മാറാട്‌ സ്വദേശി മന്‍സൂര്‍ മാറാട്‌ കലാപത്തിനു മുമ്പ്‌ കേരളത്തിലും പുറത്തും മാറാട്ടുകാരെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.ഡി.എഫുകാരനായും പി.ഡി.പിക്കാരനായും നടിച്ചു പലരെയും സമീപിക്കുകയുണ്ടായി. 2002 ഡിസംബറില്‍ മംഗലാപുരത്തെ മലയാളി കച്ചവടക്കാരുടെ അടുത്തെത്തി താന്‍ മാറാട്ടുകാരനാണെന്നും സഹായിക്കണമെന്നും പറഞ്ഞ്‌ സഹായം അഭ്യര്‍ഥിച്ചിരുന്നു. ആറുവര്‍ഷത്തോളമായി കേരളത്തിലെ മിക്ക ജില്ലകളിലും പ്രത്യക്ഷപ്പെടുന്ന ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നു പറയപ്പെടുന്നു. മാറാടിനു പ്രതികാരം ചെയ്യാന്‍ തന്നെ സഹായിക്കാന്‍ സന്നദ്ധതയുള്ള ഏതെങ്കിലും ഗ്രൂപ്പുണ്ടോ എന്ന അന്വേഷണമാണ്‌ പ്രധാനമായും ഇയാള്‍ നടത്തിയത്‌. ഇതില്‍ സംശയം തോന്നിയ ചിലര്‍ ഇയാള്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അതു വ്യാജമാണെന്നു ബോധ്യപ്പെട്ടു.
2003 മെയ്‌ മൂന്നിനു നടന്ന രണ്ടാം മാറാട്‌ കലാപത്തിനു മുമ്പ്‌, മാര്‍ച്ചില്‍ കോഴിക്കോട്‌ സിറ്റി പോലിസ്‌ സാക്ഷ്യപ്പെടുത്തിയ ട്രോമാകെയര്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഇയാള്‍ക്കു ലഭിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക്‌ പോലിസ്‌ വെരിഫിക്കേഷനുള്ള ഒരു ഐഡന്റിറ്റി കാര്‍ഡ്‌ എങ്ങനെ ലഭിച്ചെന്നുള്ളത്‌ ഇപ്പോഴും ദുരൂഹമാണ്‌. മാറാട്‌ കലാപത്തിനുശേഷം കോഴിക്കോട്‌, മുക്കം ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ്‌ ജോലിക്കാരനായി മന്‍സൂര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ എന്‍.ഡി.എഫുകാരനായി പരിചയപ്പെടുത്തിയായിരുന്നു പ്രവര്‍ത്തനം. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടു കാട്ടി മുങ്ങിയ ഇയാള്‍ 2004ല്‍ നിലമ്പൂരിലാണു പൊങ്ങിയത്‌. അവിടെ ജോലിചെയ്‌തുവന്നിരുന്ന മന്‍സൂര്‍ ആയുധങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ യുവാക്കളെ സമീപിച്ചിരുന്നു. ഇയാളുടെ നടപടികളില്‍ ദുരൂഹത തോന്നിയ നാട്ടുകാരില്‍ ചിലര്‍ മന്‍സൂറിന്റെ താമസസ്ഥലത്തു പരിശോധന നടത്തി.
വേഷം മാറാനുള്ള വിഗ്ഗ്‌, കണ്ണിന്റെ നിറം മാറ്റുന്ന കൃത്രിമ ലെന്‍സ്‌ തുടങ്ങി പല വസ്‌തുക്കളുമാണ്‌ അവിടെ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ നാട്ടുകാര്‍ ഇയാളെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, നാട്ടുകാര്‍ അദ്‌ഭുതപ്പെട്ടത്‌ അതിലല്ല. പോലിസ്‌ ഇയാളെ സുരക്ഷിതമായി കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
മന്‍സൂറിന്റെ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നു നിര്‍ദേശമുണ്ടെന്നാണു സംഭവം സംബന്ധിച്ച്‌ നിലമ്പൂര്‍ പോലിസില്‍ ബന്ധെപ്പട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ച മറുപടി. പിന്നീട്‌ പൊന്നാനിയിലാണ്‌ എന്‍.ഡി.എഫ്‌ വേഷത്തില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടത്‌. തുടര്‍ന്ന്‌ ആയുധക്കടത്ത്‌ കേസില്‍ മന്‍സൂര്‍ കണ്ണൂര്‍ ജയിലിലുമെത്തി. ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന മുസ്‌ലിം ചെറുപ്പക്കാരോട്‌ അവര്‍ ഉള്‍പ്പെട്ട കേസ്‌ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഇയാളുടെ ദൗത്യം മറ്റെന്തോ ആണെന്നു ബോധ്യമായത്‌.
ജയില്‍മുക്തനായ ശേഷം ആലുവ കുഞ്ഞുണ്ണിക്കരയില്‍ കുടുംബസമേതം താമസമാക്കിയ മന്‍സൂര്‍ അവിടെയും മുസ്‌ലിം സംഘടനകളെക്കുറിച്ചും യുവാക്കളെക്കുറിച്ചും പഠിക്കാന്‍ തുടങ്ങി.
കുഞ്ഞുണ്ണിക്കരയില്‍ താമസിക്കുമ്പോള്‍ അടുത്തുള്ള വളയന്നൂര്‍ ഭാഗത്ത്‌ ഒരു ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെ വധിക്കണമെന്നു പറഞ്ഞ്‌ യുവാക്കളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ നിരന്തരം പിന്തുടര്‍ന്നു. ഒരു ദിവസം പുലര്‍ച്ചെ വധിക്കണമെന്നു പറഞ്ഞ ആര്‍.എസ്‌.എസ്‌കാരനും മന്‍സൂറും തമ്മില്‍ രഹസ്യ സംഭാഷണം നടത്തുന്നതാണ്‌ പ്രദേശവാസികള്‍ക്കു കാണാനായത്‌. മഅ്‌ദനി മോചനവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു.
വിചിത്രമെന്നു പറയട്ടെ, മന്‍സൂര്‍ ആലുവയില്‍ നിന്നു സ്ഥലംവിട്ട ഉടനെയാണു കുഞ്ഞുണ്ണിക്കരയിലെ യുവാക്കളെ സിമി ബന്ധമാരോപിച്ച്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. എല്ലാ സ്ഥലങ്ങളിലും മാറാട്ടെ അഡ്രസ്സാണു നല്‍കാറുള്ളത്‌. എന്നാല്‍, മാറാടുമായി ഇയാള്‍ക്ക്‌ വര്‍ഷങ്ങളോളമായി ഒരു ബന്ധവുമില്ല.
സംസ്ഥാനത്തിന്‌ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സംഘടനകളും ആത്മീയകേന്ദ്രങ്ങളും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നതിന്‌ പ്രധാന കാരണം ഇത്തരക്കാര്‍ നല്‍കുന്ന തെറ്റായതും പര്‍വതീകരിച്ചതുമായ വിവരങ്ങളാണ്‌. മതത്തെ വിറ്റു കാശാക്കുന്നവര്‍ ഒരുഭാഗത്തും മതം ജീവിതത്തിന്റെ അനിവാര്യ ഘടകമായി കാണുന്നവര്‍ മറുഭാഗത്തും പ്രവര്‍ത്തിക്കുമ്പോള്‍ മുതലെടുപ്പിന്‌ വലിയൊരു വിഭാഗം സജീവമായി രംഗത്തുണ്ട്‌. ഈ മുതലെടുപ്പാണ്‌ ആത്മീയകേന്ദ്രങ്ങളില്‍ വ്യാജന്‍മാര്‍ കടന്നുകൂടുന്നതിനും സംഘടനകള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കും വഴിവയ്‌ക്കുന്നത്‌.
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഏത്‌ സംഘടനകളെയും കണ്ണടച്ചു തുറക്കുംമുമ്പ്‌ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ചേരുവകള്‍ സഹിതമാണ്‌ പരിശീലനം നല്‍കി രഹസ്യാന്വേഷണ വിഭാഗം ഇത്തരം ഇന്‍ഫോമേഴ്‌സിനെ സംഘടനകളിലേക്കു കടത്തിവിടുന്നത്‌.

Friday, November 7, 2008

സ്‌ഫോടനം നടക്കും മുമ്പേ ചാനലില്‍ വാര്‍ത്ത




സ്‌ഫോടനം നടക്കും മുമ്പേ ആര്‍.എസ്‌.എസ്‌
ചാനലില്‍ വാര്‍ത്ത

ന്യൂഡല്‍ഹി: മലേഗാവ്‌ സ്‌ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ്‌ ആര്‍.എസ്‌.എസിന്റെ ഔദ്യോഗിക ചാനലായ സുദര്‍ശന്‍ ടി.വി സ്‌ഫോടനം നടന്നതായി വാര്‍ത്ത നല്‍കിയെന്നു പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ്‌. സ്‌ഫോടനം നടന്ന സപ്‌തംബര്‍ 29ന്‌ 9.29നാണ്‌ മേലഗാവ്‌ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തതായി സുദര്‍ശന്‍ ടി.വി വാര്‍ത്ത നല്‍കിയത്‌.
എന്നാല്‍, പോലിസിന്റെ റിപോര്‍ട്ട്‌പ്രകാരം 9.30നാണ്‌ സ്‌ഫോടനം നടന്നത്‌. സംഭവം നടന്നു മാധ്യമങ്ങള്‍ അറിഞ്ഞു വാര്‍ത്ത തയ്യാറാക്കി സംപ്രേഷണം ചെയ്യാന്‍ ചുരുങ്ങിയത്‌ 15 മിനിറ്റെങ്കിലുമെടുക്കും. സ്‌ഫോടനസ്ഥലത്ത്‌ അവരുടെ പ്രതിനിധി ഉണ്ടെങ്കില്‍പ്പോലും സ്‌ഫോടനം നടന്ന്‌ അഞ്ചു മിനിറ്റെങ്കിലുമാവാതെ റിപോര്‍ട്ട്‌ ചെയ്യാനാവില്ല. എന്നാല്‍, സ്‌ഫോടനം നടക്കുന്നതിന്‌ ഒന്നോ രണ്ടോ മിനിറ്റ്‌ മുമ്പ്‌ എങ്ങനെ ഇത്തരത്തിലുള്ള വാര്‍ത്ത സുദര്‍ശന്‍ ടി.വിക്ക്‌ ലഭിച്ചെന്നും അഗ്നിവേശ്‌ ചോദിച്ചു. അഗ്നിവേശിന്റെ ആരോപണങ്ങള്‍ സുദര്‍ശന്‍ ടി.വി നിഷേധിച്ചു. 

Thursday, November 6, 2008

വലയിലാക്കുക, ഒറ്റുകൊടുക്കുക


ടി എസ്‌ നിസാമുദ്ദീന്‍
`കേരളത്തിലെ മുസ്‌ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന കേന്ദ്ര സി.ഒ.ഡി സംഘം ആയുധക്കടത്തുമായി ബന്ധപ്പെട്ടു മലയാളിയായ വടകര ചെമ്മരത്തൂര്‍ സ്വദേശി മന്‍സൂറിനെ (32) അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ക്ക്‌ എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി സി.ഒ.ഡി ഇന്റലിജന്‍സ്‌ വിങ്‌ എസ്‌.ഐ സി കെ ശിവദാസ്‌ പറഞ്ഞു'. 2005 മെയ്‌ 26നു ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണിത്‌. ബാംഗ്ലൂരില്‍ നിന്നു റിപോര്‍ട്ട്‌ ചെയ്‌ത ഈ വാര്‍ത്ത കേരളത്തില്‍ വന്‍ കോലാഹലമാണു സൃഷ്ടിച്ചത്‌. തുടര്‍ന്നു രണ്ടുമൂന്നു ദിവസം തീവ്രവാദം, ആയുധക്കടത്ത്‌, ഹവാല തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു പല വാര്‍ത്തകളും വന്നു. കേരളത്തിലെ ചില സംഘടനകള്‍ക്കു വേണ്ടി കാസര്‍കോഡ്‌ വഴി ആയുധം കടത്തുന്ന മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ അഡ്രസ്സും ഫോട്ടോയും സഹിതമാണു ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്‌.
ബാംഗ്ലൂരില്‍ നിന്നു മലബാര്‍ ഭാഗത്തേക്ക്‌ ആയുധം കടത്തിയ കേസില്‍ വടകര സ്വദേശി പിടിയിലായെന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു മലബാറിലെ യുവാക്കള്‍ക്ക്‌ ആയുധപരിശീലനം നല്‍കുന്ന ഒരധ്യാപകനെ കേന്ദ്ര സി.ഒ.ഡി കസ്‌റ്റഡിയിലെടുക്കുമെന്നും അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നു ദിവസങ്ങള്‍ക്കകം മനസ്സിലായ പ്രസ്‌തുത മാധ്യമങ്ങള്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. ഇത്തരത്തില്‍ ഒരുസംഭവം ഉണ്ടായില്ലെന്നു സമ്മതിക്കാന്‍ മനസ്സുകാണിക്കാതിരുന്ന പത്രങ്ങള്‍ വാര്‍ത്ത വഴിതിരിച്ചുവിടാനാണു ശ്രമിച്ചത്‌.
ആയുധക്കടത്തിനു മന്‍സൂര്‍ പിടിയിലായതിനെ തുടര്‍ന്നു കേന്ദ്ര സി.ഒ.ഡി സംഘത്തിന്റെ അന്വേഷണത്തില്‍ യുവാക്കള്‍ക്ക്‌ ആയുധപരിശീലനം നല്‍കുന്ന വടകര സ്വദേശി അബ്ദുല്‍ സലാമും പിടിയിലായതായി ചില പത്രങ്ങള്‍ റിപോര്‍ട്ട്‌ ചെയ്‌തു. `ആയുധങ്ങള്‍ മതതീവ്രവാദികള്‍ക്ക്‌ വേണ്ടി, സര്‍ക്കാര്‍ സഹകരിക്കുന്നില്ല; ആയുധക്കടത്ത്‌ അന്വേഷണം വഴിമുട്ടി' എന്ന തലക്കെട്ടോടെ വ്യാജ വാര്‍ത്തയുടെ എപ്പിസോഡുകള്‍ അവസാനിപ്പിച്ച്‌ മംഗളവും രാഷ്ട്രദീപികയും മാത്രമാണു തലയൂരിയത്‌.
അതേസമയം വ്യാജ ആയുധക്കടത്ത്‌ വാര്‍ത്തയിലെ `പ്രതി' നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. മന്‍സൂറിനൊപ്പം പിടിയിലായ വടകര മേമുണ്ട റഹ്‌മത്ത്‌ മന്‍സിലില്‍ അബ്ദുസ്സലാം താന്‍ സി.ഒ.ഡിയുടെ `കസ്‌റ്റഡിയി'ലാണെന്ന്‌ അറിയുന്നതു ബസ്‌ യാത്രയ്‌ക്കിടെ വാങ്ങിയ പത്രത്തില്‍ നിന്നാണ്‌്‌. ഇയാള്‍ എന്‍.ഡി.എഫുകാരനാണെന്നും പത്രങ്ങള്‍ എഴുതി. വാര്‍ത്ത വായിച്ച നാട്ടുകാര്‍ തീവ്രവാദ മുദ്രചാര്‍ത്തി സലാമിനെ കുറ്റപ്പെടുത്തി. ചിലര്‍ പ്രകടനം നടത്തി. ആയുധക്കടത്തുകാരനായതോടെ ബിസിനസ്സ്‌ പാര്‍ട്‌ണര്‍മാര്‍ ഒഴിവാക്കുകയും ചെയ്‌തു. വ്യാജ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയ അബ്ദുസ്സലാമിനു ഞെട്ടിക്കുന്ന സത്യങ്ങളാണു ലഭിച്ചത്‌. തന്നോടു മുന്‍വൈരാഗ്യമുള്ള ഒരാള്‍ പറ്റിച്ച പണിയായിരുന്നു ഇത്‌.
കേന്ദ്ര സി.ഒ.ഡി ഉദ്യോഗസ്ഥനെന്ന വ്യാജേന ബാംഗ്ലൂരിലെ പത്രക്കാര്‍ക്കു വ്യാജ വാര്‍ത്ത നല്‍കിയതും ഇയാള്‍ തന്നെയാണ്‌. കേന്ദ്ര സി.ഒ.ഡി എസ്‌.ഐ സി കെ ശിവദാസനെന്ന പേരില്‍ പത്രക്കാരുടെ മുന്നില്‍ അവതരിച്ചതു തളിപ്പറമ്പ്‌ സ്വദേശി അരിയില്‍ കയ്യം ഉറുമി മുസ്‌തഫയായിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളില്‍ തീവ്രവാദവും ആയുധക്കടത്തും ഹവാലയുമെല്ലാം ഉള്‍പ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എരിവുംപുളിയും ചേര്‍ത്തു വാര്‍ത്ത പടച്ചുവിടുകയായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതിയോ, കേന്ദ്ര സി.ഒ.ഡി എന്നൊരു സംഘം ഉണ്ടോയെന്നോ അന്വേഷിക്കാതെയായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്‌. ഇതേ പോലുള്ള വാര്‍ത്ത 2004ല്‍ ഒരു പ്രമുഖപത്രം ബാംഗ്ലൂരില്‍ നിന്നു റിപോര്‍ട്ട്‌ ചെയ്‌തിരുന്നു. 2004 ഡിസംബര്‍ 24, 25 തിയ്യതികളില്‍ `ഹവാലപ്പണം കൊണ്ടു വാങ്ങിയ ആയുധങ്ങള്‍ കര്‍ണാടകയില്‍', `രണ്ടു മലയാളികള്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍' എന്നീ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. ഹവാലാ കേസില്‍ മര്‍സൂഖ്‌, രാധാകൃഷ്‌ണന്‍ എന്നിവരാണു പിടിയിലായത്‌. എന്നാല്‍ വടകര മേമുണ്ട രാധാകൃഷ്‌ണന്‍ നായര്‍ (27) എന്ന പേരില്‍ ഒരാള്‍ ഇല്ലെന്നാണു പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായത്‌. ഇതും മുസ്‌തഫ തന്നെ പടച്ചുവിട്ടതായിരുന്നു.
അതേസമയം, കേരളത്തിലും ബാംഗ്ലൂരിലും ഏറെ കോലാഹലം സൃഷ്ടിച്ച വാര്‍ത്തയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഉറുമി മുസ്‌തഫ നാട്ടില്‍ ഇപ്പോഴും വിഹരിക്കുന്നുവെന്നതാണു തമാശ. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത മുസ്‌തഫയ്‌ക്ക്‌ ഇത്രയും വിശ്വസനീയവും ഉദ്വേഗജനകവുമായ റിപോര്‍ട്ടുകള്‍ നല്‍കാനുള്ള ശേഷിയില്ലെന്നു നാട്ടുകാര്‍ക്കറിയാം. മുസ്‌തഫയെ കരുവാക്കി ചിലരെ തീവ്രവാദികളെന്നു മുദ്രകുത്താന്‍ ചില ഏജന്‍സികള്‍ നടത്തിയ കുപ്രചാരണമാണിതെന്നു പിന്നീടു വ്യക്തമായി.
കാസര്‍കോട്‌ തൃക്കരിപ്പൂരില്‍ താമസമാക്കിയ ഉറുമി മുസ്‌തഫ നിരവധി കേസുകളില്‍ പ്രതിയാണ്‌. 1984 റമദാന്‍ മാസത്തില്‍ തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്ന്‌ ആരോപിച്ചു ബന്ധുവായ കയ്യത്ത്‌ മൂസയെ വധിച്ചു. കേസില്‍ ജാമ്യത്തിലിറങ്ങിയ മുസ്‌തഫ വീണ്ടും തട്ടിപ്പുംവെട്ടിപ്പുമായി കാസര്‍കോട്‌, മുംബൈ, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും സജീവമായിരുന്നു. ബാംഗ്ലൂരില്‍ നിന്നു കള്ളനോട്ട്‌ അടിക്കാനുള്ള യന്ത്രസാമഗ്രികളും തോക്കുകളും മുസ്‌തഫ കൊണ്ടുവന്നിരുന്നു. 93ല്‍ വെടിമരുന്നു സൂക്ഷിച്ചതുമായി ബന്ധപ്പെട്ടു പിടിയിലായെങ്കിലും കേസില്‍ നിന്ന്‌ ഒഴിവായ ഇയാള്‍ അതേവര്‍ഷം തന്നെ തോക്ക്‌ കേസിലും പ്രതിയായി. പിന്നീട്‌ തളിപ്പറമ്പിലെ ചിലരുമായി ചേര്‍ന്നു കള്ളനോട്ടിന്റെ ഇടപാടും നടത്തിയിരുന്നു.
ഒരേവിഷയം തന്നെ വ്യത്യസ്‌ത മാധ്യമങ്ങളിലൂടെയും വ്യക്തികളിലൂടെയും പ്രചരിപ്പിക്കുന്ന രീതിയും സംശയാസ്‌പദമാണ്‌. ഒരേ കേന്ദ്രം തന്നെയാണ്‌ ഇതിനു പിന്നില്‍. പോലിസിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘപരിവാര ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക സംഘടനകളെ ഉന്നംവച്ചു തന്ത്രങ്ങള്‍ മെനയുന്നുണ്ട്‌. പ്രമാദമായ സംഭവങ്ങള്‍ക്കു പ്രതികാരം ചെയ്യുന്നതിന്‌ ഇരകളാക്കപ്പെട്ടവരെ പ്രേരിപ്പിക്കാന്‍ പല ഏജന്‍സികളും പല രീതിയില്‍ ശ്രമിക്കുന്നുവെന്ന സംശയവും വ്യാപകമാണ്‌. അതിനു വര്‍ഗീയമായും വൈകാരികമായും ആളെ ഇളക്കിവിടുകയും സഹായവാഗ്‌ദാനങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ നേരിട്ടുള്ള ഇടപെടല്‍ നടത്താതെ ഇടനിലക്കാരെ ഉപയോഗിക്കുകയാണു പതിവ്‌. അതേസമയം, നേരത്തെ നോട്ടമിട്ടിരിക്കുന്ന സംഘടനകളെ പ്രശ്‌നത്തിലേക്കു പലരീതിയില്‍ വലിച്ചിഴയ്‌ക്കുകയും ചെയ്യും. ഇതിനു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരെ നാളുകള്‍ക്കു മുമ്പേ തന്നെ ഏതു സംഘത്തെയാണോ കുടുക്കേണ്ടത്‌ അതിലെ അംഗവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുമുണ്ടാവും. അവര്‍ തന്നെയാണു പിന്നീടു വേണ്ടപ്പെട്ടവര്‍ക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക.
നക്‌സലിസത്തെയും മറ്റു പ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ മുമ്പ്‌ രഹസ്യാന്വേഷണ വിഭാഗം വ്യാജ സംഘങ്ങള്‍ രൂപീകരിക്കുകയും കൃത്രിമ അക്രമങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു. നക്‌സലിസത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ പോലിസുകാരെ തിരുകിക്കയറ്റിയിരുന്നെന്നു മുന്‍ പോലിസ്‌ ഉദ്യോഗസ്ഥനായിരുന്ന ജയറാം പടിക്കല്‍ വെളിപ്പെടുത്തിയത്‌ ഇത്തരം സംഭവങ്ങളോടു കൂട്ടിവായിക്കാവുന്നതാണ്‌.


നാളെ: പോലിസ്‌ ഇന്‍ഫോമേഴ്‌സിന്റെ
പ്രച്ഛന്നവേഷങ്ങള്‍