കെപിഒ റഹ്‌മത്തുല്ല
തിരൂര്‍: ആര്‍.എസ്.എസും ബി.ജെ.പിയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദികളെന്നു പ്രശസ്‌ത ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചു തീവ്രമായ വെറുപ്പും ശത്രുതയും പുലര്‍ത്തുന്നവരാണ് സവര്‍ക്കറിന്റെ അനുയായികളെന്നു തേജസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇവരുടെ പോഷകസംഘടനകളായ ബജ്‌രംഗ്‌ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവയും തീവ്രവാദമാണു പ്രചരിപ്പിക്കുന്നത്. ബാബരി മസ്‌ജിദ് പൊളിച്ചതും ഗുജറാത്തില്‍ മുസ്‌ലിം വംശഹത്യക്കു നേതൃത്വം നല്‍കിയതും ഒറീസയിലും കര്‍ണാടകയിലും ക്രിസ്‌ത്യാനികളെ ആക്രമിച്ചതുമെല്ലാം ഇവരാണ്. ഈ ക്രിമിനല്‍സംഘത്തിന്റെ നേതാവായ അഡ്വാനിയാണു പ്രധാനമന്ത്രിയാവാന്‍ കുപ്പായമിട്ടിരിക്കുന്നത്. ഏറ്റവും വലിയ തീവ്രവാദികളായ ഈ ഹിന്ദുത്വശക്തികള്‍ക്കെതിരേ ചെറുവിരലനക്കാത്ത കോണ്‍ഗ്രസ് ഇല്ലാത്ത മുസ്‌ലിം തീവ്രവാദത്തെ നേരിടുന്നു എന്നുവരുത്തി ബി.ജെ.പിക്കു കിട്ടാവുന്ന ഹിന്ദുവോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറിക്കാനാണു ശ്രമിക്കുന്നത്.
കേരളത്തില്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വളര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചത് സി.പി.എമ്മാണ്. വടക്കന്‍ മലബാറില്‍ ആര്‍.എസ്.എസുകാരെ മാര്‍ക്‌സിസ്റ്റുകള്‍ അറുകൊല ചെയ്‌തത് അവരുടെ വളര്‍ച്ചയ്‌ക്കും ജനങ്ങളില്‍ സഹതാപമുണ്ടാവാനും കാരണമായി. സി.പി.എമ്മിന്റെ സംഘര്‍ഷങ്ങളാണു കേരളത്തില്‍ ആര്‍.എസ്.എസിന് ശക്തി പകര്‍ന്നത്. ബി.ജെ.പിയെപ്പോലെ തന്നെ അകറ്റിനിര്‍ത്തേണ്ട പാര്‍ട്ടിയാണു സി.പി.എമ്മും. സംസ്ഥാനത്തിന്റെ വ്യവസായവികസനത്തെ മൊത്തം തകര്‍ത്തത് ഇവരാണ്. എന്നിട്ടിപ്പോള്‍ വികസനം എന്നുപറഞ്ഞു മുറവിളി കൂട്ടുകയാണ്- ഗംഗാധരന്‍ ചൂണ്ടിക്കാട്ടി.
മഅ്‌ദനി കേരളത്തിലെ മുസ്‌ലിം സമൂഹത്തിനു ഗുണം ചെയ്‌തുവെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇതരസമൂഹങ്ങളില്‍ വര്‍ഗീയചിന്തകള്‍ക്കു കാരണമായിട്ടുണ്ട്. എന്നാല്‍, എന്‍.ഡി.എഫ് അങ്ങനെയല്ല. ആര്‍.എസ്.എസിന്റെ ക്രൂരതകളുടെ സ്വാഭാവിക പരിണതിയാണ് എന്‍.ഡി.എഫ്. മുസ്‌ലിംകള്‍ക്കു നേരെ ഇവര്‍ നിരന്തരം അക്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ പ്രതിരോധിക്കാനുണ്ടായ സംരംഭം. ഇതില്‍ അസ്വാഭാവികതയില്ല. ആര്‍.എസ്.എസ് അക്രമം നടന്ന സ്ഥലങ്ങളിലാണ് എന്‍.ഡി.എഫ് ശക്തിപ്രാപിച്ചിട്ടുള്ളത്. മുസ്‌ലിം സംഘടനകളെ മാത്രം തീവ്രവാദമുദ്ര കുത്തി നിരോധിക്കുന്നതിനെ അനുകൂലിക്കാനാവില്ല. ആര്‍.എസ്.എസിനെയും അനുബന്ധ സംഘടനകളെയുമാണ് ആദ്യമായി നിരോധിക്കേണ്ടത്. ജനസംഖ്യയിലെ 40% വരുന്ന ഹിന്ദു ദരിദ്രരെ സഹായിക്കുന്നതിനു പകരം മറ്റു മതക്കാരെ ആക്രമിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. തീവ്രവാദത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ഭരണകൂട ഭീകരത പ്രതിഷേധാര്‍ഹമാണ്. അതിലും വലിയ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിന്ദുത്വശക്തികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവുന്നില്ല. ബി.ജെ.പി വലിയ പാര്‍ട്ടിയാണെന്നതാണ് ഇതിനു കാരണം. ഇവരുടെ അത്ര ശക്തിയുള്ള മുസ്‌ലിം പാര്‍ട്ടികള്‍ ഇല്ലെന്നതും മുസ്‌ലിം വേട്ടയ്‌ക്കു കാരണമാണ്. നീതി നിഷേധിക്കപ്പെടുന്നു എന്ന ധാരണ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമാവുന്നുണ്ട്. ഇതര മതങ്ങളൊക്കെ വെറുക്കപ്പെടേണ്ടതാണെന്ന ധാരണ മുസ്‌ലിംസമൂഹത്തില്‍ സൃഷ്ടിക്കാനും അത്തരം സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും ചില നിഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരെ കണ്ടെത്തിയാല്‍ മലയാളികള്‍ കശ്‌മീരില്‍ വെടിയേറ്റുമരിച്ച സംഭവത്തിലെ നിഗൂഢതകള്‍ ഇല്ലാതാവും. പോലിസും പ്രത്യേക അന്വേഷണ ഏജന്‍സികളും പറയുന്നതൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. സത്യസന്ധമായ അന്വേഷണവും കണ്ടെത്തലും ഒരിക്കലും ഉണ്ടാവാറില്ല. കശ്‌മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മ സഫിയയുടെ ഗതികേട് നാം മനസ്സിലാക്കണം. ഇത് ഒരു ഉമ്മയുടെയും ഭാഗത്തു നിന്നു സ്വമേധയാ ഉണ്ടാവില്ല. ആരെല്ലാമോ അവരെക്കൊണ്ടു പറയിപ്പിച്ചതാണ്. ഒരു അമ്മയ്‌ക്കും മകനേക്കാള്‍ വലുത് രാജ്യമായിക്കൂടാ. സഫിയയുടെ വാക്കുകളില്‍ ഒരു സമുദായത്തിന്റെ തേങ്ങലാണു മുഴങ്ങുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അതു വലിയ കാര്യമായി എടുത്തുകാട്ടിയതും ശരിയായില്ല. ഒരു ഉമ്മയും രാജ്യത്തിനു വേണ്ടി മകനെ ഉപേക്ഷിക്കേണ്ടിവരരുത്. വ്യക്തിബന്ധങ്ങള്‍ രാഷ്ട്രീയസ്വാധീനങ്ങളാല്‍ തള്ളിപ്പറയുന്ന അവസ്ഥയുണ്ടാവരുത്. മനുഷ്യനേക്കാള്‍ വലുതല്ല രാജ്യമെന്നും രാജ്യസ്‌നേഹത്തേക്കാള്‍ വലുത് മനുഷ്യസ്‌നേഹമാണെന്നും മനസ്സിലാക്കണം. സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുവന്നശേഷം മാത്രം പറയേണ്ട കാര്യങ്ങള്‍ ഒരു ഉമ്മ മുമ്പേ പറഞ്ഞത് സംശയാസ്‌പദമാണ്. മതഭ്രാന്തും പണവും ഒരുമിക്കുന്നിടത്തു തീവ്രവാദത്തിനു കടന്നുവരാന്‍ എളുപ്പമാണ്. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ പണം ലഭിക്കുമെങ്കില്‍ ഏതു വഴിയും സ്വീകരിച്ചേക്കാം. ഇസ്‌ലാമിലില്ലാത്ത പൗരോഹിത്യത്തിന്റെ കടന്നുവരവും യുവാക്കളെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ട്- ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.
തേജസ്: 12-11-08
Tuesday, November 11, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment