ഇന്‍ഫോമര്‍മാരെ പോലിസ് ഭീകരവാദികളാക്കിയെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ് ഭീകരവാദികളായി ചിത്രീകരിച്ച് ജയിലിലടച്ച ഇര്‍ഷാദ് അലിയും മുഹമ്മദ് ആരിഫ് ഖമറും പോലിസ് ഇന്‍ഫോമര്‍മാര്‍ തന്നെയെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നുവര്‍ഷമായി തിഹാര്‍ ജയിലില്‍ പീഡനങ്ങളനുഭവിക്കുകയാണിവര്‍.
കശ്‌മീരിലെ ലശ്‌കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും പാക് അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഇന്റലിജന്റ്‌സ് ബ്യൂറോയുടെ നിര്‍ദേശമനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തങ്ങളെ ജയിലിലടച്ചതെന്ന് ഇര്‍ഷാദ് അലിയും ഖമറും ഈയിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഡല്‍ഹി പോലിസ് ഭീകരവിരുദ്ധ വിഭാഗത്തിലെ രവീന്ദര്‍ ത്യാഗി, വിനയ് ത്യാഗി, സുഭാഷ് ഭട്ട് എന്നീ മൂന്ന് സ്‌പെഷ്യല്‍ സെല്‍ ഓഫിസര്‍മാരാണ് ഐ.ബിയുടെ സഹായത്തോടെ ഇരുവരെയും കുടുക്കിയത്. ഇര്‍ഷാദ് അലിയും ഖമറും നിരപരാധികളാണെന്നും ഇവര്‍ അല്‍ബദര്‍ ഭീകരരാണെന്ന ഡല്‍ഹി പോലിസിന്റെ ആരോപണം തെറ്റാണെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്‌ജി എസ് എസ് മോഹിയുടെ മുന്നില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. തെറ്റായ തെളിവുകള്‍ സൃഷ്ടിച്ചതിനും പ്രതിജ്ഞാലംഘനത്തിനും മറ്റു ഗുരുതരമായ കുറ്റങ്ങള്‍ക്കും മൂന്ന് പോലിസുകാര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ അഭ്യര്‍ഥന നവംബര്‍ 27ന് കോടതി പരിഗണിക്കും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2006 ഫെബ്രുവരിയില്‍ മുബാറക് ചൗക്കില്‍ നിന്നാണ് അല്‍ബദര്‍ ഭീകരസംഘത്തില്‍പ്പെട്ട ഇരുവരെയും പിടികൂടിയതെന്നാണ് ഡല്‍ഹി പോലിസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, രണ്ടുപേരും ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന്റെയും ഐ.ബിയുടെയും ഇന്‍ഫോമര്‍മാരാണെന്ന് അന്നുതന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖമറിനെയും ഇര്‍ഷാദ് അലിയെയും കുടുക്കാന്‍ ഐ.ബിയും പോലിസ് സ്‌പെഷ്യല്‍ സെല്ലും തമ്മില്‍ നടത്തിയ ഗൂഢാലോചന സി.ബി.ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്റലിജന്‍സ് ഏജന്‍സികളുടെ ലാന്റ്‌ലൈന്‍ നമ്പറില്‍ നിന്ന് ഇര്‍ഷാദ് അലിയെയും ഖമറിനെയും നിരവധി തവണ വിളിച്ചത് ഇവര്‍ ഇന്‍ഫോര്‍മര്‍മാരാണെന്നതിനു തെളിവാണെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഐ.ബിയില്‍ ഇന്‍സ്‌പെക്ടറായ മാജിദുദ്ദീനും ഇതില്‍ പങ്കാളിയായിട്ടുണ്ട്. പിടികൂടിയശേഷം ആര്‍.ഡി.എക്‌സും മറ്റ് മാരകായുധങ്ങളും ഇരുവരുടെയും കൈയ്യില്‍ കെട്ടിയേല്‍പ്പിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ സൂക്ഷിക്കുന്ന ഇത്തരം ആയുധങ്ങള്‍ പോലിസിന് എങ്ങനെ ലഭിച്ചു എന്ന ചോദ്യവും സി.ബി.ഐ ഉയര്‍ത്തുന്നുണ്ട്.
ഇര്‍ഷാദ് അലിയെയും ഖമറിനെയും അറസ്‌റ്റ് ചെയ്‌ത ശേഷം ആയുധങ്ങള്‍ വിതരണം ചെയ്‌തവരെന്നാരോപിച്ച് ജമ്മുകശ്‌മീരിലുള്ള രണ്ടുപേരുടെ മേല്‍ പോലിസ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തെറ്റായ അഡ്രസ്സിലേക്കയച്ച രണ്ട് വാറന്റുകളും തിരിച്ചുവന്നെങ്കിലും തുടര്‍ന്ന് യാതൊരു അന്വേഷണവും നടത്തിയിരുന്നില്ല. കുറ്റംചുമത്തപ്പെട്ടവരുടെ ജോലിസ്ഥലത്തോ ഡല്‍ഹിയിലെ ബജന്‍പുരയിലുള്ള വീടുകളിലോ പോലിസ് പരിശോധന നടത്തിയില്ലെന്നതും സംശയത്തിനിടയാക്കി.
ഇര്‍ഷാദ് അലിയെയും ഖമറിനെയും അല്‍ബദറുമായി ബന്ധിപ്പിക്കാവുന്ന ചെറിയ തെളിവുപോലും പോലിസിന് ഹാജരാക്കാനായില്ലെന്ന് അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കി. സി.ബി.ഐ കുറ്റംചുമത്തിയ സബ് ഇന്‍സ്‌പെക്ടര്‍മാരിലൊരാള്‍ക്ക് ഈ വര്‍ഷം രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ കിട്ടിയിരുന്നു.
2006ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനരികില്‍ അബുഹംസയെന്ന `ഭീകരവാദി'യെ ഏറ്റുമുട്ടലിലൂടെ വധിച്ചതിനായിരുന്നു മറ്റ് പോലിസ് ഓഫിസര്‍മാരോടൊപ്പം ഇയാള്‍ക്കും അവാര്‍ഡ് ലഭിച്ചത്. ഐ.ബിയുടെ ഏജന്റുമാര്‍ മതപണ്ഡിതന്‍മാരുടെ വേഷത്തില്‍ വന്ന് മുസ്‌ലിം ചെറുപ്പക്കാരെ ജിഹാദിന് പ്രേരിപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് ആര്‍.ഡി.എക്‌സ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ടെന്ന് ഇര്‍ഷാദ് അലി പ്രധാനമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇത്തരം ഇരകളെ പിന്നീട് പോലിസ് തന്നെ ആവശ്യം വരുമ്പോള്‍ വെടിവച്ചു കൊല്ലുകയാണു പതിവ്. കേരളത്തില്‍ നിന്ന് ഏതാനും ചെറുപ്പക്കാര്‍ കശ്‌മീരിലെത്തി കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ഐ.ബിക്ക് പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ കണ്ടെത്തലോടെ ഒന്നുകൂടി ബലപ്പെട്ടിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment