Thursday, November 6, 2008
വലയിലാക്കുക, ഒറ്റുകൊടുക്കുക
ടി എസ് നിസാമുദ്ദീന്‍
`കേരളത്തിലെ മുസ്‌ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സി.ഒ.ഡി സംഘം ആയുധക്കടത്തുമായി ബന്ധപ്പെട്ടു മലയാളിയായ വടകര ചെമ്മരത്തൂര്‍ സ്വദേശി മന്‍സൂറിനെ (32) അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്ക് എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി സി.ഒ.ഡി ഇന്റലിജന്‍സ് വിങ് എസ്.ഐ സി കെ ശിവദാസ് പറഞ്ഞു'. 2005 മെയ് 26നു ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണിത്. ബാംഗ്ലൂരില്‍ നിന്നു റിപോര്‍ട്ട് ചെയ്‌ത ഈ വാര്‍ത്ത കേരളത്തില്‍ വന്‍ കോലാഹലമാണു സൃഷ്ടിച്ചത്. തുടര്‍ന്നു രണ്ടുമൂന്നു ദിവസം തീവ്രവാദം, ആയുധക്കടത്ത്, ഹവാല തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു പല വാര്‍ത്തകളും വന്നു. കേരളത്തിലെ ചില സംഘടനകള്‍ക്കു വേണ്ടി കാസര്‍കോഡ് വഴി ആയുധം കടത്തുന്ന മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ അഡ്രസ്സും ഫോട്ടോയും സഹിതമാണു ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ബാംഗ്ലൂരില്‍ നിന്നു മലബാര്‍ ഭാഗത്തേക്ക് ആയുധം കടത്തിയ കേസില്‍ വടകര സ്വദേശി പിടിയിലായെന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു മലബാറിലെ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന ഒരധ്യാപകനെ കേന്ദ്ര സി.ഒ.ഡി കസ്‌റ്റഡിയിലെടുക്കുമെന്നും അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നു ദിവസങ്ങള്‍ക്കകം മനസ്സിലായ പ്രസ്‌തുത മാധ്യമങ്ങള്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. ഇത്തരത്തില്‍ ഒരുസംഭവം ഉണ്ടായില്ലെന്നു സമ്മതിക്കാന്‍ മനസ്സുകാണിക്കാതിരുന്ന പത്രങ്ങള്‍ വാര്‍ത്ത വഴിതിരിച്ചുവിടാനാണു ശ്രമിച്ചത്.
ആയുധക്കടത്തിനു മന്‍സൂര്‍ പിടിയിലായതിനെ തുടര്‍ന്നു കേന്ദ്ര സി.ഒ.ഡി സംഘത്തിന്റെ അന്വേഷണത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന വടകര സ്വദേശി അബ്ദുല്‍ സലാമും പിടിയിലായതായി ചില പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്‌തു. `ആയുധങ്ങള്‍ മതതീവ്രവാദികള്‍ക്ക് വേണ്ടി, സര്‍ക്കാര്‍ സഹകരിക്കുന്നില്ല; ആയുധക്കടത്ത് അന്വേഷണം വഴിമുട്ടി' എന്ന തലക്കെട്ടോടെ വ്യാജ വാര്‍ത്തയുടെ എപ്പിസോഡുകള്‍ അവസാനിപ്പിച്ച് മംഗളവും രാഷ്ട്രദീപികയും മാത്രമാണു തലയൂരിയത്.
അതേസമയം വ്യാജ ആയുധക്കടത്ത് വാര്‍ത്തയിലെ `പ്രതി' നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. മന്‍സൂറിനൊപ്പം പിടിയിലായ വടകര മേമുണ്ട റഹ്‌മത്ത് മന്‍സിലില്‍ അബ്ദുസ്സലാം താന്‍ സി.ഒ.ഡിയുടെ `കസ്‌റ്റഡിയി'ലാണെന്ന് അറിയുന്നതു ബസ് യാത്രയ്‌ക്കിടെ വാങ്ങിയ പത്രത്തില്‍ നിന്നാണ്‌്. ഇയാള്‍ എന്‍.ഡി.എഫുകാരനാണെന്നും പത്രങ്ങള്‍ എഴുതി. വാര്‍ത്ത വായിച്ച നാട്ടുകാര്‍ തീവ്രവാദ മുദ്രചാര്‍ത്തി സലാമിനെ കുറ്റപ്പെടുത്തി. ചിലര്‍ പ്രകടനം നടത്തി. ആയുധക്കടത്തുകാരനായതോടെ ബിസിനസ്സ് പാര്‍ട്‌ണര്‍മാര്‍ ഒഴിവാക്കുകയും ചെയ്‌തു. വ്യാജ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയ അബ്ദുസ്സലാമിനു ഞെട്ടിക്കുന്ന സത്യങ്ങളാണു ലഭിച്ചത്. തന്നോടു മുന്‍വൈരാഗ്യമുള്ള ഒരാള്‍ പറ്റിച്ച പണിയായിരുന്നു ഇത്.
കേന്ദ്ര സി.ഒ.ഡി ഉദ്യോഗസ്ഥനെന്ന വ്യാജേന ബാംഗ്ലൂരിലെ പത്രക്കാര്‍ക്കു വ്യാജ വാര്‍ത്ത നല്‍കിയതും ഇയാള്‍ തന്നെയാണ്. കേന്ദ്ര സി.ഒ.ഡി എസ്.ഐ സി കെ ശിവദാസനെന്ന പേരില്‍ പത്രക്കാരുടെ മുന്നില്‍ അവതരിച്ചതു തളിപ്പറമ്പ് സ്വദേശി അരിയില്‍ കയ്യം ഉറുമി മുസ്‌തഫയായിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളില്‍ തീവ്രവാദവും ആയുധക്കടത്തും ഹവാലയുമെല്ലാം ഉള്‍പ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എരിവുംപുളിയും ചേര്‍ത്തു വാര്‍ത്ത പടച്ചുവിടുകയായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതിയോ, കേന്ദ്ര സി.ഒ.ഡി എന്നൊരു സംഘം ഉണ്ടോയെന്നോ അന്വേഷിക്കാതെയായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇതേ പോലുള്ള വാര്‍ത്ത 2004ല്‍ ഒരു പ്രമുഖപത്രം ബാംഗ്ലൂരില്‍ നിന്നു റിപോര്‍ട്ട് ചെയ്‌തിരുന്നു. 2004 ഡിസംബര്‍ 24, 25 തിയ്യതികളില്‍ `ഹവാലപ്പണം കൊണ്ടു വാങ്ങിയ ആയുധങ്ങള്‍ കര്‍ണാടകയില്‍', `രണ്ടു മലയാളികള്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍' എന്നീ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. ഹവാലാ കേസില്‍ മര്‍സൂഖ്, രാധാകൃഷ്‌ണന്‍ എന്നിവരാണു പിടിയിലായത്. എന്നാല്‍ വടകര മേമുണ്ട രാധാകൃഷ്‌ണന്‍ നായര്‍ (27) എന്ന പേരില്‍ ഒരാള്‍ ഇല്ലെന്നാണു പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായത്. ഇതും മുസ്‌തഫ തന്നെ പടച്ചുവിട്ടതായിരുന്നു.
അതേസമയം, കേരളത്തിലും ബാംഗ്ലൂരിലും ഏറെ കോലാഹലം സൃഷ്ടിച്ച വാര്‍ത്തയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഉറുമി മുസ്‌തഫ നാട്ടില്‍ ഇപ്പോഴും വിഹരിക്കുന്നുവെന്നതാണു തമാശ. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത മുസ്‌തഫയ്‌ക്ക് ഇത്രയും വിശ്വസനീയവും ഉദ്വേഗജനകവുമായ റിപോര്‍ട്ടുകള്‍ നല്‍കാനുള്ള ശേഷിയില്ലെന്നു നാട്ടുകാര്‍ക്കറിയാം. മുസ്‌തഫയെ കരുവാക്കി ചിലരെ തീവ്രവാദികളെന്നു മുദ്രകുത്താന്‍ ചില ഏജന്‍സികള്‍ നടത്തിയ കുപ്രചാരണമാണിതെന്നു പിന്നീടു വ്യക്തമായി.
കാസര്‍കോട് തൃക്കരിപ്പൂരില്‍ താമസമാക്കിയ ഉറുമി മുസ്‌തഫ നിരവധി കേസുകളില്‍ പ്രതിയാണ്. 1984 റമദാന്‍ മാസത്തില്‍ തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്ന് ആരോപിച്ചു ബന്ധുവായ കയ്യത്ത് മൂസയെ വധിച്ചു. കേസില്‍ ജാമ്യത്തിലിറങ്ങിയ മുസ്‌തഫ വീണ്ടും തട്ടിപ്പുംവെട്ടിപ്പുമായി കാസര്‍കോട്, മുംബൈ, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും സജീവമായിരുന്നു. ബാംഗ്ലൂരില്‍ നിന്നു കള്ളനോട്ട് അടിക്കാനുള്ള യന്ത്രസാമഗ്രികളും തോക്കുകളും മുസ്‌തഫ കൊണ്ടുവന്നിരുന്നു. 93ല്‍ വെടിമരുന്നു സൂക്ഷിച്ചതുമായി ബന്ധപ്പെട്ടു പിടിയിലായെങ്കിലും കേസില്‍ നിന്ന് ഒഴിവായ ഇയാള്‍ അതേവര്‍ഷം തന്നെ തോക്ക് കേസിലും പ്രതിയായി. പിന്നീട് തളിപ്പറമ്പിലെ ചിലരുമായി ചേര്‍ന്നു കള്ളനോട്ടിന്റെ ഇടപാടും നടത്തിയിരുന്നു.
ഒരേവിഷയം തന്നെ വ്യത്യസ്‌ത മാധ്യമങ്ങളിലൂടെയും വ്യക്തികളിലൂടെയും പ്രചരിപ്പിക്കുന്ന രീതിയും സംശയാസ്‌പദമാണ്. ഒരേ കേന്ദ്രം തന്നെയാണ് ഇതിനു പിന്നില്‍. പോലിസിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘപരിവാര ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക സംഘടനകളെ ഉന്നംവച്ചു തന്ത്രങ്ങള്‍ മെനയുന്നുണ്ട്. പ്രമാദമായ സംഭവങ്ങള്‍ക്കു പ്രതികാരം ചെയ്യുന്നതിന് ഇരകളാക്കപ്പെട്ടവരെ പ്രേരിപ്പിക്കാന്‍ പല ഏജന്‍സികളും പല രീതിയില്‍ ശ്രമിക്കുന്നുവെന്ന സംശയവും വ്യാപകമാണ്. അതിനു വര്‍ഗീയമായും വൈകാരികമായും ആളെ ഇളക്കിവിടുകയും സഹായവാഗ്‌ദാനങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ നേരിട്ടുള്ള ഇടപെടല്‍ നടത്താതെ ഇടനിലക്കാരെ ഉപയോഗിക്കുകയാണു പതിവ്. അതേസമയം, നേരത്തെ നോട്ടമിട്ടിരിക്കുന്ന സംഘടനകളെ പ്രശ്‌നത്തിലേക്കു പലരീതിയില്‍ വലിച്ചിഴയ്‌ക്കുകയും ചെയ്യും. ഇതിനു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരെ നാളുകള്‍ക്കു മുമ്പേ തന്നെ ഏതു സംഘത്തെയാണോ കുടുക്കേണ്ടത് അതിലെ അംഗവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുമുണ്ടാവും. അവര്‍ തന്നെയാണു പിന്നീടു വേണ്ടപ്പെട്ടവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക.
നക്‌സലിസത്തെയും മറ്റു പ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ മുമ്പ് രഹസ്യാന്വേഷണ വിഭാഗം വ്യാജ സംഘങ്ങള്‍ രൂപീകരിക്കുകയും കൃത്രിമ അക്രമങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു. നക്‌സലിസത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ പോലിസുകാരെ തിരുകിക്കയറ്റിയിരുന്നെന്നു മുന്‍ പോലിസ് ഉദ്യോഗസ്ഥനായിരുന്ന ജയറാം പടിക്കല്‍ വെളിപ്പെടുത്തിയത് ഇത്തരം സംഭവങ്ങളോടു കൂട്ടിവായിക്കാവുന്നതാണ്.
നാളെ: പോലിസ് ഇന്‍ഫോമേഴ്‌സിന്റെ
പ്രച്ഛന്നവേഷങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment