Sunday, September 28, 2008

വ്യാഴാഴ്‌ചയും മെഹ്‌റോളിയില്‍ സ്‌ഫോടനം നടന്നു; പോലിസ്‌ മൂടിവച്ചു

കെ പി മുനീര്‍
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ ശനിയാഴ്‌ച രണ്ടുപേര്‍ കൊല്ലപ്പെടാനും നിരവധിപേര്‍ക്കു പരിക്കേല്‍ക്കാനുമിടയായ സ്‌ഫോടനത്തിനു മുഖ്യകാരണം ഡല്‍ഹി പോലിസിന്റെ അനാസ്ഥ. ശനിയാഴ്‌ച സ്‌ഫോടനം നടന്ന ഖുത്തുബ്‌മിനാറിനടുത്തു കഴിഞ്ഞ വ്യാഴാഴ്‌ച രണ്ടു യുവാക്കള്‍ ബൈക്കില്‍ ബോംബുമായി പോകവേ അബദ്ധത്തില്‍ ബോംബ്‌ പൊട്ടി അതിലൊരാള്‍ കൊല്ലപ്പെടുകയും മറ്റേയാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ സംഭവം പോലിസ്‌ മൂടിവയ്‌ക്കുകയായിരുന്നു.
ഇതുസംബന്ധിച്ചു വ്യക്തമായി അന്വേഷിക്കാനോ കൊല്ലപ്പെട്ടയാളുടെ കൂടെ ബൈക്കിലുണ്ടായിരുന്നയാളെ ചോദ്യംചെയ്യാനോ പോലിസ്‌ തയ്യാറായില്ല. മറിച്ച്‌, സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട്‌ ഓടിക്കൂടിയ നാട്ടുകാരോട്‌ അതു രണ്ടാളുകള്‍ തമ്മിലുള്ള കലഹം വെടിവയ്‌പില്‍ കലാശിച്ചതാണെന്നു പ്രചരിപ്പിക്കാനാണു പോലിസ്‌ ധൃതികാണിച്ചത്‌. സ്‌ഫോടനമാണുണ്ടായതെന്നും ഇതിന്റെ ശബ്ദം കിലോമീറ്റര്‍ അകലെ വരെ കേട്ടുവെന്നും നാട്ടുകാര്‍ തറപ്പിച്ചുപറയുന്നു. ദേശീയമാധ്യമങ്ങളും ഇതു കണ്ടില്ലെന്നു നടിച്ചു.
ഈ സംഭവത്തെക്കുറിച്ചു പോലിസും മാധ്യമങ്ങളും മൗനംപാലിക്കുന്നത്‌ ഇവര്‍ മുസ്‌ലിംകള്‍ അല്ലാത്തതുകൊണ്ടാണെന്നു പിറ്റേദിവസം നടന്ന ജുമുഅ പ്രസംഗത്തില്‍ ഡല്‍ഹി ഇമാം അഹ്‌മദ്‌ ബുഖാരി പരാമര്‍ശിച്ചിരുന്നു. വ്യാഴാഴ്‌ച രാത്രിയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റയാളെ കൃത്യമായി ചോദ്യംചെയ്‌തിരുന്നുവെങ്കില്‍ ശനിയാഴ്‌ച ഒരു പിഞ്ചുബാലനടക്കം ദാരുണമായി കൊല്ലപ്പെട്ട സ്‌ഫോടനം തടയാനാവുമായിരുന്നു. ഇവരുടെ പേര്‌ പുറത്തുവിടാന്‍ പോലും പോലിസ്‌ ഇതുവരെ തയ്യാറായിട്ടില്ല. തലസ്ഥാന നഗരിയില്‍ വ്യാഴാഴ്‌ച സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതു പോലിസ്‌ അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വാസയോഗ്യമല്ല.
ശനിയാഴ്‌ച ബോംബ്‌ സ്ഥാപിച്ചതും ബൈക്കിലെത്തിയ രണ്ടുപേരാണെന്നതു ശ്രദ്ധേയമാണ്‌. ശനിയാഴ്‌ചത്തെ സ്‌ഫോടനത്തിലും പോലിസ്‌ എന്തൊക്കെയോ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു വ്യക്തമാണ്‌. ഫോറന്‍സിക്‌ വിദഗ്‌ധര്‍ എത്തുന്നതിനു മുമ്പുതന്നെ സ്‌ഫോടനസ്ഥലം പോലിസ്‌ കഴുകിവൃത്തിയാക്കിയിരുന്നു. ഇതു ചോദ്യംചെയ്‌ത നാട്ടുകാരോടു വിദഗ്‌ധ പരിശോധനയ്‌ക്കു വേണ്ട വസ്‌തുക്കളെല്ലാം തങ്ങള്‍ ശേഖരിച്ചുവെന്ന ഒഴുക്കന്‍ മറുപടിയായിരുന്നു പോലിസിന്റേത്‌.
ശനിയാഴ്‌ച നഗരത്തില്‍ സ്‌ഫോടനമുണ്ടാവുമെന്നു ഡല്‍ഹി പോലിസിന്‌ ഒരു ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍ നിന്നു വെള്ളിയാഴ്‌ച തന്നെ സൂചന ലഭിച്ചിരുന്നു. ഫോണ്‍ വന്ന പ്രദേശം ഏകദേശം മനസ്സിലാക്കിയ പോലിസ്‌ ഈ വിവരം ഹരിയാനാ പോലിസിന്‌ കൈമാറുകയും ചെയ്‌തു. ഫോണ്‍ ചെയ്യാന്‍ ഉപയോഗിച്ച സിംകാര്‍ഡ്‌ വിറ്റ കടക്കാരനെ കണ്ടെത്തിയ ഹരിയാനാ പോലിസ്‌ ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലിഗഡ്‌ സ്വദേശിയായ നാനാക്‌ എന്നയാള്‍ക്കാണു സിംകാര്‍ഡ്‌ വിറ്റതെന്നു മനസ്സിലാക്കി. നാനാക്‌ ഫരീദാബാദിലെ സിക്‌രി ഗ്രാമത്തിലാണുള്ളതെന്നും പോലിസിന്‌ വിവരം ലഭിച്ചു. ഇയാളെ കണ്ടെത്താന്‍ തീവ്രശ്രമത്തിലാണെന്നു ഫരീദാബാദ്‌ ഐ.ജി എസ്‌ എന്‍ വസിഷ്ട്‌ ശനിയാഴ്‌ച വ്യക്തമാക്കിയിരുന്നു. ഹരിയാനാ പോലിസ്‌ ഈ നീക്കങ്ങളെല്ലാം നടത്തിയതു ഡല്‍ഹി പോലിസില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌. സ്‌ഫോടനം സംബന്ധിച്ച സൂചനകളൊന്നും കിട്ടിയില്ലെന്ന ഡല്‍ഹി പോലിസിന്റെയും ആഭ്യന്തര സെക്രട്ടറിയുടെയും വാദം ചോദ്യം ചെയ്യുന്ന വസ്‌തുതകളാണിത്‌.