Sunday, April 12, 2009

ബംഗാള്‍-ഇസ്രായേല്‍ ബന്ധത്തിന്‌ തെളിവുകള്‍

മലപ്പുറം: പശ്ചിമ ബംഗാളിലെ സി.പി.എം ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ ബന്ധം തെളിയിക്കാന്‍ പ്രകാശ്‌ കാരാട്ട്‌ വെല്ലുവിളി നടത്തിയിരിക്കെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇസ്രായേല്‍ സര്‍ക്കാരുമായും ഇസ്രായേല്‍ സ്വകാര്യ കമ്പനികളുമായും ഉണ്ടാക്കിയ കരാറുകള്‍ സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.
2000ത്തില്‍ സ്ഥാനം ഒഴിയുന്നതിനു മുമ്പായി അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു 25 അംഗ സംഘവുമായി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. സപ്‌തംബറില്‍ കൊല്‍ക്കത്ത സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അഞ്ചു വി.സിമാര്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. 2006 സപ്‌തംബറില്‍ നടന്ന പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഇസ്രായേല്‍ അംബാസഡര്‍ മാര്‍ക്ക്‌ സോഫര്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയുമായി ഏതെല്ലാം മേഖലകളില്‍ സാമ്പത്തിക നിക്ഷേപം നടത്താമെന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു. കൃഷി, വാട്ടര്‍ മാനേജ്‌മെന്റ്‌ മേഖലകളില്‍ സഹകരണത്തിനു ധാരണയിലെത്തുകയും ചെയ്‌തു. കേന്ദ്രം ഭരിച്ചിരുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ മറവിലായിരുന്നു ഈ ചര്‍ച്ചകളെന്നതും ശ്രദ്ധേയമാണ്‌. സി.പി.എം നിയന്ത്രണത്തിലുള്ള ബദല്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി ഇസ്രായേല്‍ അംബാസഡര്‍ മാര്‍ക്ക്‌ സോഫറുമായി 2008 ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ കൊല്‍ക്കത്തയില്‍ വച്ചു ചര്‍ച്ച നടത്തിയിരുന്നു. ബുദ്ധദേവ്‌ ഭട്ടാചാര്യക്കു പുറമെ പശ്ചിമ ബംഗാള്‍ സ്‌പീക്കര്‍ ഹാഷിം അബ്ദുല്‍ ഹലീം, കൊല്‍ക്കത്ത മേയര്‍ രഞ്‌ജന്‍ ഭട്ടാചാര്യ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ഇവരുടെ വെബ്‌സൈറ്റ്‌ പറയുന്നു.പശ്ചിമബംഗാളിലെ അംബുജാ റിയല്‍റ്റി ഗ്രൂപ്പും തെല്‍അവീവിലെ വൈറ്റ്‌സ്‌മെന്‍ സ്‌്‌ട്രീറ്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ബിറ്റ്‌ ഇമേജിങ്‌ ഗ്രൂപ്പും തമ്മില്‍ ബംഗാളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ തുടങ്ങാനായി ഇതിനകം ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. 1000 ബെഡുകളോടുകൂടിയ ആശുപത്രി സമുച്ചയങ്ങളാണു സംസ്ഥാനത്തുടനീളം നിര്‍മിക്കുക. കൊല്‍ക്കത്ത ഈസ്റ്റേണ്‍ ബൈപാസിലെ ചക്ക്‌ഗേരിയയില്‍ തുടങ്ങുന്ന പ്രൊജക്‌റ്റിന്‌ 1000 കോടി രൂപയാണു നിക്ഷേപം. ഏഴുവര്‍ഷത്തിനുള്ളില്‍ പ്രൊജക്‌റ്റ്‌ പൂര്‍ത്തിയാക്കാനാണ്‌ 2007 ഡിസംബര്‍ 17ന്‌ ഒപ്പിട്ട കരാര്‍. നിയോട്ടിയ എല്‍ബിറ്റ്‌ ഹെല്‍ത്ത്‌ സിറ്റി എന്നു പേരിട്ട ആശുപത്രിക്കായി ബംഗാള്‍ സര്‍ക്കാര്‍ 30 ഏക്കര്‍ ഭൂമി അനുവദിക്കുമെന്നാണു ധാരണ. ബയോടെക്‌ റിസര്‍ച്ച്‌ സെന്റര്‍, രോഗികളുടെ കുടുംബാംഗങ്ങള്‍ക്ക്‌ താമസസൗകര്യം തുടങ്ങിയവ ഉള്‍പ്പെടുന്ന ഹോസ്‌പിറ്റല്‍ ശൃംഖല രാജ്യത്തുടനീളം തുടങ്ങാനാണ്‌ എല്‍ബിറ്റ്‌ കമ്പനി പദ്ധതിയിട്ടിട്ടുള്ളത്‌.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇസ്രായേല്‍ കമ്പനി പദ്ധതിക്കായി ശ്രമം നടത്തിയിരുന്നെങ്കിലും ബംഗാളില്‍ നിന്നു മാത്രമാണ്‌ അനുകൂലമായ പ്രതികരണം ലഭിച്ചത്‌.