Saturday, April 24, 2010

പ്രവാചകനിന്ദയെ ന്യായീകരിച്ച് ക്രിസ്ത്യന്‍ സംഘടനയുടെ കത്ത്

കൊച്ചി: ചുങ്കപ്പാറയില്‍ വിതരണം ചെയ്ത, പ്രവാചകനെ നിന്ദിക്കുന്ന ചിന്‍വാദ് പാലം എന്ന പുസ്തകത്തെ ന്യായീകരിക്കാന്‍ പുതിയ വാദമുഖവുമായി ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി. മുസ്‌ലിംകള്‍ ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ അനന്തരഫലമാണ് പുസ്തകമെന്നു സ്ഥാപിക്കാനാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പ്രതിപക്ഷനേതാവിനും എം.എല്‍.എമാര്‍ക്കും കേരള എം.പിമാര്‍ക്കും അയച്ചിരിക്കുന്ന കത്തിലൂടെ സമിതി ശ്രമിച്ചിരിക്കുന്നത്. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു. കള്ളുവിളമ്പുന്ന ക്രിസ്തുവെന്നും മാതൃബഹുമാനമില്ലാത്ത ക്രിസ്തുവെന്നുമെല്ലാം ലേഖനങ്ങളെഴുതി അക്ബര്‍ ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെന്നും കത്തിലുണ്ട്. രൂക്ഷമായ ഭാഷയിലാണ് അക്ബറിനെതിരായ കത്തിലെ പരാമര്‍ശങ്ങള്‍.  ഇത്രയും മോശമായ രീതിയില്‍ ക്രിസ്തുവിനെ മുസ്‌ലിംകള്‍ ചിത്രീകരിച്ചിട്ടും തെരുവിലിറങ്ങാനോ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനോ ക്രൈസ്തവര്‍ തയ്യാറായിട്ടില്ലെന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നാണു സമിതിയുടെ പ്രധാന നിര്‍ദേശം. പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കു കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ക്രൈസ്തവരുടെ ദൈവത്തെ അവഹേളിക്കുന്നവര്‍, തങ്ങളുടെ മനുഷ്യനായ പ്രവാചകനെ നിന്ദിച്ചു എന്നു പറഞ്ഞു ക്രിസ്ത്യാനികളെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് നീതിയാണോയെന്നു ചോദിച്ച് ചിന്‍വാദ് പാലത്തെ കത്തിലൂടെ വെള്ളപൂശുന്നു. ചിന്‍വാദ് പാലത്തിനു പിന്നില്‍ സാമ്രാജ്യത്വ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നതു ശരിയല്ലെന്നു പറയുന്ന കത്തില്‍, നിച്ച് ഓഫ് ട്രൂത്തും മജ്‌ലിസുദ്ദഅ്‌വയും മറ്റും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്കു പിന്നില്‍ തീവ്രവാദികളാണോ എന്ന കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ബൈബിളിനെയും ക്രൈസ്തവതയെയും വേരോടെ ഭൂമുഖത്തുനിന്നു പിഴുതെറിയാനുള്ള തീവ്രവാദികളുടെ ഗൂഢാലോചനയുടെ ഭാഗമാണു നിച്ച് ഓഫ് ട്രൂത്തിന്റെ പുസ്തകങ്ങളെന്നാണ് കത്തില്‍ പറയുന്നത്.ക്രിസ്തുവിനെ കുരിശിലേറ്റിയിട്ടില്ലെന്ന് എം എം അക്ബര്‍ എഴുതിയിരിക്കുന്നതും മതനിന്ദയാണെന്നു സമിതി പറയുന്നു. ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടും മുസ്‌ലിംകളെ ഒന്നും ചെയ്യാതിരിക്കുകയും പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ ക്രൈസ്തവരെ വേട്ടയാടുകയും ചെയ്യുന്നുവെന്നു പരിതപിക്കുന്ന സമിതി, നീതിനിഷേധം അസ്വസ്ഥതകള്‍ക്കു കാരണമാവുമെന്ന മുന്നറിയിപ്പു നല്‍കാനും മറന്നിട്ടില്ല.ചിന്‍വാദ് പാലം പോലുള്ള പുസ്തകങ്ങളുണ്ടാവാതിരിക്കാന്‍ ക്രിസ്തുനിന്ദ നടത്തുന്ന പുസ്തകങ്ങള്‍ക്കെതിരേ നടപടിയെടുക്കുക മാത്രമാണു പോംവഴിയെന്നാണു സമിതിയുടെ കണ്ടെത്തല്‍. ഇസ്‌ലാമിനെ അവഹേളിച്ചു പുസ്തകമെഴുതിയവര്‍ക്കെതിരായ നിയമനടപടികളില്‍നിന്ന് അധികൃതരെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമായാണു ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പേരിലുള്ള കത്ത് വിലയിരുത്തപ്പെടുന്നത്.

ക്രിസ്തുവിനെ വിമര്‍ശിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല: എം എം അക്ബര്‍
കൊച്ചി: ക്രിസ്തുവിനെയോ മറ്റു പ്രവാചകന്‍മാരെയോ വിമര്‍ശിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ലെന്നു നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ തേജസിനോടു പറഞ്ഞു. പ്രവാചകനെ നിന്ദിക്കുന്ന ചിന്‍വാദ് പാലം എഴുതാന്‍ നിച്ച് ഓഫ് ട്രൂത്തിന്റേതുള്‍െപ്പടെയുള്ള പുസ്തകങ്ങളാണ് കാരണമെന്നു കാണിച്ച് മുഖ്യമന്ത്രിക്കും മറ്റും ക്രൈസ്തവ വിശ്വാസ സംരക്ഷണസമിതി നല്‍കിയ കത്തിലെ പരാമര്‍ശങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിലവാരമുള്ള വിമര്‍ശനങ്ങള്‍ ഖുര്‍ആനെതിരേയും പ്രവാചകനെതിരേയും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയ്‌ക്കെതിരേ മുസ്‌ലിംകള്‍ തെരുവിലിറങ്ങിയിട്ടില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഖുര്‍ആന്‍: ഒരു വിമര്‍ശനപഠനം എന്ന കൃതി. അതേസമയം, ചിന്‍വാദ് പാലം തീര്‍ത്തും പ്രവാചകനെ തെറിയഭിഷേകം ചെയ്യുന്ന പുസ്തകമാണ്. മുഴുവന്‍ പേജുകളിലും കള്ളങ്ങള്‍ മാത്രം എഴുതിയിരിക്കുന്ന പുസ്തകം. തന്റെ പുസ്തകത്തില്‍ ഒരിക്കലും ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. യേശുവിനെക്കുറിച്ചു ബൈബിളിലും മറ്റു ഗ്രന്ഥങ്ങളിലുമായി ക്രൈസ്തവ പുരോഹിതര്‍ തന്നെ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പരാമര്‍ശിക്കുക മാത്രമാണു തന്റെ കൃതികളിലൂടെ ചെയ്തിരിക്കുന്നത്. ഖുര്‍ആനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും പണ്ടു മുതല്‍ തന്നെ ക്രൈസ്തവ മിഷനറിമാര്‍ കുപ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തകത്തില്‍ ഭരണഘടനയ്ക്കു വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ ചുങ്കപ്പാറയിലെ മഹല്ല് കമ്മിറ്റി ചിന്‍വാദ് പാലത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചതുപോലെ നിയമനടപടികള്‍ സ്വീകരിക്കുകയാണു സമിതി ഭാരവാഹികള്‍ ചെയ്യേണ്ടതെന്നും അക്ബര്‍ അഭിപ്രായപ്പെട്ടു.

തേജസ് - 25-04-10