Thursday, November 6, 2008

കേരളത്തിലെ ഭീകരവേട്ട: അറുതിവരാത്ത ദുരൂഹതകള്‍

ഭീകരവേട്ട: അറുതിവരാത്ത ദുരൂഹതകള്‍
കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു നിയമപാലകരും രഹസ്യാന്വേഷണ വിഭാഗങ്ങളും തോന്നുംവിധം സംഭവഗതികളെ വ്യാഖ്യാനിച്ച്‌ അസത്യങ്ങളും അര്‍ധസത്യങ്ങളം വാരിവിതറുകയാണ്‌.
യഥാര്‍ഥ സംഭവത്തിന്റെ ഉറവിടം കണ്ടുപിടിക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനുമുള്ള താല്‍പ്പര്യമല്ല കാണുന്നത്‌. പത്രങ്ങള്‍ എരിവും പുളിയും ചേര്‍ത്ത വാര്‍ത്തകള്‍ തങ്ങളുടെ മനോനിലയ്‌ക്കും അജണ്ടയ്‌ക്കുമനുസരിച്ചു പടച്ചുവിടുന്നു. ചാനലുകള്‍ ഊഹാപോഹങ്ങളുടെ കയറൂരിവിടുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച നാടിനെ നടുക്കുന്ന സംഭവങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിസ്‌മൃതിയിലാവുമ്പോള്‍ കേസില്‍ പിടിയിലാവുന്നവര്‍ ഇരുട്ടറയ്‌ക്കുള്ളില്‍ തളയ്‌ക്കപ്പെടുന്നു. അന്വേഷണങ്ങള്‍ക്കു സര്‍വസന്നാഹങ്ങളോടെ പുലിയെപ്പോലെ ഇറങ്ങിത്തിരിക്കുന്ന നിയമപാലകര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ പൂച്ചയെപ്പോലെ മാളത്തിലൊളിക്കുന്നു.
യാദൃച്ഛികമെന്നോ ഗൂഢാലോചനയെന്നോ തരംപോലെ വിശ്വസിക്കാം. അക്രമം ഉണ്ടായാലും ആക്രമിക്കപ്പെട്ടാലും ഒരു സമുദായം മാത്രം പ്രതിക്കൂട്ടിലാക്കപ്പെടുന്നു. ആര്‍ക്കാണു മനോനില തെറ്റിയത്‌; ഭരണകൂടത്തിനോ മാധ്യമങ്ങള്‍ക്കോ? ആരാണ്‌ കേരളത്തിലും തീവ്രവാദികളെ സൃഷ്ടിക്കുന്നത്‌. .. തേജസ്‌ പരമ്പര 
 
ടി എസ്‌ നിസാമുദ്ദീന്‍
ആദ്യം 300 പേര്‍ പരിശീലനത്തിനുപോയെന്നു പറയുക. നടന്നതു ശരിയല്ലെന്നു വിശദീകരണം വരുക. കശ്‌മീരില്‍ കൊല്ലപ്പെട്ട നാലുപേരെയും തിരിച്ചറിഞ്ഞെന്നു പറയുക. എന്നാല്‍, രണ്ടുപേരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്ന്‌ നിഷേധക്കുറിപ്പുവരുക.
പാക്‌ പരിശീലനം കഴിഞ്ഞു തിരികെ വരുമ്പോഴാണ്‌ യുവാക്കള്‍ കൊല്ലപ്പെടുന്നതെന്ന്‌ ഒരു ഭാഷ്യം. അതല്ല, പാകിസ്‌താനിലേക്കു പോവുമ്പോഴാണ്‌ വെടിയേറ്റതെന്ന്‌ മറ്റൊരു ഭാഷ്യം. മലിനമായ രാഷ്ട്രീയവിവാദത്തിലേക്കും ശുദ്ധമായ അപവാദ പ്രചാരണത്തിലേക്കും കൂപ്പുകുത്തിയിരിക്കുന്ന തീവ്രവാദവേട്ടയുടെ ഉള്ളറകളിലെന്താണു നടക്കുന്നത്‌.
പോലിസ്‌ അവിടെയുമിവിടെയുമായി ചില റെയ്‌ഡുകള്‍ നടത്തുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ്‌ കേസന്വേഷണം മുന്നോട്ടുപോവാത്തത്‌. സൂക്ഷ്‌മമായ അന്വേഷണത്തില്‍ രാഷ്ട്രീയമോ വര്‍ഗീയമോ ആയ ലക്ഷ്യങ്ങളാണ്‌ ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കു പിന്നിലെന്നാണു വ്യക്തമാവുന്നത്‌. കശ്‌മീര്‍ സംഭവവുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അന്വേഷിക്കുന്നവരുടെ മതപരവും കുടുംബപരവുമായ പശ്ചാത്തലമന്വേഷിക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു.
കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അന്വേഷിക്കുന്ന കണ്ണൂര്‍ തയ്യില്‍ ടി നസീര്‍ നാട്ടില്‍ത്തന്നെയുണ്ടെന്നു വ്യക്തമായിരിക്കെ അന്വേഷണോദ്യോഗസ്ഥരുടെ പിടിയിലാവാത്തത്‌ എന്തുകൊണ്ട്‌.? ഊര്‍ജിതമായി അന്വേഷണം നടക്കുകയും പല പ്രതികളും പിടിയിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ്‌ ഈ ഗ്രൂപ്പിന്റെ പ്രധാന കണ്ണിയായ നസീര്‍ പല വേഷങ്ങളില്‍ നാട്ടില്‍ കഴിയുന്നത്‌. കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച്‌ വ്യക്തമായ വിവരം നല്‍കാന്‍ കഴിയുന്ന നസീറിനെ പോലിസ്‌ പിടികൂടാത്തതിനു പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണു സൂചന.
മുമ്പു പല പ്രശ്‌നങ്ങളിലും ഉള്‍പ്പെട്ട നസീറിനുമേല്‍ ദുര്‍ബല കേസുകള്‍ ചുമത്തി രക്ഷിക്കുന്നതിനു പിന്നില്‍ രഹസ്യാന്വേഷണവിഭാഗമാണെന്ന്‌ ആരോപണമുണ്ടായിരുന്നു. ഇതു ബലപ്പെടുത്തുന്നതാണ്‌ നസീറിന്റെ സൈ്വരവിഹാരം. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതിനും ആളെ കൂട്ടുന്നതിനും ആരോ ചിലര്‍ ഇത്തരം ആളുകളെ ഉപയോഗിക്കുകയാണെന്ന്‌ റിപോര്‍ട്ടുണ്ട്‌.
കണ്ണൂര്‍ കുറുവാ റോഡില്‍ തയ്യില്‍ ബൈത്തുല്‍ ഹിലാലില്‍ കമ്പന്‍ മജീദിന്റെ മകന്‍ നസീറിന്റെ ജീവിതം ക്രിമിനല്‍പശ്ചാത്തലം നിറഞ്ഞതാണ്‌. മുന്‍ ഐ.എസ്‌.എസ്‌ പ്രവര്‍ത്തകനായ നസീറിനും സുഹൃത്ത്‌ ആലിക്കും, സി.പി.എമ്മുമായി രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന ഉന്നതരുമായി നേരത്തേ തന്നെ ബന്ധങ്ങളുണ്ട്‌. പോലിസിന്‌ ഇത്‌ അറിയാവുന്നതുമാണ്‌. 1996ല്‍ കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ച്‌ നസീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മജ്‌ലിസ്‌ എന്ന സംഘടനയിലെ ചിലരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചു. ഇതിന്റെ സ്ഥാപകാംഗവും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവുമായ പറമ്പായി സ്വദേശിക്ക്‌ ഇടതുപക്ഷവുമായും ഉന്നത ഐ.ബി ഉദ്യോഗസ്ഥരുമായും കൊച്ചിയിലെയും കണ്ണൂരിലെയും ക്വട്ടേഷന്‍ സംഘങ്ങളുമായും ബന്ധമുണ്ട്‌. പക്ഷേ, നാളിതുവരെയായി ഇയാളെക്കുറിച്ച്‌ പോലിസ്‌ അന്വേഷിച്ചിട്ടില്ല. നസീറിന്റെ മിക്ക ഓപറേഷനുകളും അറിയുന്ന ഇയാളെക്കുറിച്ച്‌ അന്വേഷിക്കാത്തതില്‍ ദുരൂഹതയുണ്ട്‌. നേരത്തേ എറണാകുളത്ത്‌ പിടിയിലായ ക്വട്ടേഷന്‍ ഗ്രൂപ്പുമായി അടുപ്പമുള്ള ഫിറോസുമായും കണ്ണൂര്‍ ജില്ലയിലെ സി.പി.എം പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന ക്വട്ടേഷന്‍ അംഗങ്ങളുമായും ഇയാള്‍ക്കു ബന്ധമുണ്ട്‌.
1997 ജൂണ്‍ അഞ്ചിന്‌ കണ്ണൂരില്‍ ആസാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നസീര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കോഴിക്കോട്‌ ബസ്‌സ്‌റ്റാന്റില്‍ തമിഴ്‌നാട്‌ ബസ്‌ കത്തിച്ചത്‌, കളമശ്ശേരി ബസ്‌ കത്തിക്കല്‍, കോയമ്പത്തൂരില്‍ നടന്ന രണ്ടാം സ്‌ഫോടനശ്രമം, 2006 ഡിസംബര്‍ അഞ്ചിന്‌ തയ്യില്‍ വിനോദ്‌ വധം, നായനാര്‍ വധശ്രമം, തയ്യില്‍ നടന്ന സ്‌ഫോടനം, കടകത്തിക്കല്‍, മോഷണങ്ങള്‍, തമിഴ്‌നാട്ടിലെ ചില സംഭവങ്ങള്‍ തുടങ്ങിയവയ്‌ക്കുപിന്നില്‍ നസീറിന്റെ പങ്ക്‌ പുറത്തുവന്നിരുന്നു. ഇക്കാലയളവിലൊക്കെയും നസീര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ത്തന്നെയാണ്‌ ഉണ്ടായിരുന്നത്‌. എന്നിട്ടും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ നസീറിന്‌ അവസരമുണ്ടായതിനു പിന്നിലുള്ള കരങ്ങളെക്കുറിച്ച്‌ അന്വേഷിക്കേണ്ടതുണ്ട്‌.
നിരന്തര പോലിസ്‌ നിരീക്ഷണത്തിലുണ്ടെന്നു പറയുന്ന നസീര്‍, മറ്റു ജില്ലകളില്‍ നിന്നുവരെ യുവാക്കളെ റിക്രൂട്ട്‌ ചെയ്‌ത്‌ കശ്‌മീരില്‍ എത്തിച്ചെന്ന്‌ പോലിസ്‌ പറയുന്ന കഥയിലുമുണ്ട്‌ ദുരൂഹതയേറെ. നസീറിനെതിരേ പോലിസ്‌ തിരിയുന്ന ഉടന്‍ കേസ്‌ വഴിമാറ്റിവിടുന്നതിനു പിന്നില്‍ ഐ.ബിയുടെ കരങ്ങളാണെന്നു പോലിസിനുള്ളില്‍ത്തന്നെ സംസാരമുണ്ട്‌. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐ.ബി നസീറിനെ ഉപയോഗിക്കുകയാണെന്നാണ്‌ കഴിഞ്ഞകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌.
വെള്ള ജുബ്ബയും തൊപ്പിയും ധരിച്ച്‌ നാട്ടില്‍ വാഹനങ്ങളില്‍ കറങ്ങുന്ന നസീര്‍, ചിലപ്പോള്‍ അറബി തലക്കെട്ടോടെയും പ്രത്യക്ഷപ്പെടാറുണ്ട്‌. മലപ്പുറം, കോഴിക്കോട്‌, എറണാകുളം ജില്ലകളില്‍ ഉസ്‌താദ്‌, ശെയ്‌ഖ്‌, അബ്ദുല്ല, ഉമര്‍ എന്നീ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. മലപ്പുറത്ത്‌ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ശിഖ്‌വ അഥവാ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘടന രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്‌ നസീറാണെന്നു കരുതപ്പെടുന്നു. ശിഖ്‌വ അംഗങ്ങള്‍ കണ്ണൂരിലും പരപ്പനങ്ങാടിയിലും ക്യാംപ്‌ ചെയ്യാറുണ്ടായിരുന്നു.
കണ്ണൂര്‍ സിറ്റി പരിസരത്തും ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. 2006-07ല്‍ എറണാകുളത്ത്‌ ചില പ്രത്യേക ആരാധനാ പരിപാടികളിലൂടെ സംഘത്തിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ നടത്തിയിരുന്നതായും സൂചനയുണ്ട്‌. മഞ്ചേരിയില്‍ ശെയ്‌ഖ്‌ എന്ന പേരില്‍ എന്‍.ഡി.എഫിന്റെ വിവരങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ ഒരു പ്രമുഖ മുസ്‌ലിം വിദ്യാര്‍ഥി സംഘടനയുടെ നേതാക്കളെ സമീപിച്ചതു നസീറാണെന്നാണ്‌ അഭ്യൂഹം. ആസാദ്‌-വിനോദ്‌ വധത്തിന്റെ ഉത്തരവാദിത്തം എന്‍.എഡി.എഫിന്റെ മേല്‍ കെട്ടിവയ്‌ക്കാനാണ്‌ മാധ്യമങ്ങളും പോലിസും ആദ്യം ശ്രമിച്ചത്‌.
ആലുവ ത്വരീഖത്ത്‌, തമ്മനം ഷാജി, കോഴിക്കോട്‌ മൂഴിക്കലിന്‌ അടുത്തുള്ള ആത്മീയ ചികില്‍സാകേന്ദ്രം എന്നിവയുമായി അടുത്ത ബന്ധം നസീര്‍ സ്ഥാപിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞുപിടിച്ച്‌ ആത്മീയതയുടെ മറവില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക്‌ നസീറിനെ ചില ഏജന്‍സികള്‍ ഉപയോഗിക്കുകയായിരുന്നെന്നാണ്‌ വ്യക്തമാവുന്നത്‌. പുതിയ മൊബൈല്‍ ഫോണും സിം കാര്‍ഡും എന്‍.ഡി.എഫ്‌ പ്രവര്‍ത്തകന്‍ ജലീലിനു നല്‍കിയത്‌ സഹോദരീപുത്രിയുടെ ഭര്‍ത്താവായ നസീറായിരുന്നു. കശ്‌മീരില്‍ നിന്നു കോള്‍ വന്ന ശേഷം സിം കാര്‍ഡ്‌ മാറ്റാന്‍ നിര്‍ദേശിച്ചതും നസീറാണ്‌. ``നീ മറ്റൊരു സംഘടനാ പ്രവര്‍ത്തകനല്ലേ, സംഘടനയ്‌ക്കു ദോഷംവരരുത്‌്‌'' എന്നായിരുന്നു ഉപദേശം. എന്‍.ഡി.എഫ്‌ പ്രവര്‍ത്തകനായ ജലീലിനെ കുടുംബബന്ധം ഉപയോഗിച്ച്‌ നസീര്‍ കുടുക്കുകയായിരുന്നുവെന്നാണു സംശയം.
സംഭവങ്ങളില്‍ പിടിയിലാവുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഒരു നിശ്ചിതഘട്ടത്തില്‍ അവസാനിക്കുന്നതോടെ മറ്റൊരു പുതിയ പ്രശ്‌നം ആരംഭിക്കുകയായി. നിഷ്‌പക്ഷമായ അന്വേഷണം ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നില്ലെന്നതിന്‌ ഉദാഹരണങ്ങള്‍ നിരവധിയാണ്‌.
ചില സംഭവങ്ങളില്‍ അധികൃതരുടെ നേരിട്ടുള്ള ഇടപെടലും പുറത്തായിട്ടുണ്ട്‌. കോഴിക്കോട്‌ ബോംബ്‌ സ്‌ഫോടനത്തിന്റെ അന്വേഷണവും അട്ടിമറിക്കുകയായിരുന്നെന്ന്‌ നേരത്തേ ആരോപണമുയര്‍ന്നിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്‌ സ്‌ഫോടകവസ്‌തുക്കള്‍ എത്തിച്ചുകൊടുത്തത്‌ രാജു എന്ന ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായ ആര്‍മി ഉദ്യോഗസ്ഥനായിരുന്നു.


നാളെ: വലയിലാക്കുക;
ഒറ്റുകൊടുക്കുക

No comments: