Monday, October 13, 2008

രണ്ടു മലയാളികള്‍ കശ്‌മീരില്‍ കൊല്ലപ്പെട്ടതായി വീണ്ടും വ്യാജവാര്‍ത്ത

ശ്രീനഗര്‍: പാകിസ്‌താനിലേക്ക്‌ പരിശീലനത്തിനു പോവുന്ന രണ്ടു മലയാളികളെ അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചുകൊന്നതായി വീണ്ടും വ്യാജ വാര്‍ത്ത.
വടക്കന്‍ കശ്‌മീരിലെ ലൊലാബ്‌ താഴ്‌വരയില്‍ കൊടുംവനത്തിനുള്ളില്‍ നടന്ന തിരച്ചിലിനിടയിലാണത്രെ മലപ്പുറത്തുകാരായ രണ്ടുപേരടക്കം മൂന്നു ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരെ സൈന്യം വെടിവച്ചുകൊന്നത്‌. ഇവരില്‍ നിന്നു ബോംബിന്റെ നിര്‍മാണവിധികള്‍ വിശദീകരിക്കുന്ന മലയാളത്തിലുള്ള ഡയഗ്രം കണ്ടെത്തിയതായും കശ്‌മീര്‍ ആഭ്യന്തരവകുപ്പ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപോര്‍ട്ട്‌ ചെയ്‌തു.
ഇവര്‍ മലയാളികളാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നു വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ടെങ്കിലും മലപ്പുറത്തുകാരാണെന്ന്‌ എങ്ങനെ മനസ്സിലായെന്നു വിശദീകരിക്കുന്നില്ല.
പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ നിര്‍ദേശപ്രകാരം ലശ്‌കര്‍ കമാന്‍ഡര്‍ അബ്ദുല്ല എന്നയാളുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ തകൃതിയായി റിക്രൂട്ടിങ്‌ നടക്കുന്നതായുള്ള ഇന്റലിജന്‍സ്‌ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സൈന്യം തിരച്ചില്‍ നടത്തിയതെന്നും പോലിസ്‌വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപോര്‍ട്ട്‌ അവകാശപ്പെട്ടു.
മലയാളികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക റെയ്‌ഡ്‌ നടക്കുന്നതായി വാര്‍ത്തയില്‍ പറയുന്നുണ്ടെങ്കിലും കേരള പോലിസ്‌ ഇതു നിഷേധിച്ചു. തങ്ങള്‍ക്ക്‌ ഇങ്ങനെയൊരു സംഭവം സംബന്ധിച്ച്‌ യാതൊരു വിവരവുമില്ലെന്നു മലപ്പുറം ജില്ലാ പോലിസ്‌ മേധാവികള്‍ വ്യക്തമാക്കി.
വടക്കന്‍ കശ്‌മീരിലെ ഇതേ സ്ഥലത്തു നിന്നു രണ്ടു മലയാളികളെ സൈന്യം വധിച്ചുവെന്ന്‌ ഏതാനും ദിവസം മുമ്പ്‌ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, കശ്‌മീര്‍ പോലിസ്‌ പിന്നീട്‌ അതു നിഷേധിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്നതിന്‌ യാതൊരു തെളിവുമില്ലെന്നായിരുന്നു കശ്‌മീര്‍ സോണ്‍ ഐ.ജി ഡോ. ബി ശ്രീനിവാസ്‌ അറിയിച്ചത്‌. മുഹമ്മദ്‌ ശക്കീല്‍ എന്നയാളാണു കൊല്ലപ്പെട്ടതെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ കേരള പോലിസ്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോവളത്ത്‌ ജീവനോടെയിരിക്കുന്നതായി കണ്ടെത്തി.
ലൊലാബ്‌ താഴ്‌വരയിലെ സൊഗാമില്‍ രണ്ടാമതൊരു ഏറ്റുമുട്ടല്‍ നടന്നതായി വിവരമില്ലെന്നു ജമ്മുകശ്‌മീര്‍ ആഭ്യന്തരവകുപ്പ്‌ വ്യക്തമാക്കി.
തേജസ്‌ ദിനപത്രം: 13-10-08 

കേരളം ഹിന്ദുത്വ കൊലയാളികളുടെ ഒളിത്താവളമാവുന്നു

ബൈജുജോണ്‍
പാലക്കാട്‌: രാജ്യത്ത്‌ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്ന ഹിന്ദുത്വ കൊലയാളികളുടെ ഒളിത്താവളമായി കേരളം മാറുന്നു. മലയാളിയായ കന്യാസ്‌ത്രീയെ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്‌ത പ്രതികള്‍ കേരളത്തില്‍ നിന്നുതന്നെ പിടിയിലായത്‌ യാദൃശ്ചികമല്ല.
ആര്‍.എസ്‌.എസ്‌, സംഘപരിവാര ശക്തികള്‍ക്ക്‌ സംസ്ഥാനത്തു ശക്തമായ വേരോട്ടമുള്ള പാലക്കാട്‌ മറ്റു നാട്ടുകാരായ സംഘപരിവാര കുറ്റവാളികള്‍ക്കു സുരക്ഷിതമായ ഒളിത്താവളമാവുകയാണെന്നാണ്‌ കഴിഞ്ഞദിവസത്തെ അറസ്റ്റ്‌ സൂചിപ്പിക്കുന്നത്‌.
സംസ്ഥാനത്ത്‌ തമ്പടിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്‌റ്റുകളും ഇസ്‌ലാമിക തീവ്രവാദികളും ഒളിവില്‍ കഴിയുന്നുവെന്ന പ്രചാരണം കുറച്ചുകാലമായി മാധ്യമങ്ങളെ ഉപയോഗിച്ചു നടത്തിപ്പോരുന്ന പോലിസ്‌ രഹസ്യാന്വേഷണ വിഭാഗമാണ്‌ ഇതോടെ വെട്ടിലായിരിക്കുന്നത്‌.
കേരളത്തിന്‍െറ വിവിധഭാഗങ്ങളിലെ ആശ്രമങ്ങളിലും ആള്‍ദൈവ കേന്ദ്രങ്ങളിലും അന്യസംസ്ഥാനക്കാരും വിദേശികളുമായ നിരവധി പേര്‍ താമസിക്കുന്നതായി പലതവണ വ്യക്തമായ വിവരം ലഭിച്ചിട്ടും അന്വേഷിക്കാന്‍ സംസ്ഥാന പോലിസ്‌ തയ്യാറായിരുന്നില്ല.
നൂറുകണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികളാണ്‌ പാലക്കാട്ട്‌ കിഴക്കഞ്ചേരി, കൊടുവായൂര്‍ മേഖലകളിലെ അരിമില്ലില്‍ ജോലിയെടുക്കുന്നത്‌. ഭൂരിഭാഗവും ഒറീസ-ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്‌. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ കഴിഞ്ഞദിവസം പാലക്കാട്‌ പിടിയിലായ സംഘപരിവാര പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി ഒറീസക്കാരാണു ജോലി ചെയ്യുന്നത്‌.
വി.എച്ച്‌.പി സ്വാമിയുടെ കൊലപാതകത്തിനുശേഷം ഇവിടെ നിന്നും കൂട്ടത്തോടെ ഒറീസയിലേക്കു വണ്ടികയറിയ തൊഴിലാളികള്‍ ഒരാഴ്‌ച മുമ്പാണ്‌ തിരികെ ജോലിക്കു പ്രവേശിച്ചത്‌. ഒറീസയില്‍ ആഴ്‌ചകളായി ക്രിസ്‌ത്യന്‍ ന്യൂനപക്ഷത്തിനെതിരേ നടന്ന അക്രമങ്ങളില്‍ പങ്കെടുത്ത ശേഷം മാത്രമാണ്‌ പിടിയിലായവരുള്‍പ്പെടെയുള്ളവര്‍ തിരികെ എത്തിയത്‌ എന്നുവേണം കരുതാന്‍.
പ്രാദേശിക ബി.ജെ.പി, ആര്‍.എസ്‌.എസ്‌ നേതൃത്വത്തിന്റെ പരിപാടികളില്‍ തൊഴിലാളികള്‍ സ്ഥിരമായി സഹകരിക്കാറുണ്ടെങ്കിലും അവര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന്‌ അറിയില്ലായിരുന്നെന്നു മില്ലുടമകള്‍ പറയുന്നു. കമ്പനിയിലേക്ക്‌ തൊഴിലാളികളെ എത്തിച്ചുതരുന്ന ഒരു ഏജന്‍സിയാണ്‌ കഴിഞ്ഞദിവസം പിടിയിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരേയും ജോലിക്കായി എത്തിച്ചത്‌. ഒറീസയിലെ സംഘപരിവാര പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവര്‍ നേതൃത്വം കൊടുക്കുന്നതിന്റെ തെളിവാണു കഴിഞ്ഞദിവസം നടന്ന പൂജവയ്‌പ്‌ മഹോല്‍സവത്തില്‍ നാട്ടിലെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവരും പങ്കെടുത്തത്‌. ജില്ലയിലെ സംഘപരിവാരത്തിന്റെ സമ്മേളന പരിപാടികള്‍ക്കിടയില്‍ അന്യസംസ്ഥാനത്തുനിന്നെത്തുന്നവരുടെ പങ്കു മുമ്പും പോലിസിന്‌ തലവേദനയായിട്ടുണ്ട്‌.
എന്നാല്‍, സംഘപരിവാര കുറ്റവാളികളാണ്‌ ഈ മേഖലയില്‍ ഒളിച്ചുതാമസിക്കുന്നതെന്ന വിവരം ബലാല്‍സംഗക്കേസില്‍ ഇവര്‍ പിടിയിലാവുന്നതോടെയാണ്‌ അറിയുന്നത്‌. സംഘപരിവാര ബന്ധമുള്ള പല ആശ്രമങ്ങളിലും താമസിക്കുന്ന അന്യനാട്ടുകാരായ സ്വാമിമാരെ കുറിച്ചുള്ള യാതൊരു വിവരവും സമീപ പോലിസ്‌ സ്‌റ്റേഷനുകളിലില്ല.ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ പൊതുവില്‍ അത്തരം വിവരങ്ങള്‍ അവഗണിക്കാറാണ്‌ പതിവ്‌.
അതിനിടെ അന്യ സംസ്ഥാന തൊഴിലാളികളിലെ ഹിന്ദുത്വവാദികളെ നിരീക്ഷിച്ച്‌ വരികയാണെന്നും പല കേന്ദ്രങ്ങളിലും തിരച്ചില്‍ നടത്തുമെന്നും ഒരു ഉന്നത പോലിസ്‌ ഉദ്യോസഗ്‌ഥന്‍ വ്യക്‌തമാക്കി.
മംഗലാപുരത്ത്‌ ക്രൈസ്‌തവര്‍ക്കെതിരേ അക്രമത്തിന്‌ നേതൃത്വം നല്‍കിയ ബജ്‌ രംഗ്‌ദള്‍ പ്രവര്‍ത്തകരില്‍ പലരും കേരളത്തിലെ ചില എസ്റ്റേറ്റുകളില്‍ സുഖവാസത്തിലാണെന്നും സൂചനയുണ്ട്‌.
തേജസ്‌ ദിനപത്രം: 13-10-08 

കന്യാസ്‌ത്രീെയ ബലാല്‍സംഗം ചെയ്‌ത സംഘപരിവാര പ്രവര്‍ത്തകരെ പോലിസ്‌ കസ്‌റ്റഡിയില്‍ വിട്ടു

പാലക്കാട്‌: ഒറീസയില്‍ കന്യാസ്‌ത്രീകളെ ബലാല്‍സംഗം ചെയ്യുകയും കലാപത്തിനു നേതൃത്വം കൊടുക്കുകയും ചെയ്‌ത കേസില്‍ അറസ്‌റ്റിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരെ കോടതി പോലിസ്‌ കസ്‌റ്റഡിയില്‍ വിട്ടു. അന്വേഷണസംഘം ഇവരെ ഇന്ന്‌ ഒറീസയിലേക്കു കൊണ്ടുപോവും.
ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരായ ബലിഗുഡ പൂന്‍വാണി മിഥു പട്‌നായിക്‌ (25), സരോജ്‌ ഗദായ്‌ (42), മുന്ന ഗദായ്‌ (25) എന്നിവരെയാണ്‌ ഇന്നലെ വൈകീട്ട്‌ ഒറീസയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം പാലക്കാട്ട്‌ അറസ്റ്റ്‌ ചെയ്‌തത്‌. മരിയപ്പാടത്ത്‌ അരിമില്ലിലെ ജോലിക്കാരായി പ്രതികളിവിടെ ഒളിവില്‍ത്താമസിക്കുകയായിരുന്നു.


ഒരുവര്‍ഷത്തോളമായി ഈ പ്രദേശത്ത്‌ വിവിധ ജോലികള്‍ ചെയ്‌തിരുന്ന ഇവര്‍ കലാപസമയത്ത്‌ ഒറീസയിലേക്കു പുറപ്പെടുകയും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയുമായിരുന്നു. കലാപത്തിലെ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന്‌ ഒറീസ പോലിസ്‌ പറഞ്ഞു. ഒറീസയിലെ കലാപക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ പ്രതികളാണ്‌ ഇവര്‍ കേരളത്തില്‍ ഒളിവില്‍ക്കഴിയുന്നുണ്ടെന്ന വിവരം പോലിസിന്‌ നല്‍കിയത്‌. അക്രമങ്ങള്‍ക്കൊപ്പം നിരവധി സ്‌ത്രീകളെ ഇവര്‍ കലാപസമയത്തു ബലാല്‍സംഗത്തിനിരയാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം വെളിപ്പെടുത്തി.
കഴിഞ്ഞ ആഗസ്‌ത്‌ 25ന്‌ ബജ്‌രംഗ്‌ദളിന്റെ നേതൃത്വത്തില്‍ നടന്ന ഒറീസ ബന്ദിലാണ്‌ നുവഗോണ്‍ ഗ്രാമത്തില്‍ വച്ച്‌ 29കാരിയായ കന്യാസ്‌ത്രീയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്‌. തൊട്ടടുത്ത ദിവസം സമീപപ്രദേശങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരേ നടന്ന സംഘപരിവാര ആക്രമണത്തിലും ഇവര്‍ പങ്കാളികളായിരുന്നു. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തതിനു പിടിയിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരുടെ എണ്ണം ഇതോടെ ഒമ്പതായി. 

തേജസ്‌ ദിനപത്രം: 13-10-08 

Monday, October 6, 2008

കാമുകി ചമഞ്ഞും തട്ടിപ്പ്‌; കാരുണ്യം കാട്ടിയും വെട്ടിപ്പ്‌


അമ്മാര്‍ കിഴുപറമ്പ്‌
എന്റെ പേര്‌ മിസ്‌ സൂസണ്‍ ഒച്ചായി, ഞാന്‍ ഐവറി കോസ്റ്റിലെ അബിഡ്‌ജാനില്‍ നിന്നാണ്‌ ഇതെഴുതുന്നത്‌. 20 വയസ്സുള്ള ഞാന്‍ സിയറ ലിയോണിലാണു താമസം. ആഭ്യന്തരകലാപം രൂക്ഷമായപ്പോള്‍ എന്റെ വീടും മാതാവിനെയും സഹോദരനെയും എനിക്കു നഷ്‌ടമായി. എന്റെ പിതാവ്‌ അബിഡ്‌ജാനിലെ പ്രശസ്‌തനായ കൊക്കോ-കോഫി വ്യാപാരിയും എക്‌സ്‌പോര്‍ട്ടറുമാണ്‌. വിമതഗ്രൂപ്പുകാരുടെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 2006ല്‍ പിതാവ്‌ നഷ്‌ടപ്പെട്ടതോടെ ഞാന്‍ തീര്‍ത്തും അനാഥയാണ്‌.
ഈ രാജ്യത്തെ വാസം എനിക്ക്‌ മടുത്തിരിക്കുന്നു. പിതാവിന്റെ സമ്പാദ്യമായ 18.4 മില്യണ്‍ ഡോളര്‍ പൂര്‍ണമായും എനിക്കവകാശപ്പെട്ടതാണ്‌. ഈ സംഖ്യ ഏതെങ്കിലും വിദേശരാജ്യത്തേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌ത്‌ അവിടെ ജീവിക്കാനാണ്‌ ആഗ്രഹം. താങ്കള്‍ക്ക്‌ എന്നെ സഹായിക്കാന്‍ പറ്റുമെങ്കില്‍ താങ്കളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു. എനിക്ക്‌ താങ്കളുടെ നാട്ടില്‍ വന്നു പഠിക്കാനുള്ള വിസ സംഘടിപ്പിച്ചു തന്നാല്‍ മതി. വീട്‌ വാങ്ങി ഞാന്‍ അവിടെ താമസിക്കാം. ഈ ഉപകാരത്തിന്‌ താങ്കള്‍ സന്നദ്ധനായാല്‍ മൊത്തം ട്രാന്‍സ്‌ഫര്‍ സംഖ്യയുടെ 25 ശതമാനം പ്രതിഫലമായി തരാന്‍ ഞാന്‍ തയ്യാറാണ്‌. താങ്കളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുകയാണ്‌. പ്ലീസ്‌, അനാഥയായ എന്നെ ആഭ്യന്തരകലാപം കൊടുമ്പിരിക്കൊണ്ട ഈ മണ്ണില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കണം.
ഈ കത്തിനു മറുപടി അയച്ചാല്‍ കിട്ടുക നേരത്തേ ലഭിച്ച അതേ രൂപത്തില്‍ തന്നെയായിരിക്കും. ബാങ്ക്‌ അക്കൗണ്ട്‌ നമ്പറും പൂര്‍ണ വിലാസവും നല്‍കിയാല്‍ നേരത്തേ പറഞ്ഞപോലെ യാത്രച്ചെലവിനും ട്രാന്‍സ്‌ഫര്‍ ചെയ്യാനുള്ള ചെലവിനും പണം ആവശ്യപ്പെടും. സ്‌ത്രീകളുടെ പേരില്‍ വരുന്ന ഇത്തരം മെയിലുകള്‍ കാമുകിയായി അഭിനയിച്ചാണ്‌ സഹായം ആവശ്യപ്പെടാറ്‌.
കേരളത്തിലെ നിരവധി സോഷ്യല്‍ ചാരിറ്റി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ഇ-മെയില്‍ വിലാസത്തില്‍ വരുന്ന കത്തുകള്‍ മുകളില്‍ കൊടുത്ത കത്തിന്റെ മറ്റൊരു പതിപ്പാണ്‌. കേരളത്തിലെ അശരണരും അഗതികളും നിരാലംബരുമായവരെ സഹായിക്കാന്‍ താങ്കളുടെ സ്ഥാപനം നടത്തുന്ന സേവനങ്ങള്‍ എന്നെ വളരെയേറെ സന്തോഷപ്പെടുത്തിയിരിക്കുന്നു. എന്റെ കുടുംബസ്വത്തിന്റെ ഒരു വിഹിതം താങ്കളുടെ സ്ഥാപനത്തിനു നല്‍കുന്നതില്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. ആയതിനാല്‍ താങ്കളുടെ സ്ഥാപനത്തിന്റെ അക്കൗണ്ട്‌ നമ്പറും ഫണ്ട്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കവറിങ്‌ ലെറ്ററും എത്രയും പെട്ടെന്ന്‌ എന്റെ വിലാസത്തില്‍ അയച്ചുതരുക. പ്രസ്‌തുത സംഖ്യ മൂന്നുകോടിയിലധികം ഇന്ത്യന്‍ രൂപയുണ്ട്‌.
ഇപ്പോള്‍ ഇവിടത്തെ ബാങ്കില്‍ നിക്ഷേപിച്ച പണം താങ്കളുടെ മറുപടി കിട്ടിയാല്‍ തുടര്‍നടപടികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കി താങ്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതാണ്‌. കേരളത്തിലെ രണ്ട്‌ അനാഥശാലകള്‍ ഇത്തരത്തില്‍ പണം മോഹിച്ച്‌ ചതിയില്‍പ്പെട്ടിട്ടുണ്ട്‌. തൃശൂരിലെ ക്രിസ്‌ത്യന്‍ സഭ നടത്തുന്ന അനാഥശാലയ്‌ക്ക്‌ മൂന്നുലക്ഷം രൂപയാണത്രെ നഷ്‌ടപ്പെട്ടത്‌. കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിം സ്ഥാപനത്തിന്‌ 50,000 രൂപയാണു നഷ്‌ടമായത്‌. ഓരോ സ്ഥാപനത്തെയും വ്യക്തികളെയും എങ്ങനെ ആകര്‍ഷിക്കാമെന്നതാണ്‌ ഇത്തരം കമ്പനികളുടെ പ്രധാന കണ്ടെത്തല്‍. അടുത്തകാലത്തായി മുസ്‌ലിം ചാരിറ്റി സംഘടനകള്‍ക്കും യത്തീംഖാനകള്‍ക്കും സകാത്ത്‌ പണം നല്‍കാന്‍ ആഗ്രഹിക്കുന്നെന്ന്‌ പറഞ്ഞാണ്‌ ഇത്തരം മെയില്‍ വരുന്നത്‌. തന്റെ വിദേശരാജ്യങ്ങളിലുള്ള സ്ഥാപനങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ സകാത്ത്‌ ഇത്ര പണമുണ്ടെന്നും അവ മൂന്നാംലോക രാജ്യങ്ങളില്‍ വിതരണം ചെയ്യാനാണ്‌ ആഗ്രഹമെന്നും കാണിച്ചാണ്‌ മെയില്‍ വരുന്നത്‌. സ്വന്തമായി വെബ്‌സൈറ്റുകളുള്ള സ്ഥാപനങ്ങളുടെ ഇ-മെയില്‍ വിലാസം കണ്ടെത്തി വളരെ വിശദമായാണു കത്തെഴുതുന്നത്‌. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട നിരവധി സ്ഥാപനങ്ങളുണ്ടാവാമെന്നും മാനഹാനി ഭയന്ന്‌ പുറത്തുപറയാതിരിക്കുകയാണെന്നുമാണ്‌ ഉയര്‍ന്ന പോലിസ്‌ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്‌.
ഇത്തരം കേസുകളുടെ പരാതി ലഭിച്ചാല്‍ പ്രതി നൈജീരിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്നതിനാല്‍ തന്നെ നടപടികളുമായി മുന്നോട്ടുപോവുക സാധ്യമല്ല. അതിവിദഗ്‌ധമായ കഥകള്‍ മെനഞ്ഞ്‌ ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ അന്താരാഷ്‌ട്ര നെറ്റ്‌വര്‍ക്കിലൂടെ ലക്ഷങ്ങളാണ്‌ കൊയ്യുന്നത്‌. ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്നു പറഞ്ഞ്‌ വരുന്ന മെയിലുകളും സമാന സ്വഭാവത്തിലാണു ചൂഷണംചെയ്യുന്നത്‌. വിദേശത്തെ വിവിധ കമ്പനികളിലേക്ക്‌ വിവിധ യോഗ്യതയുള്ളവരെ ആവശ്യമുണ്ടെന്നു പറഞ്ഞ്‌ വരുന്ന മെയിലില്‍ ഉദ്യോഗാര്‍ഥിക്ക്‌ പതിനായിരങ്ങളും ലക്ഷങ്ങളുമാണ്‌ ശമ്പളം വാഗ്‌ദാനം ചെയ്യുന്നത്‌. ഇന്റര്‍വ്യൂ നടപടികള്‍ക്ക്‌ അയ്യായിരവും പതിനായിരവും രൂപ ഈടാക്കിക്കൊണ്ടാണ്‌ ചൂഷണം അരങ്ങേറുന്നത്‌. പണം ലഭിച്ചാല്‍ ഇന്റര്‍വ്യൂവോ ജോലിയോ ഇല്ലെന്നു മാത്രമല്ല, പിന്നീടു യാതൊരു വിനിമയവും ഇക്കൂട്ടരുമായി നടത്താനും കഴിയാറില്ല. വിദേശ രാജ്യങ്ങളില്‍ മെഡിസിനും എന്‍ജിനീയറിങിനും നഴ്‌സിങിനും എം.ബി.എയ്‌ക്കും സീറ്റ്‌ തരപ്പെടുത്തി ത്തരാമെന്ന്‌ മോഹിപ്പിച്ചും ആയിരങ്ങള്‍ തട്ടുന്ന വിരുതന്മാര്‍ ഇന്റര്‍നെറ്റില്‍ വിലസുന്നുണ്ട്‌.
കോടികള്‍ ഒറ്റയ്‌ക്ക്‌ കൈവശപ്പെടുത്താമെന്ന അതിമോഹത്തില്‍ സമ്പാദ്യം അന്യദേശക്കാര്‍ക്കു മുന്നില്‍ കൊണ്ടു ചെന്ന്‌ സമര്‍പ്പിക്കുന്നവരുടെ എണ്ണവും അതുമായി ബന്ധപ്പെട്ട ക്രൈമും നാള്‍ക്കുനാള്‍ അധികരിച്ചതാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ശ്രദ്ധവരെ ഈ വിഷയത്തില്‍ പതിയാന്‍ ഇടവരുത്തിയത്‌. ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ മാനേജ്‌മെന്റ്‌ ആക്‌റ്റ്‌ 1999നു കീഴില്‍ നറുക്കെടുപ്പ്‌ സ്‌കീമുകള്‍ക്ക്‌ പണമയക്കുന്നത്‌ നിരോധിച്ചിട്ടുണ്ടെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതൊക്കെ അറിഞ്ഞിട്ടും നിരവധിപേര്‍ വീണ്ടും തട്ടിപ്പില്‍ അകപ്പെടുന്നു എന്നതാണു വിചിത്രം. പുതിയപുതിയ കഥകള്‍ മെനഞ്ഞ്‌ ഇരകളെ ആകര്‍ഷിക്കുകയാണ്‌ ഇന്റര്‍നെറ്റ്‌ ചൂഷകസംഘങ്ങള്‍.
ഇന്റര്‍നെറ്റ്‌ കഫേയിലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അശ്രദ്ധയോടെ അവ കൈകാര്യംചെയ്‌താല്‍ പെടുന്ന ആപത്ത്‌
നാളെ:
ഒളികാമറയില്‍ ഒപ്പുന്നത്‌ നഗ്നത

തേജസ്‌ പരമ്പര - ഭാഗം 4 - 6-10-08 

തേടിയത്‌ കോടികള്‍; കിട്ടിയത്‌ നാണക്കേട്‌

അമ്മാര്‍ കിഴുപറമ്പ്‌
നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും പോസ്റ്റ്‌മാന്‍ തപാല്‍ ഉരുപ്പടികളുമായി ദിവസത്തിലൊരിക്കല്‍ മാത്രമെ എത്താറുള്ളൂ. വീടുവീടാന്തരം കയറിയിറങ്ങി വിലാസക്കാരനെ നേരില്‍ക്കണ്ട്‌ കത്തുകള്‍ കൈമാറണമെന്നാണു നിയമം. പക്ഷേ, ഗ്രാമീണ ജനതയുടെ സഹകരണമനോഭാവവും നന്മയും പോസ്റ്റ്‌മാന്റെ ജോലിയിലും ഇളവു നല്‍കുന്നു. ഗ്രാമത്തിലെ ഏതെങ്കിലുമൊരു കടയില്‍ ആ പ്രദേശത്തേക്കുള്ള കത്തുകള്‍ നല്‍കാറാണു പതിവ്‌. ഇന്നിപ്പോള്‍ വാര്‍ത്താവിനിമയരംഗത്ത്‌ വന്‍ വിപ്ലവം വരുത്തി മൊബൈല്‍ഫോണും ഇന്റര്‍നെറ്റും സുലഭമായതോടെ കത്തുകളുടെ എണ്ണം നന്നെ ചുരുങ്ങി. ഗവണ്‍മെന്റ്‌ ഓഫിസ്‌ നടപടികള്‍ മാത്രമാണ്‌ അല്‍പ്പമെങ്കിലും ഈ മേഖലയെ പിടിച്ചുനിര്‍ത്തുന്നത്‌. കാലവിളംബം കൂടാതെ വിലാസക്കാരന്റെ കൈവശം ഉരുപ്പടികള്‍ എത്തിക്കാന്‍ കൊറിയര്‍ കമ്പനികള്‍ കൂടി പ്രഫഷനല്‍ രീതിയില്‍ രംഗത്തെത്തിയതോടെ പഴയകാല പോസ്റ്റ്‌മാന്റെ സൈക്കിള്‍ മണിയും ആധുനിക ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഇടവഴികളില്‍ നിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്‌.
ഇന്റര്‍നെറ്റിലെ തപാല്‍പ്പെട്ടി തീര്‍ത്തും സൗജന്യവും 24 മണിക്കൂറും ഇടതടവില്ലാത്ത സേവനവുമാണു നല്‍കുന്നത്‌. ഗൂഗ്‌ള്‍, ഹോട്ട്‌മെയില്‍, യാഹു തുടങ്ങിയ ആഗോള ഭീമന്‍ കമ്പനികള്‍ ലോകജനതയ്‌ക്കു തീര്‍ത്തും സൗജന്യമായാണ്‌ ഈ സേവനം നല്‍കുന്നത്‌. മുകളില്‍ പറഞ്ഞ കമ്പനികളുടെ അക്കൗണ്ട്‌ ഉപയോഗപ്പെടുത്തി ഇഷ്‌ടപ്പെട്ട വിലാസത്തില്‍ തപാല്‍പ്പെട്ടി സ്ഥാപിച്ചാല്‍ തീര്‍ത്തും സ്വകാര്യമായി കത്തുകള്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യാം.
ഹാക്കര്‍മാര്‍ പൊട്ടിക്കാത്തിടത്തോളം ഒരാളും താങ്കളുടെ കത്തുകള്‍ പൊളിച്ചു വായിക്കില്ല. കാമുകിക്കൊരു കത്ത്‌ നല്‍കാന്‍ നാട്ടിന്‍പുറങ്ങളിലൊക്കെ പലരും അനുഭവിച്ച പ്രയാസം ചെറുതായിരുന്നില്ല. പാത്തും പതുങ്ങിയും ആരും കാണാതെ കുളക്കടവിലെ കല്ലുകള്‍ക്കടിയിലും മരപ്പൊത്തിലും വായിക്കാന്‍ വാങ്ങിയ പുസ്‌തകത്തിനിടയിലും പേടിച്ചുവിറച്ച്‌ വേണ്ടിയിരുന്നു കാര്യം സാധിക്കാന്‍. ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യ മൂന്നാമതൊരാള്‍ക്ക്‌ ഇടംനല്‍കാതെ ആശയവിനിമയം എളുപ്പമാക്കിത്തീര്‍ക്കുന്നു.
ഇങ്ങനെ ഉണ്ടാക്കിയ മെയിലില്‍ ഓരോ ദിവസവും നിരവധി അജ്ഞാത കത്തുകളാണ്‌ പലരെയും തേടി വന്നു കൊണ്ടിരിക്കുന്നത്‌. ഉല്‍പ്പന്നങ്ങളുടെ പ്രമോഷന്‍ സംബന്ധമായും മറ്റും വന്നിരുന്ന കുറിപ്പുകളായിരുന്നു പലതുമെങ്കില്‍ ഇന്നു വന്‍ തട്ടിപ്പുകളുടെ വേദിയായി അവയെല്ലാം മാറിയിരിക്കുന്നു. പല കത്തുകളും നിമിഷനേരത്തേക്ക്‌ താങ്കളെ കോടിപതിയാക്കി മാറ്റുന്നവയാണ്‌. ഈ മോഹനവാഗ്‌ദാനങ്ങളുടെ പിന്നാലെ കോടികള്‍ മോഹിച്ച്‌ സഞ്ചരിച്ചാലോ മാനഹാനിയും ധനനഷ്‌ടവുമാണ്‌ ബാക്കിപത്രം. അത്തരത്തില്‍ വന്ന ചില മെയിലുകള്‍ ശ്രദ്ധിക്കുക:
``പ്രിയ സഹോദരാ...
ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്‍ക്കുണ്ടാവട്ടെ. ദൈവനാമത്തില്‍ പറയട്ടെ, താങ്കള്‍ക്കും എനിക്കും തുല്യ ലാഭമുള്ള ഒരു വിഷയത്തെപ്പറ്റിയാണ്‌ ഈ കത്ത്‌. താങ്കളുടെ വിലപ്പെട്ട സമയം കഴിയുമെങ്കില്‍ അനുവദിക്കുക. കത്ത്‌ വായിച്ചശേഷം താങ്കള്‍ക്ക്‌ ഈ ഇടപാടില്‍ താല്‍പ്പര്യമില്ലെങ്കില്‍ സദയം ക്ഷമിക്കുക. ഈ കത്ത്‌ മായ്‌ച്ചുകളയുക.
എന്റെ പേര്‌ മുഹമ്മദ്‌ അല്‍ഫ. ബുര്‍ക്കിനോഫാസ റിപബ്ലിക്കിലുള്ള ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയുടെ ഓപറേഷന്‍ മാനേജറാണു ഞാന്‍. ഞാന്‍ ഒരു വിദേശ പാര്‍ട്‌ണറെ തേടിനടക്കുകയാണ്‌. താങ്കള്‍ക്ക്‌ നല്ലൊരു ഭാവി എന്റെ പങ്കാളിത്തംകൊണ്ട്‌ ലഭ്യമാവും. നാലുകുട്ടികളുടെ പിതാവായ എനിക്കിപ്പോള്‍ 52 വയസ്സ്‌ പ്രായമുണ്ട്‌.
ഈ നടപ്പുവര്‍ഷം എന്റെ ബാങ്കില്‍ അഞ്ച്‌ മില്യണ്‍ ബ്രിട്ടീഷ്‌ പൗണ്ട്‌ അനധികൃതമായി വന്നുചേര്‍ന്നിട്ടുണ്ട്‌. ഈ തുകയെക്കുറിച്ച്‌ സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കോ ബാങ്കിന്റെ ഹെഡ്‌ ഓഫിസിനോ യാതൊന്നും അറിയില്ല. ആയതിനാല്‍ത്തന്നെ ഇതേക്കുറിച്ചുള്ള ഫയലുകള്‍ ഞാന്‍ പൂഴ്‌ത്തിവച്ചിരിക്കയാണിപ്പോള്‍. നിരവധി വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ഇത്രയും തുക സമാഹരിക്കപ്പെട്ടത്‌. ഞാന്‍ അടുത്ത വര്‍ഷം സര്‍വീസില്‍ നിന്നു പിരിയുകയാണ്‌. അതുകൊണ്ട്‌ ഈ പണം ഉപയോഗപ്പെടുത്തി സ്വന്തമാക്കാന്‍ താങ്കള്‍ എന്നെ സഹായിക്കണം. ഞാന്‍ ഈ സ്ഥാപനത്തിലെ ജീവനക്കാരനായതിനാല്‍ നേരിട്ട്‌ ഇക്കാര്യത്തില്‍ എനിക്കു ബന്ധപ്പെടാനാവില്ല. ഞാന്‍ നല്‍കുന്ന രേഖകള്‍പ്രകാരം താങ്കള്‍ ബന്ധപ്പെട്ടാല്‍ പ്രയാസം കൂടാതെ അവ കൈമാറാന്‍ ഞാന്‍ സഹായിക്കാം. താങ്കളുടെ നാട്ടിലെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പല തവണകളായി ഈ പണമത്രയും ഞാന്‍ ട്രാന്‍സ്‌ഫര്‍ ചെയ്‌തുതരാം. മൊത്തം സംഖ്യയുടെ 40 ശതമാനം താങ്കള്‍ക്കു നല്‍കുന്നതില്‍ എനിക്ക്‌ സന്തോഷമേയുള്ളൂ. ബാങ്കില്‍ നിന്നു ബാങ്കിലേക്കുള്ള കൈമാറ്റമായതിനാല്‍ നിയമ നടപടികളൊന്നും ഭയപ്പെടേണ്ടതില്ല. താങ്കളുടെ പൂര്‍ണ വിലാസവും ഏതെങ്കിലും മള്‍ട്ടി നാഷനല്‍ ബാങ്കിലുള്ള അക്കൗണ്ട്‌ നമ്പറും അയച്ചുതന്നു സഹകരിക്കുക. ാീവമാാലറമഹുവമ 20081@്യമവീീ.രീാ എന്ന വിലാസത്തിലേക്ക്‌ രേഖകള്‍ ഉടനെ അയച്ചുതരിക. താങ്കള്‍ക്ക്‌ ഈ ഡീലില്‍ ഒരു ഉത്തരവാദിത്തവും പ്രയാസവും ഉണ്ടാവില്ലെന്ന്‌ ഞാന്‍ ഉറപ്പുതരുന്നു.
വിശ്വസ്‌തതയോടെ മുഹമ്മദ്‌ അല്‍ഫ.''
അക്കൗണ്ട്‌ നമ്പറും വിലാസവും അയച്ചാല്‍ അടുത്തപടി വരുന്ന മെയില്‍ താങ്കളുടെ ധീരമായ സഹകരണത്തിനു നന്ദിയായിരിക്കും. ഏതാനും ദിവസത്തെ താമസം രേഖകള്‍ ശരിയാക്കാനുണ്ടെന്നും എത്രയുംവേഗം കാര്യങ്ങള്‍ നേരെയാവാന്‍ പ്രാര്‍ഥിക്കണമെന്നും പറഞ്ഞ്‌ വീണ്ടും മെയില്‍ വരും. കുറച്ചു ദിവസത്തിനു ശേഷം ബാങ്കില്‍ രേഖകളെല്ലാം താങ്കളുടെ പേരിലേക്കു മാറ്റിയെന്നും ഇത്രയും വലിയ തുക ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ 5,000 ഡോളര്‍ ആവശ്യമാണെന്നും തുക എത്രയുംവേഗം അയച്ചുതന്ന്‌ ഈ ട്രാന്‍സ്‌ഫര്‍ ദൗത്യം എളുപ്പമാക്കണമെന്നും അടുത്ത മെയിലില്‍ വിവരമെത്തും. ചില രേഖകളില്‍ താങ്കള്‍ തന്നെ നേരിട്ടുവന്ന്‌ ഒപ്പിടണമെന്നും അതിനുവേണ്ടി സന്ദര്‍ശക വിസ ഞങ്ങള്‍ ശരിയാക്കുന്നുണ്ടെന്നും ആയതിലേക്ക്‌ ഇത്ര തുക വേണമെന്നു പറഞ്ഞും ഇ-മെയില്‍ വരാറുണ്ട്‌. കിട്ടിയ കോടികള്‍ നഷ്‌ടപ്പെടരുതെന്നും മറ്റുള്ളവരോടു പറഞ്ഞ്‌ നാട്ടില്‍ പാട്ടാക്കരുതെന്നു കരുതിയും ചിലര്‍ കാര്യങ്ങള്‍ രഹസ്യമാക്കിവയ്‌ക്കും. വിറ്റും പെറുക്കിയും അവര്‍ ആവശ്യപ്പെട്ട തുക സ്വരൂപിച്ച്‌ അയച്ചുകൊടുത്താല്‍ പിന്നെ ബാങ്കുമില്ല, പണവുമില്ല. ഇതേ രൂപത്തിലുള്ള മറ്റൊരു തട്ടിപ്പിന്‌ മെനഞ്ഞെടുത്ത കഥ ഏറെ രസകരമാണ്‌.
(തുടരും)

തേജസ്‌ പരമ്പര - ഭാഗം 3 - 5-10-08 

ബക്കര്‍ കബളിപ്പിക്കപ്പെട്ട രീതി

അമ്മാര്‍ കിഴുപറമ്പ്‌
കോഴിക്കോട്ടെ കോണ്‍കോഡ്‌ ഇന്റര്‍നാഷനല്‍ ട്രാവല്‍സ്‌ ഉടമ ബക്കര്‍ കബളിപ്പിക്കപ്പെട്ടത്‌ ദുബയ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ജനറല്‍ മാനേജറുടെ പേരിലാണ്‌. കേരളത്തില്‍ നിന്നു ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിന്റെ ഭാഗമായി നിരവധി തവണ ബക്കര്‍ യു.എ.ഇ സന്ദര്‍ശിച്ചിട്ടുണ്ട്‌. ട്രാവല്‍സിന്റെ അറബിയിലും ഇംഗ്ലീഷിലുമുള്ള കളര്‍ ബ്രോഷര്‍ വിദേശയാത്രകളില്‍ പല കമ്പനികള്‍ക്കും നല്‍കാറുണ്ട്‌. ഇവരില്‍ പലരും അന്വേഷണങ്ങള്‍ നടത്താറും തൊഴിലാളികള്‍ക്കു വേണ്ടി ബന്ധപ്പെടാറുമുണ്ട്‌. ഒരിക്കല്‍ ദുബയ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ചെയര്‍മാന്റെ പേരില്‍ വന്ന മെയില്‍ ഇപ്രകാരമായിരുന്നു:
``സഹോദരന്‍ ബക്കറിന്‌,
ഞാന്‍ ഫിലിപ്പീന്‍സില്‍ നിന്നു ബംഗ്ലാദേശ്‌ വഴി ഇന്നലെ പഞ്ചാബിലെത്തി. ദുബയ്‌ മെട്രോ റെയില്‍വേക്ക്‌ വേണ്ടിയുള്ള തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുകയാണു യാത്രാലക്ഷ്യം. ഒരാഴ്‌ചയ്‌ക്കുള്ളില്‍ കേരളത്തിലെത്തും. താഴെപ്പറയുന്ന കാറ്റഗറിയില്‍പ്പെട്ട ജീവനക്കാരെ താങ്കള്‍ അപ്പോഴേക്കും കണ്ടെത്തുക. ഏകദേശം അഞ്ഞൂറോളം പേരെ ആവശ്യമുണ്ട്‌. പഞ്ചാബില്‍ രണ്ടുദിവസമായിരുന്നു താമസിക്കാന്‍ പദ്ധതിയിട്ടത്‌. പക്ഷേ, അത്‌ ഒരാഴ്‌ചയായി നീട്ടേണ്ടിവന്നു. ആയതിനാല്‍ 45,000 രൂപ താഴെ കാണുന്ന വിലാസത്തില്‍ ടെലിഫോണിക്‌ ട്രാന്‍സ്‌ഫറായി അയച്ചുതരിക. കേരളത്തിലെത്തിയാല്‍ തിരികെ തരാം. എന്റെ അടുത്ത സുഹൃത്തും ഹൈക്കോടതി ലീഗല്‍ അഡൈ്വസറുമായ ഷാഹുല്‍ ഹംസ എന്ന ആളുടെ പൂനെയിലുള്ള ഐ.സി.ഐ.സി.ഐ ബാങ്ക്‌ അക്കൗണ്ട്‌ നമ്പ(007301514077)റിലേക്കാണ്‌ അയക്കേണ്ടത്‌.
സ്‌നേഹത്തോടെ
ഈസാ അല്‍ ദോസരി, ജനറല്‍ മാനേജര്‍, റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി, ദുബയ്‌.''
ഈ കത്തിന്റെ തുടക്കവും ഒടുക്കവും അറബികളുടെ ശൈലിയില്‍ അഭിവാദ്യവും പ്രാര്‍ഥനയും എല്ലാം ചേര്‍ത്തുകൊണ്ടുള്ളതായിരുന്നു. മെയില്‍ കൈപ്പറ്റിയ ബക്കര്‍ മറുത്തൊന്നും ചിന്തിക്കാതെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. പണം നിക്ഷേപിച്ചാല്‍ വിളിച്ചുപറയാന്‍ നല്‍കിയ ഇന്ത്യയിലെ മൊബൈല്‍ നമ്പറില്‍ (9823477774) വിളിച്ചു വിവരം പറയുകയും ചെയ്‌തു. പണം നിക്ഷേപിച്ച വിവരം മറുപടി മെസേജില്‍ കൊടുത്തപ്പോള്‍ ആര്‍.ടി.എ ജനറല്‍ മാനേജറുടെ നന്ദി പ്രകടിപ്പിച്ച സന്ദേശവും കിട്ടി. റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ആവശ്യപ്പെട്ട തൊഴിലാളികളെ കണ്ടെത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോയ ബക്കറിന്‌ ശേഷം വിവരമൊന്നും ലഭിച്ചില്ല. ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ സംശയം തോന്നിയ ബക്കര്‍ വീണ്ടും മെയിലില്‍ ബന്ധപ്പെട്ടു. പക്ഷേ, മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്നു നേരത്തേ ബന്ധപ്പെടാന്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത സംസാരമാണു ലഭിച്ചത്‌. താന്‍ കബളിപ്പിക്കപ്പെട്ടതറിഞ്ഞ ബക്കര്‍ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും വേണ്ടത്ര സഹകരണം ലഭിച്ചില്ല. ഷാഹുല്‍ ഹംസ, ബില്‍ഡിങ്‌ നമ്പര്‍ 4, ഫ്‌ളാറ്റ്‌ നമ്പര്‍ 62, സരസ്വതി സൊസൈറ്റി, താഡിവാലാ റോഡ്‌, പൂനെ 411001 എന്ന വിലാസക്കാരന്റേതാണ്‌ അക്കൗണ്ട്‌ നമ്പറെന്നും ഇതിലേക്കു പലഭാഗത്തു നിന്നും ഇത്തരത്തില്‍ പണം വരുന്നുണ്ടെന്നും വരുന്ന പണമെല്ലാം ഇന്റര്‍നെറ്റ്‌ ട്രേഡിങിലേക്ക്‌ മാറ്റുകയാണെന്നും മാത്രമാണ്‌ ലഭിച്ച വിവരം. വീണ്ടും മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തലും വിളിക്കരുതെന്നുള്ള താക്കീതുമായിരുന്നു മറുപടി. ഇതേക്കുറിച്ചു കോഴിക്കോട്‌ കസബ പോലിസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ കിട്ടിയ മറുപടി, ഇതൊന്നും അന്വേഷിച്ചിട്ടു കണ്ടെത്താന്‍ പറ്റില്ലെന്നും ``ഇത്‌ സൈബര്‍ കേസാ... അങ്ങ്‌ കൊച്ചീലേ പരാതി തന്നെ എടുക്കൂ...'' എന്നുമായിരുന്നു. എഴുതിക്കൊണ്ടുപോയ പരാതി അവിടെ കൊടുത്ത്‌ ബക്കര്‍ തിരിച്ചുപോന്നു.
ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുണ്ട്‌.
ഇ-മെയില്‍ പാസ്‌വേഡ്‌ തകര്‍ത്തശേഷം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആദ്യം ചെയ്യുന്നത്‌ പ്രസ്‌തുത പാസ്‌വേഡ്‌ മാറ്റുക എന്നതാണ്‌. ഇതോടെ യഥാര്‍ഥ ഉടമയ്‌ക്കു നിലവിലെ വിലാസത്തിലുള്ള മെയില്‍ വഴി ബന്ധം സ്ഥാപിക്കാന്‍ പറ്റാതെ വരുന്നു.
ഒരുതരം തട്ടിക്കൊണ്ടുപോവല്‍തന്നെയാണ്‌ ഇവിടെ നടക്കുന്നത്‌. ഒരൊറ്റ വിലാസത്തില്‍ ആശയവിനിമയം നടത്തുന്നവര്‍ക്ക്‌, ഹാക്കര്‍മാര്‍ റാഞ്ചുന്നതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയാണ്‌ ഉണ്ടാവുന്നത്‌. നിരന്തരം ബന്ധപ്പെടുന്നവരുടെ മെയില്‍ വിലാസം കംപ്യൂട്ടറില്‍ തന്നെ സൂക്ഷിച്ചുവയ്‌ക്കുന്നതിനാല്‍ മെയില്‍ ഐ.ഡി റാഞ്ചുന്നതോടെ തുടര്‍ ബന്ധവും നഷ്‌ടപ്പെടുന്നു. മെയില്‍ അഡ്രസ്‌ മറ്റെവിടെയെങ്കിലും പകര്‍ത്തിവയ്‌ക്കാതിരുന്നാല്‍ വന്‍ സാമ്പത്തികനഷ്‌ടത്തിനും ചിലപ്പോള്‍ കാരണമായേക്കും.
പാസ്‌വേഡ്‌ തകര്‍ത്ത്‌ ഇ-മെയില്‍ വിലാസം താറുമാറാക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഹാക്കര്‍മാര്‍ കേരളത്തില്‍ വരെയുണ്ട്‌. വിപണിയില്‍ പരസ്‌പരം മല്‍സരിക്കുന്ന കമ്പനികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇരുകൂട്ടരും ഇത്തരം കംപ്യൂട്ടര്‍ ഹാക്കര്‍മാരെ ചുമതലപ്പെടുത്താറുണ്ട്‌. കമ്പനിയുടെ വെബ്‌സൈറ്റുകളും മെയില്‍ ബോക്‌സുകളും പൊട്ടിച്ചും താറുമാറാക്കിയും പ്രതിഫലം പറ്റുന്നവരെ കണ്ടെത്തുക എളുപ്പമല്ല. ബാംഗ്ലൂരിലും കൊച്ചിയിലും ഇത്തരം പണികള്‍ക്ക്‌ കരാര്‍ ഏറ്റെടുക്കുന്നവര്‍ ശത്രുവിന്റെ ലാഭത്തിനനുസരിച്ചാണ്‌ ക്വട്ടേഷന്‍ എടുക്കുന്നത്‌. ഗുണ്ടാ ആക്രമണം പോലെ എളുപ്പമല്ല ഇപ്പണി എന്നതിനാല്‍ത്തന്നെ ബുദ്ധിമാന്മാരായ ക്രിമിനലുകളാണ്‌ ഈ രംഗത്തുള്ളത്‌.
ഗള്‍ഫ്‌ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ വച്ചാണ്‌ ഹാക്കര്‍മാര്‍ പദ്ധതി നടപ്പാക്കുന്നത്‌ എന്നതിനാല്‍ തന്നെ ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുക സാധ്യമല്ല. ഇന്റര്‍നെറ്റ്‌ അധോലോകവും അതിലെ മാഫിയാ തലവന്മാരും വരുംനാളുകളില്‍ എന്തെല്ലാം മേഖലകളില്‍ വിരാജിക്കുമെന്നു പറയുക എളുപ്പമല്ല. എളുപ്പം പണം സമ്പാദിക്കാമെന്നതും പ്രവര്‍ത്തനങ്ങള്‍ ലോകത്തെ ഏതു രാജ്യത്തും നടപ്പാക്കാമെന്നതും ഇവര്‍ക്കു ലഭിക്കുന്ന ഇരട്ട സൗഭാഗ്യങ്ങളാണ്‌.
നാളെ:
തേടിയത്‌ കോടികള്‍;
കിട്ടിയത്‌ നാണക്കേട്‌

തേജസ്‌ പരമ്പര - ഭാഗം 2 - 4-10-08 

അമാനുല്ലയ്‌ക്ക്‌ വിനയായത്‌ സിംഗപ്പൂര്‍ യാത്ര

ആശയവിനിമയരംഗത്ത്‌ ഇന്റര്‍നെറ്റ്‌ കൊണ്ടുവന്ന വേഗം ലോകജനതയ്‌ക്കു നല്‍കിയ സൗകര്യം ചെറുതല്ല. ലോകത്തിന്റെ ഏതു കോണിലുള്ള മനുഷ്യരുമായും ആശയവിനിമയം തദ്‌സമയം പ്രാപ്‌തമാക്കിയ ഇന്റര്‍നെറ്റ്‌ സൗകര്യമെന്നതിനപ്പുറം പലര്‍ക്കും ഇന്നൊരു ശാപമായി മാറിയിരിക്കുന്നു. തീര്‍ത്തും സ്വകാര്യമെന്ന്‌ കണക്കുകൂട്ടിയ ഇന്റര്‍നെറ്റില്‍ നുഴഞ്ഞുകയറി കംപ്യൂട്ടര്‍ വിദഗ്‌ധര്‍ ഒപ്പിക്കുന്ന വേലകള്‍ പലരുടെയും മാനവും പണവും സമയവും കവര്‍ന്നെടുക്കുകയാണ്‌. ഓരോ ഇന്റര്‍നെറ്റ്‌ ഉപഭോക്താവും സ്വകാര്യമാക്കിവച്ച പാസ്‌വേഡ്‌ പോലും അതിവിദഗ്‌ധമായി മോഷ്‌ടിച്ചു വേലയൊപ്പിക്കുന്ന ഹാക്കര്‍മാരും, ലോട്ടറിയും സമ്മാനവും ലഭിച്ചെന്ന്‌ മോഹിപ്പിച്ചു പണം തട്ടുന്ന കംപ്യൂട്ടര്‍ വിദഗ്‌ധരും ചേര്‍ന്ന്‌ ഇന്റര്‍നെറ്റ്‌ എന്ന രണ്ടാംലോകത്തെ അടക്കിഭരിക്കുകയാണിന്ന്‌. ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും പുതിയ മേഖലയായി വളര്‍ന്ന ഇന്റര്‍നെറ്റിലെ ചതിക്കുഴികളിലൂടെയുള്ള സഞ്ചാരം.


 അമ്മാര്‍ കിഴുപറമ്പ്‌ 


``സര്‍,
?ഞാന്‍ രണ്ടു ദിവസമായി സിംഗപ്പൂരിലാണ്‌ ഉള്ളത്‌. കമ്പനിയുടെ ചില ആവശ്യങ്ങള്‍ക്കു വേണ്ടി വന്നതാണ്‌. എന്റെ അശ്രദ്ധ കാരണം ഞാനിപ്പോള്‍ ഏറെ പ്രയാസപ്പെടുകയാണ്‌. ഇന്നലെ ഒന്നുരണ്ട്‌ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയിരുന്നു. മടക്കയാത്രയില്‍ എന്റെ പണമടങ്ങിയ ബാഗ്‌ എവിടെയോ നഷ്‌ടപ്പെട്ടുപോയി. രണ്ടു ദിവസം കൂടി കഴിഞ്ഞാണ്‌ മടക്കയാത്രയ്‌ക്കുള്ള വിമാനടിക്കറ്റ്‌ ഓ.കെ ആയത്‌. അതിനാല്‍ 1000 ഡോളര്‍ മണിഗ്രാം വഴിയോ, യു.എ.ഇ എക്‌സ്‌ചേഞ്ച്‌ വഴിയോ അയച്ചുതന്ന്‌ സഹായിക്കണം. തിരികെ ഖത്തറിലെത്തിയാല്‍ കഴിയും വേഗം മടക്കിത്തരുന്നതാണ്‌. ഇപ്പോള്‍ പണമൊന്നും കൈവശമില്ലാത്തതിനാല്‍ ഹോട്ടലില്‍ തന്നെ തങ്ങുകയാണ്‌. കഴിവതും വേഗം സഹായിക്കണമെന്ന്‌ ഉണര്‍ത്തി നിര്‍ത്തട്ടെ. സ്‌നേഹത്തോടെ അമാനുല്ല.'' ?
ഖത്തറിലെ പരസ്യ സ്ഥാപനത്തിന്റെ സി.ഇ.ഒയും മാധ്യമപ്രവര്‍ത്തകനുമായ അമാനുല്ലയുടെ മെയില്‍ പലര്‍ക്കും കിട്ടി. ഖത്തറിലുള്ള ചിലര്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മൊബൈല്‍ സ്വിച്ച്‌ ഓഫാണെന്നറിഞ്ഞു.
ജോലി ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടവര്‍ക്ക്‌ അമാനുല്ല സിംഗപ്പൂരിലാണെന്നും ബന്ധപ്പെടാന്‍ അവിടത്തെ നമ്പറൊന്നുമില്ലെന്നും അറിയാന്‍ കഴിഞ്ഞു. അമാനുല്ലയുടെ പണമാവശ്യപ്പെട്ടുള്ള മെയില്‍ തങ്ങള്‍ക്കു മാത്രമയച്ചതായിരിക്കുമെന്ന്‌ കരുതി സന്ദേശം ലഭിച്ച ആരും പരസ്‌പരം പറഞ്ഞില്ല. ഖത്തറിലെ പരസ്യ ഏജന്‍സിക്കാര്‍ അമാനുല്ല താമസിക്കുന്ന ഹോട്ടലിന്റെ ഫോണ്‍ നമ്പര്‍ അയച്ചു തന്നാല്‍ പണം എത്രയും വേഗം എത്തിക്കാമെന്ന്‌ അമാനുല്ലയുടെ ഇ-മെയിലില്‍ മറുപടി അയച്ചു. ഈ സന്ദേശത്തിന്‌ വന്ന മറുപടിയില്‍ സിംഗപ്പൂരിലെ ഹോട്ടലിന്റെ മൊബൈല്‍ നമ്പറും പണം നല്‍കേണ്ട എക്‌സ്‌ചേഞ്ച്‌ വിലാസവുമുണ്ടായിരുന്നു. പരസ്യ കമ്പനിക്കാര്‍ നമ്പറില്‍ സിംഗപ്പൂരിലേക്ക്‌ വിളിച്ചപ്പോള്‍ അമാനുല്ല പുറത്തുപോയതാണെന്നും വിളിച്ചാല്‍ പണം പെട്ടെന്ന്‌ മെയിലില്‍ തന്ന വിലാസത്തില്‍ അയക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. അവിശ്വസനീയമായി ഒന്നും തോന്നാതിരുന്നപ്പോള്‍ പരസ്യകമ്പനിക്കാര്‍ ആയിരം ഡോളര്‍ പെട്ടെന്ന്‌ തന്നെ അയച്ചുകൊടുത്തു. ഖത്തറിലെ പണക്കാരും വ്യാപാരികളും അടങ്ങുന്ന സുഹൃത്തുക്കളില്‍ പലരും ഇതുപോലെ പണം അയച്ചു കൊടുത്തു. രണ്ടുദിവസം കഴിഞ്ഞ്‌ ഖത്തറില്‍ തിരിച്ചെത്തിയപ്പോഴാണ്‌ അമാനുല്ല കാര്യങ്ങളെല്ലാം അറിഞ്ഞു ഞെട്ടിപ്പോയത്‌. തന്റെ മെയില്‍ മൂന്നുദിവസമായി തുറന്നുനോക്കിയിട്ടുപോലുമില്ലെന്നും സിംഗപ്പൂരില്‍ തനിക്ക്‌ അത്തരമൊരു അബദ്ധം പിണഞ്ഞിട്ടില്ലെന്നും അമാനുല്ല പറഞ്ഞതോടെയാണ്‌ വന്‍തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്‌. അപ്പോഴേക്കും പലര്‍ക്കും ആയിരം ഡോളര്‍ വച്ച്‌ നഷ്‌ടപ്പെട്ടിരുന്നു. തങ്ങള്‍ ചതിക്കപ്പെട്ടതാണെന്നറിഞ്ഞ പലരും അമളി പുറത്തറിഞ്ഞു വഷളാവേണ്ട എന്നു കരുതി മൗനം പാലിച്ചു.
അമാനുല്ലയുടെ വിസിറ്റിങ്‌ കാര്‍ഡില്‍ നിന്ന്‌ ഇ-മെയില്‍ വിലാസം സ്വന്തമാക്കിയ ഹാക്കര്‍മാര്‍ ഒപ്പിച്ച വേലയായിരുന്നു ഇത്‌. ഹോട്ടലില്‍ നിന്നോ, ഒരുപക്ഷേ, യാത്രയിലെവിടെ വച്ചോ ആവാം ഈ വിലാസം മോഷ്‌ടിക്കപ്പെട്ടത്‌. വളരെ ആസൂത്രിതവും സമയബന്ധിതവുമായി നടത്തിയ ഓപറേഷനിലൂടെ പണം കവര്‍ന്നെടുത്ത വിദഗ്‌ധ ഹാക്കര്‍മാര്‍ അതിനു വേണ്ടി മൊബൈല്‍ നമ്പറും അക്കൗണ്ടും വരെ ക്രിയേറ്റ്‌ ചെയ്യുന്നു എന്നതാണ്‌ സ്ഥിതി.
ഇത്തരത്തില്‍ അമളി പിണയുന്നവര്‍ കുറച്ചൊന്നുമല്ല ഉള്ളത്‌. വിദേശ യാത്ര പോവുന്നവരുടെ പേരിലാണ്‌ ഈ തട്ടിപ്പ്‌ കൂടുതലും അരങ്ങേറുന്നത്‌. ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ താമസിക്കുന്ന ഹോട്ടലില്‍ നിന്നോ സംബന്ധിക്കുന്ന ചടങ്ങുകളില്‍ നിന്നോ ഒക്കെ പരിചയപ്പെടുന്ന ഇവര്‍ മെയില്‍ വിലാസം മോഷ്‌ടിച്ച്‌ വിദഗ്‌ധര്‍ക്ക്‌ കൈമാറുന്നു എന്നുവേണം കരുതാന്‍. 



തേജസ്‌ പരമ്പര - ഭാഗം 1 - 3-10-08