Monday, October 6, 2008

കാമുകി ചമഞ്ഞും തട്ടിപ്പ്‌; കാരുണ്യം കാട്ടിയും വെട്ടിപ്പ്‌


അമ്മാര്‍ കിഴുപറമ്പ്‌
എന്റെ പേര്‌ മിസ്‌ സൂസണ്‍ ഒച്ചായി, ഞാന്‍ ഐവറി കോസ്റ്റിലെ അബിഡ്‌ജാനില്‍ നിന്നാണ്‌ ഇതെഴുതുന്നത്‌. 20 വയസ്സുള്ള ഞാന്‍ സിയറ ലിയോണിലാണു താമസം. ആഭ്യന്തരകലാപം രൂക്ഷമായപ്പോള്‍ എന്റെ വീടും മാതാവിനെയും സഹോദരനെയും എനിക്കു നഷ്‌ടമായി. എന്റെ പിതാവ്‌ അബിഡ്‌ജാനിലെ പ്രശസ്‌തനായ കൊക്കോ-കോഫി വ്യാപാരിയും എക്‌സ്‌പോര്‍ട്ടറുമാണ്‌. വിമതഗ്രൂപ്പുകാരുടെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 2006ല്‍ പിതാവ്‌ നഷ്‌ടപ്പെട്ടതോടെ ഞാന്‍ തീര്‍ത്തും അനാഥയാണ്‌.
ഈ രാജ്യത്തെ വാസം എനിക്ക്‌ മടുത്തിരിക്കുന്നു. പിതാവിന്റെ സമ്പാദ്യമായ 18.4 മില്യണ്‍ ഡോളര്‍ പൂര്‍ണമായും എനിക്കവകാശപ്പെട്ടതാണ്‌. ഈ സംഖ്യ ഏതെങ്കിലും വിദേശരാജ്യത്തേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌ത്‌ അവിടെ ജീവിക്കാനാണ്‌ ആഗ്രഹം. താങ്കള്‍ക്ക്‌ എന്നെ സഹായിക്കാന്‍ പറ്റുമെങ്കില്‍ താങ്കളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു. എനിക്ക്‌ താങ്കളുടെ നാട്ടില്‍ വന്നു പഠിക്കാനുള്ള വിസ സംഘടിപ്പിച്ചു തന്നാല്‍ മതി. വീട്‌ വാങ്ങി ഞാന്‍ അവിടെ താമസിക്കാം. ഈ ഉപകാരത്തിന്‌ താങ്കള്‍ സന്നദ്ധനായാല്‍ മൊത്തം ട്രാന്‍സ്‌ഫര്‍ സംഖ്യയുടെ 25 ശതമാനം പ്രതിഫലമായി തരാന്‍ ഞാന്‍ തയ്യാറാണ്‌. താങ്കളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുകയാണ്‌. പ്ലീസ്‌, അനാഥയായ എന്നെ ആഭ്യന്തരകലാപം കൊടുമ്പിരിക്കൊണ്ട ഈ മണ്ണില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കണം.
ഈ കത്തിനു മറുപടി അയച്ചാല്‍ കിട്ടുക നേരത്തേ ലഭിച്ച അതേ രൂപത്തില്‍ തന്നെയായിരിക്കും. ബാങ്ക്‌ അക്കൗണ്ട്‌ നമ്പറും പൂര്‍ണ വിലാസവും നല്‍കിയാല്‍ നേരത്തേ പറഞ്ഞപോലെ യാത്രച്ചെലവിനും ട്രാന്‍സ്‌ഫര്‍ ചെയ്യാനുള്ള ചെലവിനും പണം ആവശ്യപ്പെടും. സ്‌ത്രീകളുടെ പേരില്‍ വരുന്ന ഇത്തരം മെയിലുകള്‍ കാമുകിയായി അഭിനയിച്ചാണ്‌ സഹായം ആവശ്യപ്പെടാറ്‌.
കേരളത്തിലെ നിരവധി സോഷ്യല്‍ ചാരിറ്റി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ഇ-മെയില്‍ വിലാസത്തില്‍ വരുന്ന കത്തുകള്‍ മുകളില്‍ കൊടുത്ത കത്തിന്റെ മറ്റൊരു പതിപ്പാണ്‌. കേരളത്തിലെ അശരണരും അഗതികളും നിരാലംബരുമായവരെ സഹായിക്കാന്‍ താങ്കളുടെ സ്ഥാപനം നടത്തുന്ന സേവനങ്ങള്‍ എന്നെ വളരെയേറെ സന്തോഷപ്പെടുത്തിയിരിക്കുന്നു. എന്റെ കുടുംബസ്വത്തിന്റെ ഒരു വിഹിതം താങ്കളുടെ സ്ഥാപനത്തിനു നല്‍കുന്നതില്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. ആയതിനാല്‍ താങ്കളുടെ സ്ഥാപനത്തിന്റെ അക്കൗണ്ട്‌ നമ്പറും ഫണ്ട്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കവറിങ്‌ ലെറ്ററും എത്രയും പെട്ടെന്ന്‌ എന്റെ വിലാസത്തില്‍ അയച്ചുതരുക. പ്രസ്‌തുത സംഖ്യ മൂന്നുകോടിയിലധികം ഇന്ത്യന്‍ രൂപയുണ്ട്‌.
ഇപ്പോള്‍ ഇവിടത്തെ ബാങ്കില്‍ നിക്ഷേപിച്ച പണം താങ്കളുടെ മറുപടി കിട്ടിയാല്‍ തുടര്‍നടപടികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കി താങ്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതാണ്‌. കേരളത്തിലെ രണ്ട്‌ അനാഥശാലകള്‍ ഇത്തരത്തില്‍ പണം മോഹിച്ച്‌ ചതിയില്‍പ്പെട്ടിട്ടുണ്ട്‌. തൃശൂരിലെ ക്രിസ്‌ത്യന്‍ സഭ നടത്തുന്ന അനാഥശാലയ്‌ക്ക്‌ മൂന്നുലക്ഷം രൂപയാണത്രെ നഷ്‌ടപ്പെട്ടത്‌. കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിം സ്ഥാപനത്തിന്‌ 50,000 രൂപയാണു നഷ്‌ടമായത്‌. ഓരോ സ്ഥാപനത്തെയും വ്യക്തികളെയും എങ്ങനെ ആകര്‍ഷിക്കാമെന്നതാണ്‌ ഇത്തരം കമ്പനികളുടെ പ്രധാന കണ്ടെത്തല്‍. അടുത്തകാലത്തായി മുസ്‌ലിം ചാരിറ്റി സംഘടനകള്‍ക്കും യത്തീംഖാനകള്‍ക്കും സകാത്ത്‌ പണം നല്‍കാന്‍ ആഗ്രഹിക്കുന്നെന്ന്‌ പറഞ്ഞാണ്‌ ഇത്തരം മെയില്‍ വരുന്നത്‌. തന്റെ വിദേശരാജ്യങ്ങളിലുള്ള സ്ഥാപനങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ സകാത്ത്‌ ഇത്ര പണമുണ്ടെന്നും അവ മൂന്നാംലോക രാജ്യങ്ങളില്‍ വിതരണം ചെയ്യാനാണ്‌ ആഗ്രഹമെന്നും കാണിച്ചാണ്‌ മെയില്‍ വരുന്നത്‌. സ്വന്തമായി വെബ്‌സൈറ്റുകളുള്ള സ്ഥാപനങ്ങളുടെ ഇ-മെയില്‍ വിലാസം കണ്ടെത്തി വളരെ വിശദമായാണു കത്തെഴുതുന്നത്‌. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട നിരവധി സ്ഥാപനങ്ങളുണ്ടാവാമെന്നും മാനഹാനി ഭയന്ന്‌ പുറത്തുപറയാതിരിക്കുകയാണെന്നുമാണ്‌ ഉയര്‍ന്ന പോലിസ്‌ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്‌.
ഇത്തരം കേസുകളുടെ പരാതി ലഭിച്ചാല്‍ പ്രതി നൈജീരിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്നതിനാല്‍ തന്നെ നടപടികളുമായി മുന്നോട്ടുപോവുക സാധ്യമല്ല. അതിവിദഗ്‌ധമായ കഥകള്‍ മെനഞ്ഞ്‌ ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ അന്താരാഷ്‌ട്ര നെറ്റ്‌വര്‍ക്കിലൂടെ ലക്ഷങ്ങളാണ്‌ കൊയ്യുന്നത്‌. ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്നു പറഞ്ഞ്‌ വരുന്ന മെയിലുകളും സമാന സ്വഭാവത്തിലാണു ചൂഷണംചെയ്യുന്നത്‌. വിദേശത്തെ വിവിധ കമ്പനികളിലേക്ക്‌ വിവിധ യോഗ്യതയുള്ളവരെ ആവശ്യമുണ്ടെന്നു പറഞ്ഞ്‌ വരുന്ന മെയിലില്‍ ഉദ്യോഗാര്‍ഥിക്ക്‌ പതിനായിരങ്ങളും ലക്ഷങ്ങളുമാണ്‌ ശമ്പളം വാഗ്‌ദാനം ചെയ്യുന്നത്‌. ഇന്റര്‍വ്യൂ നടപടികള്‍ക്ക്‌ അയ്യായിരവും പതിനായിരവും രൂപ ഈടാക്കിക്കൊണ്ടാണ്‌ ചൂഷണം അരങ്ങേറുന്നത്‌. പണം ലഭിച്ചാല്‍ ഇന്റര്‍വ്യൂവോ ജോലിയോ ഇല്ലെന്നു മാത്രമല്ല, പിന്നീടു യാതൊരു വിനിമയവും ഇക്കൂട്ടരുമായി നടത്താനും കഴിയാറില്ല. വിദേശ രാജ്യങ്ങളില്‍ മെഡിസിനും എന്‍ജിനീയറിങിനും നഴ്‌സിങിനും എം.ബി.എയ്‌ക്കും സീറ്റ്‌ തരപ്പെടുത്തി ത്തരാമെന്ന്‌ മോഹിപ്പിച്ചും ആയിരങ്ങള്‍ തട്ടുന്ന വിരുതന്മാര്‍ ഇന്റര്‍നെറ്റില്‍ വിലസുന്നുണ്ട്‌.
കോടികള്‍ ഒറ്റയ്‌ക്ക്‌ കൈവശപ്പെടുത്താമെന്ന അതിമോഹത്തില്‍ സമ്പാദ്യം അന്യദേശക്കാര്‍ക്കു മുന്നില്‍ കൊണ്ടു ചെന്ന്‌ സമര്‍പ്പിക്കുന്നവരുടെ എണ്ണവും അതുമായി ബന്ധപ്പെട്ട ക്രൈമും നാള്‍ക്കുനാള്‍ അധികരിച്ചതാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ശ്രദ്ധവരെ ഈ വിഷയത്തില്‍ പതിയാന്‍ ഇടവരുത്തിയത്‌. ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ മാനേജ്‌മെന്റ്‌ ആക്‌റ്റ്‌ 1999നു കീഴില്‍ നറുക്കെടുപ്പ്‌ സ്‌കീമുകള്‍ക്ക്‌ പണമയക്കുന്നത്‌ നിരോധിച്ചിട്ടുണ്ടെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതൊക്കെ അറിഞ്ഞിട്ടും നിരവധിപേര്‍ വീണ്ടും തട്ടിപ്പില്‍ അകപ്പെടുന്നു എന്നതാണു വിചിത്രം. പുതിയപുതിയ കഥകള്‍ മെനഞ്ഞ്‌ ഇരകളെ ആകര്‍ഷിക്കുകയാണ്‌ ഇന്റര്‍നെറ്റ്‌ ചൂഷകസംഘങ്ങള്‍.
ഇന്റര്‍നെറ്റ്‌ കഫേയിലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അശ്രദ്ധയോടെ അവ കൈകാര്യംചെയ്‌താല്‍ പെടുന്ന ആപത്ത്‌
നാളെ:
ഒളികാമറയില്‍ ഒപ്പുന്നത്‌ നഗ്നത

തേജസ്‌ പരമ്പര - ഭാഗം 4 - 6-10-08 

2 comments:

Jayasree Lakshmy Kumar said...

നല്ല പോസ്റ്റ്. ഈ പോസ്റ്റുകളിലെല്ലാം കൊടുത്തിരിക്കുന്ന ചിത്രങ്ങൾ വരച്ചിരിക്കുന്ന സഗീർ ആരാ?

രജന said...

സഗീര്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളിലും വരക്കുന്ന ഫ്രീലാന്‍സ്‌ കാര്‍ട്ടൂണിസ്റ്റാണ്‌