അമ്മാര്‍ കിഴുപറമ്പ്
നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും പോസ്റ്റ്‌മാന്‍ തപാല്‍ ഉരുപ്പടികളുമായി ദിവസത്തിലൊരിക്കല്‍ മാത്രമെ എത്താറുള്ളൂ. വീടുവീടാന്തരം കയറിയിറങ്ങി വിലാസക്കാരനെ നേരില്‍ക്കണ്ട് കത്തുകള്‍ കൈമാറണമെന്നാണു നിയമം. പക്ഷേ, ഗ്രാമീണ ജനതയുടെ സഹകരണമനോഭാവവും നന്മയും പോസ്റ്റ്‌മാന്റെ ജോലിയിലും ഇളവു നല്‍കുന്നു. ഗ്രാമത്തിലെ ഏതെങ്കിലുമൊരു കടയില്‍ ആ പ്രദേശത്തേക്കുള്ള കത്തുകള്‍ നല്‍കാറാണു പതിവ്. ഇന്നിപ്പോള്‍ വാര്‍ത്താവിനിമയരംഗത്ത് വന്‍ വിപ്ലവം വരുത്തി മൊബൈല്‍ഫോണും ഇന്റര്‍നെറ്റും സുലഭമായതോടെ കത്തുകളുടെ എണ്ണം നന്നെ ചുരുങ്ങി. ഗവണ്‍മെന്റ് ഓഫിസ് നടപടികള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഈ മേഖലയെ പിടിച്ചുനിര്‍ത്തുന്നത്. കാലവിളംബം കൂടാതെ വിലാസക്കാരന്റെ കൈവശം ഉരുപ്പടികള്‍ എത്തിക്കാന്‍ കൊറിയര്‍ കമ്പനികള്‍ കൂടി പ്രഫഷനല്‍ രീതിയില്‍ രംഗത്തെത്തിയതോടെ പഴയകാല പോസ്റ്റ്‌മാന്റെ സൈക്കിള്‍ മണിയും ആധുനിക ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഇടവഴികളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്.
ഇന്റര്‍നെറ്റിലെ തപാല്‍പ്പെട്ടി തീര്‍ത്തും സൗജന്യവും 24 മണിക്കൂറും ഇടതടവില്ലാത്ത സേവനവുമാണു നല്‍കുന്നത്. ഗൂഗ്‌ള്‍, ഹോട്ട്‌മെയില്‍, യാഹു തുടങ്ങിയ ആഗോള ഭീമന്‍ കമ്പനികള്‍ ലോകജനതയ്‌ക്കു തീര്‍ത്തും സൗജന്യമായാണ് ഈ സേവനം നല്‍കുന്നത്. മുകളില്‍ പറഞ്ഞ കമ്പനികളുടെ അക്കൗണ്ട് ഉപയോഗപ്പെടുത്തി ഇഷ്‌ടപ്പെട്ട വിലാസത്തില്‍ തപാല്‍പ്പെട്ടി സ്ഥാപിച്ചാല്‍ തീര്‍ത്തും സ്വകാര്യമായി കത്തുകള്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യാം.
ഹാക്കര്‍മാര്‍ പൊട്ടിക്കാത്തിടത്തോളം ഒരാളും താങ്കളുടെ കത്തുകള്‍ പൊളിച്ചു വായിക്കില്ല. കാമുകിക്കൊരു കത്ത് നല്‍കാന്‍ നാട്ടിന്‍പുറങ്ങളിലൊക്കെ പലരും അനുഭവിച്ച പ്രയാസം ചെറുതായിരുന്നില്ല. പാത്തും പതുങ്ങിയും ആരും കാണാതെ കുളക്കടവിലെ കല്ലുകള്‍ക്കടിയിലും മരപ്പൊത്തിലും വായിക്കാന്‍ വാങ്ങിയ പുസ്‌തകത്തിനിടയിലും പേടിച്ചുവിറച്ച് വേണ്ടിയിരുന്നു കാര്യം സാധിക്കാന്‍. ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യ മൂന്നാമതൊരാള്‍ക്ക് ഇടംനല്‍കാതെ ആശയവിനിമയം എളുപ്പമാക്കിത്തീര്‍ക്കുന്നു.
ഇങ്ങനെ ഉണ്ടാക്കിയ മെയിലില്‍ ഓരോ ദിവസവും നിരവധി അജ്ഞാത കത്തുകളാണ് പലരെയും തേടി വന്നു കൊണ്ടിരിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ പ്രമോഷന്‍ സംബന്ധമായും മറ്റും വന്നിരുന്ന കുറിപ്പുകളായിരുന്നു പലതുമെങ്കില്‍ ഇന്നു വന്‍ തട്ടിപ്പുകളുടെ വേദിയായി അവയെല്ലാം മാറിയിരിക്കുന്നു. പല കത്തുകളും നിമിഷനേരത്തേക്ക് താങ്കളെ കോടിപതിയാക്കി മാറ്റുന്നവയാണ്. ഈ മോഹനവാഗ്‌ദാനങ്ങളുടെ പിന്നാലെ കോടികള്‍ മോഹിച്ച് സഞ്ചരിച്ചാലോ മാനഹാനിയും ധനനഷ്‌ടവുമാണ് ബാക്കിപത്രം. അത്തരത്തില്‍ വന്ന ചില മെയിലുകള്‍ ശ്രദ്ധിക്കുക:
``പ്രിയ സഹോദരാ...
ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്‍ക്കുണ്ടാവട്ടെ. ദൈവനാമത്തില്‍ പറയട്ടെ, താങ്കള്‍ക്കും എനിക്കും തുല്യ ലാഭമുള്ള ഒരു വിഷയത്തെപ്പറ്റിയാണ് ഈ കത്ത്. താങ്കളുടെ വിലപ്പെട്ട സമയം കഴിയുമെങ്കില്‍ അനുവദിക്കുക. കത്ത് വായിച്ചശേഷം താങ്കള്‍ക്ക് ഈ ഇടപാടില്‍ താല്‍പ്പര്യമില്ലെങ്കില്‍ സദയം ക്ഷമിക്കുക. ഈ കത്ത് മായ്‌ച്ചുകളയുക.
എന്റെ പേര് മുഹമ്മദ് അല്‍ഫ. ബുര്‍ക്കിനോഫാസ റിപബ്ലിക്കിലുള്ള ബാങ്ക് ഓഫ് ആഫ്രിക്കയുടെ ഓപറേഷന്‍ മാനേജറാണു ഞാന്‍. ഞാന്‍ ഒരു വിദേശ പാര്‍ട്‌ണറെ തേടിനടക്കുകയാണ്. താങ്കള്‍ക്ക് നല്ലൊരു ഭാവി എന്റെ പങ്കാളിത്തംകൊണ്ട് ലഭ്യമാവും. നാലുകുട്ടികളുടെ പിതാവായ എനിക്കിപ്പോള്‍ 52 വയസ്സ് പ്രായമുണ്ട്.
ഈ നടപ്പുവര്‍ഷം എന്റെ ബാങ്കില്‍ അഞ്ച് മില്യണ്‍ ബ്രിട്ടീഷ് പൗണ്ട് അനധികൃതമായി വന്നുചേര്‍ന്നിട്ടുണ്ട്. ഈ തുകയെക്കുറിച്ച് സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കോ ബാങ്കിന്റെ ഹെഡ് ഓഫിസിനോ യാതൊന്നും അറിയില്ല. ആയതിനാല്‍ത്തന്നെ ഇതേക്കുറിച്ചുള്ള ഫയലുകള്‍ ഞാന്‍ പൂഴ്‌ത്തിവച്ചിരിക്കയാണിപ്പോള്‍. നിരവധി വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്രയും തുക സമാഹരിക്കപ്പെട്ടത്. ഞാന്‍ അടുത്ത വര്‍ഷം സര്‍വീസില്‍ നിന്നു പിരിയുകയാണ്. അതുകൊണ്ട് ഈ പണം ഉപയോഗപ്പെടുത്തി സ്വന്തമാക്കാന്‍ താങ്കള്‍ എന്നെ സഹായിക്കണം. ഞാന്‍ ഈ സ്ഥാപനത്തിലെ ജീവനക്കാരനായതിനാല്‍ നേരിട്ട് ഇക്കാര്യത്തില്‍ എനിക്കു ബന്ധപ്പെടാനാവില്ല. ഞാന്‍ നല്‍കുന്ന രേഖകള്‍പ്രകാരം താങ്കള്‍ ബന്ധപ്പെട്ടാല്‍ പ്രയാസം കൂടാതെ അവ കൈമാറാന്‍ ഞാന്‍ സഹായിക്കാം. താങ്കളുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി ഈ പണമത്രയും ഞാന്‍ ട്രാന്‍സ്‌ഫര്‍ ചെയ്‌തുതരാം. മൊത്തം സംഖ്യയുടെ 40 ശതമാനം താങ്കള്‍ക്കു നല്‍കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ബാങ്കില്‍ നിന്നു ബാങ്കിലേക്കുള്ള കൈമാറ്റമായതിനാല്‍ നിയമ നടപടികളൊന്നും ഭയപ്പെടേണ്ടതില്ല. താങ്കളുടെ പൂര്‍ണ വിലാസവും ഏതെങ്കിലും മള്‍ട്ടി നാഷനല്‍ ബാങ്കിലുള്ള അക്കൗണ്ട് നമ്പറും അയച്ചുതന്നു സഹകരിക്കുക. ാീവമാാലറമഹുവമ 20081@്യമവീീ.രീാ എന്ന വിലാസത്തിലേക്ക് രേഖകള്‍ ഉടനെ അയച്ചുതരിക. താങ്കള്‍ക്ക് ഈ ഡീലില്‍ ഒരു ഉത്തരവാദിത്തവും പ്രയാസവും ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു.
വിശ്വസ്‌തതയോടെ മുഹമ്മദ് അല്‍ഫ.''
അക്കൗണ്ട് നമ്പറും വിലാസവും അയച്ചാല്‍ അടുത്തപടി വരുന്ന മെയില്‍ താങ്കളുടെ ധീരമായ സഹകരണത്തിനു നന്ദിയായിരിക്കും. ഏതാനും ദിവസത്തെ താമസം രേഖകള്‍ ശരിയാക്കാനുണ്ടെന്നും എത്രയുംവേഗം കാര്യങ്ങള്‍ നേരെയാവാന്‍ പ്രാര്‍ഥിക്കണമെന്നും പറഞ്ഞ് വീണ്ടും മെയില്‍ വരും. കുറച്ചു ദിവസത്തിനു ശേഷം ബാങ്കില്‍ രേഖകളെല്ലാം താങ്കളുടെ പേരിലേക്കു മാറ്റിയെന്നും ഇത്രയും വലിയ തുക ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ 5,000 ഡോളര്‍ ആവശ്യമാണെന്നും തുക എത്രയുംവേഗം അയച്ചുതന്ന് ഈ ട്രാന്‍സ്‌ഫര്‍ ദൗത്യം എളുപ്പമാക്കണമെന്നും അടുത്ത മെയിലില്‍ വിവരമെത്തും. ചില രേഖകളില്‍ താങ്കള്‍ തന്നെ നേരിട്ടുവന്ന് ഒപ്പിടണമെന്നും അതിനുവേണ്ടി സന്ദര്‍ശക വിസ ഞങ്ങള്‍ ശരിയാക്കുന്നുണ്ടെന്നും ആയതിലേക്ക് ഇത്ര തുക വേണമെന്നു പറഞ്ഞും ഇ-മെയില്‍ വരാറുണ്ട്. കിട്ടിയ കോടികള്‍ നഷ്‌ടപ്പെടരുതെന്നും മറ്റുള്ളവരോടു പറഞ്ഞ് നാട്ടില്‍ പാട്ടാക്കരുതെന്നു കരുതിയും ചിലര്‍ കാര്യങ്ങള്‍ രഹസ്യമാക്കിവയ്‌ക്കും. വിറ്റും പെറുക്കിയും അവര്‍ ആവശ്യപ്പെട്ട തുക സ്വരൂപിച്ച് അയച്ചുകൊടുത്താല്‍ പിന്നെ ബാങ്കുമില്ല, പണവുമില്ല. ഇതേ രൂപത്തിലുള്ള മറ്റൊരു തട്ടിപ്പിന് മെനഞ്ഞെടുത്ത കഥ ഏറെ രസകരമാണ്.
(തുടരും)
തേജസ് പരമ്പര - ഭാഗം 3 - 5-10-08
Monday, October 6, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment