ആശയവിനിമയരംഗത്ത് ഇന്റര്‍നെറ്റ് കൊണ്ടുവന്ന വേഗം ലോകജനതയ്‌ക്കു നല്‍കിയ സൗകര്യം ചെറുതല്ല. ലോകത്തിന്റെ ഏതു കോണിലുള്ള മനുഷ്യരുമായും ആശയവിനിമയം തദ്‌സമയം പ്രാപ്‌തമാക്കിയ ഇന്റര്‍നെറ്റ് സൗകര്യമെന്നതിനപ്പുറം പലര്‍ക്കും ഇന്നൊരു ശാപമായി മാറിയിരിക്കുന്നു. തീര്‍ത്തും സ്വകാര്യമെന്ന് കണക്കുകൂട്ടിയ ഇന്റര്‍നെറ്റില്‍ നുഴഞ്ഞുകയറി കംപ്യൂട്ടര്‍ വിദഗ്‌ധര്‍ ഒപ്പിക്കുന്ന വേലകള്‍ പലരുടെയും മാനവും പണവും സമയവും കവര്‍ന്നെടുക്കുകയാണ്. ഓരോ ഇന്റര്‍നെറ്റ് ഉപഭോക്താവും സ്വകാര്യമാക്കിവച്ച പാസ്‌വേഡ് പോലും അതിവിദഗ്‌ധമായി മോഷ്‌ടിച്ചു വേലയൊപ്പിക്കുന്ന ഹാക്കര്‍മാരും, ലോട്ടറിയും സമ്മാനവും ലഭിച്ചെന്ന് മോഹിപ്പിച്ചു പണം തട്ടുന്ന കംപ്യൂട്ടര്‍ വിദഗ്‌ധരും ചേര്‍ന്ന് ഇന്റര്‍നെറ്റ് എന്ന രണ്ടാംലോകത്തെ അടക്കിഭരിക്കുകയാണിന്ന്. ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും പുതിയ മേഖലയായി വളര്‍ന്ന ഇന്റര്‍നെറ്റിലെ ചതിക്കുഴികളിലൂടെയുള്ള സഞ്ചാരം.
അമ്മാര്‍ കിഴുപറമ്പ്
``സര്‍,
?ഞാന്‍ രണ്ടു ദിവസമായി സിംഗപ്പൂരിലാണ് ഉള്ളത്. കമ്പനിയുടെ ചില ആവശ്യങ്ങള്‍ക്കു വേണ്ടി വന്നതാണ്. എന്റെ അശ്രദ്ധ കാരണം ഞാനിപ്പോള്‍ ഏറെ പ്രയാസപ്പെടുകയാണ്. ഇന്നലെ ഒന്നുരണ്ട് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയിരുന്നു. മടക്കയാത്രയില്‍ എന്റെ പണമടങ്ങിയ ബാഗ് എവിടെയോ നഷ്‌ടപ്പെട്ടുപോയി. രണ്ടു ദിവസം കൂടി കഴിഞ്ഞാണ് മടക്കയാത്രയ്‌ക്കുള്ള വിമാനടിക്കറ്റ് ഓ.കെ ആയത്. അതിനാല്‍ 1000 ഡോളര്‍ മണിഗ്രാം വഴിയോ, യു.എ.ഇ എക്‌സ്‌ചേഞ്ച് വഴിയോ അയച്ചുതന്ന് സഹായിക്കണം. തിരികെ ഖത്തറിലെത്തിയാല്‍ കഴിയും വേഗം മടക്കിത്തരുന്നതാണ്. ഇപ്പോള്‍ പണമൊന്നും കൈവശമില്ലാത്തതിനാല്‍ ഹോട്ടലില്‍ തന്നെ തങ്ങുകയാണ്. കഴിവതും വേഗം സഹായിക്കണമെന്ന് ഉണര്‍ത്തി നിര്‍ത്തട്ടെ. സ്‌നേഹത്തോടെ അമാനുല്ല.'' ?
ഖത്തറിലെ പരസ്യ സ്ഥാപനത്തിന്റെ സി.ഇ.ഒയും മാധ്യമപ്രവര്‍ത്തകനുമായ അമാനുല്ലയുടെ മെയില്‍ പലര്‍ക്കും കിട്ടി. ഖത്തറിലുള്ള ചിലര്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫാണെന്നറിഞ്ഞു.
ജോലി ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടവര്‍ക്ക് അമാനുല്ല സിംഗപ്പൂരിലാണെന്നും ബന്ധപ്പെടാന്‍ അവിടത്തെ നമ്പറൊന്നുമില്ലെന്നും അറിയാന്‍ കഴിഞ്ഞു. അമാനുല്ലയുടെ പണമാവശ്യപ്പെട്ടുള്ള മെയില്‍ തങ്ങള്‍ക്കു മാത്രമയച്ചതായിരിക്കുമെന്ന് കരുതി സന്ദേശം ലഭിച്ച ആരും പരസ്‌പരം പറഞ്ഞില്ല. ഖത്തറിലെ പരസ്യ ഏജന്‍സിക്കാര്‍ അമാനുല്ല താമസിക്കുന്ന ഹോട്ടലിന്റെ ഫോണ്‍ നമ്പര്‍ അയച്ചു തന്നാല്‍ പണം എത്രയും വേഗം എത്തിക്കാമെന്ന് അമാനുല്ലയുടെ ഇ-മെയിലില്‍ മറുപടി അയച്ചു. ഈ സന്ദേശത്തിന് വന്ന മറുപടിയില്‍ സിംഗപ്പൂരിലെ ഹോട്ടലിന്റെ മൊബൈല്‍ നമ്പറും പണം നല്‍കേണ്ട എക്‌സ്‌ചേഞ്ച് വിലാസവുമുണ്ടായിരുന്നു. പരസ്യ കമ്പനിക്കാര്‍ നമ്പറില്‍ സിംഗപ്പൂരിലേക്ക് വിളിച്ചപ്പോള്‍ അമാനുല്ല പുറത്തുപോയതാണെന്നും വിളിച്ചാല്‍ പണം പെട്ടെന്ന് മെയിലില്‍ തന്ന വിലാസത്തില്‍ അയക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. അവിശ്വസനീയമായി ഒന്നും തോന്നാതിരുന്നപ്പോള്‍ പരസ്യകമ്പനിക്കാര്‍ ആയിരം ഡോളര്‍ പെട്ടെന്ന് തന്നെ അയച്ചുകൊടുത്തു. ഖത്തറിലെ പണക്കാരും വ്യാപാരികളും അടങ്ങുന്ന സുഹൃത്തുക്കളില്‍ പലരും ഇതുപോലെ പണം അയച്ചു കൊടുത്തു. രണ്ടുദിവസം കഴിഞ്ഞ് ഖത്തറില്‍ തിരിച്ചെത്തിയപ്പോഴാണ് അമാനുല്ല കാര്യങ്ങളെല്ലാം അറിഞ്ഞു ഞെട്ടിപ്പോയത്. തന്റെ മെയില്‍ മൂന്നുദിവസമായി തുറന്നുനോക്കിയിട്ടുപോലുമില്ലെന്നും സിംഗപ്പൂരില്‍ തനിക്ക് അത്തരമൊരു അബദ്ധം പിണഞ്ഞിട്ടില്ലെന്നും അമാനുല്ല പറഞ്ഞതോടെയാണ് വന്‍തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. അപ്പോഴേക്കും പലര്‍ക്കും ആയിരം ഡോളര്‍ വച്ച് നഷ്‌ടപ്പെട്ടിരുന്നു. തങ്ങള്‍ ചതിക്കപ്പെട്ടതാണെന്നറിഞ്ഞ പലരും അമളി പുറത്തറിഞ്ഞു വഷളാവേണ്ട എന്നു കരുതി മൗനം പാലിച്ചു.
അമാനുല്ലയുടെ വിസിറ്റിങ് കാര്‍ഡില്‍ നിന്ന് ഇ-മെയില്‍ വിലാസം സ്വന്തമാക്കിയ ഹാക്കര്‍മാര്‍ ഒപ്പിച്ച വേലയായിരുന്നു ഇത്. ഹോട്ടലില്‍ നിന്നോ, ഒരുപക്ഷേ, യാത്രയിലെവിടെ വച്ചോ ആവാം ഈ വിലാസം മോഷ്‌ടിക്കപ്പെട്ടത്. വളരെ ആസൂത്രിതവും സമയബന്ധിതവുമായി നടത്തിയ ഓപറേഷനിലൂടെ പണം കവര്‍ന്നെടുത്ത വിദഗ്‌ധ ഹാക്കര്‍മാര്‍ അതിനു വേണ്ടി മൊബൈല്‍ നമ്പറും അക്കൗണ്ടും വരെ ക്രിയേറ്റ് ചെയ്യുന്നു എന്നതാണ് സ്ഥിതി.
ഇത്തരത്തില്‍ അമളി പിണയുന്നവര്‍ കുറച്ചൊന്നുമല്ല ഉള്ളത്. വിദേശ യാത്ര പോവുന്നവരുടെ പേരിലാണ് ഈ തട്ടിപ്പ് കൂടുതലും അരങ്ങേറുന്നത്. ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ താമസിക്കുന്ന ഹോട്ടലില്‍ നിന്നോ സംബന്ധിക്കുന്ന ചടങ്ങുകളില്‍ നിന്നോ ഒക്കെ പരിചയപ്പെടുന്ന ഇവര്‍ മെയില്‍ വിലാസം മോഷ്‌ടിച്ച് വിദഗ്‌ധര്‍ക്ക് കൈമാറുന്നു എന്നുവേണം കരുതാന്‍.
തേജസ് പരമ്പര - ഭാഗം 1 - 3-10-08
Monday, October 6, 2008
Subscribe to:
Post Comments (Atom)
1 comment:
ഇങ്ങിനേയുമൊക്കെ സംഭവിക്കുന്നുണ്ടല്ലേ?! നെറ്റ് വഴിയുള്ള ഈ മാതിരി തട്ടിപ്പുകളെക്കൂറിച്ച് ഈ കുറിപ്പുകൾ അറിവു പകരുന്നു. എടുക്കേണ്ട മുൻകരുതലുകളേ കുറിച്ചും പോസ്റ്റുകളിട്ടാൽ നന്നായിരുന്നു
Post a Comment