Monday, October 6, 2008

ബക്കര്‍ കബളിപ്പിക്കപ്പെട്ട രീതി

അമ്മാര്‍ കിഴുപറമ്പ്‌
കോഴിക്കോട്ടെ കോണ്‍കോഡ്‌ ഇന്റര്‍നാഷനല്‍ ട്രാവല്‍സ്‌ ഉടമ ബക്കര്‍ കബളിപ്പിക്കപ്പെട്ടത്‌ ദുബയ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ജനറല്‍ മാനേജറുടെ പേരിലാണ്‌. കേരളത്തില്‍ നിന്നു ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിന്റെ ഭാഗമായി നിരവധി തവണ ബക്കര്‍ യു.എ.ഇ സന്ദര്‍ശിച്ചിട്ടുണ്ട്‌. ട്രാവല്‍സിന്റെ അറബിയിലും ഇംഗ്ലീഷിലുമുള്ള കളര്‍ ബ്രോഷര്‍ വിദേശയാത്രകളില്‍ പല കമ്പനികള്‍ക്കും നല്‍കാറുണ്ട്‌. ഇവരില്‍ പലരും അന്വേഷണങ്ങള്‍ നടത്താറും തൊഴിലാളികള്‍ക്കു വേണ്ടി ബന്ധപ്പെടാറുമുണ്ട്‌. ഒരിക്കല്‍ ദുബയ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ചെയര്‍മാന്റെ പേരില്‍ വന്ന മെയില്‍ ഇപ്രകാരമായിരുന്നു:
``സഹോദരന്‍ ബക്കറിന്‌,
ഞാന്‍ ഫിലിപ്പീന്‍സില്‍ നിന്നു ബംഗ്ലാദേശ്‌ വഴി ഇന്നലെ പഞ്ചാബിലെത്തി. ദുബയ്‌ മെട്രോ റെയില്‍വേക്ക്‌ വേണ്ടിയുള്ള തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുകയാണു യാത്രാലക്ഷ്യം. ഒരാഴ്‌ചയ്‌ക്കുള്ളില്‍ കേരളത്തിലെത്തും. താഴെപ്പറയുന്ന കാറ്റഗറിയില്‍പ്പെട്ട ജീവനക്കാരെ താങ്കള്‍ അപ്പോഴേക്കും കണ്ടെത്തുക. ഏകദേശം അഞ്ഞൂറോളം പേരെ ആവശ്യമുണ്ട്‌. പഞ്ചാബില്‍ രണ്ടുദിവസമായിരുന്നു താമസിക്കാന്‍ പദ്ധതിയിട്ടത്‌. പക്ഷേ, അത്‌ ഒരാഴ്‌ചയായി നീട്ടേണ്ടിവന്നു. ആയതിനാല്‍ 45,000 രൂപ താഴെ കാണുന്ന വിലാസത്തില്‍ ടെലിഫോണിക്‌ ട്രാന്‍സ്‌ഫറായി അയച്ചുതരിക. കേരളത്തിലെത്തിയാല്‍ തിരികെ തരാം. എന്റെ അടുത്ത സുഹൃത്തും ഹൈക്കോടതി ലീഗല്‍ അഡൈ്വസറുമായ ഷാഹുല്‍ ഹംസ എന്ന ആളുടെ പൂനെയിലുള്ള ഐ.സി.ഐ.സി.ഐ ബാങ്ക്‌ അക്കൗണ്ട്‌ നമ്പ(007301514077)റിലേക്കാണ്‌ അയക്കേണ്ടത്‌.
സ്‌നേഹത്തോടെ
ഈസാ അല്‍ ദോസരി, ജനറല്‍ മാനേജര്‍, റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി, ദുബയ്‌.''
ഈ കത്തിന്റെ തുടക്കവും ഒടുക്കവും അറബികളുടെ ശൈലിയില്‍ അഭിവാദ്യവും പ്രാര്‍ഥനയും എല്ലാം ചേര്‍ത്തുകൊണ്ടുള്ളതായിരുന്നു. മെയില്‍ കൈപ്പറ്റിയ ബക്കര്‍ മറുത്തൊന്നും ചിന്തിക്കാതെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. പണം നിക്ഷേപിച്ചാല്‍ വിളിച്ചുപറയാന്‍ നല്‍കിയ ഇന്ത്യയിലെ മൊബൈല്‍ നമ്പറില്‍ (9823477774) വിളിച്ചു വിവരം പറയുകയും ചെയ്‌തു. പണം നിക്ഷേപിച്ച വിവരം മറുപടി മെസേജില്‍ കൊടുത്തപ്പോള്‍ ആര്‍.ടി.എ ജനറല്‍ മാനേജറുടെ നന്ദി പ്രകടിപ്പിച്ച സന്ദേശവും കിട്ടി. റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ആവശ്യപ്പെട്ട തൊഴിലാളികളെ കണ്ടെത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോയ ബക്കറിന്‌ ശേഷം വിവരമൊന്നും ലഭിച്ചില്ല. ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ സംശയം തോന്നിയ ബക്കര്‍ വീണ്ടും മെയിലില്‍ ബന്ധപ്പെട്ടു. പക്ഷേ, മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്നു നേരത്തേ ബന്ധപ്പെടാന്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത സംസാരമാണു ലഭിച്ചത്‌. താന്‍ കബളിപ്പിക്കപ്പെട്ടതറിഞ്ഞ ബക്കര്‍ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും വേണ്ടത്ര സഹകരണം ലഭിച്ചില്ല. ഷാഹുല്‍ ഹംസ, ബില്‍ഡിങ്‌ നമ്പര്‍ 4, ഫ്‌ളാറ്റ്‌ നമ്പര്‍ 62, സരസ്വതി സൊസൈറ്റി, താഡിവാലാ റോഡ്‌, പൂനെ 411001 എന്ന വിലാസക്കാരന്റേതാണ്‌ അക്കൗണ്ട്‌ നമ്പറെന്നും ഇതിലേക്കു പലഭാഗത്തു നിന്നും ഇത്തരത്തില്‍ പണം വരുന്നുണ്ടെന്നും വരുന്ന പണമെല്ലാം ഇന്റര്‍നെറ്റ്‌ ട്രേഡിങിലേക്ക്‌ മാറ്റുകയാണെന്നും മാത്രമാണ്‌ ലഭിച്ച വിവരം. വീണ്ടും മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തലും വിളിക്കരുതെന്നുള്ള താക്കീതുമായിരുന്നു മറുപടി. ഇതേക്കുറിച്ചു കോഴിക്കോട്‌ കസബ പോലിസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ കിട്ടിയ മറുപടി, ഇതൊന്നും അന്വേഷിച്ചിട്ടു കണ്ടെത്താന്‍ പറ്റില്ലെന്നും ``ഇത്‌ സൈബര്‍ കേസാ... അങ്ങ്‌ കൊച്ചീലേ പരാതി തന്നെ എടുക്കൂ...'' എന്നുമായിരുന്നു. എഴുതിക്കൊണ്ടുപോയ പരാതി അവിടെ കൊടുത്ത്‌ ബക്കര്‍ തിരിച്ചുപോന്നു.
ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുണ്ട്‌.
ഇ-മെയില്‍ പാസ്‌വേഡ്‌ തകര്‍ത്തശേഷം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആദ്യം ചെയ്യുന്നത്‌ പ്രസ്‌തുത പാസ്‌വേഡ്‌ മാറ്റുക എന്നതാണ്‌. ഇതോടെ യഥാര്‍ഥ ഉടമയ്‌ക്കു നിലവിലെ വിലാസത്തിലുള്ള മെയില്‍ വഴി ബന്ധം സ്ഥാപിക്കാന്‍ പറ്റാതെ വരുന്നു.
ഒരുതരം തട്ടിക്കൊണ്ടുപോവല്‍തന്നെയാണ്‌ ഇവിടെ നടക്കുന്നത്‌. ഒരൊറ്റ വിലാസത്തില്‍ ആശയവിനിമയം നടത്തുന്നവര്‍ക്ക്‌, ഹാക്കര്‍മാര്‍ റാഞ്ചുന്നതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയാണ്‌ ഉണ്ടാവുന്നത്‌. നിരന്തരം ബന്ധപ്പെടുന്നവരുടെ മെയില്‍ വിലാസം കംപ്യൂട്ടറില്‍ തന്നെ സൂക്ഷിച്ചുവയ്‌ക്കുന്നതിനാല്‍ മെയില്‍ ഐ.ഡി റാഞ്ചുന്നതോടെ തുടര്‍ ബന്ധവും നഷ്‌ടപ്പെടുന്നു. മെയില്‍ അഡ്രസ്‌ മറ്റെവിടെയെങ്കിലും പകര്‍ത്തിവയ്‌ക്കാതിരുന്നാല്‍ വന്‍ സാമ്പത്തികനഷ്‌ടത്തിനും ചിലപ്പോള്‍ കാരണമായേക്കും.
പാസ്‌വേഡ്‌ തകര്‍ത്ത്‌ ഇ-മെയില്‍ വിലാസം താറുമാറാക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഹാക്കര്‍മാര്‍ കേരളത്തില്‍ വരെയുണ്ട്‌. വിപണിയില്‍ പരസ്‌പരം മല്‍സരിക്കുന്ന കമ്പനികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇരുകൂട്ടരും ഇത്തരം കംപ്യൂട്ടര്‍ ഹാക്കര്‍മാരെ ചുമതലപ്പെടുത്താറുണ്ട്‌. കമ്പനിയുടെ വെബ്‌സൈറ്റുകളും മെയില്‍ ബോക്‌സുകളും പൊട്ടിച്ചും താറുമാറാക്കിയും പ്രതിഫലം പറ്റുന്നവരെ കണ്ടെത്തുക എളുപ്പമല്ല. ബാംഗ്ലൂരിലും കൊച്ചിയിലും ഇത്തരം പണികള്‍ക്ക്‌ കരാര്‍ ഏറ്റെടുക്കുന്നവര്‍ ശത്രുവിന്റെ ലാഭത്തിനനുസരിച്ചാണ്‌ ക്വട്ടേഷന്‍ എടുക്കുന്നത്‌. ഗുണ്ടാ ആക്രമണം പോലെ എളുപ്പമല്ല ഇപ്പണി എന്നതിനാല്‍ത്തന്നെ ബുദ്ധിമാന്മാരായ ക്രിമിനലുകളാണ്‌ ഈ രംഗത്തുള്ളത്‌.
ഗള്‍ഫ്‌ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ വച്ചാണ്‌ ഹാക്കര്‍മാര്‍ പദ്ധതി നടപ്പാക്കുന്നത്‌ എന്നതിനാല്‍ തന്നെ ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുക സാധ്യമല്ല. ഇന്റര്‍നെറ്റ്‌ അധോലോകവും അതിലെ മാഫിയാ തലവന്മാരും വരുംനാളുകളില്‍ എന്തെല്ലാം മേഖലകളില്‍ വിരാജിക്കുമെന്നു പറയുക എളുപ്പമല്ല. എളുപ്പം പണം സമ്പാദിക്കാമെന്നതും പ്രവര്‍ത്തനങ്ങള്‍ ലോകത്തെ ഏതു രാജ്യത്തും നടപ്പാക്കാമെന്നതും ഇവര്‍ക്കു ലഭിക്കുന്ന ഇരട്ട സൗഭാഗ്യങ്ങളാണ്‌.
നാളെ:
തേടിയത്‌ കോടികള്‍;
കിട്ടിയത്‌ നാണക്കേട്‌

തേജസ്‌ പരമ്പര - ഭാഗം 2 - 4-10-08 

1 comment:

ബഷീർ said...

ഉപകാരപ്രദമായ പോസ്റ്റ്‌..നന്ദി