Saturday, November 8, 2008

പോലിസ്‌ ഇന്‍ഫോമേഴ്‌സിന്റെ പ്രച്ഛന്നവേഷങ്ങള്‍

ഭീകരവേട്ട: അറുതി വരാത്ത ദുരൂഹതകള്‍ - ഭാഗം 3

ടി എസ്‌ നിസാമുദ്ദീന്‍  
 





പോലിസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ആരില്‍ നിന്നാണോ വിവരങ്ങള്‍ ലഭിക്കേണ്ടത്‌ അതേ വിഭാഗത്തിലുള്ളവരെ പോലിസ്‌ ഇന്‍ഫോമേഴ്‌സ്‌ (യഥാസമയം വിവരങ്ങള്‍ എത്തിക്കുന്നവര്‍) ആക്കി നിയമിക്കാറുണ്ട്‌. മതസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍ എന്നിവയിലൊക്കെ പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ നിന്ന്‌ വിവരം ശേഖരിക്കാന്‍ ഐ.ബി അടക്കമുള്ള രഹസ്യാന്വേഷണവിഭാഗങ്ങള്‍ ഇവരെയാണ്‌ ഉപയോഗിക്കാറ്‌. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വാഗ്‌ചാതുരിയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിവുമുള്ളവരെയാണ്‌ ഇതിനു തിരഞ്ഞെടുക്കുക.
നുഴഞ്ഞുകയറുന്ന പ്രസ്ഥാനങ്ങളില്‍ തികഞ്ഞ ആത്മാര്‍ഥതയോടും അച്ചടക്കത്തോടും ഇവര്‍ തങ്ങളെ പഠിപ്പിച്ചുവിട്ടവരുടെ അജണ്ടകള്‍ സാവധാനം പകരും. ചിലര്‍ വ്യവസ്ഥാപിത സംഘടനകളുടെ നേതൃസ്ഥാനത്തുവരെ എത്തിയിട്ടുണ്ട്‌. സാമ്പത്തിക സഹായവും നിയമപരമായ സംരക്ഷണവും അധികൃതര്‍ നല്‍കും. സംഘടനകളില്‍ നുഴഞ്ഞുകയറിയും പ്രവര്‍ത്തകരെ സ്വാധീനിച്ചും വിവരങ്ങള്‍ ചോര്‍ത്തി ഐ.ബിക്കും മറ്റും നല്‍കുകയാണ്‌ ഇവരുടെ ജോലി. വര്‍ഗീയകലാപങ്ങള്‍ നടന്ന ശേഷം പ്രതികാരത്തിനു പ്രേരണയുമായി ഇരകളുടെ അടുക്കല്‍ അതേ സമുദായത്തിലുള്ളവരെത്തന്നെ രഹസ്യാന്വേഷണവിഭാഗം അവതരിപ്പിച്ച ഉദാഹരണങ്ങളുണ്ട്‌.
ഉറുമി മുസ്‌തഫയും സംശയാസ്‌പദമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാറാട്‌ സ്വദേശി മന്‍സൂറും ഒരേസമയം ഒറ്റുകാരായും ചില സംഘടനകളുടെ അംഗങ്ങളായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തളിപ്പറമ്പിലെ മുന്‍ ഡിവൈ.എസ്‌.പിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉറുമി മുസ്‌തഫയെ, വര്‍ഗീയാസ്വാസ്ഥ്യം തുടരുന്ന കാസര്‍കോഡ്‌ ജില്ലയില്‍ ചില ഓപറേഷനുകള്‍ക്ക്‌ ഉപയോഗിച്ചിരുന്നുവത്രെ. സംഘപരിവാര-ശിവസേനാ നേതാക്കളെ വധിക്കാന്‍ സൗകര്യമൊരുക്കാമെന്നു പറഞ്ഞ്‌ ഇയാള്‍ ചില സംഘടനകളുടെ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു.
2002 ഡിസംബര്‍ രണ്ടിന്‌ മുസ്‌തഫയുടെ സുഹൃത്തായ പി.ഡി.പി നേതാവിന്റെ മകന്റെ കടയില്‍ നിന്ന്‌ മൂന്നു പാക്കറ്റ്‌ വെടിമരുന്ന്‌ പോലിസ്‌ പിടിച്ചെടുത്തു. അതോടൊപ്പം എന്‍.ഡി.എഫിന്റെ ചില ലഘുലേഖകളും സി.ഡികളും കണ്ടെടുത്തു. സ്‌ഫോടക വസ്‌തുക്കള്‍ കടയില്‍ എത്തിച്ചശേഷം പിടികൂടാന്‍ പോലിസിന്‌ അവസരമൊരുക്കിയത്‌ ഉറുമിയായിരുന്നു. പി.ഡി.പിയെയും എന്‍.ഡി.എഫിനെയും കുടുക്കാന്‍ രഹസ്യാന്വേഷണവിഭാഗം ഉറുമിയെ ഉപയോഗിക്കുകയായിരുന്നെന്നാണു സംശയം.
കോഴിക്കോട്‌ മാറാട്‌ സ്വദേശി മന്‍സൂര്‍ മാറാട്‌ കലാപത്തിനു മുമ്പ്‌ കേരളത്തിലും പുറത്തും മാറാട്ടുകാരെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.ഡി.എഫുകാരനായും പി.ഡി.പിക്കാരനായും നടിച്ചു പലരെയും സമീപിക്കുകയുണ്ടായി. 2002 ഡിസംബറില്‍ മംഗലാപുരത്തെ മലയാളി കച്ചവടക്കാരുടെ അടുത്തെത്തി താന്‍ മാറാട്ടുകാരനാണെന്നും സഹായിക്കണമെന്നും പറഞ്ഞ്‌ സഹായം അഭ്യര്‍ഥിച്ചിരുന്നു. ആറുവര്‍ഷത്തോളമായി കേരളത്തിലെ മിക്ക ജില്ലകളിലും പ്രത്യക്ഷപ്പെടുന്ന ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നു പറയപ്പെടുന്നു. മാറാടിനു പ്രതികാരം ചെയ്യാന്‍ തന്നെ സഹായിക്കാന്‍ സന്നദ്ധതയുള്ള ഏതെങ്കിലും ഗ്രൂപ്പുണ്ടോ എന്ന അന്വേഷണമാണ്‌ പ്രധാനമായും ഇയാള്‍ നടത്തിയത്‌. ഇതില്‍ സംശയം തോന്നിയ ചിലര്‍ ഇയാള്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അതു വ്യാജമാണെന്നു ബോധ്യപ്പെട്ടു.
2003 മെയ്‌ മൂന്നിനു നടന്ന രണ്ടാം മാറാട്‌ കലാപത്തിനു മുമ്പ്‌, മാര്‍ച്ചില്‍ കോഴിക്കോട്‌ സിറ്റി പോലിസ്‌ സാക്ഷ്യപ്പെടുത്തിയ ട്രോമാകെയര്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഇയാള്‍ക്കു ലഭിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക്‌ പോലിസ്‌ വെരിഫിക്കേഷനുള്ള ഒരു ഐഡന്റിറ്റി കാര്‍ഡ്‌ എങ്ങനെ ലഭിച്ചെന്നുള്ളത്‌ ഇപ്പോഴും ദുരൂഹമാണ്‌. മാറാട്‌ കലാപത്തിനുശേഷം കോഴിക്കോട്‌, മുക്കം ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ്‌ ജോലിക്കാരനായി മന്‍സൂര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ എന്‍.ഡി.എഫുകാരനായി പരിചയപ്പെടുത്തിയായിരുന്നു പ്രവര്‍ത്തനം. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടു കാട്ടി മുങ്ങിയ ഇയാള്‍ 2004ല്‍ നിലമ്പൂരിലാണു പൊങ്ങിയത്‌. അവിടെ ജോലിചെയ്‌തുവന്നിരുന്ന മന്‍സൂര്‍ ആയുധങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ യുവാക്കളെ സമീപിച്ചിരുന്നു. ഇയാളുടെ നടപടികളില്‍ ദുരൂഹത തോന്നിയ നാട്ടുകാരില്‍ ചിലര്‍ മന്‍സൂറിന്റെ താമസസ്ഥലത്തു പരിശോധന നടത്തി.
വേഷം മാറാനുള്ള വിഗ്ഗ്‌, കണ്ണിന്റെ നിറം മാറ്റുന്ന കൃത്രിമ ലെന്‍സ്‌ തുടങ്ങി പല വസ്‌തുക്കളുമാണ്‌ അവിടെ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ നാട്ടുകാര്‍ ഇയാളെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, നാട്ടുകാര്‍ അദ്‌ഭുതപ്പെട്ടത്‌ അതിലല്ല. പോലിസ്‌ ഇയാളെ സുരക്ഷിതമായി കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
മന്‍സൂറിന്റെ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നു നിര്‍ദേശമുണ്ടെന്നാണു സംഭവം സംബന്ധിച്ച്‌ നിലമ്പൂര്‍ പോലിസില്‍ ബന്ധെപ്പട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ച മറുപടി. പിന്നീട്‌ പൊന്നാനിയിലാണ്‌ എന്‍.ഡി.എഫ്‌ വേഷത്തില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടത്‌. തുടര്‍ന്ന്‌ ആയുധക്കടത്ത്‌ കേസില്‍ മന്‍സൂര്‍ കണ്ണൂര്‍ ജയിലിലുമെത്തി. ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന മുസ്‌ലിം ചെറുപ്പക്കാരോട്‌ അവര്‍ ഉള്‍പ്പെട്ട കേസ്‌ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഇയാളുടെ ദൗത്യം മറ്റെന്തോ ആണെന്നു ബോധ്യമായത്‌.
ജയില്‍മുക്തനായ ശേഷം ആലുവ കുഞ്ഞുണ്ണിക്കരയില്‍ കുടുംബസമേതം താമസമാക്കിയ മന്‍സൂര്‍ അവിടെയും മുസ്‌ലിം സംഘടനകളെക്കുറിച്ചും യുവാക്കളെക്കുറിച്ചും പഠിക്കാന്‍ തുടങ്ങി.
കുഞ്ഞുണ്ണിക്കരയില്‍ താമസിക്കുമ്പോള്‍ അടുത്തുള്ള വളയന്നൂര്‍ ഭാഗത്ത്‌ ഒരു ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെ വധിക്കണമെന്നു പറഞ്ഞ്‌ യുവാക്കളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ നിരന്തരം പിന്തുടര്‍ന്നു. ഒരു ദിവസം പുലര്‍ച്ചെ വധിക്കണമെന്നു പറഞ്ഞ ആര്‍.എസ്‌.എസ്‌കാരനും മന്‍സൂറും തമ്മില്‍ രഹസ്യ സംഭാഷണം നടത്തുന്നതാണ്‌ പ്രദേശവാസികള്‍ക്കു കാണാനായത്‌. മഅ്‌ദനി മോചനവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു.
വിചിത്രമെന്നു പറയട്ടെ, മന്‍സൂര്‍ ആലുവയില്‍ നിന്നു സ്ഥലംവിട്ട ഉടനെയാണു കുഞ്ഞുണ്ണിക്കരയിലെ യുവാക്കളെ സിമി ബന്ധമാരോപിച്ച്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. എല്ലാ സ്ഥലങ്ങളിലും മാറാട്ടെ അഡ്രസ്സാണു നല്‍കാറുള്ളത്‌. എന്നാല്‍, മാറാടുമായി ഇയാള്‍ക്ക്‌ വര്‍ഷങ്ങളോളമായി ഒരു ബന്ധവുമില്ല.
സംസ്ഥാനത്തിന്‌ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സംഘടനകളും ആത്മീയകേന്ദ്രങ്ങളും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നതിന്‌ പ്രധാന കാരണം ഇത്തരക്കാര്‍ നല്‍കുന്ന തെറ്റായതും പര്‍വതീകരിച്ചതുമായ വിവരങ്ങളാണ്‌. മതത്തെ വിറ്റു കാശാക്കുന്നവര്‍ ഒരുഭാഗത്തും മതം ജീവിതത്തിന്റെ അനിവാര്യ ഘടകമായി കാണുന്നവര്‍ മറുഭാഗത്തും പ്രവര്‍ത്തിക്കുമ്പോള്‍ മുതലെടുപ്പിന്‌ വലിയൊരു വിഭാഗം സജീവമായി രംഗത്തുണ്ട്‌. ഈ മുതലെടുപ്പാണ്‌ ആത്മീയകേന്ദ്രങ്ങളില്‍ വ്യാജന്‍മാര്‍ കടന്നുകൂടുന്നതിനും സംഘടനകള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കും വഴിവയ്‌ക്കുന്നത്‌.
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഏത്‌ സംഘടനകളെയും കണ്ണടച്ചു തുറക്കുംമുമ്പ്‌ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ചേരുവകള്‍ സഹിതമാണ്‌ പരിശീലനം നല്‍കി രഹസ്യാന്വേഷണ വിഭാഗം ഇത്തരം ഇന്‍ഫോമേഴ്‌സിനെ സംഘടനകളിലേക്കു കടത്തിവിടുന്നത്‌.

No comments: