കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട നാലാമത്തെ വ്യക്തിയായ ഫാഇസിന്റെ കുടുംബവും മൃതദേഹം ആവശ്യമില്ലെന്നു പോലിസിനെ അറിയിച്ചതോടെ സംഭവത്തെക്കുറിച്ച് ദുരൂഹത വര്‍ധിക്കുന്നു. മൃതദേഹങ്ങള്‍ പോലിസുകാരല്ലാതെ ബന്ധുക്കളോ മറ്റോ കണ്ടിട്ടില്ലെന്നതും പോസ്‌റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ലെന്നതുമാണ് ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നത്.
പാക്കധീന കശ്‌മീരിലേക്ക് പരിശീലനത്തിനായി നുഴഞ്ഞ് കയറുമ്പോള്‍ രണ്ട് കണ്ണൂര്‍ക്കാരും എറണാംകുളം സ്വദേശിയും ചെട്ടിപ്പടി സ്വദേശിയും കൊല്ലപ്പെട്ടുവെന്നാണ് പോലിസ് പറയുന്നത്. ഇവരുടെ മരണം സ്ഥിരീകരിച്ചതായും മൃതദേഹം തിരിച്ചറിഞ്ഞതായും പോലിസ് പറഞ്ഞ വിവരങ്ങള്‍ മാത്രമേ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിലുള്ളൂ. രണ്ടു മലയാളികള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന കശ്‌മീര്‍ പോലിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ദുരൂഹത വര്‍ധിക്കുകയാണ്. ബാംഗ്ലൂരിലേക്കെന്നു പറഞ്ഞു പോയ യുവാക്കള്‍ കശ്‌മീരില്‍ എങ്ങനെയെത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടിട്ടില്ല. കശ്‌മീരിലേക്ക് ഇവര്‍ എങ്ങനെ രഹസ്യന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കടന്നു എന്നതും ദൂരൂഹമാണ്. ഈയിടെയുണ്ടായ ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ജാഗ്രതപാലിക്കുന്ന സമയത്ത് കണ്ടാല്‍ തന്നെ മലയാളികളാണെന്ന് തിരിച്ചറിയാവുന്ന ഇവരെങ്ങനെ കശ്‌മീരിലെത്തിയെന്നാണു ചോദ്യം.ഇവര്‍ ആദ്യം പോയത് ബാംഗ്ലൂരിലേക്കാണോ എന്നതിനെക്കുറിച്ചും കൃത്യമായ വിവരങ്ങ ളില്ല. ബാംഗ്ലൂരിലാണ് എത്തിയെങ്കില്‍ പിന്നീട് അവര്‍ക്ക് എന്തു സംഭവിച്ചുവെന്നതും വ്യക്തമല്ല. കശ്‌മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിക്ക മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നിന്നോ രക്ഷപ്പെട്ടു എന്ന് പറയുന്നവരില്‍ നിന്നോ ആയുധങ്ങളൊന്നും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല. സൈനികരുമായി നിരായുധരായാണോ ഇവര്‍ ഏറ്റുമുട്ടിയതെന്ന ചോ ദ്യം ബാക്കിയാവുന്നു. ബന്ധുക്കള്‍ മൃതദേഹങ്ങള്‍ കണ്ട് ഉറപ്പ് വരുത്താതെ എങ്ങനെ മരിച്ചവര്‍ ഇവര്‍തന്നെയാണെന്ന് തിരിച്ചറിഞ്ഞുവെന്ന ചോദ്യവും അവശേഷിക്കുന്നു.
അസഹനീയമായ തണുപ്പുള്ള അതിര്‍ത്തി പ്രദേശത്ത് മുന്‍ പരിചയമോ പരിശീലനമോ ലഭിക്കാതെ ഇവര്‍ പോയതെങ്ങനെയെന്നും സൈനികരുമായി ഏറ്റുമുട്ടിയതെങ്ങനെയെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ ബാംഗ്ലൂരിലും ഹൈദരാബാദിലും എത്തി ആയുധ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് കശ്‌മീരിലേക്ക് പോയതെന്ന റിപോര്‍ട്ടും യുക്തിസഹമല്ലെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞമാസം മാത്രം കേരളത്തില്‍ നിന്ന് യാത്രതിരിച്ചവര്‍ ഇവിടങ്ങളിലെ പോലിസിന്റെ കണ്ണുവെട്ടിച്ച് പരിശീലനം നടത്തിയെന്നതിലും അസ്വാഭാവികതയുണ്ട്.
കൊല്ലപ്പെട്ടവര്‍ക്ക് എവിടെയാണ് വെടിവച്ചതെന്നും ഏത് ആയുധങ്ങളുപയോഗിച്ചാണ് വെടിയേറ്റതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തത കൈവരുമെന്നിരിക്കെ കൊല്ലപ്പെട്ടവരുടെയെല്ലാം ബന്ധുക്കള്‍ ഒരേ സ്വരത്തില്‍ മൃതദേഹം വേണ്ടെന്ന് പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരുമായി ദീര്‍ഘനേരം സംസാരിച്ചു പുറത്തിറങ്ങിയശേഷമാണ് അവര്‍ ഇതു പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. ഭീതികൊണ്ടോ സമ്മര്‍ദ്ദം മൂലമോ ആവാം മൃതദേഹം വേണ്ടെന്ന് പറഞ്ഞിട്ടുണ്ടാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വന്‍തുക വാഗ്‌ദാനം ചെയ്‌ത് ലശ്‌കറെ ത്വയ്യിബ പോലെയുള്ള സംഘടനകളില്‍ ചേരാനും കശ്‌മീരിലെ പരിശീലനത്തില്‍ പങ്കെടുക്കാനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുസ്‌്‌ലിം യുവാക്കളെ പ്രേരിപ്പിക്കുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരു ന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന ഇര്‍ഷാദ് അലി പ്രധാനമന്ത്രിക്കെഴുതിയ കത്ത് പുറത്ത് വന്നതോടെ മലയാളി യുവാക്കളുടെ കശ്‌മീര്‍ ബന്ധം ഐ.ബി അടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്‌്.
തേജസ് ദിനപത്രം: 29-10-08