Monday, October 20, 2008

അറസ്റ്റ്‌ തീവ്രവാദബന്ധമാരോപിച്ച്‌ ; കേസ്‌ നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്‌

കണ്ണൂര്‍: കശ്‌മീര്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത യുവാവിനെതിരേ പോലിസ്‌ കേസെടുത്തതു നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചെന്ന കാരണം പറഞ്ഞ്‌. എന്നാല്‍, ഇത്‌ ഏതു സംഘടനയാണെന്ന്‌ എഫ്‌. ഐ.ആറില്‍ വ്യക്തമാക്കിയിട്ടുമില്ല. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ 3, 13 (2) വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്‌. കൂടാതെ, കാരണമില്ലാതെ രണ്ടു മൊബൈലുകള്‍ കൈവശംവച്ചെന്നും ഇതിലൊന്ന്‌ ഉപയോഗിച്ച്‌ കശ്‌മീരിലേക്കും അവിടെ നിന്ന്‌ ഇങ്ങോട്ടും ബന്ധപ്പെട്ടെന്നും റിപോര്‍ട്ടിലുണ്ട്‌.
സംശയത്തിന്റെയും അതേസമയം ഉത്തമവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ്‌ അറസ്റ്റെന്നാണ്‌ എഫ്‌.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍, സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. കശ്‌മീരില്‍ കഴിഞ്ഞ ഏഴിനു സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ ജലീലുമായി മൊബൈലില്‍ ബന്ധപ്പെട്ടെന്നും മലയാളത്തിലാണ്‌ ഇരുവരും സംസാരിച്ചതെന്നുമാണു പോലിസ്‌ ഭാഷ്യം.
അതേസമയം, കശ്‌മീരില്‍ കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്ന പത്രവാര്‍ത്തകള്‍ പോലിസ്‌ തന്നെ നേരത്തേ നിഷേധിച്ചിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്നാണ്‌ ഇന്നലെയും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ ചെയ്‌തത്‌. കൊല്ലപ്പെട്ടവര്‍ ജലീലിനെ വിളിച്ചു ജീവന്‍ രക്ഷിക്കണമെന്ന്‌ അപേക്ഷിച്ചതായി പോലിസിനെ ഉദ്ധരിച്ചു മാതൃഭൂമി പത്രം റിപോര്‍ട്ട്‌ ചെയ്‌തിരുന്നു. എ.കെ-47 അടക്കമുള്ള ആയുധവുമായി സുരക്ഷാ സൈന്യം വളഞ്ഞപ്പോഴാണു `തീവ്രവാദികള്‍' കണ്ണൂരിലെ കുഗ്രാമമായ കോട്ടൂരിലെ യുവാവിനെ വിളിച്ചു ജീവന്‍ രക്ഷിക്കാനായി തേടിയതെന്ന, തികച്ചും അവിശ്വസനീയമായ വാര്‍ത്ത പരിഹാസ്യമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റില്‍ നിന്ന്‌ മൊബൈലിലേക്കു വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്നയാളുടെ മൊബൈലില്‍ ഇഷ്ടമുള്ള നമ്പര്‍ വരുത്താന്‍ സാങ്കേതിക സംവിധാനമുണ്ട്‌. ഇതുപയോഗിച്ച്‌ ആരെങ്കിലും വിളിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്‌.
ജില്ല വിട്ടുപോലും കൂടുതല്‍ യാത്രചെയ്‌തിട്ടില്ലാത്ത, ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരനായ ജലീല്‍ കശ്‌മീര്‍ ബന്ധമാരോപിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടതു നാട്ടുകാര്‍ക്ക്‌ ഇനിയും വിശ്വസിക്കാനായിട്ടില്ല. ജലീല്‍ പുതിയ മൊബൈല്‍ കണക്‌ഷനെടുത്തതു സ്വന്തം ഫോട്ടോയും തിരിച്ചറിയില്‍ കാര്‍ഡും കൊടുത്താണ്‌. `തീവ്രവാദി'കളുമായി ?നിരന്തരം? ബന്ധം പുലര്‍ത്തുന്നയാള്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്‌. പ്രതിയെ തിരിച്ചറിയാതിരിക്കാനെന്ന വ്യാജേന മുഖം മറച്ച്‌ സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലിസ്‌ ജലീലിന്റെ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയതും വിവാദമായിട്ടുണ്ട്‌. 

2 comments:

Unknown said...

ആരെല്ലാമോ ആർക്കോ വേണ്ടി കളിക്കുന്ന നാടകങ്ങൾ ....നിരപരാദികളുടെ രോദനം കേൾക്കൻ വയ്യാ.

വഴികാട്ടി / pathfinder said...

ഒരു വിളക്കുമായി വഴികാട്ടി നിങ്ങളിലേക്ക്‌

സ്വീകരിച്ചാലും

http://vazhikaatti.blogspot.com/