Wednesday, November 5, 2008

ഭീകരവാദവേട്ടയുടെ മാധ്യമ അജണ്ടകള്‍

എ പി കുഞ്ഞാമു
ആരാണ്‌ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ഭീകരവേട്ടക്കാര്‍? ഒരു സംശയവുമില്ല, മാധ്യമങ്ങള്‍ തന്നെ. കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളിലെയും റിപോര്‍ട്ടര്‍മാര്‍ ഇന്നു ഭീകരരെയും തീവ്രവാദികളെയും പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌. അതിന്റെ ഫലം കാണാനുമുണ്ട്‌- തീവ്രവാദത്തിന്റെ ഇല എവിടെയെങ്കിലുമനങ്ങിയാല്‍ പത്രമാപ്പീസുകള്‍ സടകുടഞ്ഞെഴുന്നേല്‍ക്കും; ചാനലുകള്‍ യുദ്ധസജ്ജരാവും. ഈ ഭീകരവാദവേട്ട കണ്ട്‌ അമ്പരന്നതുകൊണ്ടാണ്‌ കോടതിപോലും ഒരു ഘട്ടത്തില്‍ കേസന്വേഷണം പോലിസ്‌ നടത്തിക്കൊള്ളട്ടെ, മാധ്യമങ്ങള്‍ അതേറ്റെടുക്കേണ്ടതില്ല എന്നു വിലക്കിയത്‌.
പക്ഷേ, ഇത്തരം വിലക്കുകളുണ്ടോ മാധ്യമങ്ങള്‍ വകവയ്‌ക്കുന്നു? വാര്‍ത്തയെഴുത്തുകാര്‍ കഥകള്‍ മെനഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. അഞ്ചു കോപ്പി കൂടുതല്‍ ചെലവാകുകയാണെങ്കില്‍ അതിലാണ്‌ മാധ്യമക്കാരുടെ നോട്ടമെന്നു പ്രശസ്‌ത എഴുത്തുകാരനായ സക്കറിയ അഭിപ്രായപ്പെട്ടത്‌ ഈ കഥാരചന കണ്ടിട്ടാണ്‌. എന്നാല്‍, പത്രത്തിനു കോപ്പികള്‍ വര്‍ധിക്കുകയും വായനക്കാര്‍ കഥകള്‍ വായിച്ചു രസിക്കുകയും ചെയ്യുന്നതിനിടയില്‍ സംഭവിക്കുന്നത്‌ രണ്ടു സമുദായങ്ങള്‍ക്കിടയില്‍ വലിയൊരു വിടവ്‌ രൂപപ്പെടുകയാണ്‌. മുസ്‌ലിം ന്യൂനപക്ഷം സാമാന്യേന തീവ്രവാദിയെന്ന സംശയത്തിന്റെ നിഴലില്‍ അകപ്പെടുകയാണ്‌. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ ഈ മുദ്ര അടിച്ചേല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. `മുസ്‌ലിം ഭീകരത'യെന്ന ആശയം പൊതുസമൂഹത്തില്‍ പ്രബലമാവുന്നതില്‍ ഈ മാധ്യമസമീപനത്തിനുള്ള പങ്ക്‌ ചെറുതല്ല. വിശേഷിച്ചും മലയാളമടക്കമുള്ള ഭാഷാപത്രങ്ങളില്‍.
കേരളത്തിലെ ചില മുസ്‌ലിം ചെറുപ്പക്കാരുടെ `കശ്‌മീര്‍ തീവ്രവാദബന്ധം' മലയാള ഭാഷാപത്രങ്ങള്‍ കൊണ്ടാടിയത്‌ ഈ മാനസികാവസ്ഥയുടെയും അതു സൃഷ്ടിച്ച അവിശ്വാസത്തിന്റെയും മുഖമാണു പ്രകടമാക്കിയത്‌. വിവേകശാലികളായ സാമൂഹികനിരീക്ഷകര്‍ കാള പെറ്റെന്നു കേട്ടയുടനെ കയറുമെടുത്തു പായുന്ന ഈ മാധ്യമ ആക്‌റ്റിവിസത്തിനെതിരില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്‌. മാധ്യമ ആക്‌റ്റിവിസം മുസ്‌ലിം ന്യൂനപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭീകരവാദമുദ്രയെപ്പറ്റി ഇടതുപക്ഷ-മുസ്‌ലിം ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ ഉല്‍ക്കണ്‌ഠ പ്രകടിപ്പിക്കാറുമുണ്ട്‌. മലയാളത്തില്‍ വിശേഷിച്ചും മാധ്യമം ദിനപത്രം. പട്ടിയെ പേപ്പട്ടിയെന്നു വിളിച്ചു തല്ലിക്കൊല്ലുന്നതിനെതിരായി പൊതുവികാരമുണര്‍ത്താന്‍ മാധ്യമം നടത്തിപ്പോരുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ നോക്കുക. പൊതുസമൂഹത്തില്‍ സ്വീകാര്യത നല്ലപോലെയുള്ള മുസ്‌ലിം പത്രമെന്ന നിലയില്‍ മാധ്യമത്തിന്റെ ഈ ശ്രമം ഗുണം ചെയ്‌തിട്ടുമുണ്ടാവാം. ഇത്തരമൊരു പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ക്ക്‌ അതുകൊണ്ടുതന്നെ പൊതുബോധത്തെ സ്വാധീനിക്കാന്‍ ഏറെ ശേഷിയുണ്ടാവുന്നതു സ്വാഭാവികം.
എന്നാല്‍, ഭീകരവേട്ടാ റിപോര്‍ട്ടിങില്‍ കാര്യത്തോടടുക്കുമ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ വഴിത്തിരിവാകാന്‍ മാധ്യമത്തിനു സാധിക്കുന്നുണ്ടോ എന്ന കാര്യം കൃത്യമായ പുനരന്വേഷണങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്‌. മുസ്‌ലിം സമുദായത്തെ കണ്ണുംമൂക്കുമില്ലാതെ `ഭീകരവാദി'കളാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ മുഖ്യധാരാപത്രങ്ങളില്‍ പലതിന്റെയും വഴിയിലൂടെയാണു മാധ്യമവും പലപ്പോഴും സഞ്ചരിക്കുന്നതെന്നു ഖേദപൂര്‍വം തന്നെ പറയേണ്ടിയിരിക്കുന്നു.
ഇതിന്‌ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്‌ നവംബര്‍ രണ്ടിലെ പത്രത്തില്‍ വന്ന പെട്ടിക്കോളം വാര്‍ത്ത. `തീവ്രവാദബന്ധം സംശയിച്ച്‌ താനൂരില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍' എന്നാണ്‌ അതിപ്രാധാന്യത്തോടെ ജനറല്‍ പേജില്‍ പ്രസിദ്ധപ്പെടുത്തിയ ഈ ബോക്‌സ്‌ ന്യൂസിന്റെ തലക്കെട്ട്‌. തിരുപ്പൂരില്‍ എംബ്രോയ്‌ഡറിയും ഡിസൈനിങും പഠിക്കുന്ന താനൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയോടൊപ്പം നാടുകാണാനെത്തിയ രണ്ടു ജാര്‍ഖണ്ഡ്‌ സ്വദേശികളെ തീവ്രവാദികളെന്നു സംശയിച്ചു പോലിസ്‌ കസ്‌റ്റഡിയിലെടുത്ത സംഭവമാണു വന്‍ പ്രാധാന്യത്തോടെ മാധ്യമം പ്രസിദ്ധപ്പെടുത്തിയത്‌. ഈ ചെറുപ്പക്കാരുടെ കടലുകാണലില്‍ തീവ്രവാദവും ഭീകരപ്രവര്‍ത്തനവുമൊന്നുമില്ലെന്നു വാര്‍ത്ത വായിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാവും. മാത്രവുമല്ല, അന്വേഷണത്തില്‍ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്നു താനൂര്‍ സി.ഐ പറഞ്ഞതായി റിപോര്‍ട്ടില്‍ത്തന്നെയുണ്ടുതാനും. ചുരുക്കത്തില്‍, നാടുകാണാനെത്തിയ ചെറുപ്പക്കാരെ ഏതോ തെറ്റിദ്ധാരണമൂലം പോലിസ്‌ പിടികൂടി; സംശയിക്കാനൊന്നുമില്ലെന്നു പോലിസിനു ബോധ്യപ്പെട്ട കേസ്‌; പത്രക്കാര്‍ പേന തുറക്കുക പോലും ചെയ്യേണ്ടതില്ലാത്ത സംഗതി.
ഇത്തരം സംഭവങ്ങള്‍ വിട്ടുകളയുക എന്നതാണു പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്ന്‌; മുസ്‌ലിം സമുദായത്തിനെതിരായി നടക്കുന്ന ഭീകരവേട്ടയുടെ പശ്ചാത്തലത്തില്‍, അതിനെതിരേ ശബ്ദമുയര്‍ത്തുന്ന പത്രമായ മാധ്യമത്തെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും. പക്ഷേ, മാധ്യമം ചെയ്‌തതോ? ഈ ചെറുപ്പക്കാര്‍ ഭീകരവാദികളാണെന്നു ധ്വനിപ്പിക്കുന്ന ഒന്നാന്തരമൊരു `സ്‌കൂപ്പ്‌' മെനഞ്ഞെടുത്തു. പിറ്റേദിവസം കണ്ണൂരില്‍ നിന്നെത്തുന്ന തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ ഈ ചെറുപ്പക്കാരെ ചോദ്യം ചെയ്യുമെന്ന വിശദാംശം പോലും റിപോര്‍ട്ടിലുണ്ട്‌. മൊത്തത്തില്‍, നേരിട്ടുപറഞ്ഞിട്ടില്ലെങ്കിലും വാര്‍ത്ത പ്രസരിപ്പിക്കുന്ന സന്ദേശം താനൂരിലും ഭീകരവാദികളെത്തിക്കഴിഞ്ഞു എന്നാണ്‌. ഇങ്ങനെയൊരു `അലര്‍ട്ട്‌ സിഗ്നല്‍' പുറപ്പെടുവിക്കാന്‍ കാരണവുമുണ്ട്‌. കസ്റ്റഡിയിലായവര്‍ തേജസ്‌ ദിനപത്രത്തിന്റെ താനൂര്‍ ലേഖകനോടൊപ്പം വന്നവരാണ്‌; അവര്‍ ഉത്തരേന്ത്യക്കാരാണ്‌; ഹിന്ദി സംസാരിക്കുന്നവരാണ്‌ (ഉര്‍ദുവോ കശ്‌മീരി പോലുമാവാമല്ലോ ഭാഷ). സ്വാഭാവികമായും സംഭവത്തിനൊരു ഭീകരവാദരുചിയുണ്ട്‌. ഭീകരവേട്ടയ്‌ക്കിറങ്ങിയ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തൊക്കെ ചെയ്യുന്നുവോ, അതിലേറെ ചീത്ത അഭിരുചിയോടെയാണു മാധ്യമം താനൂരില്‍ നിന്നു `ഭീകരവാദി'കളെ പിടികൂടിയതെന്നു ചുരുക്കം.
തേജസ്‌ ദിനപത്രത്തിന്റെ ലേഖകന്‍ കൂട്ടത്തിലുള്ളതിനാല്‍ ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന ന്യായം അടിയില്‍ നിന്നു തലനീട്ടുന്ന ഈ വാര്‍ത്ത അതിപ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തുന്ന മാധ്യമത്തിന്റെ നിലപാട്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. തേജസിനെയും അതു പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയത്തെയും ഭീകരവാദത്തോടും ദേശദ്രോഹത്തോടും സമീകരിക്കുന്ന നിലപാടു പുലര്‍ത്തുന്ന നിരവധി പേര്‍ നാട്ടിലുണ്ട്‌. മാധ്യമത്തിനും അതു വിശ്വസിക്കാം. തേജസിന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണമെന്നു വാദിക്കേണ്ട ആവശ്യം എനിക്കുമില്ല. പക്ഷേ, മാധ്യമം കൈക്കൊണ്ട നിലപാടിനു മുസ്‌ലിംകളെ ഭീകരവാദികളാക്കുന്ന മാധ്യമഭീകരതയുടെ ഇരുണ്ട മുദ്രതന്നെയാണുള്ളതെന്നു പറയാതെ വയ്യ. ഈ വാര്‍ത്ത പ്രസരിപ്പിക്കുന്ന സന്ദേശവും സംഘപരിവാരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ ഉള്ളടക്കവും ഒന്നുതന്നെയാണ്‌. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു നിലയ്‌ക്കും മാധ്യമമെന്നല്ല, ഒരു പത്രവും ചെയ്‌തുകൂടാത്ത കാര്യം.
പിറ്റേദിവസം മാധ്യമത്തില്‍ ഈ വാര്‍ത്തയുടെ ഫോളോഅപ്പ്‌ പ്രത്യക്ഷപ്പെട്ടു. തികഞ്ഞ ലാഘവത്തോടെ എഴുതിയ കുറിപ്പില്‍ `സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന്‌' ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. പക്ഷേ, തലേദിവസത്തെ റിപോര്‍ട്ടില്‍ മാധ്യമത്തെ സംശയിക്കത്തക്കതായി ചിലതുണ്ടെന്ന്‌ ഈ കുറിപ്പ്‌ ബോധ്യപ്പെടുത്തും. ഒറിജിനല്‍ വാര്‍ത്തയിലെ തേജസ്‌ പത്രത്തിന്റെ ലേഖകന്‍ പിറ്റേന്നത്തെ ഫോളോഅപ്പില്‍ മുന്‍ ലേഖകനായി. അപ്പോള്‍ ഒരു സംശയം സ്വാഭാവികം. തലേന്നു തേജസ്‌ ലേഖകന്‍ എന്നെഴുതിയതില്‍ ദുഷ്ടലാക്കില്ലേ? ഇനി ഇല്ലെന്നു വയ്‌ക്കുക. സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്നു പോലിസുകാര്‍ പറയാതെയും ഒരു രേഖയും പരിശോധിക്കാതെയും ഏതൊരാള്‍ക്കും ഉറപ്പിച്ചുപറയാവുന്ന ഒരു സന്ദര്‍ശനത്തിനു ഭീകരവാദമുദ്ര ചാര്‍ത്തി പെട്ടിക്കോളം വാര്‍ത്തയാക്കുന്നത്‌ എന്തു മാധ്യമമര്യാദയാണ്‌? അതൊരു സമുദായത്തിനു മേല്‍ വീഴ്‌ത്തുന്ന കരിനിഴല്‍ എത്ര ഭീതിദമാണ്‌? താനൂര്‍ കടപ്പുറത്തു പാകിസ്‌താന്‍ കപ്പല്‍ വന്നടുത്തുവെന്നും മറ്റുമുള്ള സംഘപരിവാര കിംവദന്തികളില്‍ നിന്ന്‌ ഈ വാര്‍ത്തയ്‌ക്ക്‌ എന്താണു വ്യത്യാസം?
ഹീനമായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമത്തിന്റെ അമരക്കാര്‍ ശ്രദ്ധിച്ചുവായിക്കേണ്ട ഒരു റിപോര്‍ട്ട്‌ അന്നേദിവസത്തെ മലയാള മനോരമയിലുണ്ട്‌. ചെങ്ങറയില്‍ സോളിഡാരിറ്റി നടത്തിയ മാര്‍ച്ചില്‍ നടന്ന ലാത്തിച്ചാര്‍ജിനെപ്പറ്റിയാണു വാര്‍ത്ത. ചെങ്ങറ സമരത്തിന്റെ ഗതി മാറ്റാനായി ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നും ഇതു ഗുരുതരമായ ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചേക്കുമെന്നുമുള്ള രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്‌ അവഗണിച്ചതാണ്‌ സോളിഡാരിറ്റി മാര്‍ച്ചിലെ സംഘര്‍ഷത്തിനു നിമിത്തമായതെന്നാണു റിപോര്‍ട്ടിന്റെ സാരം. ആരാണ്‌ ഈ `ബാഹ്യശക്തി'കളെന്നതിലേക്കുള്ള സൂചനയും മനോരമ ലേഖകന്‍ നല്‍കുന്നുണ്ട്‌- തീവ്രവാദ ആഭിമുഖ്യമുള്ളവര്‍. അവര്‍ ചെങ്ങറയെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നു റിപോര്‍ട്ടില്‍ പറയുന്നു. സോളിഡാരിറ്റി മാര്‍ച്ചിനെ മുഖ്യധാരാപത്രങ്ങള്‍ എങ്ങനെയാണു വീക്ഷിക്കുന്നതെന്നതിന്‌ ഇതിലപ്പുറം മറ്റൊരു ഉദാഹരണം വേണ്ട. തേജസ്‌ പത്രത്തിന്റെ ലേഖകന്‍ കടല്‍ കാണാനെത്തിയതില്‍ കാണാവുന്ന തീവ്രവാദബന്ധം സോളിഡാരിറ്റിയുടെ ചെങ്ങറ മാര്‍ച്ചിനുമുണ്ട്‌ എന്നാണു മാധ്യമലോകത്തിന്റെ പൊതുവീക്ഷണം. പുള്ളിപ്പുലിക്ക്‌ അതിന്റെ പുള്ളികള്‍ കുടഞ്ഞു തെറിപ്പിക്കാനാവില്ല സാര്‍.
ഇപ്പോള്‍ ഞാന്‍ അപര്‍ണാ സെന്‍ സംവിധാനം ചെയ്‌ത `മിസ്റ്റര്‍ ആന്റ്‌ മിസിസ്‌ അയ്യര്‍' എന്ന സിനിമയിലെ ഒരു ദൃശ്യം ഓര്‍ത്തുപോവുന്നു- ഹിന്ദുത്വ തീവ്രവാദികള്‍ കല്‍ക്കത്തയിലേക്കുള്ള ബസ്‌ ആക്രമിക്കാനെത്തിയിരിക്കുകയാണ്‌. ബസ്സിലുള്ള മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ്‌ അവരുടെ ലക്ഷ്യം. ഉടുവസ്‌ത്രമഴിച്ചു പരിശോധിച്ച്‌ സുന്നത്ത്‌ നടത്തിയവരെ പിടിച്ചുകൊണ്ടുപോവുകയാണ്‌ അക്രമികളുടെ രീതി.
അപ്പോള്‍ യാത്രക്കാരുടെ കൂട്ടത്തിലുള്ള ജൂതന്‍, ഒരു മുസ്‌ലിം വൃദ്ധനെ ചൂണ്ടിക്കാട്ടുന്നു. ആ പാവം മനുഷ്യനെ അക്രമികള്‍ കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോള്‍, നിങ്ങളെന്തിന്‌ അയാളെ ഒറ്റുകൊടുത്തുവെന്നു ജൂതനോടു സഹയാത്രക്കാര്‍ കയര്‍ത്തു. അതിന്‌ അയാള്‍ മറുപടി പറഞ്ഞതിങ്ങനെ: ``അവര്‍ തുണിയുരിഞ്ഞുനോക്കിയാല്‍ എന്നെ പിടികൂടും. ജൂതനായ എന്നെയും സുന്നത്ത്‌ ചെയ്‌തിട്ടുണ്ട്‌.''
ഭീഷ്‌മാ സാഹ്‌നി വേഷമിട്ട നിസ്സഹായനായ മുസ്‌ലിം വൃദ്ധന്റെ മുഖവും സഹയാത്രികനെ ഒറ്റുകൊടുത്ത ജൂതന്റെ നിസ്സഹായതയും എന്റെ മനസ്സിലേക്കു വീണ്ടും കൊണ്ടുവന്നതിന്‌ മാധ്യമത്തിനു നന്ദി. ആത്മവഞ്ചനയില്‍ നിന്നാണ്‌ വര്‍ഗവഞ്ചനയുടെ തുടക്കമെന്നു ഞാന്‍ തിരിച്ചറിയുകയും ചെയ്യുന്നു.

തേജസ്‌ 4 നവംബര്‍

5 comments:

The free Thinker said...

good one...........

പാമരന്‍ said...

nalla lekhanam

Unknown said...

that is a news reported by all malor news papers.and the very next day it given the follow up then ,what is the problem.Should madhyamam denie such news. What "kunchamu" playing "NDF "

Unknown said...

ERNAKULATHE "MADINA MASJIDUM" "ORCHIDUM" "SHANTHAPURAM"
Mahallile mahall nivasikalk illatha prashnagalum undennu okk report cheythathu ethu madhyama ajanda nadappakananavo? annonnum kannath utkanda "KUNCHMUVINU "Ennuvannu.KUNCHAM kooli ezhuthukaranai taram thayaruth."SHANTHA PURAM MAHALLU PILLARAN POVUNNU ENNA VARTHA KODUTHITT KURE NALAYALLO? PILARUNNA ORU DATE KOODI PARANCHU TARAMO? .EMATHIRI(APSUNNI TYPE) VART RSS NE CHERUKKANO ATHO MANUSHYAVAKASHAM SAMRAKSHIKKANO ,ATHO MATTETHENKILUM VIKASANA AJENDA NADAPPAKKANO.? MADHYMAM IS NEWS PAPER READ BY ALL COMMUNITIES AND IT IS NOT A NEWS PAPER READ BY HIS MEMBERS ONLYAND IT IS NOT DOING ANY JIHAD LIKE "NEDUMBASSERI" TO SUBSCRIBE THE PAPER.

Joker said...

രസകകരമായ സംഭവം,

ഏഷ്യാനെറ്റ് ന്യൂസിലെ ഏറ്റവും വലിയ പുലയാട്ട് നാടകമായ ന്യൂസ് ഹവറില്‍ പ്രാദേശിക റിപ്പോറ്ട്ടറോട് വാര്‍ത്താ കൂട്ടികൊടുപ്പുകാരന് ചോദിക്കുന്നു ഇനി അടുത്ത പോലീസ് റെയ്ഡ് നടക്കുന്നത് എവിടെയാണെന്ന് വിവരം കിട്ടിയിട്ടുണ്ടോ “എന്ന്. വളരെ രഹസ്യമായി നടക്കേണ്ട റെയ്ഡുകള്‍ പോലും പരസ്യമാക്കി ഈ മാധ്യമ കൂട്ടങ്ങള്‍ കാണിക്കുന്ന ഭീകര വിരുദ്ധ വേട്ടയിലുള്ള ഇവരുടെ ആത്മര്‍ഥത എന്താണ്.

കലക്കവേള്ളത്തില്‍ മീന്‍ പിടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഡല്‍ഹി സ്പോടന പശ്ചാത്തലത്തില്‍ കേരളത്തിലും ബോംബ് ഭീഷണി എനു പറഞ്ഞ് ജനങ്ങള്‍ നിരത്തില്‍ ഇറങ്ങാന് പോലും ഭയന്നു. മാധ്യമങ്ങള്‍ പടര്‍ത്തിയ ഭീകരത തീവ്രവാദികള്‍ വളര്‍ത്തിയ ഭീകരതയേക്കാള്‍ ഭികരമയിരുന്നു. ഇപ്പോള്‍ ടിവി ഓഫ്ഫ് ചെയ്തു വെച്ചാല്‍ രണ്ടുണ്ട് കാര്യം.
1. കരണ്ട് ലാഭിക്കാം അത് വഴി സാമ്പത്തിക നേട്ടം
2. മനസമാധാനമായി ജീവിക്കാം, എസ്.എം.എസ് അയച്ചും ഭ്ഹികരതയുടെ വാര്‍ത്താ പുലയാട്റ്റുകള്‍ കാണാതെയും നമുക്ക് മനസമാധാനവും നേടാം.