Monday, December 15, 2008

മുംബൈ: അജ്‌മലിനെ മുമ്പേ പിടികൂടി

അജ്‌മലിനെ നീപ്പാളില്‍ നിന്ന്‌ മുമ്പേ പിടികൂടി: അഭിഭാഷകന്‍
റാവല്‍പിണ്ടി: മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്‌മല്‍ കസബിനെ 2006നു മുമ്പേ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നീപ്പാളില്‍ വച്ചു പിടികൂടി അജ്ഞാതകേന്ദ്രത്തിലടച്ചതാണെന്ന്‌ അഭിഭാഷകന്‍. ബിസിനസ്‌ ആവശ്യാര്‍ഥം കാഠ്‌മണ്ഡുവിലെത്തിയ അജ്‌മലിനെയും സംഘത്തെയും നീപ്പാള്‍ സൈനികരുടെ സഹായത്തോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ്‌ അഭിഭാഷകന്‍ സി എം ഫാറൂഖ്‌ ജിയോ ന്യൂസിനോടു പറഞ്ഞത്‌. ബിസിനസ്‌ സംഘത്തെ അന്യായമായി പിടികൂടിയതുമായി ബന്ധപ്പെട്ട്‌ 2008 ഫെബ്രുവരിയില്‍ താന്‍ നല്‍കിയ ഹരജി നീപ്പാള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. കേസ്‌ പരിഗണനയ്‌ക്കെടുത്ത കോടതി ഇന്ത്യന്‍ ഹൈക്കമ്മീഷനും നീപ്പാള്‍ സേനയ്‌ക്കും നോട്ടീസ്‌ അയച്ചിട്ടുമുണ്ട്‌.
അജ്‌മല്‍ അടക്കമുള്ള പാക്‌ സംഘത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ നീപ്പാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിന്നീടൊരവസരത്തില്‍ ഉപയോഗിക്കാന്‍ ഇവരെ അജ്ഞാതകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കാനിടയുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഫാറൂഖ്‌ പറഞ്ഞു. അജ്‌മലിന്റെ മാതാപിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യ-പാക്‌ സര്‍ക്കാരുകള്‍ക്ക്‌ താന്‍ കത്തുകള്‍ എഴുതിയിരുന്നു. പിടിയിലായ ശേഷം അജ്‌മലിനെക്കുറിച്ചു യാതൊരു വിവരവും തനിക്കു ലഭിച്ചിട്ടില്ലെന്നും വോയ്‌സ്‌ ഓഫ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ എന്ന സര്‍ക്കാരിതര സംഘടനയുടെ നേതാവുകൂടിയായ അഭിഭാഷകന്‍ അറിയിച്ചു. യഥാര്‍ഥ വിസയില്‍ ബിസിനസ്‌ ആവശ്യാര്‍ഥം നീപ്പാളിലെത്തിയ പാക്‌ സംഘത്തെ പിടികൂടിയശേഷം മുംബൈ ആക്രമണത്തില്‍ ഉപയോഗിച്ചിരിക്കാമെന്നും ജിയോ ന്യൂസിനോട്‌ ഫാറൂഖ്‌ പറഞ്ഞു. പാക്‌ ദിനപത്രമായ ദി ന്യൂസ്‌ ആണ്‌ ഈ റിപോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌. 


തേജസ്‌ ദിനപത്രം- 16-12-08 

Monday, November 17, 2008

ഐ.ബിയുടെ സ്വന്തം ഭീകരവാദി

ഇന്‍ഫോമര്‍മാരെ പോലിസ്‌ ഭീകരവാദികളാക്കിയെന്ന്‌ സി.ബി.ഐ
ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ്‌ ഭീകരവാദികളായി ചിത്രീകരിച്ച്‌ ജയിലിലടച്ച ഇര്‍ഷാദ്‌ അലിയും മുഹമ്മദ്‌ ആരിഫ്‌ ഖമറും പോലിസ്‌ ഇന്‍ഫോമര്‍മാര്‍ തന്നെയെന്ന്‌ സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നുവര്‍ഷമായി തിഹാര്‍ ജയിലില്‍ പീഡനങ്ങളനുഭവിക്കുകയാണിവര്‍.
കശ്‌മീരിലെ ലശ്‌കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും പാക്‌ അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഇന്റലിജന്റ്‌സ്‌ ബ്യൂറോയുടെ നിര്‍ദേശമനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ തങ്ങളെ ജയിലിലടച്ചതെന്ന്‌ ഇര്‍ഷാദ്‌ അലിയും ഖമറും ഈയിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഡല്‍ഹി പോലിസ്‌ ഭീകരവിരുദ്ധ വിഭാഗത്തിലെ രവീന്ദര്‍ ത്യാഗി, വിനയ്‌ ത്യാഗി, സുഭാഷ്‌ ഭട്ട്‌ എന്നീ മൂന്ന്‌ സ്‌പെഷ്യല്‍ സെല്‍ ഓഫിസര്‍മാരാണ്‌ ഐ.ബിയുടെ സഹായത്തോടെ ഇരുവരെയും കുടുക്കിയത്‌. ഇര്‍ഷാദ്‌ അലിയും ഖമറും നിരപരാധികളാണെന്നും ഇവര്‍ അല്‍ബദര്‍ ഭീകരരാണെന്ന ഡല്‍ഹി പോലിസിന്റെ ആരോപണം തെറ്റാണെന്നും അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌ എസ്‌ മോഹിയുടെ മുന്നില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. തെറ്റായ തെളിവുകള്‍ സൃഷ്ടിച്ചതിനും പ്രതിജ്ഞാലംഘനത്തിനും മറ്റു ഗുരുതരമായ കുറ്റങ്ങള്‍ക്കും മൂന്ന്‌ പോലിസുകാര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ അഭ്യര്‍ഥന നവംബര്‍ 27ന്‌ കോടതി പരിഗണിക്കും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2006 ഫെബ്രുവരിയില്‍ മുബാറക്‌ ചൗക്കില്‍ നിന്നാണ്‌ അല്‍ബദര്‍ ഭീകരസംഘത്തില്‍പ്പെട്ട ഇരുവരെയും പിടികൂടിയതെന്നാണ്‌ ഡല്‍ഹി പോലിസ്‌ അവകാശപ്പെട്ടിരുന്നത്‌. എന്നാല്‍, രണ്ടുപേരും ഡല്‍ഹി പോലിസ്‌ സ്‌പെഷ്യല്‍ സെല്ലിന്റെയും ഐ.ബിയുടെയും ഇന്‍ഫോമര്‍മാരാണെന്ന്‌ അന്നുതന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖമറിനെയും ഇര്‍ഷാദ്‌ അലിയെയും കുടുക്കാന്‍ ഐ.ബിയും പോലിസ്‌ സ്‌പെഷ്യല്‍ സെല്ലും തമ്മില്‍ നടത്തിയ ഗൂഢാലോചന സി.ബി.ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ ലാന്റ്‌ലൈന്‍ നമ്പറില്‍ നിന്ന്‌ ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും നിരവധി തവണ വിളിച്ചത്‌ ഇവര്‍ ഇന്‍ഫോര്‍മര്‍മാരാണെന്നതിനു തെളിവാണെന്ന്‌ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഐ.ബിയില്‍ ഇന്‍സ്‌പെക്ടറായ മാജിദുദ്ദീനും ഇതില്‍ പങ്കാളിയായിട്ടുണ്ട്‌. പിടികൂടിയശേഷം ആര്‍.ഡി.എക്‌സും മറ്റ്‌ മാരകായുധങ്ങളും ഇരുവരുടെയും കൈയ്യില്‍ കെട്ടിയേല്‍പ്പിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ സൂക്ഷിക്കുന്ന ഇത്തരം ആയുധങ്ങള്‍ പോലിസിന്‌ എങ്ങനെ ലഭിച്ചു എന്ന ചോദ്യവും സി.ബി.ഐ ഉയര്‍ത്തുന്നുണ്ട്‌.
ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും അറസ്‌റ്റ്‌ ചെയ്‌ത ശേഷം ആയുധങ്ങള്‍ വിതരണം ചെയ്‌തവരെന്നാരോപിച്ച്‌ ജമ്മുകശ്‌മീരിലുള്ള രണ്ടുപേരുടെ മേല്‍ പോലിസ്‌ ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. തെറ്റായ അഡ്രസ്സിലേക്കയച്ച രണ്ട്‌ വാറന്റുകളും തിരിച്ചുവന്നെങ്കിലും തുടര്‍ന്ന്‌ യാതൊരു അന്വേഷണവും നടത്തിയിരുന്നില്ല. കുറ്റംചുമത്തപ്പെട്ടവരുടെ ജോലിസ്ഥലത്തോ ഡല്‍ഹിയിലെ ബജന്‍പുരയിലുള്ള വീടുകളിലോ പോലിസ്‌ പരിശോധന നടത്തിയില്ലെന്നതും സംശയത്തിനിടയാക്കി.
ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും അല്‍ബദറുമായി ബന്ധിപ്പിക്കാവുന്ന ചെറിയ തെളിവുപോലും പോലിസിന്‌ ഹാജരാക്കാനായില്ലെന്ന്‌ അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കി. സി.ബി.ഐ കുറ്റംചുമത്തിയ സബ്‌ ഇന്‍സ്‌പെക്ടര്‍മാരിലൊരാള്‍ക്ക്‌ ഈ വര്‍ഷം രാഷ്ട്രപതിയുടെ പോലിസ്‌ മെഡല്‍ കിട്ടിയിരുന്നു.
2006ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനരികില്‍ അബുഹംസയെന്ന `ഭീകരവാദി'യെ ഏറ്റുമുട്ടലിലൂടെ വധിച്ചതിനായിരുന്നു മറ്റ്‌ പോലിസ്‌ ഓഫിസര്‍മാരോടൊപ്പം ഇയാള്‍ക്കും അവാര്‍ഡ്‌ ലഭിച്ചത്‌. ഐ.ബിയുടെ ഏജന്റുമാര്‍ മതപണ്ഡിതന്‍മാരുടെ വേഷത്തില്‍ വന്ന്‌ മുസ്‌ലിം ചെറുപ്പക്കാരെ ജിഹാദിന്‌ പ്രേരിപ്പിക്കുകയും ആക്രമണങ്ങള്‍ക്ക്‌ ആര്‍.ഡി.എക്‌സ്‌ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ടെന്ന്‌ ഇര്‍ഷാദ്‌ അലി പ്രധാനമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇത്തരം ഇരകളെ പിന്നീട്‌ പോലിസ്‌ തന്നെ ആവശ്യം വരുമ്പോള്‍ വെടിവച്ചു കൊല്ലുകയാണു പതിവ്‌. കേരളത്തില്‍ നിന്ന്‌ ഏതാനും ചെറുപ്പക്കാര്‍ കശ്‌മീരിലെത്തി കൊല്ലപ്പെട്ടുവെന്ന്‌ പറയപ്പെടുന്ന സംഭവത്തില്‍ ഐ.ബിക്ക്‌ പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ കണ്ടെത്തലോടെ ഒന്നുകൂടി ബലപ്പെട്ടിരിക്കുകയാണ്‌.

Tuesday, November 11, 2008

തീവ്രവാദികള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസും: ഡോ. എം ഗംഗാധരന്‍

കെപിഒ റഹ്‌മത്തുല്ല

തിരൂര്‍: ആര്‍.എസ്‌.എസും ബി.ജെ.പിയുമാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദികളെന്നു പ്രശസ്‌ത ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചു തീവ്രമായ വെറുപ്പും ശത്രുതയും പുലര്‍ത്തുന്നവരാണ്‌ സവര്‍ക്കറിന്റെ അനുയായികളെന്നു തേജസിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇവരുടെ പോഷകസംഘടനകളായ ബജ്‌രംഗ്‌ദള്‍, വിശ്വഹിന്ദു പരിഷത്ത്‌ എന്നിവയും തീവ്രവാദമാണു പ്രചരിപ്പിക്കുന്നത്‌. ബാബരി മസ്‌ജിദ്‌ പൊളിച്ചതും ഗുജറാത്തില്‍ മുസ്‌ലിം വംശഹത്യക്കു നേതൃത്വം നല്‍കിയതും ഒറീസയിലും കര്‍ണാടകയിലും ക്രിസ്‌ത്യാനികളെ ആക്രമിച്ചതുമെല്ലാം ഇവരാണ്‌. ഈ ക്രിമിനല്‍സംഘത്തിന്റെ നേതാവായ അഡ്വാനിയാണു പ്രധാനമന്ത്രിയാവാന്‍ കുപ്പായമിട്ടിരിക്കുന്നത്‌. ഏറ്റവും വലിയ തീവ്രവാദികളായ ഈ ഹിന്ദുത്വശക്തികള്‍ക്കെതിരേ ചെറുവിരലനക്കാത്ത കോണ്‍ഗ്രസ്‌ ഇല്ലാത്ത മുസ്‌ലിം തീവ്രവാദത്തെ നേരിടുന്നു എന്നുവരുത്തി ബി.ജെ.പിക്കു കിട്ടാവുന്ന ഹിന്ദുവോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറിക്കാനാണു ശ്രമിക്കുന്നത്‌.
കേരളത്തില്‍ ആര്‍.എസ്‌.എസിനെയും ബി.ജെ.പിയെയും വളര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചത്‌ സി.പി.എമ്മാണ്‌. വടക്കന്‍ മലബാറില്‍ ആര്‍.എസ്‌.എസുകാരെ മാര്‍ക്‌സിസ്റ്റുകള്‍ അറുകൊല ചെയ്‌തത്‌ അവരുടെ വളര്‍ച്ചയ്‌ക്കും ജനങ്ങളില്‍ സഹതാപമുണ്ടാവാനും കാരണമായി. സി.പി.എമ്മിന്റെ സംഘര്‍ഷങ്ങളാണു കേരളത്തില്‍ ആര്‍.എസ്‌.എസിന്‌ ശക്തി പകര്‍ന്നത്‌. ബി.ജെ.പിയെപ്പോലെ തന്നെ അകറ്റിനിര്‍ത്തേണ്ട പാര്‍ട്ടിയാണു സി.പി.എമ്മും. സംസ്ഥാനത്തിന്റെ വ്യവസായവികസനത്തെ മൊത്തം തകര്‍ത്തത്‌ ഇവരാണ്‌. എന്നിട്ടിപ്പോള്‍ വികസനം എന്നുപറഞ്ഞു മുറവിളി കൂട്ടുകയാണ്‌- ഗംഗാധരന്‍ ചൂണ്ടിക്കാട്ടി.
മഅ്‌ദനി കേരളത്തിലെ മുസ്‌ലിം സമൂഹത്തിനു ഗുണം ചെയ്‌തുവെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇതരസമൂഹങ്ങളില്‍ വര്‍ഗീയചിന്തകള്‍ക്കു കാരണമായിട്ടുണ്ട്‌. എന്നാല്‍, എന്‍.ഡി.എഫ്‌ അങ്ങനെയല്ല. ആര്‍.എസ്‌.എസിന്റെ ക്രൂരതകളുടെ സ്വാഭാവിക പരിണതിയാണ്‌ എന്‍.ഡി.എഫ്‌. മുസ്‌ലിംകള്‍ക്കു നേരെ ഇവര്‍ നിരന്തരം അക്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ പ്രതിരോധിക്കാനുണ്ടായ സംരംഭം. ഇതില്‍ അസ്വാഭാവികതയില്ല. ആര്‍.എസ്‌.എസ്‌ അക്രമം നടന്ന സ്ഥലങ്ങളിലാണ്‌ എന്‍.ഡി.എഫ്‌ ശക്തിപ്രാപിച്ചിട്ടുള്ളത്‌. മുസ്‌ലിം സംഘടനകളെ മാത്രം തീവ്രവാദമുദ്ര കുത്തി നിരോധിക്കുന്നതിനെ അനുകൂലിക്കാനാവില്ല. ആര്‍.എസ്‌.എസിനെയും അനുബന്ധ സംഘടനകളെയുമാണ്‌ ആദ്യമായി നിരോധിക്കേണ്ടത്‌. ജനസംഖ്യയിലെ 40% വരുന്ന ഹിന്ദു ദരിദ്രരെ സഹായിക്കുന്നതിനു പകരം മറ്റു മതക്കാരെ ആക്രമിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. തീവ്രവാദത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ഭരണകൂട ഭീകരത പ്രതിഷേധാര്‍ഹമാണ്‌. അതിലും വലിയ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിന്ദുത്വശക്തികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവുന്നില്ല. ബി.ജെ.പി വലിയ പാര്‍ട്ടിയാണെന്നതാണ്‌ ഇതിനു കാരണം. ഇവരുടെ അത്ര ശക്തിയുള്ള മുസ്‌ലിം പാര്‍ട്ടികള്‍ ഇല്ലെന്നതും മുസ്‌ലിം വേട്ടയ്‌ക്കു കാരണമാണ്‌. നീതി നിഷേധിക്കപ്പെടുന്നു എന്ന ധാരണ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമാവുന്നുണ്ട്‌. ഇതര മതങ്ങളൊക്കെ വെറുക്കപ്പെടേണ്ടതാണെന്ന ധാരണ മുസ്‌ലിംസമൂഹത്തില്‍ സൃഷ്ടിക്കാനും അത്തരം സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും ചില നിഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്‌. അവരെ കണ്ടെത്തിയാല്‍ മലയാളികള്‍ കശ്‌മീരില്‍ വെടിയേറ്റുമരിച്ച സംഭവത്തിലെ നിഗൂഢതകള്‍ ഇല്ലാതാവും. പോലിസും പ്രത്യേക അന്വേഷണ ഏജന്‍സികളും പറയുന്നതൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. സത്യസന്ധമായ അന്വേഷണവും കണ്ടെത്തലും ഒരിക്കലും ഉണ്ടാവാറില്ല. കശ്‌മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മ സഫിയയുടെ ഗതികേട്‌ നാം മനസ്സിലാക്കണം. ഇത്‌ ഒരു ഉമ്മയുടെയും ഭാഗത്തു നിന്നു സ്വമേധയാ ഉണ്ടാവില്ല. ആരെല്ലാമോ അവരെക്കൊണ്ടു പറയിപ്പിച്ചതാണ്‌. ഒരു അമ്മയ്‌ക്കും മകനേക്കാള്‍ വലുത്‌ രാജ്യമായിക്കൂടാ. സഫിയയുടെ വാക്കുകളില്‍ ഒരു സമുദായത്തിന്റെ തേങ്ങലാണു മുഴങ്ങുന്നത്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അതു വലിയ കാര്യമായി എടുത്തുകാട്ടിയതും ശരിയായില്ല. ഒരു ഉമ്മയും രാജ്യത്തിനു വേണ്ടി മകനെ ഉപേക്ഷിക്കേണ്ടിവരരുത്‌. വ്യക്തിബന്ധങ്ങള്‍ രാഷ്ട്രീയസ്വാധീനങ്ങളാല്‍ തള്ളിപ്പറയുന്ന അവസ്ഥയുണ്ടാവരുത്‌. മനുഷ്യനേക്കാള്‍ വലുതല്ല രാജ്യമെന്നും രാജ്യസ്‌നേഹത്തേക്കാള്‍ വലുത്‌ മനുഷ്യസ്‌നേഹമാണെന്നും മനസ്സിലാക്കണം. സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുവന്നശേഷം മാത്രം പറയേണ്ട കാര്യങ്ങള്‍ ഒരു ഉമ്മ മുമ്പേ പറഞ്ഞത്‌ സംശയാസ്‌പദമാണ്‌. മതഭ്രാന്തും പണവും ഒരുമിക്കുന്നിടത്തു തീവ്രവാദത്തിനു കടന്നുവരാന്‍ എളുപ്പമാണ്‌. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ പണം ലഭിക്കുമെങ്കില്‍ ഏതു വഴിയും സ്വീകരിച്ചേക്കാം. ഇസ്‌ലാമിലില്ലാത്ത പൗരോഹിത്യത്തിന്റെ കടന്നുവരവും യുവാക്കളെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ട്‌- ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.

തേജസ്‌: 12-11-08

Saturday, November 8, 2008

പോലിസ്‌ ഇന്‍ഫോമേഴ്‌സിന്റെ പ്രച്ഛന്നവേഷങ്ങള്‍

ഭീകരവേട്ട: അറുതി വരാത്ത ദുരൂഹതകള്‍ - ഭാഗം 3

ടി എസ്‌ നിസാമുദ്ദീന്‍  
 





പോലിസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ആരില്‍ നിന്നാണോ വിവരങ്ങള്‍ ലഭിക്കേണ്ടത്‌ അതേ വിഭാഗത്തിലുള്ളവരെ പോലിസ്‌ ഇന്‍ഫോമേഴ്‌സ്‌ (യഥാസമയം വിവരങ്ങള്‍ എത്തിക്കുന്നവര്‍) ആക്കി നിയമിക്കാറുണ്ട്‌. മതസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍ എന്നിവയിലൊക്കെ പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ നിന്ന്‌ വിവരം ശേഖരിക്കാന്‍ ഐ.ബി അടക്കമുള്ള രഹസ്യാന്വേഷണവിഭാഗങ്ങള്‍ ഇവരെയാണ്‌ ഉപയോഗിക്കാറ്‌. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വാഗ്‌ചാതുരിയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിവുമുള്ളവരെയാണ്‌ ഇതിനു തിരഞ്ഞെടുക്കുക.
നുഴഞ്ഞുകയറുന്ന പ്രസ്ഥാനങ്ങളില്‍ തികഞ്ഞ ആത്മാര്‍ഥതയോടും അച്ചടക്കത്തോടും ഇവര്‍ തങ്ങളെ പഠിപ്പിച്ചുവിട്ടവരുടെ അജണ്ടകള്‍ സാവധാനം പകരും. ചിലര്‍ വ്യവസ്ഥാപിത സംഘടനകളുടെ നേതൃസ്ഥാനത്തുവരെ എത്തിയിട്ടുണ്ട്‌. സാമ്പത്തിക സഹായവും നിയമപരമായ സംരക്ഷണവും അധികൃതര്‍ നല്‍കും. സംഘടനകളില്‍ നുഴഞ്ഞുകയറിയും പ്രവര്‍ത്തകരെ സ്വാധീനിച്ചും വിവരങ്ങള്‍ ചോര്‍ത്തി ഐ.ബിക്കും മറ്റും നല്‍കുകയാണ്‌ ഇവരുടെ ജോലി. വര്‍ഗീയകലാപങ്ങള്‍ നടന്ന ശേഷം പ്രതികാരത്തിനു പ്രേരണയുമായി ഇരകളുടെ അടുക്കല്‍ അതേ സമുദായത്തിലുള്ളവരെത്തന്നെ രഹസ്യാന്വേഷണവിഭാഗം അവതരിപ്പിച്ച ഉദാഹരണങ്ങളുണ്ട്‌.
ഉറുമി മുസ്‌തഫയും സംശയാസ്‌പദമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാറാട്‌ സ്വദേശി മന്‍സൂറും ഒരേസമയം ഒറ്റുകാരായും ചില സംഘടനകളുടെ അംഗങ്ങളായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തളിപ്പറമ്പിലെ മുന്‍ ഡിവൈ.എസ്‌.പിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉറുമി മുസ്‌തഫയെ, വര്‍ഗീയാസ്വാസ്ഥ്യം തുടരുന്ന കാസര്‍കോഡ്‌ ജില്ലയില്‍ ചില ഓപറേഷനുകള്‍ക്ക്‌ ഉപയോഗിച്ചിരുന്നുവത്രെ. സംഘപരിവാര-ശിവസേനാ നേതാക്കളെ വധിക്കാന്‍ സൗകര്യമൊരുക്കാമെന്നു പറഞ്ഞ്‌ ഇയാള്‍ ചില സംഘടനകളുടെ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു.
2002 ഡിസംബര്‍ രണ്ടിന്‌ മുസ്‌തഫയുടെ സുഹൃത്തായ പി.ഡി.പി നേതാവിന്റെ മകന്റെ കടയില്‍ നിന്ന്‌ മൂന്നു പാക്കറ്റ്‌ വെടിമരുന്ന്‌ പോലിസ്‌ പിടിച്ചെടുത്തു. അതോടൊപ്പം എന്‍.ഡി.എഫിന്റെ ചില ലഘുലേഖകളും സി.ഡികളും കണ്ടെടുത്തു. സ്‌ഫോടക വസ്‌തുക്കള്‍ കടയില്‍ എത്തിച്ചശേഷം പിടികൂടാന്‍ പോലിസിന്‌ അവസരമൊരുക്കിയത്‌ ഉറുമിയായിരുന്നു. പി.ഡി.പിയെയും എന്‍.ഡി.എഫിനെയും കുടുക്കാന്‍ രഹസ്യാന്വേഷണവിഭാഗം ഉറുമിയെ ഉപയോഗിക്കുകയായിരുന്നെന്നാണു സംശയം.
കോഴിക്കോട്‌ മാറാട്‌ സ്വദേശി മന്‍സൂര്‍ മാറാട്‌ കലാപത്തിനു മുമ്പ്‌ കേരളത്തിലും പുറത്തും മാറാട്ടുകാരെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.ഡി.എഫുകാരനായും പി.ഡി.പിക്കാരനായും നടിച്ചു പലരെയും സമീപിക്കുകയുണ്ടായി. 2002 ഡിസംബറില്‍ മംഗലാപുരത്തെ മലയാളി കച്ചവടക്കാരുടെ അടുത്തെത്തി താന്‍ മാറാട്ടുകാരനാണെന്നും സഹായിക്കണമെന്നും പറഞ്ഞ്‌ സഹായം അഭ്യര്‍ഥിച്ചിരുന്നു. ആറുവര്‍ഷത്തോളമായി കേരളത്തിലെ മിക്ക ജില്ലകളിലും പ്രത്യക്ഷപ്പെടുന്ന ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നു പറയപ്പെടുന്നു. മാറാടിനു പ്രതികാരം ചെയ്യാന്‍ തന്നെ സഹായിക്കാന്‍ സന്നദ്ധതയുള്ള ഏതെങ്കിലും ഗ്രൂപ്പുണ്ടോ എന്ന അന്വേഷണമാണ്‌ പ്രധാനമായും ഇയാള്‍ നടത്തിയത്‌. ഇതില്‍ സംശയം തോന്നിയ ചിലര്‍ ഇയാള്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അതു വ്യാജമാണെന്നു ബോധ്യപ്പെട്ടു.
2003 മെയ്‌ മൂന്നിനു നടന്ന രണ്ടാം മാറാട്‌ കലാപത്തിനു മുമ്പ്‌, മാര്‍ച്ചില്‍ കോഴിക്കോട്‌ സിറ്റി പോലിസ്‌ സാക്ഷ്യപ്പെടുത്തിയ ട്രോമാകെയര്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഇയാള്‍ക്കു ലഭിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക്‌ പോലിസ്‌ വെരിഫിക്കേഷനുള്ള ഒരു ഐഡന്റിറ്റി കാര്‍ഡ്‌ എങ്ങനെ ലഭിച്ചെന്നുള്ളത്‌ ഇപ്പോഴും ദുരൂഹമാണ്‌. മാറാട്‌ കലാപത്തിനുശേഷം കോഴിക്കോട്‌, മുക്കം ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ്‌ ജോലിക്കാരനായി മന്‍സൂര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ എന്‍.ഡി.എഫുകാരനായി പരിചയപ്പെടുത്തിയായിരുന്നു പ്രവര്‍ത്തനം. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടു കാട്ടി മുങ്ങിയ ഇയാള്‍ 2004ല്‍ നിലമ്പൂരിലാണു പൊങ്ങിയത്‌. അവിടെ ജോലിചെയ്‌തുവന്നിരുന്ന മന്‍സൂര്‍ ആയുധങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ യുവാക്കളെ സമീപിച്ചിരുന്നു. ഇയാളുടെ നടപടികളില്‍ ദുരൂഹത തോന്നിയ നാട്ടുകാരില്‍ ചിലര്‍ മന്‍സൂറിന്റെ താമസസ്ഥലത്തു പരിശോധന നടത്തി.
വേഷം മാറാനുള്ള വിഗ്ഗ്‌, കണ്ണിന്റെ നിറം മാറ്റുന്ന കൃത്രിമ ലെന്‍സ്‌ തുടങ്ങി പല വസ്‌തുക്കളുമാണ്‌ അവിടെ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ നാട്ടുകാര്‍ ഇയാളെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, നാട്ടുകാര്‍ അദ്‌ഭുതപ്പെട്ടത്‌ അതിലല്ല. പോലിസ്‌ ഇയാളെ സുരക്ഷിതമായി കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
മന്‍സൂറിന്റെ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നു നിര്‍ദേശമുണ്ടെന്നാണു സംഭവം സംബന്ധിച്ച്‌ നിലമ്പൂര്‍ പോലിസില്‍ ബന്ധെപ്പട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ച മറുപടി. പിന്നീട്‌ പൊന്നാനിയിലാണ്‌ എന്‍.ഡി.എഫ്‌ വേഷത്തില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടത്‌. തുടര്‍ന്ന്‌ ആയുധക്കടത്ത്‌ കേസില്‍ മന്‍സൂര്‍ കണ്ണൂര്‍ ജയിലിലുമെത്തി. ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന മുസ്‌ലിം ചെറുപ്പക്കാരോട്‌ അവര്‍ ഉള്‍പ്പെട്ട കേസ്‌ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഇയാളുടെ ദൗത്യം മറ്റെന്തോ ആണെന്നു ബോധ്യമായത്‌.
ജയില്‍മുക്തനായ ശേഷം ആലുവ കുഞ്ഞുണ്ണിക്കരയില്‍ കുടുംബസമേതം താമസമാക്കിയ മന്‍സൂര്‍ അവിടെയും മുസ്‌ലിം സംഘടനകളെക്കുറിച്ചും യുവാക്കളെക്കുറിച്ചും പഠിക്കാന്‍ തുടങ്ങി.
കുഞ്ഞുണ്ണിക്കരയില്‍ താമസിക്കുമ്പോള്‍ അടുത്തുള്ള വളയന്നൂര്‍ ഭാഗത്ത്‌ ഒരു ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെ വധിക്കണമെന്നു പറഞ്ഞ്‌ യുവാക്കളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ നിരന്തരം പിന്തുടര്‍ന്നു. ഒരു ദിവസം പുലര്‍ച്ചെ വധിക്കണമെന്നു പറഞ്ഞ ആര്‍.എസ്‌.എസ്‌കാരനും മന്‍സൂറും തമ്മില്‍ രഹസ്യ സംഭാഷണം നടത്തുന്നതാണ്‌ പ്രദേശവാസികള്‍ക്കു കാണാനായത്‌. മഅ്‌ദനി മോചനവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു.
വിചിത്രമെന്നു പറയട്ടെ, മന്‍സൂര്‍ ആലുവയില്‍ നിന്നു സ്ഥലംവിട്ട ഉടനെയാണു കുഞ്ഞുണ്ണിക്കരയിലെ യുവാക്കളെ സിമി ബന്ധമാരോപിച്ച്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. എല്ലാ സ്ഥലങ്ങളിലും മാറാട്ടെ അഡ്രസ്സാണു നല്‍കാറുള്ളത്‌. എന്നാല്‍, മാറാടുമായി ഇയാള്‍ക്ക്‌ വര്‍ഷങ്ങളോളമായി ഒരു ബന്ധവുമില്ല.
സംസ്ഥാനത്തിന്‌ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സംഘടനകളും ആത്മീയകേന്ദ്രങ്ങളും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നതിന്‌ പ്രധാന കാരണം ഇത്തരക്കാര്‍ നല്‍കുന്ന തെറ്റായതും പര്‍വതീകരിച്ചതുമായ വിവരങ്ങളാണ്‌. മതത്തെ വിറ്റു കാശാക്കുന്നവര്‍ ഒരുഭാഗത്തും മതം ജീവിതത്തിന്റെ അനിവാര്യ ഘടകമായി കാണുന്നവര്‍ മറുഭാഗത്തും പ്രവര്‍ത്തിക്കുമ്പോള്‍ മുതലെടുപ്പിന്‌ വലിയൊരു വിഭാഗം സജീവമായി രംഗത്തുണ്ട്‌. ഈ മുതലെടുപ്പാണ്‌ ആത്മീയകേന്ദ്രങ്ങളില്‍ വ്യാജന്‍മാര്‍ കടന്നുകൂടുന്നതിനും സംഘടനകള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കും വഴിവയ്‌ക്കുന്നത്‌.
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഏത്‌ സംഘടനകളെയും കണ്ണടച്ചു തുറക്കുംമുമ്പ്‌ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ചേരുവകള്‍ സഹിതമാണ്‌ പരിശീലനം നല്‍കി രഹസ്യാന്വേഷണ വിഭാഗം ഇത്തരം ഇന്‍ഫോമേഴ്‌സിനെ സംഘടനകളിലേക്കു കടത്തിവിടുന്നത്‌.

Friday, November 7, 2008

സ്‌ഫോടനം നടക്കും മുമ്പേ ചാനലില്‍ വാര്‍ത്ത




സ്‌ഫോടനം നടക്കും മുമ്പേ ആര്‍.എസ്‌.എസ്‌
ചാനലില്‍ വാര്‍ത്ത

ന്യൂഡല്‍ഹി: മലേഗാവ്‌ സ്‌ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ്‌ ആര്‍.എസ്‌.എസിന്റെ ഔദ്യോഗിക ചാനലായ സുദര്‍ശന്‍ ടി.വി സ്‌ഫോടനം നടന്നതായി വാര്‍ത്ത നല്‍കിയെന്നു പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ്‌. സ്‌ഫോടനം നടന്ന സപ്‌തംബര്‍ 29ന്‌ 9.29നാണ്‌ മേലഗാവ്‌ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തതായി സുദര്‍ശന്‍ ടി.വി വാര്‍ത്ത നല്‍കിയത്‌.
എന്നാല്‍, പോലിസിന്റെ റിപോര്‍ട്ട്‌പ്രകാരം 9.30നാണ്‌ സ്‌ഫോടനം നടന്നത്‌. സംഭവം നടന്നു മാധ്യമങ്ങള്‍ അറിഞ്ഞു വാര്‍ത്ത തയ്യാറാക്കി സംപ്രേഷണം ചെയ്യാന്‍ ചുരുങ്ങിയത്‌ 15 മിനിറ്റെങ്കിലുമെടുക്കും. സ്‌ഫോടനസ്ഥലത്ത്‌ അവരുടെ പ്രതിനിധി ഉണ്ടെങ്കില്‍പ്പോലും സ്‌ഫോടനം നടന്ന്‌ അഞ്ചു മിനിറ്റെങ്കിലുമാവാതെ റിപോര്‍ട്ട്‌ ചെയ്യാനാവില്ല. എന്നാല്‍, സ്‌ഫോടനം നടക്കുന്നതിന്‌ ഒന്നോ രണ്ടോ മിനിറ്റ്‌ മുമ്പ്‌ എങ്ങനെ ഇത്തരത്തിലുള്ള വാര്‍ത്ത സുദര്‍ശന്‍ ടി.വിക്ക്‌ ലഭിച്ചെന്നും അഗ്നിവേശ്‌ ചോദിച്ചു. അഗ്നിവേശിന്റെ ആരോപണങ്ങള്‍ സുദര്‍ശന്‍ ടി.വി നിഷേധിച്ചു. 

Thursday, November 6, 2008

വലയിലാക്കുക, ഒറ്റുകൊടുക്കുക


ടി എസ്‌ നിസാമുദ്ദീന്‍
`കേരളത്തിലെ മുസ്‌ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന കേന്ദ്ര സി.ഒ.ഡി സംഘം ആയുധക്കടത്തുമായി ബന്ധപ്പെട്ടു മലയാളിയായ വടകര ചെമ്മരത്തൂര്‍ സ്വദേശി മന്‍സൂറിനെ (32) അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ക്ക്‌ എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി സി.ഒ.ഡി ഇന്റലിജന്‍സ്‌ വിങ്‌ എസ്‌.ഐ സി കെ ശിവദാസ്‌ പറഞ്ഞു'. 2005 മെയ്‌ 26നു ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണിത്‌. ബാംഗ്ലൂരില്‍ നിന്നു റിപോര്‍ട്ട്‌ ചെയ്‌ത ഈ വാര്‍ത്ത കേരളത്തില്‍ വന്‍ കോലാഹലമാണു സൃഷ്ടിച്ചത്‌. തുടര്‍ന്നു രണ്ടുമൂന്നു ദിവസം തീവ്രവാദം, ആയുധക്കടത്ത്‌, ഹവാല തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു പല വാര്‍ത്തകളും വന്നു. കേരളത്തിലെ ചില സംഘടനകള്‍ക്കു വേണ്ടി കാസര്‍കോഡ്‌ വഴി ആയുധം കടത്തുന്ന മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ അഡ്രസ്സും ഫോട്ടോയും സഹിതമാണു ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്‌.
ബാംഗ്ലൂരില്‍ നിന്നു മലബാര്‍ ഭാഗത്തേക്ക്‌ ആയുധം കടത്തിയ കേസില്‍ വടകര സ്വദേശി പിടിയിലായെന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു മലബാറിലെ യുവാക്കള്‍ക്ക്‌ ആയുധപരിശീലനം നല്‍കുന്ന ഒരധ്യാപകനെ കേന്ദ്ര സി.ഒ.ഡി കസ്‌റ്റഡിയിലെടുക്കുമെന്നും അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നു ദിവസങ്ങള്‍ക്കകം മനസ്സിലായ പ്രസ്‌തുത മാധ്യമങ്ങള്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. ഇത്തരത്തില്‍ ഒരുസംഭവം ഉണ്ടായില്ലെന്നു സമ്മതിക്കാന്‍ മനസ്സുകാണിക്കാതിരുന്ന പത്രങ്ങള്‍ വാര്‍ത്ത വഴിതിരിച്ചുവിടാനാണു ശ്രമിച്ചത്‌.
ആയുധക്കടത്തിനു മന്‍സൂര്‍ പിടിയിലായതിനെ തുടര്‍ന്നു കേന്ദ്ര സി.ഒ.ഡി സംഘത്തിന്റെ അന്വേഷണത്തില്‍ യുവാക്കള്‍ക്ക്‌ ആയുധപരിശീലനം നല്‍കുന്ന വടകര സ്വദേശി അബ്ദുല്‍ സലാമും പിടിയിലായതായി ചില പത്രങ്ങള്‍ റിപോര്‍ട്ട്‌ ചെയ്‌തു. `ആയുധങ്ങള്‍ മതതീവ്രവാദികള്‍ക്ക്‌ വേണ്ടി, സര്‍ക്കാര്‍ സഹകരിക്കുന്നില്ല; ആയുധക്കടത്ത്‌ അന്വേഷണം വഴിമുട്ടി' എന്ന തലക്കെട്ടോടെ വ്യാജ വാര്‍ത്തയുടെ എപ്പിസോഡുകള്‍ അവസാനിപ്പിച്ച്‌ മംഗളവും രാഷ്ട്രദീപികയും മാത്രമാണു തലയൂരിയത്‌.
അതേസമയം വ്യാജ ആയുധക്കടത്ത്‌ വാര്‍ത്തയിലെ `പ്രതി' നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. മന്‍സൂറിനൊപ്പം പിടിയിലായ വടകര മേമുണ്ട റഹ്‌മത്ത്‌ മന്‍സിലില്‍ അബ്ദുസ്സലാം താന്‍ സി.ഒ.ഡിയുടെ `കസ്‌റ്റഡിയി'ലാണെന്ന്‌ അറിയുന്നതു ബസ്‌ യാത്രയ്‌ക്കിടെ വാങ്ങിയ പത്രത്തില്‍ നിന്നാണ്‌്‌. ഇയാള്‍ എന്‍.ഡി.എഫുകാരനാണെന്നും പത്രങ്ങള്‍ എഴുതി. വാര്‍ത്ത വായിച്ച നാട്ടുകാര്‍ തീവ്രവാദ മുദ്രചാര്‍ത്തി സലാമിനെ കുറ്റപ്പെടുത്തി. ചിലര്‍ പ്രകടനം നടത്തി. ആയുധക്കടത്തുകാരനായതോടെ ബിസിനസ്സ്‌ പാര്‍ട്‌ണര്‍മാര്‍ ഒഴിവാക്കുകയും ചെയ്‌തു. വ്യാജ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയ അബ്ദുസ്സലാമിനു ഞെട്ടിക്കുന്ന സത്യങ്ങളാണു ലഭിച്ചത്‌. തന്നോടു മുന്‍വൈരാഗ്യമുള്ള ഒരാള്‍ പറ്റിച്ച പണിയായിരുന്നു ഇത്‌.
കേന്ദ്ര സി.ഒ.ഡി ഉദ്യോഗസ്ഥനെന്ന വ്യാജേന ബാംഗ്ലൂരിലെ പത്രക്കാര്‍ക്കു വ്യാജ വാര്‍ത്ത നല്‍കിയതും ഇയാള്‍ തന്നെയാണ്‌. കേന്ദ്ര സി.ഒ.ഡി എസ്‌.ഐ സി കെ ശിവദാസനെന്ന പേരില്‍ പത്രക്കാരുടെ മുന്നില്‍ അവതരിച്ചതു തളിപ്പറമ്പ്‌ സ്വദേശി അരിയില്‍ കയ്യം ഉറുമി മുസ്‌തഫയായിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളില്‍ തീവ്രവാദവും ആയുധക്കടത്തും ഹവാലയുമെല്ലാം ഉള്‍പ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എരിവുംപുളിയും ചേര്‍ത്തു വാര്‍ത്ത പടച്ചുവിടുകയായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതിയോ, കേന്ദ്ര സി.ഒ.ഡി എന്നൊരു സംഘം ഉണ്ടോയെന്നോ അന്വേഷിക്കാതെയായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്‌. ഇതേ പോലുള്ള വാര്‍ത്ത 2004ല്‍ ഒരു പ്രമുഖപത്രം ബാംഗ്ലൂരില്‍ നിന്നു റിപോര്‍ട്ട്‌ ചെയ്‌തിരുന്നു. 2004 ഡിസംബര്‍ 24, 25 തിയ്യതികളില്‍ `ഹവാലപ്പണം കൊണ്ടു വാങ്ങിയ ആയുധങ്ങള്‍ കര്‍ണാടകയില്‍', `രണ്ടു മലയാളികള്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍' എന്നീ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. ഹവാലാ കേസില്‍ മര്‍സൂഖ്‌, രാധാകൃഷ്‌ണന്‍ എന്നിവരാണു പിടിയിലായത്‌. എന്നാല്‍ വടകര മേമുണ്ട രാധാകൃഷ്‌ണന്‍ നായര്‍ (27) എന്ന പേരില്‍ ഒരാള്‍ ഇല്ലെന്നാണു പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായത്‌. ഇതും മുസ്‌തഫ തന്നെ പടച്ചുവിട്ടതായിരുന്നു.
അതേസമയം, കേരളത്തിലും ബാംഗ്ലൂരിലും ഏറെ കോലാഹലം സൃഷ്ടിച്ച വാര്‍ത്തയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഉറുമി മുസ്‌തഫ നാട്ടില്‍ ഇപ്പോഴും വിഹരിക്കുന്നുവെന്നതാണു തമാശ. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത മുസ്‌തഫയ്‌ക്ക്‌ ഇത്രയും വിശ്വസനീയവും ഉദ്വേഗജനകവുമായ റിപോര്‍ട്ടുകള്‍ നല്‍കാനുള്ള ശേഷിയില്ലെന്നു നാട്ടുകാര്‍ക്കറിയാം. മുസ്‌തഫയെ കരുവാക്കി ചിലരെ തീവ്രവാദികളെന്നു മുദ്രകുത്താന്‍ ചില ഏജന്‍സികള്‍ നടത്തിയ കുപ്രചാരണമാണിതെന്നു പിന്നീടു വ്യക്തമായി.
കാസര്‍കോട്‌ തൃക്കരിപ്പൂരില്‍ താമസമാക്കിയ ഉറുമി മുസ്‌തഫ നിരവധി കേസുകളില്‍ പ്രതിയാണ്‌. 1984 റമദാന്‍ മാസത്തില്‍ തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്ന്‌ ആരോപിച്ചു ബന്ധുവായ കയ്യത്ത്‌ മൂസയെ വധിച്ചു. കേസില്‍ ജാമ്യത്തിലിറങ്ങിയ മുസ്‌തഫ വീണ്ടും തട്ടിപ്പുംവെട്ടിപ്പുമായി കാസര്‍കോട്‌, മുംബൈ, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും സജീവമായിരുന്നു. ബാംഗ്ലൂരില്‍ നിന്നു കള്ളനോട്ട്‌ അടിക്കാനുള്ള യന്ത്രസാമഗ്രികളും തോക്കുകളും മുസ്‌തഫ കൊണ്ടുവന്നിരുന്നു. 93ല്‍ വെടിമരുന്നു സൂക്ഷിച്ചതുമായി ബന്ധപ്പെട്ടു പിടിയിലായെങ്കിലും കേസില്‍ നിന്ന്‌ ഒഴിവായ ഇയാള്‍ അതേവര്‍ഷം തന്നെ തോക്ക്‌ കേസിലും പ്രതിയായി. പിന്നീട്‌ തളിപ്പറമ്പിലെ ചിലരുമായി ചേര്‍ന്നു കള്ളനോട്ടിന്റെ ഇടപാടും നടത്തിയിരുന്നു.
ഒരേവിഷയം തന്നെ വ്യത്യസ്‌ത മാധ്യമങ്ങളിലൂടെയും വ്യക്തികളിലൂടെയും പ്രചരിപ്പിക്കുന്ന രീതിയും സംശയാസ്‌പദമാണ്‌. ഒരേ കേന്ദ്രം തന്നെയാണ്‌ ഇതിനു പിന്നില്‍. പോലിസിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘപരിവാര ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക സംഘടനകളെ ഉന്നംവച്ചു തന്ത്രങ്ങള്‍ മെനയുന്നുണ്ട്‌. പ്രമാദമായ സംഭവങ്ങള്‍ക്കു പ്രതികാരം ചെയ്യുന്നതിന്‌ ഇരകളാക്കപ്പെട്ടവരെ പ്രേരിപ്പിക്കാന്‍ പല ഏജന്‍സികളും പല രീതിയില്‍ ശ്രമിക്കുന്നുവെന്ന സംശയവും വ്യാപകമാണ്‌. അതിനു വര്‍ഗീയമായും വൈകാരികമായും ആളെ ഇളക്കിവിടുകയും സഹായവാഗ്‌ദാനങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ നേരിട്ടുള്ള ഇടപെടല്‍ നടത്താതെ ഇടനിലക്കാരെ ഉപയോഗിക്കുകയാണു പതിവ്‌. അതേസമയം, നേരത്തെ നോട്ടമിട്ടിരിക്കുന്ന സംഘടനകളെ പ്രശ്‌നത്തിലേക്കു പലരീതിയില്‍ വലിച്ചിഴയ്‌ക്കുകയും ചെയ്യും. ഇതിനു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരെ നാളുകള്‍ക്കു മുമ്പേ തന്നെ ഏതു സംഘത്തെയാണോ കുടുക്കേണ്ടത്‌ അതിലെ അംഗവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുമുണ്ടാവും. അവര്‍ തന്നെയാണു പിന്നീടു വേണ്ടപ്പെട്ടവര്‍ക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക.
നക്‌സലിസത്തെയും മറ്റു പ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ മുമ്പ്‌ രഹസ്യാന്വേഷണ വിഭാഗം വ്യാജ സംഘങ്ങള്‍ രൂപീകരിക്കുകയും കൃത്രിമ അക്രമങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു. നക്‌സലിസത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ പോലിസുകാരെ തിരുകിക്കയറ്റിയിരുന്നെന്നു മുന്‍ പോലിസ്‌ ഉദ്യോഗസ്ഥനായിരുന്ന ജയറാം പടിക്കല്‍ വെളിപ്പെടുത്തിയത്‌ ഇത്തരം സംഭവങ്ങളോടു കൂട്ടിവായിക്കാവുന്നതാണ്‌.


നാളെ: പോലിസ്‌ ഇന്‍ഫോമേഴ്‌സിന്റെ
പ്രച്ഛന്നവേഷങ്ങള്‍

കേരളത്തിലെ ഭീകരവേട്ട: അറുതിവരാത്ത ദുരൂഹതകള്‍

ഭീകരവേട്ട: അറുതിവരാത്ത ദുരൂഹതകള്‍
കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു നിയമപാലകരും രഹസ്യാന്വേഷണ വിഭാഗങ്ങളും തോന്നുംവിധം സംഭവഗതികളെ വ്യാഖ്യാനിച്ച്‌ അസത്യങ്ങളും അര്‍ധസത്യങ്ങളം വാരിവിതറുകയാണ്‌.
യഥാര്‍ഥ സംഭവത്തിന്റെ ഉറവിടം കണ്ടുപിടിക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനുമുള്ള താല്‍പ്പര്യമല്ല കാണുന്നത്‌. പത്രങ്ങള്‍ എരിവും പുളിയും ചേര്‍ത്ത വാര്‍ത്തകള്‍ തങ്ങളുടെ മനോനിലയ്‌ക്കും അജണ്ടയ്‌ക്കുമനുസരിച്ചു പടച്ചുവിടുന്നു. ചാനലുകള്‍ ഊഹാപോഹങ്ങളുടെ കയറൂരിവിടുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച നാടിനെ നടുക്കുന്ന സംഭവങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിസ്‌മൃതിയിലാവുമ്പോള്‍ കേസില്‍ പിടിയിലാവുന്നവര്‍ ഇരുട്ടറയ്‌ക്കുള്ളില്‍ തളയ്‌ക്കപ്പെടുന്നു. അന്വേഷണങ്ങള്‍ക്കു സര്‍വസന്നാഹങ്ങളോടെ പുലിയെപ്പോലെ ഇറങ്ങിത്തിരിക്കുന്ന നിയമപാലകര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ പൂച്ചയെപ്പോലെ മാളത്തിലൊളിക്കുന്നു.
യാദൃച്ഛികമെന്നോ ഗൂഢാലോചനയെന്നോ തരംപോലെ വിശ്വസിക്കാം. അക്രമം ഉണ്ടായാലും ആക്രമിക്കപ്പെട്ടാലും ഒരു സമുദായം മാത്രം പ്രതിക്കൂട്ടിലാക്കപ്പെടുന്നു. ആര്‍ക്കാണു മനോനില തെറ്റിയത്‌; ഭരണകൂടത്തിനോ മാധ്യമങ്ങള്‍ക്കോ? ആരാണ്‌ കേരളത്തിലും തീവ്രവാദികളെ സൃഷ്ടിക്കുന്നത്‌. .. തേജസ്‌ പരമ്പര 
 
ടി എസ്‌ നിസാമുദ്ദീന്‍
ആദ്യം 300 പേര്‍ പരിശീലനത്തിനുപോയെന്നു പറയുക. നടന്നതു ശരിയല്ലെന്നു വിശദീകരണം വരുക. കശ്‌മീരില്‍ കൊല്ലപ്പെട്ട നാലുപേരെയും തിരിച്ചറിഞ്ഞെന്നു പറയുക. എന്നാല്‍, രണ്ടുപേരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്ന്‌ നിഷേധക്കുറിപ്പുവരുക.
പാക്‌ പരിശീലനം കഴിഞ്ഞു തിരികെ വരുമ്പോഴാണ്‌ യുവാക്കള്‍ കൊല്ലപ്പെടുന്നതെന്ന്‌ ഒരു ഭാഷ്യം. അതല്ല, പാകിസ്‌താനിലേക്കു പോവുമ്പോഴാണ്‌ വെടിയേറ്റതെന്ന്‌ മറ്റൊരു ഭാഷ്യം. മലിനമായ രാഷ്ട്രീയവിവാദത്തിലേക്കും ശുദ്ധമായ അപവാദ പ്രചാരണത്തിലേക്കും കൂപ്പുകുത്തിയിരിക്കുന്ന തീവ്രവാദവേട്ടയുടെ ഉള്ളറകളിലെന്താണു നടക്കുന്നത്‌.
പോലിസ്‌ അവിടെയുമിവിടെയുമായി ചില റെയ്‌ഡുകള്‍ നടത്തുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ്‌ കേസന്വേഷണം മുന്നോട്ടുപോവാത്തത്‌. സൂക്ഷ്‌മമായ അന്വേഷണത്തില്‍ രാഷ്ട്രീയമോ വര്‍ഗീയമോ ആയ ലക്ഷ്യങ്ങളാണ്‌ ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കു പിന്നിലെന്നാണു വ്യക്തമാവുന്നത്‌. കശ്‌മീര്‍ സംഭവവുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അന്വേഷിക്കുന്നവരുടെ മതപരവും കുടുംബപരവുമായ പശ്ചാത്തലമന്വേഷിക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു.
കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അന്വേഷിക്കുന്ന കണ്ണൂര്‍ തയ്യില്‍ ടി നസീര്‍ നാട്ടില്‍ത്തന്നെയുണ്ടെന്നു വ്യക്തമായിരിക്കെ അന്വേഷണോദ്യോഗസ്ഥരുടെ പിടിയിലാവാത്തത്‌ എന്തുകൊണ്ട്‌.? ഊര്‍ജിതമായി അന്വേഷണം നടക്കുകയും പല പ്രതികളും പിടിയിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ്‌ ഈ ഗ്രൂപ്പിന്റെ പ്രധാന കണ്ണിയായ നസീര്‍ പല വേഷങ്ങളില്‍ നാട്ടില്‍ കഴിയുന്നത്‌. കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച്‌ വ്യക്തമായ വിവരം നല്‍കാന്‍ കഴിയുന്ന നസീറിനെ പോലിസ്‌ പിടികൂടാത്തതിനു പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണു സൂചന.
മുമ്പു പല പ്രശ്‌നങ്ങളിലും ഉള്‍പ്പെട്ട നസീറിനുമേല്‍ ദുര്‍ബല കേസുകള്‍ ചുമത്തി രക്ഷിക്കുന്നതിനു പിന്നില്‍ രഹസ്യാന്വേഷണവിഭാഗമാണെന്ന്‌ ആരോപണമുണ്ടായിരുന്നു. ഇതു ബലപ്പെടുത്തുന്നതാണ്‌ നസീറിന്റെ സൈ്വരവിഹാരം. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതിനും ആളെ കൂട്ടുന്നതിനും ആരോ ചിലര്‍ ഇത്തരം ആളുകളെ ഉപയോഗിക്കുകയാണെന്ന്‌ റിപോര്‍ട്ടുണ്ട്‌.
കണ്ണൂര്‍ കുറുവാ റോഡില്‍ തയ്യില്‍ ബൈത്തുല്‍ ഹിലാലില്‍ കമ്പന്‍ മജീദിന്റെ മകന്‍ നസീറിന്റെ ജീവിതം ക്രിമിനല്‍പശ്ചാത്തലം നിറഞ്ഞതാണ്‌. മുന്‍ ഐ.എസ്‌.എസ്‌ പ്രവര്‍ത്തകനായ നസീറിനും സുഹൃത്ത്‌ ആലിക്കും, സി.പി.എമ്മുമായി രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന ഉന്നതരുമായി നേരത്തേ തന്നെ ബന്ധങ്ങളുണ്ട്‌. പോലിസിന്‌ ഇത്‌ അറിയാവുന്നതുമാണ്‌. 1996ല്‍ കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ച്‌ നസീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മജ്‌ലിസ്‌ എന്ന സംഘടനയിലെ ചിലരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചു. ഇതിന്റെ സ്ഥാപകാംഗവും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവുമായ പറമ്പായി സ്വദേശിക്ക്‌ ഇടതുപക്ഷവുമായും ഉന്നത ഐ.ബി ഉദ്യോഗസ്ഥരുമായും കൊച്ചിയിലെയും കണ്ണൂരിലെയും ക്വട്ടേഷന്‍ സംഘങ്ങളുമായും ബന്ധമുണ്ട്‌. പക്ഷേ, നാളിതുവരെയായി ഇയാളെക്കുറിച്ച്‌ പോലിസ്‌ അന്വേഷിച്ചിട്ടില്ല. നസീറിന്റെ മിക്ക ഓപറേഷനുകളും അറിയുന്ന ഇയാളെക്കുറിച്ച്‌ അന്വേഷിക്കാത്തതില്‍ ദുരൂഹതയുണ്ട്‌. നേരത്തേ എറണാകുളത്ത്‌ പിടിയിലായ ക്വട്ടേഷന്‍ ഗ്രൂപ്പുമായി അടുപ്പമുള്ള ഫിറോസുമായും കണ്ണൂര്‍ ജില്ലയിലെ സി.പി.എം പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന ക്വട്ടേഷന്‍ അംഗങ്ങളുമായും ഇയാള്‍ക്കു ബന്ധമുണ്ട്‌.
1997 ജൂണ്‍ അഞ്ചിന്‌ കണ്ണൂരില്‍ ആസാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നസീര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കോഴിക്കോട്‌ ബസ്‌സ്‌റ്റാന്റില്‍ തമിഴ്‌നാട്‌ ബസ്‌ കത്തിച്ചത്‌, കളമശ്ശേരി ബസ്‌ കത്തിക്കല്‍, കോയമ്പത്തൂരില്‍ നടന്ന രണ്ടാം സ്‌ഫോടനശ്രമം, 2006 ഡിസംബര്‍ അഞ്ചിന്‌ തയ്യില്‍ വിനോദ്‌ വധം, നായനാര്‍ വധശ്രമം, തയ്യില്‍ നടന്ന സ്‌ഫോടനം, കടകത്തിക്കല്‍, മോഷണങ്ങള്‍, തമിഴ്‌നാട്ടിലെ ചില സംഭവങ്ങള്‍ തുടങ്ങിയവയ്‌ക്കുപിന്നില്‍ നസീറിന്റെ പങ്ക്‌ പുറത്തുവന്നിരുന്നു. ഇക്കാലയളവിലൊക്കെയും നസീര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ത്തന്നെയാണ്‌ ഉണ്ടായിരുന്നത്‌. എന്നിട്ടും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ നസീറിന്‌ അവസരമുണ്ടായതിനു പിന്നിലുള്ള കരങ്ങളെക്കുറിച്ച്‌ അന്വേഷിക്കേണ്ടതുണ്ട്‌.
നിരന്തര പോലിസ്‌ നിരീക്ഷണത്തിലുണ്ടെന്നു പറയുന്ന നസീര്‍, മറ്റു ജില്ലകളില്‍ നിന്നുവരെ യുവാക്കളെ റിക്രൂട്ട്‌ ചെയ്‌ത്‌ കശ്‌മീരില്‍ എത്തിച്ചെന്ന്‌ പോലിസ്‌ പറയുന്ന കഥയിലുമുണ്ട്‌ ദുരൂഹതയേറെ. നസീറിനെതിരേ പോലിസ്‌ തിരിയുന്ന ഉടന്‍ കേസ്‌ വഴിമാറ്റിവിടുന്നതിനു പിന്നില്‍ ഐ.ബിയുടെ കരങ്ങളാണെന്നു പോലിസിനുള്ളില്‍ത്തന്നെ സംസാരമുണ്ട്‌. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐ.ബി നസീറിനെ ഉപയോഗിക്കുകയാണെന്നാണ്‌ കഴിഞ്ഞകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌.
വെള്ള ജുബ്ബയും തൊപ്പിയും ധരിച്ച്‌ നാട്ടില്‍ വാഹനങ്ങളില്‍ കറങ്ങുന്ന നസീര്‍, ചിലപ്പോള്‍ അറബി തലക്കെട്ടോടെയും പ്രത്യക്ഷപ്പെടാറുണ്ട്‌. മലപ്പുറം, കോഴിക്കോട്‌, എറണാകുളം ജില്ലകളില്‍ ഉസ്‌താദ്‌, ശെയ്‌ഖ്‌, അബ്ദുല്ല, ഉമര്‍ എന്നീ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. മലപ്പുറത്ത്‌ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ശിഖ്‌വ അഥവാ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘടന രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്‌ നസീറാണെന്നു കരുതപ്പെടുന്നു. ശിഖ്‌വ അംഗങ്ങള്‍ കണ്ണൂരിലും പരപ്പനങ്ങാടിയിലും ക്യാംപ്‌ ചെയ്യാറുണ്ടായിരുന്നു.
കണ്ണൂര്‍ സിറ്റി പരിസരത്തും ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. 2006-07ല്‍ എറണാകുളത്ത്‌ ചില പ്രത്യേക ആരാധനാ പരിപാടികളിലൂടെ സംഘത്തിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ നടത്തിയിരുന്നതായും സൂചനയുണ്ട്‌. മഞ്ചേരിയില്‍ ശെയ്‌ഖ്‌ എന്ന പേരില്‍ എന്‍.ഡി.എഫിന്റെ വിവരങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ ഒരു പ്രമുഖ മുസ്‌ലിം വിദ്യാര്‍ഥി സംഘടനയുടെ നേതാക്കളെ സമീപിച്ചതു നസീറാണെന്നാണ്‌ അഭ്യൂഹം. ആസാദ്‌-വിനോദ്‌ വധത്തിന്റെ ഉത്തരവാദിത്തം എന്‍.എഡി.എഫിന്റെ മേല്‍ കെട്ടിവയ്‌ക്കാനാണ്‌ മാധ്യമങ്ങളും പോലിസും ആദ്യം ശ്രമിച്ചത്‌.
ആലുവ ത്വരീഖത്ത്‌, തമ്മനം ഷാജി, കോഴിക്കോട്‌ മൂഴിക്കലിന്‌ അടുത്തുള്ള ആത്മീയ ചികില്‍സാകേന്ദ്രം എന്നിവയുമായി അടുത്ത ബന്ധം നസീര്‍ സ്ഥാപിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞുപിടിച്ച്‌ ആത്മീയതയുടെ മറവില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക്‌ നസീറിനെ ചില ഏജന്‍സികള്‍ ഉപയോഗിക്കുകയായിരുന്നെന്നാണ്‌ വ്യക്തമാവുന്നത്‌. പുതിയ മൊബൈല്‍ ഫോണും സിം കാര്‍ഡും എന്‍.ഡി.എഫ്‌ പ്രവര്‍ത്തകന്‍ ജലീലിനു നല്‍കിയത്‌ സഹോദരീപുത്രിയുടെ ഭര്‍ത്താവായ നസീറായിരുന്നു. കശ്‌മീരില്‍ നിന്നു കോള്‍ വന്ന ശേഷം സിം കാര്‍ഡ്‌ മാറ്റാന്‍ നിര്‍ദേശിച്ചതും നസീറാണ്‌. ``നീ മറ്റൊരു സംഘടനാ പ്രവര്‍ത്തകനല്ലേ, സംഘടനയ്‌ക്കു ദോഷംവരരുത്‌്‌'' എന്നായിരുന്നു ഉപദേശം. എന്‍.ഡി.എഫ്‌ പ്രവര്‍ത്തകനായ ജലീലിനെ കുടുംബബന്ധം ഉപയോഗിച്ച്‌ നസീര്‍ കുടുക്കുകയായിരുന്നുവെന്നാണു സംശയം.
സംഭവങ്ങളില്‍ പിടിയിലാവുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഒരു നിശ്ചിതഘട്ടത്തില്‍ അവസാനിക്കുന്നതോടെ മറ്റൊരു പുതിയ പ്രശ്‌നം ആരംഭിക്കുകയായി. നിഷ്‌പക്ഷമായ അന്വേഷണം ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നില്ലെന്നതിന്‌ ഉദാഹരണങ്ങള്‍ നിരവധിയാണ്‌.
ചില സംഭവങ്ങളില്‍ അധികൃതരുടെ നേരിട്ടുള്ള ഇടപെടലും പുറത്തായിട്ടുണ്ട്‌. കോഴിക്കോട്‌ ബോംബ്‌ സ്‌ഫോടനത്തിന്റെ അന്വേഷണവും അട്ടിമറിക്കുകയായിരുന്നെന്ന്‌ നേരത്തേ ആരോപണമുയര്‍ന്നിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്‌ സ്‌ഫോടകവസ്‌തുക്കള്‍ എത്തിച്ചുകൊടുത്തത്‌ രാജു എന്ന ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായ ആര്‍മി ഉദ്യോഗസ്ഥനായിരുന്നു.


നാളെ: വലയിലാക്കുക;
ഒറ്റുകൊടുക്കുക

Wednesday, November 5, 2008

ഭീകരവാദവേട്ടയുടെ മാധ്യമ അജണ്ടകള്‍

എ പി കുഞ്ഞാമു
ആരാണ്‌ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ഭീകരവേട്ടക്കാര്‍? ഒരു സംശയവുമില്ല, മാധ്യമങ്ങള്‍ തന്നെ. കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളിലെയും റിപോര്‍ട്ടര്‍മാര്‍ ഇന്നു ഭീകരരെയും തീവ്രവാദികളെയും പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌. അതിന്റെ ഫലം കാണാനുമുണ്ട്‌- തീവ്രവാദത്തിന്റെ ഇല എവിടെയെങ്കിലുമനങ്ങിയാല്‍ പത്രമാപ്പീസുകള്‍ സടകുടഞ്ഞെഴുന്നേല്‍ക്കും; ചാനലുകള്‍ യുദ്ധസജ്ജരാവും. ഈ ഭീകരവാദവേട്ട കണ്ട്‌ അമ്പരന്നതുകൊണ്ടാണ്‌ കോടതിപോലും ഒരു ഘട്ടത്തില്‍ കേസന്വേഷണം പോലിസ്‌ നടത്തിക്കൊള്ളട്ടെ, മാധ്യമങ്ങള്‍ അതേറ്റെടുക്കേണ്ടതില്ല എന്നു വിലക്കിയത്‌.
പക്ഷേ, ഇത്തരം വിലക്കുകളുണ്ടോ മാധ്യമങ്ങള്‍ വകവയ്‌ക്കുന്നു? വാര്‍ത്തയെഴുത്തുകാര്‍ കഥകള്‍ മെനഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. അഞ്ചു കോപ്പി കൂടുതല്‍ ചെലവാകുകയാണെങ്കില്‍ അതിലാണ്‌ മാധ്യമക്കാരുടെ നോട്ടമെന്നു പ്രശസ്‌ത എഴുത്തുകാരനായ സക്കറിയ അഭിപ്രായപ്പെട്ടത്‌ ഈ കഥാരചന കണ്ടിട്ടാണ്‌. എന്നാല്‍, പത്രത്തിനു കോപ്പികള്‍ വര്‍ധിക്കുകയും വായനക്കാര്‍ കഥകള്‍ വായിച്ചു രസിക്കുകയും ചെയ്യുന്നതിനിടയില്‍ സംഭവിക്കുന്നത്‌ രണ്ടു സമുദായങ്ങള്‍ക്കിടയില്‍ വലിയൊരു വിടവ്‌ രൂപപ്പെടുകയാണ്‌. മുസ്‌ലിം ന്യൂനപക്ഷം സാമാന്യേന തീവ്രവാദിയെന്ന സംശയത്തിന്റെ നിഴലില്‍ അകപ്പെടുകയാണ്‌. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ ഈ മുദ്ര അടിച്ചേല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. `മുസ്‌ലിം ഭീകരത'യെന്ന ആശയം പൊതുസമൂഹത്തില്‍ പ്രബലമാവുന്നതില്‍ ഈ മാധ്യമസമീപനത്തിനുള്ള പങ്ക്‌ ചെറുതല്ല. വിശേഷിച്ചും മലയാളമടക്കമുള്ള ഭാഷാപത്രങ്ങളില്‍.
കേരളത്തിലെ ചില മുസ്‌ലിം ചെറുപ്പക്കാരുടെ `കശ്‌മീര്‍ തീവ്രവാദബന്ധം' മലയാള ഭാഷാപത്രങ്ങള്‍ കൊണ്ടാടിയത്‌ ഈ മാനസികാവസ്ഥയുടെയും അതു സൃഷ്ടിച്ച അവിശ്വാസത്തിന്റെയും മുഖമാണു പ്രകടമാക്കിയത്‌. വിവേകശാലികളായ സാമൂഹികനിരീക്ഷകര്‍ കാള പെറ്റെന്നു കേട്ടയുടനെ കയറുമെടുത്തു പായുന്ന ഈ മാധ്യമ ആക്‌റ്റിവിസത്തിനെതിരില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്‌. മാധ്യമ ആക്‌റ്റിവിസം മുസ്‌ലിം ന്യൂനപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭീകരവാദമുദ്രയെപ്പറ്റി ഇടതുപക്ഷ-മുസ്‌ലിം ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ ഉല്‍ക്കണ്‌ഠ പ്രകടിപ്പിക്കാറുമുണ്ട്‌. മലയാളത്തില്‍ വിശേഷിച്ചും മാധ്യമം ദിനപത്രം. പട്ടിയെ പേപ്പട്ടിയെന്നു വിളിച്ചു തല്ലിക്കൊല്ലുന്നതിനെതിരായി പൊതുവികാരമുണര്‍ത്താന്‍ മാധ്യമം നടത്തിപ്പോരുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ നോക്കുക. പൊതുസമൂഹത്തില്‍ സ്വീകാര്യത നല്ലപോലെയുള്ള മുസ്‌ലിം പത്രമെന്ന നിലയില്‍ മാധ്യമത്തിന്റെ ഈ ശ്രമം ഗുണം ചെയ്‌തിട്ടുമുണ്ടാവാം. ഇത്തരമൊരു പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ക്ക്‌ അതുകൊണ്ടുതന്നെ പൊതുബോധത്തെ സ്വാധീനിക്കാന്‍ ഏറെ ശേഷിയുണ്ടാവുന്നതു സ്വാഭാവികം.
എന്നാല്‍, ഭീകരവേട്ടാ റിപോര്‍ട്ടിങില്‍ കാര്യത്തോടടുക്കുമ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ വഴിത്തിരിവാകാന്‍ മാധ്യമത്തിനു സാധിക്കുന്നുണ്ടോ എന്ന കാര്യം കൃത്യമായ പുനരന്വേഷണങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്‌. മുസ്‌ലിം സമുദായത്തെ കണ്ണുംമൂക്കുമില്ലാതെ `ഭീകരവാദി'കളാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ മുഖ്യധാരാപത്രങ്ങളില്‍ പലതിന്റെയും വഴിയിലൂടെയാണു മാധ്യമവും പലപ്പോഴും സഞ്ചരിക്കുന്നതെന്നു ഖേദപൂര്‍വം തന്നെ പറയേണ്ടിയിരിക്കുന്നു.
ഇതിന്‌ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്‌ നവംബര്‍ രണ്ടിലെ പത്രത്തില്‍ വന്ന പെട്ടിക്കോളം വാര്‍ത്ത. `തീവ്രവാദബന്ധം സംശയിച്ച്‌ താനൂരില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍' എന്നാണ്‌ അതിപ്രാധാന്യത്തോടെ ജനറല്‍ പേജില്‍ പ്രസിദ്ധപ്പെടുത്തിയ ഈ ബോക്‌സ്‌ ന്യൂസിന്റെ തലക്കെട്ട്‌. തിരുപ്പൂരില്‍ എംബ്രോയ്‌ഡറിയും ഡിസൈനിങും പഠിക്കുന്ന താനൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയോടൊപ്പം നാടുകാണാനെത്തിയ രണ്ടു ജാര്‍ഖണ്ഡ്‌ സ്വദേശികളെ തീവ്രവാദികളെന്നു സംശയിച്ചു പോലിസ്‌ കസ്‌റ്റഡിയിലെടുത്ത സംഭവമാണു വന്‍ പ്രാധാന്യത്തോടെ മാധ്യമം പ്രസിദ്ധപ്പെടുത്തിയത്‌. ഈ ചെറുപ്പക്കാരുടെ കടലുകാണലില്‍ തീവ്രവാദവും ഭീകരപ്രവര്‍ത്തനവുമൊന്നുമില്ലെന്നു വാര്‍ത്ത വായിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാവും. മാത്രവുമല്ല, അന്വേഷണത്തില്‍ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്നു താനൂര്‍ സി.ഐ പറഞ്ഞതായി റിപോര്‍ട്ടില്‍ത്തന്നെയുണ്ടുതാനും. ചുരുക്കത്തില്‍, നാടുകാണാനെത്തിയ ചെറുപ്പക്കാരെ ഏതോ തെറ്റിദ്ധാരണമൂലം പോലിസ്‌ പിടികൂടി; സംശയിക്കാനൊന്നുമില്ലെന്നു പോലിസിനു ബോധ്യപ്പെട്ട കേസ്‌; പത്രക്കാര്‍ പേന തുറക്കുക പോലും ചെയ്യേണ്ടതില്ലാത്ത സംഗതി.
ഇത്തരം സംഭവങ്ങള്‍ വിട്ടുകളയുക എന്നതാണു പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്ന്‌; മുസ്‌ലിം സമുദായത്തിനെതിരായി നടക്കുന്ന ഭീകരവേട്ടയുടെ പശ്ചാത്തലത്തില്‍, അതിനെതിരേ ശബ്ദമുയര്‍ത്തുന്ന പത്രമായ മാധ്യമത്തെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും. പക്ഷേ, മാധ്യമം ചെയ്‌തതോ? ഈ ചെറുപ്പക്കാര്‍ ഭീകരവാദികളാണെന്നു ധ്വനിപ്പിക്കുന്ന ഒന്നാന്തരമൊരു `സ്‌കൂപ്പ്‌' മെനഞ്ഞെടുത്തു. പിറ്റേദിവസം കണ്ണൂരില്‍ നിന്നെത്തുന്ന തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ ഈ ചെറുപ്പക്കാരെ ചോദ്യം ചെയ്യുമെന്ന വിശദാംശം പോലും റിപോര്‍ട്ടിലുണ്ട്‌. മൊത്തത്തില്‍, നേരിട്ടുപറഞ്ഞിട്ടില്ലെങ്കിലും വാര്‍ത്ത പ്രസരിപ്പിക്കുന്ന സന്ദേശം താനൂരിലും ഭീകരവാദികളെത്തിക്കഴിഞ്ഞു എന്നാണ്‌. ഇങ്ങനെയൊരു `അലര്‍ട്ട്‌ സിഗ്നല്‍' പുറപ്പെടുവിക്കാന്‍ കാരണവുമുണ്ട്‌. കസ്റ്റഡിയിലായവര്‍ തേജസ്‌ ദിനപത്രത്തിന്റെ താനൂര്‍ ലേഖകനോടൊപ്പം വന്നവരാണ്‌; അവര്‍ ഉത്തരേന്ത്യക്കാരാണ്‌; ഹിന്ദി സംസാരിക്കുന്നവരാണ്‌ (ഉര്‍ദുവോ കശ്‌മീരി പോലുമാവാമല്ലോ ഭാഷ). സ്വാഭാവികമായും സംഭവത്തിനൊരു ഭീകരവാദരുചിയുണ്ട്‌. ഭീകരവേട്ടയ്‌ക്കിറങ്ങിയ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തൊക്കെ ചെയ്യുന്നുവോ, അതിലേറെ ചീത്ത അഭിരുചിയോടെയാണു മാധ്യമം താനൂരില്‍ നിന്നു `ഭീകരവാദി'കളെ പിടികൂടിയതെന്നു ചുരുക്കം.
തേജസ്‌ ദിനപത്രത്തിന്റെ ലേഖകന്‍ കൂട്ടത്തിലുള്ളതിനാല്‍ ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന ന്യായം അടിയില്‍ നിന്നു തലനീട്ടുന്ന ഈ വാര്‍ത്ത അതിപ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തുന്ന മാധ്യമത്തിന്റെ നിലപാട്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. തേജസിനെയും അതു പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയത്തെയും ഭീകരവാദത്തോടും ദേശദ്രോഹത്തോടും സമീകരിക്കുന്ന നിലപാടു പുലര്‍ത്തുന്ന നിരവധി പേര്‍ നാട്ടിലുണ്ട്‌. മാധ്യമത്തിനും അതു വിശ്വസിക്കാം. തേജസിന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണമെന്നു വാദിക്കേണ്ട ആവശ്യം എനിക്കുമില്ല. പക്ഷേ, മാധ്യമം കൈക്കൊണ്ട നിലപാടിനു മുസ്‌ലിംകളെ ഭീകരവാദികളാക്കുന്ന മാധ്യമഭീകരതയുടെ ഇരുണ്ട മുദ്രതന്നെയാണുള്ളതെന്നു പറയാതെ വയ്യ. ഈ വാര്‍ത്ത പ്രസരിപ്പിക്കുന്ന സന്ദേശവും സംഘപരിവാരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ ഉള്ളടക്കവും ഒന്നുതന്നെയാണ്‌. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു നിലയ്‌ക്കും മാധ്യമമെന്നല്ല, ഒരു പത്രവും ചെയ്‌തുകൂടാത്ത കാര്യം.
പിറ്റേദിവസം മാധ്യമത്തില്‍ ഈ വാര്‍ത്തയുടെ ഫോളോഅപ്പ്‌ പ്രത്യക്ഷപ്പെട്ടു. തികഞ്ഞ ലാഘവത്തോടെ എഴുതിയ കുറിപ്പില്‍ `സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന്‌' ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. പക്ഷേ, തലേദിവസത്തെ റിപോര്‍ട്ടില്‍ മാധ്യമത്തെ സംശയിക്കത്തക്കതായി ചിലതുണ്ടെന്ന്‌ ഈ കുറിപ്പ്‌ ബോധ്യപ്പെടുത്തും. ഒറിജിനല്‍ വാര്‍ത്തയിലെ തേജസ്‌ പത്രത്തിന്റെ ലേഖകന്‍ പിറ്റേന്നത്തെ ഫോളോഅപ്പില്‍ മുന്‍ ലേഖകനായി. അപ്പോള്‍ ഒരു സംശയം സ്വാഭാവികം. തലേന്നു തേജസ്‌ ലേഖകന്‍ എന്നെഴുതിയതില്‍ ദുഷ്ടലാക്കില്ലേ? ഇനി ഇല്ലെന്നു വയ്‌ക്കുക. സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്നു പോലിസുകാര്‍ പറയാതെയും ഒരു രേഖയും പരിശോധിക്കാതെയും ഏതൊരാള്‍ക്കും ഉറപ്പിച്ചുപറയാവുന്ന ഒരു സന്ദര്‍ശനത്തിനു ഭീകരവാദമുദ്ര ചാര്‍ത്തി പെട്ടിക്കോളം വാര്‍ത്തയാക്കുന്നത്‌ എന്തു മാധ്യമമര്യാദയാണ്‌? അതൊരു സമുദായത്തിനു മേല്‍ വീഴ്‌ത്തുന്ന കരിനിഴല്‍ എത്ര ഭീതിദമാണ്‌? താനൂര്‍ കടപ്പുറത്തു പാകിസ്‌താന്‍ കപ്പല്‍ വന്നടുത്തുവെന്നും മറ്റുമുള്ള സംഘപരിവാര കിംവദന്തികളില്‍ നിന്ന്‌ ഈ വാര്‍ത്തയ്‌ക്ക്‌ എന്താണു വ്യത്യാസം?
ഹീനമായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമത്തിന്റെ അമരക്കാര്‍ ശ്രദ്ധിച്ചുവായിക്കേണ്ട ഒരു റിപോര്‍ട്ട്‌ അന്നേദിവസത്തെ മലയാള മനോരമയിലുണ്ട്‌. ചെങ്ങറയില്‍ സോളിഡാരിറ്റി നടത്തിയ മാര്‍ച്ചില്‍ നടന്ന ലാത്തിച്ചാര്‍ജിനെപ്പറ്റിയാണു വാര്‍ത്ത. ചെങ്ങറ സമരത്തിന്റെ ഗതി മാറ്റാനായി ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നും ഇതു ഗുരുതരമായ ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചേക്കുമെന്നുമുള്ള രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്‌ അവഗണിച്ചതാണ്‌ സോളിഡാരിറ്റി മാര്‍ച്ചിലെ സംഘര്‍ഷത്തിനു നിമിത്തമായതെന്നാണു റിപോര്‍ട്ടിന്റെ സാരം. ആരാണ്‌ ഈ `ബാഹ്യശക്തി'കളെന്നതിലേക്കുള്ള സൂചനയും മനോരമ ലേഖകന്‍ നല്‍കുന്നുണ്ട്‌- തീവ്രവാദ ആഭിമുഖ്യമുള്ളവര്‍. അവര്‍ ചെങ്ങറയെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നു റിപോര്‍ട്ടില്‍ പറയുന്നു. സോളിഡാരിറ്റി മാര്‍ച്ചിനെ മുഖ്യധാരാപത്രങ്ങള്‍ എങ്ങനെയാണു വീക്ഷിക്കുന്നതെന്നതിന്‌ ഇതിലപ്പുറം മറ്റൊരു ഉദാഹരണം വേണ്ട. തേജസ്‌ പത്രത്തിന്റെ ലേഖകന്‍ കടല്‍ കാണാനെത്തിയതില്‍ കാണാവുന്ന തീവ്രവാദബന്ധം സോളിഡാരിറ്റിയുടെ ചെങ്ങറ മാര്‍ച്ചിനുമുണ്ട്‌ എന്നാണു മാധ്യമലോകത്തിന്റെ പൊതുവീക്ഷണം. പുള്ളിപ്പുലിക്ക്‌ അതിന്റെ പുള്ളികള്‍ കുടഞ്ഞു തെറിപ്പിക്കാനാവില്ല സാര്‍.
ഇപ്പോള്‍ ഞാന്‍ അപര്‍ണാ സെന്‍ സംവിധാനം ചെയ്‌ത `മിസ്റ്റര്‍ ആന്റ്‌ മിസിസ്‌ അയ്യര്‍' എന്ന സിനിമയിലെ ഒരു ദൃശ്യം ഓര്‍ത്തുപോവുന്നു- ഹിന്ദുത്വ തീവ്രവാദികള്‍ കല്‍ക്കത്തയിലേക്കുള്ള ബസ്‌ ആക്രമിക്കാനെത്തിയിരിക്കുകയാണ്‌. ബസ്സിലുള്ള മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ്‌ അവരുടെ ലക്ഷ്യം. ഉടുവസ്‌ത്രമഴിച്ചു പരിശോധിച്ച്‌ സുന്നത്ത്‌ നടത്തിയവരെ പിടിച്ചുകൊണ്ടുപോവുകയാണ്‌ അക്രമികളുടെ രീതി.
അപ്പോള്‍ യാത്രക്കാരുടെ കൂട്ടത്തിലുള്ള ജൂതന്‍, ഒരു മുസ്‌ലിം വൃദ്ധനെ ചൂണ്ടിക്കാട്ടുന്നു. ആ പാവം മനുഷ്യനെ അക്രമികള്‍ കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോള്‍, നിങ്ങളെന്തിന്‌ അയാളെ ഒറ്റുകൊടുത്തുവെന്നു ജൂതനോടു സഹയാത്രക്കാര്‍ കയര്‍ത്തു. അതിന്‌ അയാള്‍ മറുപടി പറഞ്ഞതിങ്ങനെ: ``അവര്‍ തുണിയുരിഞ്ഞുനോക്കിയാല്‍ എന്നെ പിടികൂടും. ജൂതനായ എന്നെയും സുന്നത്ത്‌ ചെയ്‌തിട്ടുണ്ട്‌.''
ഭീഷ്‌മാ സാഹ്‌നി വേഷമിട്ട നിസ്സഹായനായ മുസ്‌ലിം വൃദ്ധന്റെ മുഖവും സഹയാത്രികനെ ഒറ്റുകൊടുത്ത ജൂതന്റെ നിസ്സഹായതയും എന്റെ മനസ്സിലേക്കു വീണ്ടും കൊണ്ടുവന്നതിന്‌ മാധ്യമത്തിനു നന്ദി. ആത്മവഞ്ചനയില്‍ നിന്നാണ്‌ വര്‍ഗവഞ്ചനയുടെ തുടക്കമെന്നു ഞാന്‍ തിരിച്ചറിയുകയും ചെയ്യുന്നു.

തേജസ്‌ 4 നവംബര്‍

Wednesday, October 29, 2008

കശ്‌മീര്‍ ബന്ധം: മൃതദേഹം വേണ്ടെന്നു വച്ചത്‌ യാഥാര്‍ഥ്യം പുറത്തുവരുന്നതിന്‌ തടസ്സമാവും

കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട നാലാമത്തെ വ്യക്തിയായ ഫാഇസിന്റെ കുടുംബവും മൃതദേഹം ആവശ്യമില്ലെന്നു പോലിസിനെ അറിയിച്ചതോടെ സംഭവത്തെക്കുറിച്ച്‌ ദുരൂഹത വര്‍ധിക്കുന്നു. മൃതദേഹങ്ങള്‍ പോലിസുകാരല്ലാതെ ബന്ധുക്കളോ മറ്റോ കണ്ടിട്ടില്ലെന്നതും പോസ്‌റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടില്ലെന്നതുമാണ്‌ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നത്‌.
പാക്കധീന കശ്‌മീരിലേക്ക്‌ പരിശീലനത്തിനായി നുഴഞ്ഞ്‌ കയറുമ്പോള്‍ രണ്ട്‌ കണ്ണൂര്‍ക്കാരും എറണാംകുളം സ്വദേശിയും ചെട്ടിപ്പടി സ്വദേശിയും കൊല്ലപ്പെട്ടുവെന്നാണ്‌ പോലിസ്‌ പറയുന്നത്‌. ഇവരുടെ മരണം സ്ഥിരീകരിച്ചതായും മൃതദേഹം തിരിച്ചറിഞ്ഞതായും പോലിസ്‌ പറഞ്ഞ വിവരങ്ങള്‍ മാത്രമേ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിലുള്ളൂ. രണ്ടു മലയാളികള്‍ മാത്രമാണ്‌ കൊല്ലപ്പെട്ടതെന്ന കശ്‌മീര്‍ പോലിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ദുരൂഹത വര്‍ധിക്കുകയാണ്‌. ബാംഗ്ലൂരിലേക്കെന്നു പറഞ്ഞു പോയ യുവാക്കള്‍ കശ്‌മീരില്‍ എങ്ങനെയെത്തിയെന്ന്‌ ഇതുവരെ വ്യക്തമായിട്ടിട്ടില്ല. കശ്‌മീരിലേക്ക്‌ ഇവര്‍ എങ്ങനെ രഹസ്യന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണ്‌ വെട്ടിച്ച്‌ കടന്നു എന്നതും ദൂരൂഹമാണ്‌. ഈയിടെയുണ്ടായ ബോംബ്‌ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥര്‍ ജാഗ്രതപാലിക്കുന്ന സമയത്ത്‌ കണ്ടാല്‍ തന്നെ മലയാളികളാണെന്ന്‌ തിരിച്ചറിയാവുന്ന ഇവരെങ്ങനെ കശ്‌മീരിലെത്തിയെന്നാണു ചോദ്യം.
ഇവര്‍ ആദ്യം പോയത്‌ ബാംഗ്ലൂരിലേക്കാണോ എന്നതിനെക്കുറിച്ചും കൃത്യമായ വിവരങ്ങ ളില്ല. ബാംഗ്ലൂരിലാണ്‌ എത്തിയെങ്കില്‍ പിന്നീട്‌ അവര്‍ക്ക്‌ എന്തു സംഭവിച്ചുവെന്നതും വ്യക്തമല്ല. കശ്‌മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ്‌ ഇവര്‍ കൊല്ലപ്പെട്ടതെന്നാണ്‌ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ മിക്ക മാധ്യമങ്ങളും റിപോര്‍ട്ട്‌ ചെയ്യുന്നത്‌.
എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നിന്നോ രക്ഷപ്പെട്ടു എന്ന്‌ പറയുന്നവരില്‍ നിന്നോ ആയുധങ്ങളൊന്നും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. സൈനികര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല. സൈനികരുമായി നിരായുധരായാണോ ഇവര്‍ ഏറ്റുമുട്ടിയതെന്ന ചോ ദ്യം ബാക്കിയാവുന്നു. ബന്ധുക്കള്‍ മൃതദേഹങ്ങള്‍ കണ്ട്‌ ഉറപ്പ്‌ വരുത്താതെ എങ്ങനെ മരിച്ചവര്‍ ഇവര്‍തന്നെയാണെന്ന്‌ തിരിച്ചറിഞ്ഞുവെന്ന ചോദ്യവും അവശേഷിക്കുന്നു.
അസഹനീയമായ തണുപ്പുള്ള അതിര്‍ത്തി പ്രദേശത്ത്‌ മുന്‍ പരിചയമോ പരിശീലനമോ ലഭിക്കാതെ ഇവര്‍ പോയതെങ്ങനെയെന്നും സൈനികരുമായി ഏറ്റുമുട്ടിയതെങ്ങനെയെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ ബാംഗ്ലൂരിലും ഹൈദരാബാദിലും എത്തി ആയുധ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ്‌ കശ്‌മീരിലേക്ക്‌ പോയതെന്ന റിപോര്‍ട്ടും യുക്തിസഹമല്ലെന്ന്‌ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞമാസം മാത്രം കേരളത്തില്‍ നിന്ന്‌ യാത്രതിരിച്ചവര്‍ ഇവിടങ്ങളിലെ പോലിസിന്റെ കണ്ണുവെട്ടിച്ച്‌ പരിശീലനം നടത്തിയെന്നതിലും അസ്വാഭാവികതയുണ്ട്‌.
കൊല്ലപ്പെട്ടവര്‍ക്ക്‌ എവിടെയാണ്‌ വെടിവച്ചതെന്നും ഏത്‌ ആയുധങ്ങളുപയോഗിച്ചാണ്‌ വെടിയേറ്റതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തത കൈവരുമെന്നിരിക്കെ കൊല്ലപ്പെട്ടവരുടെയെല്ലാം ബന്ധുക്കള്‍ ഒരേ സ്വരത്തില്‍ മൃതദേഹം വേണ്ടെന്ന്‌ പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ്‌ നാട്ടുകാര്‍ സംശയിക്കുന്നത്‌. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരുമായി ദീര്‍ഘനേരം സംസാരിച്ചു പുറത്തിറങ്ങിയശേഷമാണ്‌ അവര്‍ ഇതു പറഞ്ഞതെന്നതും ശ്രദ്ധേയമാണ്‌. ഭീതികൊണ്ടോ സമ്മര്‍ദ്ദം മൂലമോ ആവാം മൃതദേഹം വേണ്ടെന്ന്‌ പറഞ്ഞിട്ടുണ്ടാവുകയെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
വന്‍തുക വാഗ്‌ദാനം ചെയ്‌ത്‌ ലശ്‌കറെ ത്വയ്യിബ പോലെയുള്ള സംഘടനകളില്‍ ചേരാനും കശ്‌മീരിലെ പരിശീലനത്തില്‍ പങ്കെടുക്കാനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുസ്‌്‌ലിം യുവാക്കളെ പ്രേരിപ്പിക്കുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരു ന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന ഇര്‍ഷാദ്‌ അലി പ്രധാനമന്ത്രിക്കെഴുതിയ കത്ത്‌ പുറത്ത്‌ വന്നതോടെ മലയാളി യുവാക്കളുടെ കശ്‌മീര്‍ ബന്ധം ഐ.ബി അടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്‌്‌.

തേജസ്‌ ദിനപത്രം: 29-10-08 

സിമിയും സാമിയും

കടപ്പാട്‌: മാതൃഭൂമി

Tuesday, October 28, 2008

കശ്‌മീരില്‍ കൊല്ലപ്പെട്ട യുവാക്കളെ നയിച്ചത്‌ ധനമോഹം; ഐ.ബിക്കും പങ്കെന്നു സംശയം

 സ്വന്തം പ്രതിനിധി

കോഴിക്കോട്‌: കശ്‌മീര്‍ബന്ധത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ ആകൃഷ്ടരായതു പെട്ടെന്നു പണക്കാരനാവാമെന്ന മോഹം മൂലമാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കേരളത്തില്‍ ഗുണ്ടാനിയമം പ്രാബല്യത്തില്‍ വരികയും അറസ്റ്റുകള്‍ ആരംഭിക്കുകയും ചെയ്‌തതോടെയാണു ക്രിമിനല്‍ പശ്ചാത്തലമുള്ളവരും നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ളവരും മറ്റുവഴികള്‍ തേടിയതെന്ന്‌ ഉദ്യോഗസ്ഥര്‍ക്കു സൂചന ലഭിച്ചു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങളും മറ്റും തീവ്രവാദത്തിലേക്കു തിരിഞ്ഞാല്‍ വന്‍തുക ലഭിക്കുമെന്നു ധരിച്ചാണു റിക്രൂട്ട്‌ ചെയ്യുന്നവരുമായി ബന്ധംസ്ഥാപിച്ചത്‌. ഇതിനു ചില ആത്മീയസംഘടനകള്‍ വഴിതുറക്കുകയായിരുന്നു. ക്രിമിനലുകളെ റിക്രൂട്ട്‌ ചെയ്‌ത ഏജന്റുമാര്‍ ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയെന്ന്‌ അന്വേഷണസംഘത്തില്‍പ്പെട്ട ചിലര്‍ വെളിപ്പെടുത്തിയിരുന്നു.
മാത്രമല്ല, ഇവരുടെ ക്രിമിനല്‍സ്വഭാവം മറച്ചുവയ്‌ക്കാനും കേസുകളില്‍ നിന്നു രക്ഷപ്പെടാനും മതത്തിന്റെ പൊയ്‌മുഖം അണിയുകയായിരുന്നോ എന്നും സംശയങ്ങളുണ്ട്‌. വര്‍ഗീസ്‌ എന്ന യാസീന്‍ പിതാവ്‌ ജോസഫിനോട്‌ ?മതം മാറിയാലേ ഗള്‍ഫില്‍ പോകാനാവൂ? എന്നു പറഞ്ഞതു മതംമാറ്റം ആത്മാര്‍ഥമായിട്ടല്ലെന്നതിനു തെളിവായിട്ടാണു ചൂണ്ടിക്കാട്ടുന്നത്‌. യാസീന്‍ പള്ളിയില്‍ പോവുകയോ മതാനുഷ്ടാനങ്ങള്‍ പാലിക്കുകയോ ചെയ്‌തിരുന്നില്ല. ആളുകള്‍ കാണുമ്പോള്‍ മന്ത്രങ്ങള്‍ ചൊല്ലാറുള്ളതായി പറയപ്പെടുന്നു. ഇയാളുടെ ജ്യേഷ്ടന്‍ റിനു സി.പി.എം പ്രവര്‍ത്തകനാണ്‌. തമ്മനം ഷാജിയുടെ സംഘത്തില്‍ വര്‍ക്കി എന്നാണിയാള്‍ അറിയപ്പെടുന്നത്‌. പിതാവും ജ്യേഷ്‌ഠനുമാണ്‌ കേസുകളില്‍പ്പെടുമ്പോള്‍ ഇയാളെ ജാമ്യത്തിലിറക്കിയിരുന്നത്‌. കൊല്ലപ്പെട്ട ഫയാസും പിടിയിലായ ഫൈസലും പോലിസ്‌ അന്വേഷിക്കുന്ന സംഘത്തലവന്‍ ശെയ്‌ഖ്‌ എന്ന നസീറും നിരവധി കേസുകളില്‍ പ്രതികളാണ്‌. അതേസമയം, ഈ വിഭാഗത്തെ റിക്രൂട്ട്‌ ചെയ്‌തതും ഇതിനായി പണം ചെലവഴിച്ചതും മുസ്‌്‌ലിം പേരുള്ളയാളല്ലെന്ന വിവരം അന്വേഷണസംഘത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്കു നയിക്കുന്നുണ്ട്‌.
ഇതിനിടെ, ഐ.ബി സൃഷ്ടിച്ചുവിടുന്ന `ഉസ്‌താദുമാര്‍' നാട്ടിലെങ്ങും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്നുവെന്ന വാര്‍ത്ത ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്‌. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ ഒറ്റുകാരനായിരുന്ന ഇര്‍ഷാദ്‌ അലിയുടെ വെളിപ്പെടുത്തല്‍ പ്രകാരം കശ്‌മീരിലെ ലശ്‌കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഐ.ബിയുടെ നിര്‍ദേശം സ്വീകരിക്കാത്തതിനാണ്‌ ഈ `ചാരന്‍' ജയിലിലായത്‌. കണ്ണൂര്‍ സംഭവങ്ങള്‍ക്കു പിന്നിലും ഇങ്ങനെ ഐ.ബിയുടെ കരങ്ങളുണ്ടോ എന്നു വ്യക്തമായിട്ടില്ല. അഭ്യസ്‌തവിദ്യരായ മുസ്‌ലിം ചെറുപ്പക്കാരെയാണ്‌ ഇവര്‍ ലക്ഷ്യമിടുന്നതെന്ന്‌ ഇര്‍ഷാദ്‌ അലി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു. പാനായിക്കുളം സംഭവവുമായി ബന്ധപ്പെട്ടു പോലിസ്‌ കസ്‌റ്റഡിയിലെടുത്തവരെ ചോദ്യംചെയ്യാനെത്തിയവരില്‍ ഒരാള്‍ താടിയും തലപ്പാവുമണിഞ്ഞ ഒരു മതസംഘടനയുടെ വക്താവായിരുന്നത്രെ. മതവേദികളില്‍ മാത്രം പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന ഇയാള്‍ രഹസ്യ പോലിസ്‌ അംഗമാണെന്നു മനസ്സിലാക്കിയ യുവാക്കള്‍ ഞെട്ടിയത്രെ. ഇത്തരം സംഭവങ്ങള്‍ പുറത്തുവന്നതോടെ കശ്‌മീരില്‍ കൊല്ലപ്പെട്ട യുവാക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണമായിരിക്കുകയാണ്‌. 

മലേഗാവ്‌: ആര്‍.ഡി.എക്‌സ്‌ സൈനിക ഡിപ്പോയില്‍ നിന്നു മോഷ്ടിച്ചത്‌

മുംബൈ: മലേഗാവ്‌ സ്‌ഫോടനത്തിന്‌ ഉപയോഗിച്ച ആര്‍.ഡി.എക്‌സും മറ്റു സ്‌ഫോടകവസ്‌തുക്കളും ഇന്ത്യന്‍ സൈന്യത്തിന്റെ വെടിമരുന്നുശാലയില്‍ നിന്നു മോഷ്ടിച്ചതാണെന്നു വെളിപ്പെടുത്തല്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ മുന്‍ സൈനിക ഉദ്യോഗസ്ഥരാണ്‌ ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന്‌ മുതിര്‍ന്ന പോലിസ്‌ വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍, സൈന്യത്തിന്റെ ഏതു വെടിമരുന്നുശാലയില്‍ നിന്നാണ്‌ സ്‌ഫോടകവസ്‌തുക്കള്‍ മോഷ്ടിച്ചതെന്നു പറയാന്‍ അധികൃതര്‍ തയ്യാറായില്ല. ഉന്നത സൈനികോദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്കു ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്‌. റിട്ട. മേജര്‍ പ്രഭാകര്‍ കുല്‍ക്കര്‍ണി, മിലിറ്ററി ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥനായ മേജര്‍ ഉപാധ്യായ എന്നിവരെയാണ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ഭീകരവിരുദ്ധ സംഘം അറസ്റ്റ്‌ ചെയ്‌തത്‌. വിരമിച്ച സൈനികര്‍ മാത്രം അംഗങ്ങളായുള്ള ആര്‍.എസ്‌.എസിന്റെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍.
സപ്‌തംബര്‍ 29ന്‌ അഞ്ചു പേര്‍ മരിക്കാനിടയായ മലേഗാവ്‌ സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ സന്ന്യാസിനി പ്രജ്ഞാസിങ്‌ ഠാക്കൂറിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ മുന്‍ സൈനികരെ അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌ഫോടകവസ്‌തുക്കള്‍ ശേഖരിച്ചു നല്‍കുന്നതിനു പുറമെ ബോംബ്‌ നിര്‍മിക്കാനും ഉപയോഗിക്കാനും ഇവര്‍ പരിശീലനം നല്‍കിയിരുന്നു. നാഗ്‌പൂരിലെ ഭോന്‍സാല സൈനിക സ്‌കൂളില്‍ വച്ചാണ്‌ പരിശീലനം നല്‍കിയതെന്ന്‌ കഴിഞ്ഞ ദിവസം ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന ശിബിരത്തില്‍ മുതിര്‍ന്ന ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥനും പങ്കെടുത്തതായി കുല്‍ക്കര്‍ണി പോലിസിനോട്‌ സമ്മതിച്ചു. ബോംബുകള്‍ നിര്‍മിക്കുന്ന രീതിയും കൈകാര്യം ചെയ്യുന്ന രീതിയുമാണ്‌ പരിശീലിപ്പിച്ചത്‌. 2006ല്‍ നന്ദേഡില്‍ ബോംബ്‌നിര്‍മാണത്തിനിടെ രണ്ടു ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തിനു മുമ്പാണ്‌ പരിശീലന ശിബിരങ്ങള്‍ നടന്നതെന്നു സൈനികന്‍ പറഞ്ഞു.
രാജ്യത്തെ സൈനിക വെടിമരുന്നുശാലകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ഗൗരവമേറിയ ചോദ്യമാണ്‌ പുതിയ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത്‌- ഒരു മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ മറ്റൊരു വനിതയെക്കൂടി അറസ്റ്റ്‌ ചെയ്‌തു. വി.എച്ച്‌.പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി സംഘത്തിന്റെ അധ്യക്ഷയായിരുന്ന ശശികലാ ശാസ്‌ത്രിയെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എ.ബി.വി.പിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സമീര്‍ കുല്‍ക്കര്‍ണിയും അറസ്റ്റിലായിട്ടുണ്ട്‌.

സന്ന്യാസിനിയെ
ബ്രെയിന്‍ മാപ്പിങിന്‌ വിധേയയാക്കും

നാസിക്‌: മലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഹിന്ദു ജാഗരണ്‍ മഞ്ച്‌ പ്രവര്‍ത്തക സന്ന്യാസിനി പ്രജ്ഞാസിങ്‌ ഠാക്കൂറിനെ നുണപരിശോധന, ബ്രെയിന്‍ മാപ്പിങ്‌, നാര്‍കോ പരിശോധന എന്നിവയ്‌ക്കു വിധേയയാക്കും.
അന്വേഷണത്തിന്റെ ഭാഗമായി ഈ പരിശോധനകള്‍ നടത്താന്‍ പ്രാദേശിക കോടതി ഭീകരവിരുദ്ധ സംഘത്തിന്‌ അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അജയ്‌മിസര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

എന്നാല്‍, എപ്പോള്‍ പരിശോധന നടത്തുമെന്ന്‌ അദ്ദേഹം വ്യക്തമാക്കിയില്ല. ചോദ്യങ്ങളില്‍ നിന്ന്‌ പ്രജ്ഞ ഒഴിഞ്ഞുമാറുകയാണെന്നും അതുകൊണ്ടാണ്‌ ബ്രെയിന്‍ മാപ്പിങടക്കം പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും പോലിസ്‌ പറഞ്ഞു.

ബി.ജെ.പിയുടെ ഭീകരബന്ധം: എന്‍.ഡി.എയില്‍ ഭിന്നത
അന്ദലീബ്‌ അക്‌തര്‍
ന്യൂഡല്‍ഹി: മലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ സന്യാസിനിക്കു ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ദേശീയ ജനാധിപത്യ സംഘ (എന്‍.ഡി.എ)ത്തെ ആഭ്യന്തര കലാപത്തിലേക്കു നയിക്കുന്നു. ഭീകരപ്രവര്‍ത്തനം നടത്തുന്നവരുമായി ബി.ജെ.പിക്കുള്ള കൂട്ടുകെട്ട്‌ മുന്നണിയിലെ ചില ഘടക കക്ഷികളെ ആശങ്കയിലാക്കിയിരിക്കുകയാണ്‌.
ശരത്‌യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുനൈറ്റഡ്‌) ഇതു പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. അറസ്റ്റിലായ സന്യാസിനി പ്രജ്ഞാസിങുമായി ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്‌ അടക്കമുള്ളവര്‍ വേദിപങ്കിടുന്ന ചിത്രം കഴിഞ്ഞദിവസമാണു മാധ്യമങ്ങള്‍ പുറത്തുവിട്ടത്‌.
പൊതുതിരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍ ഇതു മുന്നണിക്കു തിരിച്ചടിയാവുമെന്നു ജനതാദള്‍ (യു) നേതാവ്‌ ശരത്‌യാദവ്‌ ബി.ജെ.പി നേതൃത്വത്തിനു മുന്നറിയിപ്പു നല്‍കി. എന്നാല്‍, മലേഗാവ്‌ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാനാവില്ലെന്ന്‌ അദ്ദേഹം തേജസിനോട്‌ പറഞ്ഞു.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനു ശരത്‌ ഇന്നലെ പാര്‍ട്ടി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി. ജനതാദള്‍ (യു) പോലുള്ള തങ്ങളുടെ വിശ്വസ്‌തരായ രാഷ്ട്രീയപങ്കാളികള്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങുന്നതു ബി.ജെ.പി നേതൃത്വത്തെ അലസോരപ്പെടുത്തുന്നുണ്ട്‌. മുമ്പ്‌ ദളി (യു)ന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണു നരേന്ദ്രമോഡിയുടെ ദേശീയ രാഷ്ട്രീയപ്രവേശനത്തിനു ബി.ജെ.പിക്ക്‌ തടയിടേണ്ടിവന്നത്‌.
ബി.ജെ.പിയുടെ എല്ലാ ചെയ്‌തികളെയും പിന്തുണച്ചാല്‍ അതു തങ്ങളുടെ പരമ്പരാഗത മുസ്‌ലിം വോട്ടുകളില്‍ ഇടിവുണ്ടാക്കിയേക്കുമെന്നാണു ശരത്‌യാദവും കൂട്ടരും ഭയപ്പെടുന്നത്‌.
ലാലുപ്രസാദ്‌ യാദവിന്റെ ആര്‍.ജെ.ഡിയും രാംവിലാസ്‌ പസ്വാന്റെ ലോക്‌ജനശക്തിയുമെല്ലാം ഇതില്‍ നിന്നു മുതലെടുപ്പു നടത്തുമെന്നുറപ്പാണ്‌. 

അമര്‍നാഥ്‌ ക്ഷേത്രവിവാദം, ഒറീസ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ ജനതാദള്‍ (യു) ബി.ജെ.പിയെ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. തങ്ങളുടെ മതേതരമുഖം കാത്തുസൂക്ഷിക്കണമെങ്കില്‍ ബി.ജെ.പിയുടെ ഇത്തരം പ്രവര്‍ത്തികളെ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു പാര്‍ട്ടി വിലയിരുത്തുന്നു. 

Monday, October 27, 2008

മലയാളികളെ കശ്‌മീരിലെത്തിച്ചത്‌ ഐ.ബി?

മുസ്‌ലിംകളെ തീവ്രവാദികളാക്കാന്‍ ഐ.ബി വക `ഉസ്‌താദുമാര്‍'
സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിനു ശക്തിപകരാന്‍ പോലിസും ഹിന്ദുത്വശക്തികളും ചേര്‍ന്നു വ്യാജ ഭീകരന്‍മാരെ സൃഷ്ടിക്കുന്നതിന്‌ വ്യക്തമായ തെളിവുകള്‍ പുറത്തുവരുന്നു. ഡല്‍ഹി പോലിസിലെ സ്‌പെഷ്യല്‍ സെല്ലിന്റെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും ഒറ്റുകാരനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ഇര്‍ഷാദ്‌ അലി എന്ന യുവാവ്‌ തിഹാര്‍ ജയിലില്‍ നിന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനയച്ച കത്തിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്‌.
കശ്‌മീരിലെ ലശ്‌കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും പാക്‌ അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഐ.ബിയുടെ നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഇര്‍ഷാദ്‌ അലിയും സുഹൃത്ത്‌ നവാബ്‌ ഖമറും തിഹാര്‍ ജയിലിനകത്തെത്തുന്നത്‌.
അതിര്‍ത്തിയില്‍ വച്ചു ജീവന്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണമാണ്‌ ദീര്‍ഘകാലം ഐ.ബി ചാരന്‍മാരായിരുന്ന ഇരുവരും ഈ നിര്‍ദേശം നിരസിച്ചതെന്ന്‌ ഇവരുടെ അഭിഭാഷകന്‍ സുഫ്‌യാന്‍ സിദ്ദീഖ്‌ പറയുന്നു.
കള്ളക്കേസുണ്ടാക്കിയാണു തന്നെയും സുഹൃത്തിനെയും തിഹാര്‍ ജയിലിലടച്ചിരിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കാണിച്ചാണ്‌ പ്രധാനമന്ത്രിക്ക്‌ ഇര്‍ഷാദ്‌ കത്തയച്ചിരിക്കുന്നത്‌. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ സി.ബി.ഐ ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഐ.ബി ഓഫിസര്‍ മുഹമ്മദ്‌ ഖാലിദ്‌, ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിലെ ലളിത്‌, ഭൂഷണ്‍, രാജീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഇരുവരെയും തട്ടിക്കൊണ്ടുപോയതാണെന്നു സി.ബി.ഐ കണ്ടെത്തുകയുമുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന `ഏറ്റുമുട്ടലുകളി'ല്‍ മുസ്‌ലിം `ഭീകരന്മാര്‍' കൊല്ലപ്പെടുന്നതെങ്ങനെയെന്നു പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇര്‍ഷാദ്‌ അലി വ്യക്തമാക്കുന്നുണ്ട്‌. പോലിസിന്റെ മുഖ്‌ബിര്‍ (ഒറ്റുകാരന്‍) ആയി പ്രവര്‍ത്തിച്ച സ്വന്തം അനുഭവമാണ്‌ തിഹാര്‍ ജയിലിലെ എട്ടാംനമ്പര്‍ വാര്‍ഡില്‍ നിന്ന്‌ ഇദ്ദേഹം പങ്കുവയ്‌ക്കുന്നത്‌. ഇര്‍ഷാദ്‌ എഴുതുന്നു:
ഇസ്‌ലാമിക കാര്യങ്ങളില്‍ നല്ല അറിവുള്ള, താടിയും തലപ്പാവുമണിഞ്ഞ ഒരു ഏജന്റിനെ മുസ്‌ലിം പ്രദേശത്തു കുടിയിരുത്തുകയാണ്‌ ഐ.ബിയുടെ ആദ്യനീക്കം. മിക്കവാറും പള്ളിക്കു സമീപത്തുള്ള വാടകക്കെട്ടിടത്തിലോ പള്ളിയില്‍ത്തന്നെയോ ആയിരിക്കും ഇയാളുടെ താമസം. മതഭക്തിയും ആകര്‍ഷകമായ പെരുമാറ്റവും യുവാക്കളെ ഇയാളിലേക്കു ക്രമേണ അടുപ്പിക്കും. ധീരരും അഭ്യസ്‌തവിദ്യരുമായ യുവാക്കളെയാണ്‌ ഇയാള്‍ ഉന്നമിടുക.
ക്രമേണ ഇന്ത്യന്‍ മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥയ്‌ക്കു ജിഹാദാണ്‌ ഏകമാര്‍ഗമെന്ന്‌ അവരെ പഠിപ്പിക്കും. ബന്ധം സുദൃഢമാക്കിയശേഷം ലശ്‌കറെ ത്വയ്യിബയുടെ കമാന്‍ഡറാണ്‌ താനെന്നു പരിചയപ്പെടുത്തും. ഇവര്‍ക്കു ചെറിയ രീതിയില്‍ ആയുധപരിശീലനം നല്‍കുകയും സ്‌ഫോടകവസ്‌തു നിര്‍മാണം പഠിപ്പിക്കുകയും ചെയ്യും. ഐ.ബി തന്നെയാണ്‌ ഇതിനുള്ള തോക്കുകളും ആര്‍.ഡി.എക്‌സ്‌ അടക്കമുള്ള സ്‌ഫോടകവസ്‌തുക്കളും നല്‍കുക. പിന്നീട്‌ ഏതെങ്കിലും വ്യക്തിയെയോ ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയോ ലക്ഷ്യമാക്കി ഓപറേഷന്‍ നടത്താന്‍ പദ്ധതി തയ്യാറാക്കും. നേരത്തേ തീരുമാനിച്ചതനുസരിച്ച്‌ സംഭവസ്ഥലത്ത്‌ ആയുധങ്ങളുമായെത്തുന്ന യുവാക്കളെ, ഉസ്‌താദില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച്‌ അവിടെ കാത്തുനില്‍ക്കുന്ന പോലിസ്‌ ഒന്നുകില്‍ ഏറ്റുമുട്ടലില്‍ വധിക്കും; അല്ലെങ്കില്‍ പിടികൂടും. പിന്നില്‍ പ്രവര്‍ത്തിച്ച `ഉസ്‌താദി'നെക്കുറിച്ചാവട്ടെ, പിന്നീട്‌ യാതൊരു വിവരവുമുണ്ടാവാറില്ലെന്ന്‌ ഇര്‍ഷാദ്‌ അലി പറയുന്നു.
ഈ രീതിയില്‍ പിടിക്കപ്പെടുന്ന യുവാക്കളെ താമസിപ്പിക്കാന്‍ ഡല്‍ഹി പോലിസിനു കീഴില്‍ വിശാലമായ ഫാം ഹൗസുകളുണ്ടത്രെ. വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ഇവിടെയാണു സൂക്ഷിക്കാറ്‌. ചിലരെ മാസങ്ങളോളം ഇവിടെ താമസിപ്പിച്ചശേഷം ആവശ്യം വരുമ്പോള്‍ കൊലപ്പെടുത്തുകയാണു ചെയ്യുക.
ഇങ്ങനെ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ പൊതുജനമധ്യേ പ്രദര്‍ശിപ്പിക്കാന്‍ പോലിസോ മാധ്യമങ്ങളോ മെനക്കെടാറില്ല. മാതാപിതാക്കളാവട്ടെ, `ഭീകരനായ' മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കാറുമില്ല.
മുസ്‌ലിം ഭീകരവാദത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രചാരണം ശരിയാണെന്നു തെളിയിക്കാന്‍ പോലിസ്‌ ചെയ്‌തുകൂട്ടുന്ന ഗൂഢപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയെന്ന നിലയ്‌ക്ക്‌ ഇക്കാര്യങ്ങള്‍ പുറത്തറിയിക്കേണ്ടത്‌ ബാധ്യതയാണെന്നു മനസ്സിലാക്കിയാണ്‌ കത്തെഴുതുന്നതെന്നും ഇര്‍ഷാദ്‌ അലി പറഞ്ഞു.
``ഈ സുരക്ഷാ ഏജന്‍സികള്‍ രാജ്യത്തെ സുരക്ഷിതമാക്കുകയല്ല മറിച്ച്‌, ജനങ്ങളില്‍ ഭയവും ഭീകരതയും ജനിപ്പിച്ച്‌ അരക്ഷിതത്വം സൃഷ്ടിക്കുകയാണു ചെയ്യുന്നത്‌. തീ കൊണ്ട്‌ തീ കെടുത്താനാവില്ല. അതിനു വേണ്ടത്‌ വെള്ളമാണ്‌. എന്നാല്‍ താങ്കളുടെ സുരക്ഷാ ഏജന്‍സികള്‍ ചെയ്യുന്നത്‌ പെട്രോളൊഴിച്ച്‌ തീയണയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌''- തന്റെയും സുഹൃത്തിന്റെയും കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഇര്‍ഷാദ്‌ അലി പറഞ്ഞു.
തേജസ്‌ ദിനപത്രം: 27-10-08 

Friday, October 24, 2008

കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്ക്‌ നിഗൂഢ ബന്ധം

കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്ക്‌ നിഗൂഢ ബന്ധം
കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്കും ഇതുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായവര്‍ക്കും നിഗൂഢ സ്വഭാവം പുലര്‍ത്തുന്ന ചില പ്രത്യേക ത്വരീഖത്ത്‌ ഗ്രൂപ്പുകളുമായുള്ള ബന്ധം പോലിസും ഇന്റലിജന്‍സും അന്വേഷിക്കുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ചെറുപ്പക്കാരാണ്‌ കശ്‌മീരില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടവരെന്നും മതനിഷ്‌ഠകള്‍ പുലര്‍ത്തുന്നവരായിരുന്നില്ല ഇവരെന്നതുമാണ്‌ പോലിസിനെ മറ്റുവഴിക്ക്‌ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്‌.
കൊല്ലപ്പെട്ട ഫയാസ്‌ കവര്‍ച്ചക്കേസിലും റഹീം കളമശ്ശേരി ബസ്‌ കത്തിച്ച കേസിലും പ്രതികളായിരുന്നു. ഫയാസ്‌ മദ്യപിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്‌.
ഇവരെക്കുറിച്ചു മാത്രമല്ല ഇവര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘടനയെക്കുറിച്ചും ഇപ്പോള്‍ ദുരൂഹത വര്‍ധിച്ചിട്ടുണ്ട്‌. ഫയാസിനും റഹീമിനും പ്രത്യേക ജോലിയൊന്നുമില്ലായിരുന്നു. ഇവരെ ആരാണ്‌ കശ്‌മീരിലേക്ക്‌ കൊണ്ടുപോയതെന്നു വ്യക്തമല്ലെങ്കിലും ഇവര്‍ക്ക്‌ നാട്ടിലെ മറ്റു മത-സാമൂഹിക സംഘടനകളുമായി ബന്ധമില്ല.
സിറ്റി, തയ്യില്‍ കേന്ദ്രീകരിച്ച്‌ നിഗൂഢമായി ചില സംഘടനകള്‍ കഴിഞ്ഞ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നുണ്ട്‌.  പിരിച്ചു വിടപ്പെട്ട  ഒരു സംഘടനയില്‍  പ്രവര്‍ത്തിച്ചിരുന്ന ഇവര്‍  ഒരു പ്രത്യേക ത്വരീഖത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായി പോലിസിന്‌ നേരത്തേ തന്നെ വിവരമുണ്ട്‌.
കശ്‌മീരില്‍ കൊല്ലപ്പെട്ട ചെട്ടിപ്പടി റഹീമും ഇപ്പോള്‍ കാണാതായ ചില യുവാക്കളും ഈ ത്വരീഖത്തുമായി ബന്ധപ്പെട്ടവരാണെന്നും ഇന്റലിജന്‍സിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. നേരത്തേ ഒരു കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളും നായനാര്‍ വധശ്രമക്കേസില്‍ പോലിസ്‌ പിടികൂടിയിരുന്ന വ്യക്തിയുമാണ്‌ ഇവര്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.
ഈ സംഭവങ്ങള്‍ക്കുശേഷം ചില പോലിസ്‌ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജാമ്യം നേടി മുങ്ങിനടക്കുകയായിരുന്നു. ഇയാളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഫൈസലാണ്‌ ഫയാസിനെ ബാംഗ്ലൂരിലേക്കെന്നും പറഞ്ഞ്‌ കൊണ്ടുപോയത്‌. ഫൈസല്‍ ഈയടുത്ത്‌ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു.
ഫയാസ്‌ അഹ്‌മദാബാദില്‍ ഖുര്‍ആന്‍ പഠിക്കുന്നുണ്ടെന്നാണ്‌ ഫയാസിന്റെ ഉമ്മയോട്‌ ഫൈസല്‍ അപ്പോള്‍ പറഞ്ഞത്‌. അതേസമയം, ഫയാസിനെക്കുറിച്ച്‌ നന്നായി അറിയാവുന്ന ഫൈസലിനെ കസ്റ്റഡിയിലെടുക്കാത്തത്‌ നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്‌. 
ഫയാസ്‌ ഒരു ഉന്നത ഡി.വൈ.എഫ്‌.ഐ നേതാവിന്റെ ബന്ധുവാണ്‌. മുമ്പു മാല തട്ടിപ്പറിച്ചോടിയ കേസില്‍ ഫയാസിനെ ജാമ്യത്തിലിറക്കിയത്‌ ഡി.വൈ.എഫ്‌.ഐക്കാരായിരുന്നു. 
സംഘത്തിനു നേതൃത്വം കൊടുക്കുന്ന കൊലക്കേസിലടക്കം പ്രതിയായിട്ടുള്ള ഇയാളെ ചോദ്യംചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ്‌ അന്വേഷണസംഘം വിശ്വസിക്കുന്നത്‌. ഇടയ്‌ക്കിടെ ബാംഗ്ലൂരിലടക്കം യാത്ര ചെയ്യാറുള്ള ഇദ്ദേഹമാണ്‌ നേരത്തേ അറസ്‌റ്റിലായ കോട്ടൂരിലെ അബ്ദുള്‍ ജലീലിന്‌ പുതിയ മൊബൈലും സിം കാര്‍ഡും വാങ്ങിക്കൊടുത്തത്‌. ജലീലിന്റെ പഴയ മൊബൈലും ഇയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
ഫയാസും റഹീമും കശ്‌മീരില്‍ നിന്നു ജലീലിന്റെ ഫോണിലേക്കു വിളിച്ചത്‌ ഇയാളുമായി ബന്ധപ്പെടാനാണെന്നു മനസ്സിലായതായും അനേ്വഷണ സംഘം പറയുന്നു. അതേ സമയം, ഈ നേതാവ്‌ മുങ്ങിയിരിക്കുകയാണെന്ന പോലിസിന്‍െ വാദം നാട്ടുകാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാള്‍ സിറ്റി, തയ്യില്‍, പുവളപ്പ്‌ പ്രദേശങ്ങളില്‍ ഉള്ളതായി വിവരമുണ്ട്‌.
ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ദുരൂഹമായിരുന്നെങ്കിലും പോലിസിന്‌ ഇയാള്‍ അപ്രാപ്യനാണെന്നു പറയുന്നത്‌ അവിശ്വസനീയമാണ്‌. ചില പോലിസ്‌ ഉദ്യോഗസ്ഥരുമായി ഇയാള്‍ക്കുള്ള ബന്ധവും സംശയാസ്‌പദമാണ്‌. 

തേജസ്‌ ദിനപത്രം: 25-10-08

Thursday, October 23, 2008

മലേഗാവ്‌, മെഡോസ സ്‌ഫോടനങ്ങള്‍ നടത്തിയത്‌ ഹിന്ദു ജാഗരണ്‍ മഞ്ച്‌

മുംബൈ: ചെറിയപെരുന്നാള്‍ത്തലേന്ന്‌ മഹാരാഷ്ട്രയിലെ മലേഗാവ്‌, ഗുജറാത്തിലെ മെഡോസ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്‌ ആര്‍.എസ്‌.എസുമായി ബന്ധമുള്ള ഹിന്ദു ജാഗരണ്‍ മഞ്ച്‌ ആണെന്ന്‌ മഹാരാഷ്ട്ര പോലിസ്‌ കണ്ടെത്തി.
മലേഗാവില്‍ സ്‌ഫോടനം നടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ്‌ ഇക്കാര്യം വ്യക്തമായതെന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡി (എ.ടി.എസ്‌) ലെ മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒക്ടോബര്‍ പത്തിന്‌ മധ്യപ്രദേശിലെ പട്ടണത്തില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്ത ശ്യാംലാല്‍, ദിലീപ്‌ നഹര്‍, ധര്‍മേന്ദ്ര ഭൈരഗി എന്നീ സംഘപരിവാര പ്രവര്‍ത്തകരില്‍ നിന്നാണ്‌ മഹാരാഷ്ട്രാ പോലിസിന്‌ വിവരങ്ങള്‍ ലഭിച്ചത്‌.
സപ്‌തംബര്‍ 29ന്‌ രാത്രി നടന്ന സ്‌ഫോടനങ്ങളില്‍ മലേഗാവില്‍ അഞ്ചുപേരും മെഡോസയില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സിമിയും ഇന്ത്യന്‍ മുജാഹിദ്ദീനുമാണെന്ന്‌ പോലിസും മാധ്യമങ്ങളില്‍ ഒരുവിഭാഗവും പ്രചാരണം നടത്തിയിരുന്നു.
ചെറിയ പെരുന്നാളിന്റെ തലേദിവസം നടന്ന സ്‌ഫോടനം ഈ പ്രദേശങ്ങളില്‍ സാമുദായികലഹള ഇളക്കിവിടാനുള്ള ശ്രമമായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. മോട്ടോര്‍ സൈക്കിളില്‍ വച്ച ബോംബായിരുന്നു മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലും പൊട്ടിത്തെറിച്ചത്‌. മലേഗാവിലെ പഴയ സിമി ഓഫിസിനു പരിസരത്തായിരുന്നു സ്‌ഫോടകവസ്‌തു വച്ച ബൈക്ക്‌ നിര്‍ത്തിയത്‌. മെഡോസയിലാവട്ടെ, സ്‌ഫോടനം നടത്താനുപയോഗിച്ച ബൈക്കിന്റെ സീറ്റില്‍ ഇസ്‌ലാമിക സൂക്തങ്ങളെഴുതിയ സ്‌റ്റിക്കറും പതിച്ചിരുന്നു.
മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥരെ മനസ്സിലാവാതിരിക്കാന്‍ ഷാസി, എന്‍ജിന്‍ നമ്പറുകള്‍ ചുരണ്ടിക്കളഞ്ഞിരുന്നു. എന്നാല്‍, ഫോറന്‍സിക്‌ വിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മോട്ടോര്‍ സൈക്കിള്‍ ഗുജറാത്തില്‍ വിറ്റതാണെന്നു വ്യക്തമായി.
ഇതിന്റെ ഉടമസ്ഥന്‍ ആര്‍.എസ്‌.എസിന്റെ വിദ്യാര്‍ഥിസംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥിപരിഷത്തി(എ.ബി.വി.പി)ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ജാഗരണ്‍ മഞ്ച്‌ കാഡറുകളാണ്‌ സ്‌ഫോടനം നടത്തിയതെന്നും മഹാരാഷ്ട്രാ പോലിസ്‌ കണ്ടെത്തി. കേസ്‌ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കും കൈമാറിയിട്ടുണ്ടെന്ന്‌ പോലിസ്‌ പറഞ്ഞു.
മലേഗാവില്‍ നടന്ന മുന്‍ സ്‌ഫോടനങ്ങള്‍ക്കു പിറകിലും സംഘപരിവാര സംഘടനകളാണെന്ന്‌ അന്നു വ്യാപകമായ പരാതിയുയര്‍ന്നെങ്കിലും പോലിസ്‌ ഇതു ഗൗനിക്കാതെ സിമി ബന്ധം സ്ഥാപിക്കാന്‍ തിടുക്കം കൂട്ടുകയായിരുന്നു.


പോലിസിന്റെ വെളിപ്പെടുത്തല്‍: രാജ്യസഭ സ്‌തംഭിച്ചു
ന്യൂഡല്‍ഹി: മലേഗാവിലും മെേഡാസയിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്‌.എസ്‌ ബന്ധമുള്ള ഹിന്ദു ജാഗരണ്‍ മഞ്ചാണെന്നു വ്യക്തമായതോടെ സംഭവം രാജ്യസഭയെ സ്‌തംഭിപ്പിച്ചു. സി.പി.എം, കോണ്‍ഗ്രസ്‌, മുസ്‌ലിംലീഗ്‌ എം.പിമാരാണ്‌ ശൂന്യവേളയില്‍ പ്രശ്‌നം ഉന്നയിച്ചത്‌.
രാജ്യത്ത്‌ നടക്കുന്ന സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ ഭരണകൂടം ഇരട്ടമുഖമാണ്‌ പ്രകടമാക്കുന്നതെന്ന്‌ എം.പിമാര്‍ കുറ്റപ്പെടുത്തി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സമുദായത്തിനെതിരേ മാത്രമാണ്‌ നടപടികളെടുക്കുന്നതെന്നും എ.ടി.എസ്‌ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബജ്‌രംഗ്‌ദളിനെ നിരോധിക്കണമെന്നും സി.പി.എം നേതാവ്‌ വൃന്ദാ കാരാട്ട്‌ ആവശ്യപ്പെട്ടു. നേരത്തേ മലേഗാവിലും നന്ദേഡിലും നടന്ന സ്‌ഫോടനങ്ങളിലും ഇവര്‍ക്കു പങ്കുള്ളതായി പോലിസ്‌ സംശയിക്കുന്നുണ്ട്‌. സംഘപരിവാര സംഘടനകളുടെ പങ്ക്‌ വ്യക്തമായിട്ടും അവയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ പങ്കാളിയായ എ.ബി.വി.പിയെ നിരോധിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ എം.പി റഷീദ്‌ ആല്‍വിയും പറഞ്ഞു. ഒരു വിദ്യാര്‍ഥിസംഘടന ആദ്യമായാണ്‌ ഇത്തരം ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, ഭീകരാക്രമണങ്ങളെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മറുപടി. പ്രശ്‌നം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടതോടെ ബഹളവുമായി ബി.ജെ.പി രംഗത്തെത്തി.

തേജസ്‌: 24-10-08

Tuesday, October 21, 2008

കശ്‌മീര്‍ ബന്ധം: യുവാവിന്റെ അറസ്‌റ്റില്‍ ദുരൂഹതയേറുന്നു

സ്വന്തം പ്രതിനിധി
കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികളില്‍ നിന്നു മൊബൈലിലേക്ക്‌ കോളുകള്‍ വന്നുവെന്ന്‌ ആരോപിച്ച്‌ എന്‍. ഡി.എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുല്‍ ജലീലിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നില്‍ ചില ദുഷ്ടശക്തികളുടെ കൈയുണ്ടെന്നു സൂചന. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ നടന്ന ഗൂഢാലോചനയുടെ ഫലമാണു സംഭവമെന്നു വിലയിരുത്തപ്പെടുന്നു. ഈ രീതിയിലുള്ള ചില സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നതായി ജലീലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്താല്‍ വളയപ്പെട്ട തങ്ങളെ രക്ഷിക്കണമെന്ന സന്ദേശമാണു കശ്‌മീരില്‍ നിന്നു ലഭിച്ചതെന്ന റിപോര്‍ട്ടുണ്ടായിരുന്നുവെങ്കിലും വിളിച്ചത്‌ ആരെന്നോ ഫോണ്‍ നമ്പര്‍ ഏതെന്നോ വ്യക്തമാക്കാന്‍ പോലിസിന്‌ കഴിയാത്തത്‌ ഈ സംശയം ബലപ്പെടുത്തുന്നു. കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ ആരൊക്കെയാണെന്നും അവര്‍ എവിടുത്തുകാരാണെ ന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞതും കൊല്ലെപ്പട്ടവര്‍ മലയാളികളാണെന്ന്‌ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ്‌.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുവീതം മലയാളികള്‍ കൊല്ലപ്പെട്ടുവെന്നു കഴിഞ്ഞ ഏഴിനും 12നുമാണു വാര്‍ത്തകള്‍ വന്നത്‌. കൊല്ലപ്പെട്ടതു മലയാളികളാണെന്നതിനു തെളിവില്ലെന്നു കേരള-കശ്‌മീര്‍ പോലിസ്‌ പിന്നീടു വ്യക്തമാക്കിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചുവെന്ന്‌ ആദ്യം പറഞ്ഞിരുന്നെങ്കിലും അവ വ്യാജമാണെന്ന്‌ അന്വേഷണത്തില്‍ ബോധ്യമാവുകയും ചെയ്‌തി രുന്നു.
ഇവര്‍ മലയാളികള്‍ തന്നെയാണെന്നതിനു പിന്നീട്‌ തെളിവുകള്‍ ലഭിച്ചുവെങ്കില്‍ അവ വ്യക്തമാക്കാന്‍ പോലിസിനായിട്ടില്ല. മലയാളം മാത്രമറിയാവുന്ന ജലീലിനെ മലയാളികളല്ലാത്തവര്‍ വിളിക്കാനിടയില്ല. മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തയുമായി ബന്ധപ്പെട്ടാണു ജലീലിന്റെ അറസ്റ്റ്‌ നടന്നതെന്നാണ്‌ ഇതു വ്യക്തമാക്കുന്നത്‌.
കശ്‌മീരില്‍ നിന്നുള്ള നമ്പറില്‍ നിന്നാണു വിളി വന്നതെന്നതു മാത്രമാണു തെളിവെങ്കില്‍ ഇന്റര്‍നെറ്റ്‌ ടെലിഫോണ്‍ വ്യാപകമായ ഇക്കാലത്ത്‌ ഈ വാദം ബാലിശമാണെന്നു ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു.
ഉദാഹരണമായി വോയിപ്‌ (വോയിസ്‌ ഓവര്‍-ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍) സംവിധാനത്തില്‍ വെബ്‌ സൈറ്റ്‌ വഴി ലോകത്തിന്റെ ഏതു ഭാഗത്തു വച്ചും ഏതു പ്രദേശത്തെ നമ്പറില്‍ നിന്നും ഫോണ്‍ വിളിക്കാം. നിലവിലെ ലാന്റ്‌ ഫോണ്‍ ലൈനും മൊബൈല്‍ സേവനങ്ങളും ഉപയോഗിച്ചുകൊണ്ടാണ്‌ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്‌. വോയിപ്പിലെ ഫോണ്‍-ടു-ഫോണ്‍ ഓപ്‌ഷനില്‍ ?യുവര്‍ ഓണ്‍ ഫോണ്‍ നമ്പര്‍ (വിളിക്കുന്നയാളുടെ നമ്പര്‍), ?ഡെസ്റ്റിനേഷന്‍ നമ്പര്‍? (വിളിക്കേണ്ട വ്യക്തികളുടെ നമ്പര്‍) എന്നിവ ടൈപ്പ്‌ ചെയ്യാനുള്ള കോളങ്ങളുണ്ടാവും. ഇതില്‍ വിളിക്കുന്നയാളുടെ നമ്പറില്‍ ലോകത്തെ ഏതു ഫോണ്‍ നമ്പറും എന്റര്‍ ചെയ്‌താല്‍ മതി.
നാദാപുരത്തെ ഒരു വീട്ടില്‍ പാകിസ്‌താനില്‍ നിന്നു ഫോണ്‍കോള്‍ വന്നുവെന്നു കഴിഞ്ഞ ആഗസ്‌തില്‍ പോലിസ്‌ കണ്ടെത്തിയിരുന്നെങ്കിലും ഇന്റനെറ്റ്‌ സംവിധാനത്തിലൂടെ ഖത്തറില്‍ നിന്നാണു പാകിസ്‌താന്‍ നമ്പറില്‍ ഫോണ്‍ വന്നതെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണു ചില കുബുദ്ധികളുടെ കരങ്ങള്‍ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നത്‌. മുഖം മറച്ചാണു പോലിസ്‌ ജലീലിനെ കൊണ്ടുപോയതെങ്കിലും മാധ്യമങ്ങള്‍ക്കു യുവാവിന്റെ പാസ്‌പോര്‍ട്ടിലുള്ള ഫോട്ടോ എങ്ങനെ ലഭിച്ചുവെന്നതിലും ദുരൂഹതയുണ്ട്‌.



കശ്‌മീരില്‍ കൊല്ലപ്പെട്ടത്‌ മലയാളിയാണെന്നതിന്‌ തെളിവില്ല: കോടിയേരി
തിരുവനന്തപുരം: കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതു മലയാളിയാണെന്ന്‌ ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഇതു സംബന്ധിച്ച അന്വേഷണം നടന്നുവരുന്നതേയുള്ളൂവെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. 

തേജസ്‌ ദിനപത്രം: 22-10-08 

Monday, October 20, 2008

അറസ്റ്റ്‌ തീവ്രവാദബന്ധമാരോപിച്ച്‌ ; കേസ്‌ നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്‌

കണ്ണൂര്‍: കശ്‌മീര്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത യുവാവിനെതിരേ പോലിസ്‌ കേസെടുത്തതു നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചെന്ന കാരണം പറഞ്ഞ്‌. എന്നാല്‍, ഇത്‌ ഏതു സംഘടനയാണെന്ന്‌ എഫ്‌. ഐ.ആറില്‍ വ്യക്തമാക്കിയിട്ടുമില്ല. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ 3, 13 (2) വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്‌. കൂടാതെ, കാരണമില്ലാതെ രണ്ടു മൊബൈലുകള്‍ കൈവശംവച്ചെന്നും ഇതിലൊന്ന്‌ ഉപയോഗിച്ച്‌ കശ്‌മീരിലേക്കും അവിടെ നിന്ന്‌ ഇങ്ങോട്ടും ബന്ധപ്പെട്ടെന്നും റിപോര്‍ട്ടിലുണ്ട്‌.
സംശയത്തിന്റെയും അതേസമയം ഉത്തമവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ്‌ അറസ്റ്റെന്നാണ്‌ എഫ്‌.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍, സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. കശ്‌മീരില്‍ കഴിഞ്ഞ ഏഴിനു സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ ജലീലുമായി മൊബൈലില്‍ ബന്ധപ്പെട്ടെന്നും മലയാളത്തിലാണ്‌ ഇരുവരും സംസാരിച്ചതെന്നുമാണു പോലിസ്‌ ഭാഷ്യം.
അതേസമയം, കശ്‌മീരില്‍ കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്ന പത്രവാര്‍ത്തകള്‍ പോലിസ്‌ തന്നെ നേരത്തേ നിഷേധിച്ചിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്നാണ്‌ ഇന്നലെയും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ ചെയ്‌തത്‌. കൊല്ലപ്പെട്ടവര്‍ ജലീലിനെ വിളിച്ചു ജീവന്‍ രക്ഷിക്കണമെന്ന്‌ അപേക്ഷിച്ചതായി പോലിസിനെ ഉദ്ധരിച്ചു മാതൃഭൂമി പത്രം റിപോര്‍ട്ട്‌ ചെയ്‌തിരുന്നു. എ.കെ-47 അടക്കമുള്ള ആയുധവുമായി സുരക്ഷാ സൈന്യം വളഞ്ഞപ്പോഴാണു `തീവ്രവാദികള്‍' കണ്ണൂരിലെ കുഗ്രാമമായ കോട്ടൂരിലെ യുവാവിനെ വിളിച്ചു ജീവന്‍ രക്ഷിക്കാനായി തേടിയതെന്ന, തികച്ചും അവിശ്വസനീയമായ വാര്‍ത്ത പരിഹാസ്യമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റില്‍ നിന്ന്‌ മൊബൈലിലേക്കു വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്നയാളുടെ മൊബൈലില്‍ ഇഷ്ടമുള്ള നമ്പര്‍ വരുത്താന്‍ സാങ്കേതിക സംവിധാനമുണ്ട്‌. ഇതുപയോഗിച്ച്‌ ആരെങ്കിലും വിളിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്‌.
ജില്ല വിട്ടുപോലും കൂടുതല്‍ യാത്രചെയ്‌തിട്ടില്ലാത്ത, ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരനായ ജലീല്‍ കശ്‌മീര്‍ ബന്ധമാരോപിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടതു നാട്ടുകാര്‍ക്ക്‌ ഇനിയും വിശ്വസിക്കാനായിട്ടില്ല. ജലീല്‍ പുതിയ മൊബൈല്‍ കണക്‌ഷനെടുത്തതു സ്വന്തം ഫോട്ടോയും തിരിച്ചറിയില്‍ കാര്‍ഡും കൊടുത്താണ്‌. `തീവ്രവാദി'കളുമായി ?നിരന്തരം? ബന്ധം പുലര്‍ത്തുന്നയാള്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്‌. പ്രതിയെ തിരിച്ചറിയാതിരിക്കാനെന്ന വ്യാജേന മുഖം മറച്ച്‌ സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലിസ്‌ ജലീലിന്റെ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയതും വിവാദമായിട്ടുണ്ട്‌. 

Tuesday, October 14, 2008

ദുര്‍ഗാപൂജയ്‌ക്കെത്തിയ ദലിതനെ മേല്‍ജാതിക്കാരന്‍ വെടിവച്ചു കൊന്നു

പട്‌ന: ദുര്‍ഗാ വിഗ്രഹത്തിനു മുന്നില്‍ പ്രസാദമര്‍പ്പിക്കാനെത്തിയ ദലിതനെ മേല്‍ജാതിക്കാരന്‍ വെടിവച്ചു കൊന്നു. മറ്റു രണ്ടുപേര്‍ക്കു പരിക്കേറ്റു. ബിഹാര്‍ ജില്ലയായ നളന്ദയിലെ ജിയാര്‍ ഗ്രാമത്തിലാണു സംഭവം.ദുര്‍ഗാ വിഗ്രഹത്തിനു സമര്‍പ്പിക്കാനുള്ള പ്രസാദവുമായി ക്ഷേത്രത്തിലെത്തിയ കരു പാസ്വാനെ മേല്‍ജാതിക്കാര്‍ ചേര്‍ന്നു തടയുകയായിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ സവര്‍ണ ജാതിക്കാരനായ രത്തന്‍സിങ്‌ കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ചു വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ കരു പാസ്വാന്‍ പട്‌ന മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
സംഭവം നടന്നയുടന്‍ സിങ്‌ ഒളിവില്‍പ്പോയതായി പോലിസ്‌ അറിയിച്ചു. ഏഴുപേര്‍ക്കെതിരേ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. അക്രമം വ്യാപിക്കാതിരിക്കാന്‍ സംഭവസ്ഥലത്തു പോലിസ്‌ ക്യാംപ്‌ സ്ഥാപിച്ചിരിക്കുകയാണ്‌.
തേജസ്‌ ദിനപത്രം: 15-10-08 

മുസ്‌്‌ലിം പോലിസുകാരെ അഡ്വാനിയുടെ സുരക്ഷാവ്യൂഹത്തില്‍ നിന്നു പുറത്താക്കി

പി സി അബ്ദുല്ല
കോഴിക്കോട്‌: രണ്ടുദിവസത്തെ പ്രത്യേക പരിശീലനത്തിനുശേഷം വെസ്റ്റ്‌ഹില്‍ വിക്രം മൈതാനത്ത്‌ ഡ്യൂട്ടിക്കെത്തിയ രണ്ടു മുസ്‌ലിം പോലിസ്‌ ഡ്രൈവര്‍മാരെ എല്‍ കെ അഡ്വാനിയുടെ  സുരക്ഷാവലയത്തില്‍ നിന്നു പുറത്താക്കി. ഡല്‍ഹിയില്‍ നിന്നെത്തിയ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ നിര്‍ദേശപ്രകാരം സിറ്റി പോലിസ്‌ കമ്മീഷണറാണ്‌ ഇവരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മടക്കിയയച്ചത്‌.
ഇന്നലെ രാവിലെ ആറുമണിക്കായിരുന്നു സംഭവം. വി.വി.ഐ.പി സെക്യൂരിറ്റി ട്രെയ്‌നിങ്‌ പൂര്‍ത്തിയാക്കിയ കാസര്‍കോഡ്‌ എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍ ലത്തീഫ്‌, പാലക്കാട്‌ എ.ആര്‍ ക്യാംപിലെ ഡ്രൈവറായ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ ബഷീര്‍ എന്നിവരെയാണു മുസ്‌ലിംകളാണെന്ന കാരണത്താല്‍ അഡ്വാനിയുടെ സുരക്ഷാവ്യൂഹത്തില്‍ നിന്ന്‌ ഒഴിവാക്കിയത്‌. അഡ്വാനിയുടെ അകമ്പടിക്കായി തിരഞ്ഞെടുക്കപ്പെട്ട പോലിസ്‌ ഡ്രൈവര്‍മാരില്‍ മുസ്‌ലിംകളായി ഇവര്‍ മാത്രമാണുണ്ടായിരുന്നത്‌.
ബി.ജെ.പി നേതാവിന്റെ അകമ്പടിസേനയില്‍ ഉള്‍പ്പെടുത്താനായി ശനിയാഴ്‌ചയാണ്‌ ഇവരെ കോഴിക്കോട്ടേക്കു വിളിപ്പിച്ചത്‌. തൃശൂരിലെ പരിശീലന ക്യാംപില്‍ ഏഴുദിവസത്തെ പ്രത്യേക വി.വി.ഐ.പി സെക്യൂരിറ്റി ട്രെയ്‌നിങ്‌ പൂര്‍ത്തിയാക്കിയ പോലിസ്‌ ഡ്രൈവര്‍മാര്‍ക്കൊപ്പമാണു ബഷീറിനെയും ലത്തീഫിനെയും അഡ്വാനിയുടെ അകമ്പടി ടീമില്‍ തിരഞ്ഞെടുത്തത്‌. അഡ്വാനിയുടെ വരവ്‌ പ്രമാണിച്ചു ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും കോഴിക്കോട്ടു നടന്ന പരിശീലനങ്ങളിലും ട്രയല്‍ റണ്ണിലും ഇവര്‍ പങ്കെടുക്കുകയും ചെയ്‌തു.
കോഴിക്കോട്‌ എ.ആര്‍ ക്യാംപില്‍ നിന്നു മറ്റു പോലിസുകാര്‍ക്കൊപ്പം ഇന്നലെ രാവിലെ അഞ്ചരയ്‌ക്കാണ്‌ ഇവര്‍ അഡ്വാനി ഹെലികോപ്‌റ്റര്‍ ഇറങ്ങുന്ന വെസ്റ്റ്‌ഹില്‍ വിക്രം മൈതാനത്ത്‌ എത്തിയത്‌. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ പോലിസ്‌ ഡ്രൈവര്‍മാരുടെ ലിസ്‌റ്റ്‌ പരിശോധിച്ചശേഷം ലത്തീഫിനെയും ബഷീറിനെയും പുറത്തുനിര്‍ത്തുകയും മറ്റുള്ളവരെ അകത്തേക്കു വിടുകയും ചെയ്‌തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇവരോടു ജോലിക്കു കയറാതെ തിരിച്ചുപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരുമണിക്കൂറോളം വിക്രം മൈതാനത്തിന്റെ പുറത്തു കാത്തുനിന്ന ഇവര്‍ പിന്നീട്‌ എ.ആര്‍ ക്യാംപിലേക്കു തിരിച്ചുപോയി. അഞ്ചുവര്‍ഷമായി കാസര്‍കോഡ്‌ എ.ആര്‍ ക്യാംപില്‍ ഡ്രൈവറാണു ലത്തീഫ്‌. ബഷീര്‍ പാലക്കാട്‌ എ.ആര്‍ ക്യാംപിലെ ഹെഡ്‌കോണ്‍സ്‌റ്റബിളാണ്‌. 
തേജസ്‌ ദിനപത്രം: 15-10-08 

Monday, October 13, 2008

രണ്ടു മലയാളികള്‍ കശ്‌മീരില്‍ കൊല്ലപ്പെട്ടതായി വീണ്ടും വ്യാജവാര്‍ത്ത

ശ്രീനഗര്‍: പാകിസ്‌താനിലേക്ക്‌ പരിശീലനത്തിനു പോവുന്ന രണ്ടു മലയാളികളെ അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചുകൊന്നതായി വീണ്ടും വ്യാജ വാര്‍ത്ത.
വടക്കന്‍ കശ്‌മീരിലെ ലൊലാബ്‌ താഴ്‌വരയില്‍ കൊടുംവനത്തിനുള്ളില്‍ നടന്ന തിരച്ചിലിനിടയിലാണത്രെ മലപ്പുറത്തുകാരായ രണ്ടുപേരടക്കം മൂന്നു ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരെ സൈന്യം വെടിവച്ചുകൊന്നത്‌. ഇവരില്‍ നിന്നു ബോംബിന്റെ നിര്‍മാണവിധികള്‍ വിശദീകരിക്കുന്ന മലയാളത്തിലുള്ള ഡയഗ്രം കണ്ടെത്തിയതായും കശ്‌മീര്‍ ആഭ്യന്തരവകുപ്പ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപോര്‍ട്ട്‌ ചെയ്‌തു.
ഇവര്‍ മലയാളികളാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നു വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ടെങ്കിലും മലപ്പുറത്തുകാരാണെന്ന്‌ എങ്ങനെ മനസ്സിലായെന്നു വിശദീകരിക്കുന്നില്ല.
പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ നിര്‍ദേശപ്രകാരം ലശ്‌കര്‍ കമാന്‍ഡര്‍ അബ്ദുല്ല എന്നയാളുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ തകൃതിയായി റിക്രൂട്ടിങ്‌ നടക്കുന്നതായുള്ള ഇന്റലിജന്‍സ്‌ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സൈന്യം തിരച്ചില്‍ നടത്തിയതെന്നും പോലിസ്‌വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപോര്‍ട്ട്‌ അവകാശപ്പെട്ടു.
മലയാളികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക റെയ്‌ഡ്‌ നടക്കുന്നതായി വാര്‍ത്തയില്‍ പറയുന്നുണ്ടെങ്കിലും കേരള പോലിസ്‌ ഇതു നിഷേധിച്ചു. തങ്ങള്‍ക്ക്‌ ഇങ്ങനെയൊരു സംഭവം സംബന്ധിച്ച്‌ യാതൊരു വിവരവുമില്ലെന്നു മലപ്പുറം ജില്ലാ പോലിസ്‌ മേധാവികള്‍ വ്യക്തമാക്കി.
വടക്കന്‍ കശ്‌മീരിലെ ഇതേ സ്ഥലത്തു നിന്നു രണ്ടു മലയാളികളെ സൈന്യം വധിച്ചുവെന്ന്‌ ഏതാനും ദിവസം മുമ്പ്‌ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, കശ്‌മീര്‍ പോലിസ്‌ പിന്നീട്‌ അതു നിഷേധിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്നതിന്‌ യാതൊരു തെളിവുമില്ലെന്നായിരുന്നു കശ്‌മീര്‍ സോണ്‍ ഐ.ജി ഡോ. ബി ശ്രീനിവാസ്‌ അറിയിച്ചത്‌. മുഹമ്മദ്‌ ശക്കീല്‍ എന്നയാളാണു കൊല്ലപ്പെട്ടതെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ കേരള പോലിസ്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോവളത്ത്‌ ജീവനോടെയിരിക്കുന്നതായി കണ്ടെത്തി.
ലൊലാബ്‌ താഴ്‌വരയിലെ സൊഗാമില്‍ രണ്ടാമതൊരു ഏറ്റുമുട്ടല്‍ നടന്നതായി വിവരമില്ലെന്നു ജമ്മുകശ്‌മീര്‍ ആഭ്യന്തരവകുപ്പ്‌ വ്യക്തമാക്കി.
തേജസ്‌ ദിനപത്രം: 13-10-08 

കേരളം ഹിന്ദുത്വ കൊലയാളികളുടെ ഒളിത്താവളമാവുന്നു

ബൈജുജോണ്‍
പാലക്കാട്‌: രാജ്യത്ത്‌ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്ന ഹിന്ദുത്വ കൊലയാളികളുടെ ഒളിത്താവളമായി കേരളം മാറുന്നു. മലയാളിയായ കന്യാസ്‌ത്രീയെ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്‌ത പ്രതികള്‍ കേരളത്തില്‍ നിന്നുതന്നെ പിടിയിലായത്‌ യാദൃശ്ചികമല്ല.
ആര്‍.എസ്‌.എസ്‌, സംഘപരിവാര ശക്തികള്‍ക്ക്‌ സംസ്ഥാനത്തു ശക്തമായ വേരോട്ടമുള്ള പാലക്കാട്‌ മറ്റു നാട്ടുകാരായ സംഘപരിവാര കുറ്റവാളികള്‍ക്കു സുരക്ഷിതമായ ഒളിത്താവളമാവുകയാണെന്നാണ്‌ കഴിഞ്ഞദിവസത്തെ അറസ്റ്റ്‌ സൂചിപ്പിക്കുന്നത്‌.
സംസ്ഥാനത്ത്‌ തമ്പടിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്‌റ്റുകളും ഇസ്‌ലാമിക തീവ്രവാദികളും ഒളിവില്‍ കഴിയുന്നുവെന്ന പ്രചാരണം കുറച്ചുകാലമായി മാധ്യമങ്ങളെ ഉപയോഗിച്ചു നടത്തിപ്പോരുന്ന പോലിസ്‌ രഹസ്യാന്വേഷണ വിഭാഗമാണ്‌ ഇതോടെ വെട്ടിലായിരിക്കുന്നത്‌.
കേരളത്തിന്‍െറ വിവിധഭാഗങ്ങളിലെ ആശ്രമങ്ങളിലും ആള്‍ദൈവ കേന്ദ്രങ്ങളിലും അന്യസംസ്ഥാനക്കാരും വിദേശികളുമായ നിരവധി പേര്‍ താമസിക്കുന്നതായി പലതവണ വ്യക്തമായ വിവരം ലഭിച്ചിട്ടും അന്വേഷിക്കാന്‍ സംസ്ഥാന പോലിസ്‌ തയ്യാറായിരുന്നില്ല.
നൂറുകണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികളാണ്‌ പാലക്കാട്ട്‌ കിഴക്കഞ്ചേരി, കൊടുവായൂര്‍ മേഖലകളിലെ അരിമില്ലില്‍ ജോലിയെടുക്കുന്നത്‌. ഭൂരിഭാഗവും ഒറീസ-ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്‌. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ കഴിഞ്ഞദിവസം പാലക്കാട്‌ പിടിയിലായ സംഘപരിവാര പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി ഒറീസക്കാരാണു ജോലി ചെയ്യുന്നത്‌.
വി.എച്ച്‌.പി സ്വാമിയുടെ കൊലപാതകത്തിനുശേഷം ഇവിടെ നിന്നും കൂട്ടത്തോടെ ഒറീസയിലേക്കു വണ്ടികയറിയ തൊഴിലാളികള്‍ ഒരാഴ്‌ച മുമ്പാണ്‌ തിരികെ ജോലിക്കു പ്രവേശിച്ചത്‌. ഒറീസയില്‍ ആഴ്‌ചകളായി ക്രിസ്‌ത്യന്‍ ന്യൂനപക്ഷത്തിനെതിരേ നടന്ന അക്രമങ്ങളില്‍ പങ്കെടുത്ത ശേഷം മാത്രമാണ്‌ പിടിയിലായവരുള്‍പ്പെടെയുള്ളവര്‍ തിരികെ എത്തിയത്‌ എന്നുവേണം കരുതാന്‍.
പ്രാദേശിക ബി.ജെ.പി, ആര്‍.എസ്‌.എസ്‌ നേതൃത്വത്തിന്റെ പരിപാടികളില്‍ തൊഴിലാളികള്‍ സ്ഥിരമായി സഹകരിക്കാറുണ്ടെങ്കിലും അവര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന്‌ അറിയില്ലായിരുന്നെന്നു മില്ലുടമകള്‍ പറയുന്നു. കമ്പനിയിലേക്ക്‌ തൊഴിലാളികളെ എത്തിച്ചുതരുന്ന ഒരു ഏജന്‍സിയാണ്‌ കഴിഞ്ഞദിവസം പിടിയിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരേയും ജോലിക്കായി എത്തിച്ചത്‌. ഒറീസയിലെ സംഘപരിവാര പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവര്‍ നേതൃത്വം കൊടുക്കുന്നതിന്റെ തെളിവാണു കഴിഞ്ഞദിവസം നടന്ന പൂജവയ്‌പ്‌ മഹോല്‍സവത്തില്‍ നാട്ടിലെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവരും പങ്കെടുത്തത്‌. ജില്ലയിലെ സംഘപരിവാരത്തിന്റെ സമ്മേളന പരിപാടികള്‍ക്കിടയില്‍ അന്യസംസ്ഥാനത്തുനിന്നെത്തുന്നവരുടെ പങ്കു മുമ്പും പോലിസിന്‌ തലവേദനയായിട്ടുണ്ട്‌.
എന്നാല്‍, സംഘപരിവാര കുറ്റവാളികളാണ്‌ ഈ മേഖലയില്‍ ഒളിച്ചുതാമസിക്കുന്നതെന്ന വിവരം ബലാല്‍സംഗക്കേസില്‍ ഇവര്‍ പിടിയിലാവുന്നതോടെയാണ്‌ അറിയുന്നത്‌. സംഘപരിവാര ബന്ധമുള്ള പല ആശ്രമങ്ങളിലും താമസിക്കുന്ന അന്യനാട്ടുകാരായ സ്വാമിമാരെ കുറിച്ചുള്ള യാതൊരു വിവരവും സമീപ പോലിസ്‌ സ്‌റ്റേഷനുകളിലില്ല.ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ പൊതുവില്‍ അത്തരം വിവരങ്ങള്‍ അവഗണിക്കാറാണ്‌ പതിവ്‌.
അതിനിടെ അന്യ സംസ്ഥാന തൊഴിലാളികളിലെ ഹിന്ദുത്വവാദികളെ നിരീക്ഷിച്ച്‌ വരികയാണെന്നും പല കേന്ദ്രങ്ങളിലും തിരച്ചില്‍ നടത്തുമെന്നും ഒരു ഉന്നത പോലിസ്‌ ഉദ്യോസഗ്‌ഥന്‍ വ്യക്‌തമാക്കി.
മംഗലാപുരത്ത്‌ ക്രൈസ്‌തവര്‍ക്കെതിരേ അക്രമത്തിന്‌ നേതൃത്വം നല്‍കിയ ബജ്‌ രംഗ്‌ദള്‍ പ്രവര്‍ത്തകരില്‍ പലരും കേരളത്തിലെ ചില എസ്റ്റേറ്റുകളില്‍ സുഖവാസത്തിലാണെന്നും സൂചനയുണ്ട്‌.
തേജസ്‌ ദിനപത്രം: 13-10-08 

കന്യാസ്‌ത്രീെയ ബലാല്‍സംഗം ചെയ്‌ത സംഘപരിവാര പ്രവര്‍ത്തകരെ പോലിസ്‌ കസ്‌റ്റഡിയില്‍ വിട്ടു

പാലക്കാട്‌: ഒറീസയില്‍ കന്യാസ്‌ത്രീകളെ ബലാല്‍സംഗം ചെയ്യുകയും കലാപത്തിനു നേതൃത്വം കൊടുക്കുകയും ചെയ്‌ത കേസില്‍ അറസ്‌റ്റിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരെ കോടതി പോലിസ്‌ കസ്‌റ്റഡിയില്‍ വിട്ടു. അന്വേഷണസംഘം ഇവരെ ഇന്ന്‌ ഒറീസയിലേക്കു കൊണ്ടുപോവും.
ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരായ ബലിഗുഡ പൂന്‍വാണി മിഥു പട്‌നായിക്‌ (25), സരോജ്‌ ഗദായ്‌ (42), മുന്ന ഗദായ്‌ (25) എന്നിവരെയാണ്‌ ഇന്നലെ വൈകീട്ട്‌ ഒറീസയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം പാലക്കാട്ട്‌ അറസ്റ്റ്‌ ചെയ്‌തത്‌. മരിയപ്പാടത്ത്‌ അരിമില്ലിലെ ജോലിക്കാരായി പ്രതികളിവിടെ ഒളിവില്‍ത്താമസിക്കുകയായിരുന്നു.


ഒരുവര്‍ഷത്തോളമായി ഈ പ്രദേശത്ത്‌ വിവിധ ജോലികള്‍ ചെയ്‌തിരുന്ന ഇവര്‍ കലാപസമയത്ത്‌ ഒറീസയിലേക്കു പുറപ്പെടുകയും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയുമായിരുന്നു. കലാപത്തിലെ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന്‌ ഒറീസ പോലിസ്‌ പറഞ്ഞു. ഒറീസയിലെ കലാപക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ പ്രതികളാണ്‌ ഇവര്‍ കേരളത്തില്‍ ഒളിവില്‍ക്കഴിയുന്നുണ്ടെന്ന വിവരം പോലിസിന്‌ നല്‍കിയത്‌. അക്രമങ്ങള്‍ക്കൊപ്പം നിരവധി സ്‌ത്രീകളെ ഇവര്‍ കലാപസമയത്തു ബലാല്‍സംഗത്തിനിരയാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം വെളിപ്പെടുത്തി.
കഴിഞ്ഞ ആഗസ്‌ത്‌ 25ന്‌ ബജ്‌രംഗ്‌ദളിന്റെ നേതൃത്വത്തില്‍ നടന്ന ഒറീസ ബന്ദിലാണ്‌ നുവഗോണ്‍ ഗ്രാമത്തില്‍ വച്ച്‌ 29കാരിയായ കന്യാസ്‌ത്രീയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്‌. തൊട്ടടുത്ത ദിവസം സമീപപ്രദേശങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരേ നടന്ന സംഘപരിവാര ആക്രമണത്തിലും ഇവര്‍ പങ്കാളികളായിരുന്നു. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തതിനു പിടിയിലായ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരുടെ എണ്ണം ഇതോടെ ഒമ്പതായി. 

തേജസ്‌ ദിനപത്രം: 13-10-08 

Monday, October 6, 2008

കാമുകി ചമഞ്ഞും തട്ടിപ്പ്‌; കാരുണ്യം കാട്ടിയും വെട്ടിപ്പ്‌


അമ്മാര്‍ കിഴുപറമ്പ്‌
എന്റെ പേര്‌ മിസ്‌ സൂസണ്‍ ഒച്ചായി, ഞാന്‍ ഐവറി കോസ്റ്റിലെ അബിഡ്‌ജാനില്‍ നിന്നാണ്‌ ഇതെഴുതുന്നത്‌. 20 വയസ്സുള്ള ഞാന്‍ സിയറ ലിയോണിലാണു താമസം. ആഭ്യന്തരകലാപം രൂക്ഷമായപ്പോള്‍ എന്റെ വീടും മാതാവിനെയും സഹോദരനെയും എനിക്കു നഷ്‌ടമായി. എന്റെ പിതാവ്‌ അബിഡ്‌ജാനിലെ പ്രശസ്‌തനായ കൊക്കോ-കോഫി വ്യാപാരിയും എക്‌സ്‌പോര്‍ട്ടറുമാണ്‌. വിമതഗ്രൂപ്പുകാരുടെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 2006ല്‍ പിതാവ്‌ നഷ്‌ടപ്പെട്ടതോടെ ഞാന്‍ തീര്‍ത്തും അനാഥയാണ്‌.
ഈ രാജ്യത്തെ വാസം എനിക്ക്‌ മടുത്തിരിക്കുന്നു. പിതാവിന്റെ സമ്പാദ്യമായ 18.4 മില്യണ്‍ ഡോളര്‍ പൂര്‍ണമായും എനിക്കവകാശപ്പെട്ടതാണ്‌. ഈ സംഖ്യ ഏതെങ്കിലും വിദേശരാജ്യത്തേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌ത്‌ അവിടെ ജീവിക്കാനാണ്‌ ആഗ്രഹം. താങ്കള്‍ക്ക്‌ എന്നെ സഹായിക്കാന്‍ പറ്റുമെങ്കില്‍ താങ്കളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു. എനിക്ക്‌ താങ്കളുടെ നാട്ടില്‍ വന്നു പഠിക്കാനുള്ള വിസ സംഘടിപ്പിച്ചു തന്നാല്‍ മതി. വീട്‌ വാങ്ങി ഞാന്‍ അവിടെ താമസിക്കാം. ഈ ഉപകാരത്തിന്‌ താങ്കള്‍ സന്നദ്ധനായാല്‍ മൊത്തം ട്രാന്‍സ്‌ഫര്‍ സംഖ്യയുടെ 25 ശതമാനം പ്രതിഫലമായി തരാന്‍ ഞാന്‍ തയ്യാറാണ്‌. താങ്കളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുകയാണ്‌. പ്ലീസ്‌, അനാഥയായ എന്നെ ആഭ്യന്തരകലാപം കൊടുമ്പിരിക്കൊണ്ട ഈ മണ്ണില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കണം.
ഈ കത്തിനു മറുപടി അയച്ചാല്‍ കിട്ടുക നേരത്തേ ലഭിച്ച അതേ രൂപത്തില്‍ തന്നെയായിരിക്കും. ബാങ്ക്‌ അക്കൗണ്ട്‌ നമ്പറും പൂര്‍ണ വിലാസവും നല്‍കിയാല്‍ നേരത്തേ പറഞ്ഞപോലെ യാത്രച്ചെലവിനും ട്രാന്‍സ്‌ഫര്‍ ചെയ്യാനുള്ള ചെലവിനും പണം ആവശ്യപ്പെടും. സ്‌ത്രീകളുടെ പേരില്‍ വരുന്ന ഇത്തരം മെയിലുകള്‍ കാമുകിയായി അഭിനയിച്ചാണ്‌ സഹായം ആവശ്യപ്പെടാറ്‌.
കേരളത്തിലെ നിരവധി സോഷ്യല്‍ ചാരിറ്റി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ഇ-മെയില്‍ വിലാസത്തില്‍ വരുന്ന കത്തുകള്‍ മുകളില്‍ കൊടുത്ത കത്തിന്റെ മറ്റൊരു പതിപ്പാണ്‌. കേരളത്തിലെ അശരണരും അഗതികളും നിരാലംബരുമായവരെ സഹായിക്കാന്‍ താങ്കളുടെ സ്ഥാപനം നടത്തുന്ന സേവനങ്ങള്‍ എന്നെ വളരെയേറെ സന്തോഷപ്പെടുത്തിയിരിക്കുന്നു. എന്റെ കുടുംബസ്വത്തിന്റെ ഒരു വിഹിതം താങ്കളുടെ സ്ഥാപനത്തിനു നല്‍കുന്നതില്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. ആയതിനാല്‍ താങ്കളുടെ സ്ഥാപനത്തിന്റെ അക്കൗണ്ട്‌ നമ്പറും ഫണ്ട്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കവറിങ്‌ ലെറ്ററും എത്രയും പെട്ടെന്ന്‌ എന്റെ വിലാസത്തില്‍ അയച്ചുതരുക. പ്രസ്‌തുത സംഖ്യ മൂന്നുകോടിയിലധികം ഇന്ത്യന്‍ രൂപയുണ്ട്‌.
ഇപ്പോള്‍ ഇവിടത്തെ ബാങ്കില്‍ നിക്ഷേപിച്ച പണം താങ്കളുടെ മറുപടി കിട്ടിയാല്‍ തുടര്‍നടപടികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കി താങ്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതാണ്‌. കേരളത്തിലെ രണ്ട്‌ അനാഥശാലകള്‍ ഇത്തരത്തില്‍ പണം മോഹിച്ച്‌ ചതിയില്‍പ്പെട്ടിട്ടുണ്ട്‌. തൃശൂരിലെ ക്രിസ്‌ത്യന്‍ സഭ നടത്തുന്ന അനാഥശാലയ്‌ക്ക്‌ മൂന്നുലക്ഷം രൂപയാണത്രെ നഷ്‌ടപ്പെട്ടത്‌. കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിം സ്ഥാപനത്തിന്‌ 50,000 രൂപയാണു നഷ്‌ടമായത്‌. ഓരോ സ്ഥാപനത്തെയും വ്യക്തികളെയും എങ്ങനെ ആകര്‍ഷിക്കാമെന്നതാണ്‌ ഇത്തരം കമ്പനികളുടെ പ്രധാന കണ്ടെത്തല്‍. അടുത്തകാലത്തായി മുസ്‌ലിം ചാരിറ്റി സംഘടനകള്‍ക്കും യത്തീംഖാനകള്‍ക്കും സകാത്ത്‌ പണം നല്‍കാന്‍ ആഗ്രഹിക്കുന്നെന്ന്‌ പറഞ്ഞാണ്‌ ഇത്തരം മെയില്‍ വരുന്നത്‌. തന്റെ വിദേശരാജ്യങ്ങളിലുള്ള സ്ഥാപനങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ സകാത്ത്‌ ഇത്ര പണമുണ്ടെന്നും അവ മൂന്നാംലോക രാജ്യങ്ങളില്‍ വിതരണം ചെയ്യാനാണ്‌ ആഗ്രഹമെന്നും കാണിച്ചാണ്‌ മെയില്‍ വരുന്നത്‌. സ്വന്തമായി വെബ്‌സൈറ്റുകളുള്ള സ്ഥാപനങ്ങളുടെ ഇ-മെയില്‍ വിലാസം കണ്ടെത്തി വളരെ വിശദമായാണു കത്തെഴുതുന്നത്‌. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട നിരവധി സ്ഥാപനങ്ങളുണ്ടാവാമെന്നും മാനഹാനി ഭയന്ന്‌ പുറത്തുപറയാതിരിക്കുകയാണെന്നുമാണ്‌ ഉയര്‍ന്ന പോലിസ്‌ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്‌.
ഇത്തരം കേസുകളുടെ പരാതി ലഭിച്ചാല്‍ പ്രതി നൈജീരിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്നതിനാല്‍ തന്നെ നടപടികളുമായി മുന്നോട്ടുപോവുക സാധ്യമല്ല. അതിവിദഗ്‌ധമായ കഥകള്‍ മെനഞ്ഞ്‌ ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ അന്താരാഷ്‌ട്ര നെറ്റ്‌വര്‍ക്കിലൂടെ ലക്ഷങ്ങളാണ്‌ കൊയ്യുന്നത്‌. ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്നു പറഞ്ഞ്‌ വരുന്ന മെയിലുകളും സമാന സ്വഭാവത്തിലാണു ചൂഷണംചെയ്യുന്നത്‌. വിദേശത്തെ വിവിധ കമ്പനികളിലേക്ക്‌ വിവിധ യോഗ്യതയുള്ളവരെ ആവശ്യമുണ്ടെന്നു പറഞ്ഞ്‌ വരുന്ന മെയിലില്‍ ഉദ്യോഗാര്‍ഥിക്ക്‌ പതിനായിരങ്ങളും ലക്ഷങ്ങളുമാണ്‌ ശമ്പളം വാഗ്‌ദാനം ചെയ്യുന്നത്‌. ഇന്റര്‍വ്യൂ നടപടികള്‍ക്ക്‌ അയ്യായിരവും പതിനായിരവും രൂപ ഈടാക്കിക്കൊണ്ടാണ്‌ ചൂഷണം അരങ്ങേറുന്നത്‌. പണം ലഭിച്ചാല്‍ ഇന്റര്‍വ്യൂവോ ജോലിയോ ഇല്ലെന്നു മാത്രമല്ല, പിന്നീടു യാതൊരു വിനിമയവും ഇക്കൂട്ടരുമായി നടത്താനും കഴിയാറില്ല. വിദേശ രാജ്യങ്ങളില്‍ മെഡിസിനും എന്‍ജിനീയറിങിനും നഴ്‌സിങിനും എം.ബി.എയ്‌ക്കും സീറ്റ്‌ തരപ്പെടുത്തി ത്തരാമെന്ന്‌ മോഹിപ്പിച്ചും ആയിരങ്ങള്‍ തട്ടുന്ന വിരുതന്മാര്‍ ഇന്റര്‍നെറ്റില്‍ വിലസുന്നുണ്ട്‌.
കോടികള്‍ ഒറ്റയ്‌ക്ക്‌ കൈവശപ്പെടുത്താമെന്ന അതിമോഹത്തില്‍ സമ്പാദ്യം അന്യദേശക്കാര്‍ക്കു മുന്നില്‍ കൊണ്ടു ചെന്ന്‌ സമര്‍പ്പിക്കുന്നവരുടെ എണ്ണവും അതുമായി ബന്ധപ്പെട്ട ക്രൈമും നാള്‍ക്കുനാള്‍ അധികരിച്ചതാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ശ്രദ്ധവരെ ഈ വിഷയത്തില്‍ പതിയാന്‍ ഇടവരുത്തിയത്‌. ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ മാനേജ്‌മെന്റ്‌ ആക്‌റ്റ്‌ 1999നു കീഴില്‍ നറുക്കെടുപ്പ്‌ സ്‌കീമുകള്‍ക്ക്‌ പണമയക്കുന്നത്‌ നിരോധിച്ചിട്ടുണ്ടെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതൊക്കെ അറിഞ്ഞിട്ടും നിരവധിപേര്‍ വീണ്ടും തട്ടിപ്പില്‍ അകപ്പെടുന്നു എന്നതാണു വിചിത്രം. പുതിയപുതിയ കഥകള്‍ മെനഞ്ഞ്‌ ഇരകളെ ആകര്‍ഷിക്കുകയാണ്‌ ഇന്റര്‍നെറ്റ്‌ ചൂഷകസംഘങ്ങള്‍.
ഇന്റര്‍നെറ്റ്‌ കഫേയിലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അശ്രദ്ധയോടെ അവ കൈകാര്യംചെയ്‌താല്‍ പെടുന്ന ആപത്ത്‌
നാളെ:
ഒളികാമറയില്‍ ഒപ്പുന്നത്‌ നഗ്നത

തേജസ്‌ പരമ്പര - ഭാഗം 4 - 6-10-08 

തേടിയത്‌ കോടികള്‍; കിട്ടിയത്‌ നാണക്കേട്‌

അമ്മാര്‍ കിഴുപറമ്പ്‌
നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും പോസ്റ്റ്‌മാന്‍ തപാല്‍ ഉരുപ്പടികളുമായി ദിവസത്തിലൊരിക്കല്‍ മാത്രമെ എത്താറുള്ളൂ. വീടുവീടാന്തരം കയറിയിറങ്ങി വിലാസക്കാരനെ നേരില്‍ക്കണ്ട്‌ കത്തുകള്‍ കൈമാറണമെന്നാണു നിയമം. പക്ഷേ, ഗ്രാമീണ ജനതയുടെ സഹകരണമനോഭാവവും നന്മയും പോസ്റ്റ്‌മാന്റെ ജോലിയിലും ഇളവു നല്‍കുന്നു. ഗ്രാമത്തിലെ ഏതെങ്കിലുമൊരു കടയില്‍ ആ പ്രദേശത്തേക്കുള്ള കത്തുകള്‍ നല്‍കാറാണു പതിവ്‌. ഇന്നിപ്പോള്‍ വാര്‍ത്താവിനിമയരംഗത്ത്‌ വന്‍ വിപ്ലവം വരുത്തി മൊബൈല്‍ഫോണും ഇന്റര്‍നെറ്റും സുലഭമായതോടെ കത്തുകളുടെ എണ്ണം നന്നെ ചുരുങ്ങി. ഗവണ്‍മെന്റ്‌ ഓഫിസ്‌ നടപടികള്‍ മാത്രമാണ്‌ അല്‍പ്പമെങ്കിലും ഈ മേഖലയെ പിടിച്ചുനിര്‍ത്തുന്നത്‌. കാലവിളംബം കൂടാതെ വിലാസക്കാരന്റെ കൈവശം ഉരുപ്പടികള്‍ എത്തിക്കാന്‍ കൊറിയര്‍ കമ്പനികള്‍ കൂടി പ്രഫഷനല്‍ രീതിയില്‍ രംഗത്തെത്തിയതോടെ പഴയകാല പോസ്റ്റ്‌മാന്റെ സൈക്കിള്‍ മണിയും ആധുനിക ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഇടവഴികളില്‍ നിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്‌.
ഇന്റര്‍നെറ്റിലെ തപാല്‍പ്പെട്ടി തീര്‍ത്തും സൗജന്യവും 24 മണിക്കൂറും ഇടതടവില്ലാത്ത സേവനവുമാണു നല്‍കുന്നത്‌. ഗൂഗ്‌ള്‍, ഹോട്ട്‌മെയില്‍, യാഹു തുടങ്ങിയ ആഗോള ഭീമന്‍ കമ്പനികള്‍ ലോകജനതയ്‌ക്കു തീര്‍ത്തും സൗജന്യമായാണ്‌ ഈ സേവനം നല്‍കുന്നത്‌. മുകളില്‍ പറഞ്ഞ കമ്പനികളുടെ അക്കൗണ്ട്‌ ഉപയോഗപ്പെടുത്തി ഇഷ്‌ടപ്പെട്ട വിലാസത്തില്‍ തപാല്‍പ്പെട്ടി സ്ഥാപിച്ചാല്‍ തീര്‍ത്തും സ്വകാര്യമായി കത്തുകള്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യാം.
ഹാക്കര്‍മാര്‍ പൊട്ടിക്കാത്തിടത്തോളം ഒരാളും താങ്കളുടെ കത്തുകള്‍ പൊളിച്ചു വായിക്കില്ല. കാമുകിക്കൊരു കത്ത്‌ നല്‍കാന്‍ നാട്ടിന്‍പുറങ്ങളിലൊക്കെ പലരും അനുഭവിച്ച പ്രയാസം ചെറുതായിരുന്നില്ല. പാത്തും പതുങ്ങിയും ആരും കാണാതെ കുളക്കടവിലെ കല്ലുകള്‍ക്കടിയിലും മരപ്പൊത്തിലും വായിക്കാന്‍ വാങ്ങിയ പുസ്‌തകത്തിനിടയിലും പേടിച്ചുവിറച്ച്‌ വേണ്ടിയിരുന്നു കാര്യം സാധിക്കാന്‍. ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യ മൂന്നാമതൊരാള്‍ക്ക്‌ ഇടംനല്‍കാതെ ആശയവിനിമയം എളുപ്പമാക്കിത്തീര്‍ക്കുന്നു.
ഇങ്ങനെ ഉണ്ടാക്കിയ മെയിലില്‍ ഓരോ ദിവസവും നിരവധി അജ്ഞാത കത്തുകളാണ്‌ പലരെയും തേടി വന്നു കൊണ്ടിരിക്കുന്നത്‌. ഉല്‍പ്പന്നങ്ങളുടെ പ്രമോഷന്‍ സംബന്ധമായും മറ്റും വന്നിരുന്ന കുറിപ്പുകളായിരുന്നു പലതുമെങ്കില്‍ ഇന്നു വന്‍ തട്ടിപ്പുകളുടെ വേദിയായി അവയെല്ലാം മാറിയിരിക്കുന്നു. പല കത്തുകളും നിമിഷനേരത്തേക്ക്‌ താങ്കളെ കോടിപതിയാക്കി മാറ്റുന്നവയാണ്‌. ഈ മോഹനവാഗ്‌ദാനങ്ങളുടെ പിന്നാലെ കോടികള്‍ മോഹിച്ച്‌ സഞ്ചരിച്ചാലോ മാനഹാനിയും ധനനഷ്‌ടവുമാണ്‌ ബാക്കിപത്രം. അത്തരത്തില്‍ വന്ന ചില മെയിലുകള്‍ ശ്രദ്ധിക്കുക:
``പ്രിയ സഹോദരാ...
ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്‍ക്കുണ്ടാവട്ടെ. ദൈവനാമത്തില്‍ പറയട്ടെ, താങ്കള്‍ക്കും എനിക്കും തുല്യ ലാഭമുള്ള ഒരു വിഷയത്തെപ്പറ്റിയാണ്‌ ഈ കത്ത്‌. താങ്കളുടെ വിലപ്പെട്ട സമയം കഴിയുമെങ്കില്‍ അനുവദിക്കുക. കത്ത്‌ വായിച്ചശേഷം താങ്കള്‍ക്ക്‌ ഈ ഇടപാടില്‍ താല്‍പ്പര്യമില്ലെങ്കില്‍ സദയം ക്ഷമിക്കുക. ഈ കത്ത്‌ മായ്‌ച്ചുകളയുക.
എന്റെ പേര്‌ മുഹമ്മദ്‌ അല്‍ഫ. ബുര്‍ക്കിനോഫാസ റിപബ്ലിക്കിലുള്ള ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയുടെ ഓപറേഷന്‍ മാനേജറാണു ഞാന്‍. ഞാന്‍ ഒരു വിദേശ പാര്‍ട്‌ണറെ തേടിനടക്കുകയാണ്‌. താങ്കള്‍ക്ക്‌ നല്ലൊരു ഭാവി എന്റെ പങ്കാളിത്തംകൊണ്ട്‌ ലഭ്യമാവും. നാലുകുട്ടികളുടെ പിതാവായ എനിക്കിപ്പോള്‍ 52 വയസ്സ്‌ പ്രായമുണ്ട്‌.
ഈ നടപ്പുവര്‍ഷം എന്റെ ബാങ്കില്‍ അഞ്ച്‌ മില്യണ്‍ ബ്രിട്ടീഷ്‌ പൗണ്ട്‌ അനധികൃതമായി വന്നുചേര്‍ന്നിട്ടുണ്ട്‌. ഈ തുകയെക്കുറിച്ച്‌ സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കോ ബാങ്കിന്റെ ഹെഡ്‌ ഓഫിസിനോ യാതൊന്നും അറിയില്ല. ആയതിനാല്‍ത്തന്നെ ഇതേക്കുറിച്ചുള്ള ഫയലുകള്‍ ഞാന്‍ പൂഴ്‌ത്തിവച്ചിരിക്കയാണിപ്പോള്‍. നിരവധി വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ഇത്രയും തുക സമാഹരിക്കപ്പെട്ടത്‌. ഞാന്‍ അടുത്ത വര്‍ഷം സര്‍വീസില്‍ നിന്നു പിരിയുകയാണ്‌. അതുകൊണ്ട്‌ ഈ പണം ഉപയോഗപ്പെടുത്തി സ്വന്തമാക്കാന്‍ താങ്കള്‍ എന്നെ സഹായിക്കണം. ഞാന്‍ ഈ സ്ഥാപനത്തിലെ ജീവനക്കാരനായതിനാല്‍ നേരിട്ട്‌ ഇക്കാര്യത്തില്‍ എനിക്കു ബന്ധപ്പെടാനാവില്ല. ഞാന്‍ നല്‍കുന്ന രേഖകള്‍പ്രകാരം താങ്കള്‍ ബന്ധപ്പെട്ടാല്‍ പ്രയാസം കൂടാതെ അവ കൈമാറാന്‍ ഞാന്‍ സഹായിക്കാം. താങ്കളുടെ നാട്ടിലെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പല തവണകളായി ഈ പണമത്രയും ഞാന്‍ ട്രാന്‍സ്‌ഫര്‍ ചെയ്‌തുതരാം. മൊത്തം സംഖ്യയുടെ 40 ശതമാനം താങ്കള്‍ക്കു നല്‍കുന്നതില്‍ എനിക്ക്‌ സന്തോഷമേയുള്ളൂ. ബാങ്കില്‍ നിന്നു ബാങ്കിലേക്കുള്ള കൈമാറ്റമായതിനാല്‍ നിയമ നടപടികളൊന്നും ഭയപ്പെടേണ്ടതില്ല. താങ്കളുടെ പൂര്‍ണ വിലാസവും ഏതെങ്കിലും മള്‍ട്ടി നാഷനല്‍ ബാങ്കിലുള്ള അക്കൗണ്ട്‌ നമ്പറും അയച്ചുതന്നു സഹകരിക്കുക. ാീവമാാലറമഹുവമ 20081@്യമവീീ.രീാ എന്ന വിലാസത്തിലേക്ക്‌ രേഖകള്‍ ഉടനെ അയച്ചുതരിക. താങ്കള്‍ക്ക്‌ ഈ ഡീലില്‍ ഒരു ഉത്തരവാദിത്തവും പ്രയാസവും ഉണ്ടാവില്ലെന്ന്‌ ഞാന്‍ ഉറപ്പുതരുന്നു.
വിശ്വസ്‌തതയോടെ മുഹമ്മദ്‌ അല്‍ഫ.''
അക്കൗണ്ട്‌ നമ്പറും വിലാസവും അയച്ചാല്‍ അടുത്തപടി വരുന്ന മെയില്‍ താങ്കളുടെ ധീരമായ സഹകരണത്തിനു നന്ദിയായിരിക്കും. ഏതാനും ദിവസത്തെ താമസം രേഖകള്‍ ശരിയാക്കാനുണ്ടെന്നും എത്രയുംവേഗം കാര്യങ്ങള്‍ നേരെയാവാന്‍ പ്രാര്‍ഥിക്കണമെന്നും പറഞ്ഞ്‌ വീണ്ടും മെയില്‍ വരും. കുറച്ചു ദിവസത്തിനു ശേഷം ബാങ്കില്‍ രേഖകളെല്ലാം താങ്കളുടെ പേരിലേക്കു മാറ്റിയെന്നും ഇത്രയും വലിയ തുക ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ 5,000 ഡോളര്‍ ആവശ്യമാണെന്നും തുക എത്രയുംവേഗം അയച്ചുതന്ന്‌ ഈ ട്രാന്‍സ്‌ഫര്‍ ദൗത്യം എളുപ്പമാക്കണമെന്നും അടുത്ത മെയിലില്‍ വിവരമെത്തും. ചില രേഖകളില്‍ താങ്കള്‍ തന്നെ നേരിട്ടുവന്ന്‌ ഒപ്പിടണമെന്നും അതിനുവേണ്ടി സന്ദര്‍ശക വിസ ഞങ്ങള്‍ ശരിയാക്കുന്നുണ്ടെന്നും ആയതിലേക്ക്‌ ഇത്ര തുക വേണമെന്നു പറഞ്ഞും ഇ-മെയില്‍ വരാറുണ്ട്‌. കിട്ടിയ കോടികള്‍ നഷ്‌ടപ്പെടരുതെന്നും മറ്റുള്ളവരോടു പറഞ്ഞ്‌ നാട്ടില്‍ പാട്ടാക്കരുതെന്നു കരുതിയും ചിലര്‍ കാര്യങ്ങള്‍ രഹസ്യമാക്കിവയ്‌ക്കും. വിറ്റും പെറുക്കിയും അവര്‍ ആവശ്യപ്പെട്ട തുക സ്വരൂപിച്ച്‌ അയച്ചുകൊടുത്താല്‍ പിന്നെ ബാങ്കുമില്ല, പണവുമില്ല. ഇതേ രൂപത്തിലുള്ള മറ്റൊരു തട്ടിപ്പിന്‌ മെനഞ്ഞെടുത്ത കഥ ഏറെ രസകരമാണ്‌.
(തുടരും)

തേജസ്‌ പരമ്പര - ഭാഗം 3 - 5-10-08 

ബക്കര്‍ കബളിപ്പിക്കപ്പെട്ട രീതി

അമ്മാര്‍ കിഴുപറമ്പ്‌
കോഴിക്കോട്ടെ കോണ്‍കോഡ്‌ ഇന്റര്‍നാഷനല്‍ ട്രാവല്‍സ്‌ ഉടമ ബക്കര്‍ കബളിപ്പിക്കപ്പെട്ടത്‌ ദുബയ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ജനറല്‍ മാനേജറുടെ പേരിലാണ്‌. കേരളത്തില്‍ നിന്നു ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിന്റെ ഭാഗമായി നിരവധി തവണ ബക്കര്‍ യു.എ.ഇ സന്ദര്‍ശിച്ചിട്ടുണ്ട്‌. ട്രാവല്‍സിന്റെ അറബിയിലും ഇംഗ്ലീഷിലുമുള്ള കളര്‍ ബ്രോഷര്‍ വിദേശയാത്രകളില്‍ പല കമ്പനികള്‍ക്കും നല്‍കാറുണ്ട്‌. ഇവരില്‍ പലരും അന്വേഷണങ്ങള്‍ നടത്താറും തൊഴിലാളികള്‍ക്കു വേണ്ടി ബന്ധപ്പെടാറുമുണ്ട്‌. ഒരിക്കല്‍ ദുബയ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ചെയര്‍മാന്റെ പേരില്‍ വന്ന മെയില്‍ ഇപ്രകാരമായിരുന്നു:
``സഹോദരന്‍ ബക്കറിന്‌,
ഞാന്‍ ഫിലിപ്പീന്‍സില്‍ നിന്നു ബംഗ്ലാദേശ്‌ വഴി ഇന്നലെ പഞ്ചാബിലെത്തി. ദുബയ്‌ മെട്രോ റെയില്‍വേക്ക്‌ വേണ്ടിയുള്ള തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുകയാണു യാത്രാലക്ഷ്യം. ഒരാഴ്‌ചയ്‌ക്കുള്ളില്‍ കേരളത്തിലെത്തും. താഴെപ്പറയുന്ന കാറ്റഗറിയില്‍പ്പെട്ട ജീവനക്കാരെ താങ്കള്‍ അപ്പോഴേക്കും കണ്ടെത്തുക. ഏകദേശം അഞ്ഞൂറോളം പേരെ ആവശ്യമുണ്ട്‌. പഞ്ചാബില്‍ രണ്ടുദിവസമായിരുന്നു താമസിക്കാന്‍ പദ്ധതിയിട്ടത്‌. പക്ഷേ, അത്‌ ഒരാഴ്‌ചയായി നീട്ടേണ്ടിവന്നു. ആയതിനാല്‍ 45,000 രൂപ താഴെ കാണുന്ന വിലാസത്തില്‍ ടെലിഫോണിക്‌ ട്രാന്‍സ്‌ഫറായി അയച്ചുതരിക. കേരളത്തിലെത്തിയാല്‍ തിരികെ തരാം. എന്റെ അടുത്ത സുഹൃത്തും ഹൈക്കോടതി ലീഗല്‍ അഡൈ്വസറുമായ ഷാഹുല്‍ ഹംസ എന്ന ആളുടെ പൂനെയിലുള്ള ഐ.സി.ഐ.സി.ഐ ബാങ്ക്‌ അക്കൗണ്ട്‌ നമ്പ(007301514077)റിലേക്കാണ്‌ അയക്കേണ്ടത്‌.
സ്‌നേഹത്തോടെ
ഈസാ അല്‍ ദോസരി, ജനറല്‍ മാനേജര്‍, റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി, ദുബയ്‌.''
ഈ കത്തിന്റെ തുടക്കവും ഒടുക്കവും അറബികളുടെ ശൈലിയില്‍ അഭിവാദ്യവും പ്രാര്‍ഥനയും എല്ലാം ചേര്‍ത്തുകൊണ്ടുള്ളതായിരുന്നു. മെയില്‍ കൈപ്പറ്റിയ ബക്കര്‍ മറുത്തൊന്നും ചിന്തിക്കാതെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. പണം നിക്ഷേപിച്ചാല്‍ വിളിച്ചുപറയാന്‍ നല്‍കിയ ഇന്ത്യയിലെ മൊബൈല്‍ നമ്പറില്‍ (9823477774) വിളിച്ചു വിവരം പറയുകയും ചെയ്‌തു. പണം നിക്ഷേപിച്ച വിവരം മറുപടി മെസേജില്‍ കൊടുത്തപ്പോള്‍ ആര്‍.ടി.എ ജനറല്‍ മാനേജറുടെ നന്ദി പ്രകടിപ്പിച്ച സന്ദേശവും കിട്ടി. റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ആവശ്യപ്പെട്ട തൊഴിലാളികളെ കണ്ടെത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോയ ബക്കറിന്‌ ശേഷം വിവരമൊന്നും ലഭിച്ചില്ല. ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ സംശയം തോന്നിയ ബക്കര്‍ വീണ്ടും മെയിലില്‍ ബന്ധപ്പെട്ടു. പക്ഷേ, മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്നു നേരത്തേ ബന്ധപ്പെടാന്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത സംസാരമാണു ലഭിച്ചത്‌. താന്‍ കബളിപ്പിക്കപ്പെട്ടതറിഞ്ഞ ബക്കര്‍ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും വേണ്ടത്ര സഹകരണം ലഭിച്ചില്ല. ഷാഹുല്‍ ഹംസ, ബില്‍ഡിങ്‌ നമ്പര്‍ 4, ഫ്‌ളാറ്റ്‌ നമ്പര്‍ 62, സരസ്വതി സൊസൈറ്റി, താഡിവാലാ റോഡ്‌, പൂനെ 411001 എന്ന വിലാസക്കാരന്റേതാണ്‌ അക്കൗണ്ട്‌ നമ്പറെന്നും ഇതിലേക്കു പലഭാഗത്തു നിന്നും ഇത്തരത്തില്‍ പണം വരുന്നുണ്ടെന്നും വരുന്ന പണമെല്ലാം ഇന്റര്‍നെറ്റ്‌ ട്രേഡിങിലേക്ക്‌ മാറ്റുകയാണെന്നും മാത്രമാണ്‌ ലഭിച്ച വിവരം. വീണ്ടും മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തലും വിളിക്കരുതെന്നുള്ള താക്കീതുമായിരുന്നു മറുപടി. ഇതേക്കുറിച്ചു കോഴിക്കോട്‌ കസബ പോലിസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ കിട്ടിയ മറുപടി, ഇതൊന്നും അന്വേഷിച്ചിട്ടു കണ്ടെത്താന്‍ പറ്റില്ലെന്നും ``ഇത്‌ സൈബര്‍ കേസാ... അങ്ങ്‌ കൊച്ചീലേ പരാതി തന്നെ എടുക്കൂ...'' എന്നുമായിരുന്നു. എഴുതിക്കൊണ്ടുപോയ പരാതി അവിടെ കൊടുത്ത്‌ ബക്കര്‍ തിരിച്ചുപോന്നു.
ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുണ്ട്‌.
ഇ-മെയില്‍ പാസ്‌വേഡ്‌ തകര്‍ത്തശേഷം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആദ്യം ചെയ്യുന്നത്‌ പ്രസ്‌തുത പാസ്‌വേഡ്‌ മാറ്റുക എന്നതാണ്‌. ഇതോടെ യഥാര്‍ഥ ഉടമയ്‌ക്കു നിലവിലെ വിലാസത്തിലുള്ള മെയില്‍ വഴി ബന്ധം സ്ഥാപിക്കാന്‍ പറ്റാതെ വരുന്നു.
ഒരുതരം തട്ടിക്കൊണ്ടുപോവല്‍തന്നെയാണ്‌ ഇവിടെ നടക്കുന്നത്‌. ഒരൊറ്റ വിലാസത്തില്‍ ആശയവിനിമയം നടത്തുന്നവര്‍ക്ക്‌, ഹാക്കര്‍മാര്‍ റാഞ്ചുന്നതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയാണ്‌ ഉണ്ടാവുന്നത്‌. നിരന്തരം ബന്ധപ്പെടുന്നവരുടെ മെയില്‍ വിലാസം കംപ്യൂട്ടറില്‍ തന്നെ സൂക്ഷിച്ചുവയ്‌ക്കുന്നതിനാല്‍ മെയില്‍ ഐ.ഡി റാഞ്ചുന്നതോടെ തുടര്‍ ബന്ധവും നഷ്‌ടപ്പെടുന്നു. മെയില്‍ അഡ്രസ്‌ മറ്റെവിടെയെങ്കിലും പകര്‍ത്തിവയ്‌ക്കാതിരുന്നാല്‍ വന്‍ സാമ്പത്തികനഷ്‌ടത്തിനും ചിലപ്പോള്‍ കാരണമായേക്കും.
പാസ്‌വേഡ്‌ തകര്‍ത്ത്‌ ഇ-മെയില്‍ വിലാസം താറുമാറാക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഹാക്കര്‍മാര്‍ കേരളത്തില്‍ വരെയുണ്ട്‌. വിപണിയില്‍ പരസ്‌പരം മല്‍സരിക്കുന്ന കമ്പനികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇരുകൂട്ടരും ഇത്തരം കംപ്യൂട്ടര്‍ ഹാക്കര്‍മാരെ ചുമതലപ്പെടുത്താറുണ്ട്‌. കമ്പനിയുടെ വെബ്‌സൈറ്റുകളും മെയില്‍ ബോക്‌സുകളും പൊട്ടിച്ചും താറുമാറാക്കിയും പ്രതിഫലം പറ്റുന്നവരെ കണ്ടെത്തുക എളുപ്പമല്ല. ബാംഗ്ലൂരിലും കൊച്ചിയിലും ഇത്തരം പണികള്‍ക്ക്‌ കരാര്‍ ഏറ്റെടുക്കുന്നവര്‍ ശത്രുവിന്റെ ലാഭത്തിനനുസരിച്ചാണ്‌ ക്വട്ടേഷന്‍ എടുക്കുന്നത്‌. ഗുണ്ടാ ആക്രമണം പോലെ എളുപ്പമല്ല ഇപ്പണി എന്നതിനാല്‍ത്തന്നെ ബുദ്ധിമാന്മാരായ ക്രിമിനലുകളാണ്‌ ഈ രംഗത്തുള്ളത്‌.
ഗള്‍ഫ്‌ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ വച്ചാണ്‌ ഹാക്കര്‍മാര്‍ പദ്ധതി നടപ്പാക്കുന്നത്‌ എന്നതിനാല്‍ തന്നെ ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുക സാധ്യമല്ല. ഇന്റര്‍നെറ്റ്‌ അധോലോകവും അതിലെ മാഫിയാ തലവന്മാരും വരുംനാളുകളില്‍ എന്തെല്ലാം മേഖലകളില്‍ വിരാജിക്കുമെന്നു പറയുക എളുപ്പമല്ല. എളുപ്പം പണം സമ്പാദിക്കാമെന്നതും പ്രവര്‍ത്തനങ്ങള്‍ ലോകത്തെ ഏതു രാജ്യത്തും നടപ്പാക്കാമെന്നതും ഇവര്‍ക്കു ലഭിക്കുന്ന ഇരട്ട സൗഭാഗ്യങ്ങളാണ്‌.
നാളെ:
തേടിയത്‌ കോടികള്‍;
കിട്ടിയത്‌ നാണക്കേട്‌

തേജസ്‌ പരമ്പര - ഭാഗം 2 - 4-10-08