Tuesday, October 14, 2008

മുസ്‌്‌ലിം പോലിസുകാരെ അഡ്വാനിയുടെ സുരക്ഷാവ്യൂഹത്തില്‍ നിന്നു പുറത്താക്കി

പി സി അബ്ദുല്ല
കോഴിക്കോട്‌: രണ്ടുദിവസത്തെ പ്രത്യേക പരിശീലനത്തിനുശേഷം വെസ്റ്റ്‌ഹില്‍ വിക്രം മൈതാനത്ത്‌ ഡ്യൂട്ടിക്കെത്തിയ രണ്ടു മുസ്‌ലിം പോലിസ്‌ ഡ്രൈവര്‍മാരെ എല്‍ കെ അഡ്വാനിയുടെ  സുരക്ഷാവലയത്തില്‍ നിന്നു പുറത്താക്കി. ഡല്‍ഹിയില്‍ നിന്നെത്തിയ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ നിര്‍ദേശപ്രകാരം സിറ്റി പോലിസ്‌ കമ്മീഷണറാണ്‌ ഇവരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മടക്കിയയച്ചത്‌.
ഇന്നലെ രാവിലെ ആറുമണിക്കായിരുന്നു സംഭവം. വി.വി.ഐ.പി സെക്യൂരിറ്റി ട്രെയ്‌നിങ്‌ പൂര്‍ത്തിയാക്കിയ കാസര്‍കോഡ്‌ എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍ ലത്തീഫ്‌, പാലക്കാട്‌ എ.ആര്‍ ക്യാംപിലെ ഡ്രൈവറായ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ ബഷീര്‍ എന്നിവരെയാണു മുസ്‌ലിംകളാണെന്ന കാരണത്താല്‍ അഡ്വാനിയുടെ സുരക്ഷാവ്യൂഹത്തില്‍ നിന്ന്‌ ഒഴിവാക്കിയത്‌. അഡ്വാനിയുടെ അകമ്പടിക്കായി തിരഞ്ഞെടുക്കപ്പെട്ട പോലിസ്‌ ഡ്രൈവര്‍മാരില്‍ മുസ്‌ലിംകളായി ഇവര്‍ മാത്രമാണുണ്ടായിരുന്നത്‌.
ബി.ജെ.പി നേതാവിന്റെ അകമ്പടിസേനയില്‍ ഉള്‍പ്പെടുത്താനായി ശനിയാഴ്‌ചയാണ്‌ ഇവരെ കോഴിക്കോട്ടേക്കു വിളിപ്പിച്ചത്‌. തൃശൂരിലെ പരിശീലന ക്യാംപില്‍ ഏഴുദിവസത്തെ പ്രത്യേക വി.വി.ഐ.പി സെക്യൂരിറ്റി ട്രെയ്‌നിങ്‌ പൂര്‍ത്തിയാക്കിയ പോലിസ്‌ ഡ്രൈവര്‍മാര്‍ക്കൊപ്പമാണു ബഷീറിനെയും ലത്തീഫിനെയും അഡ്വാനിയുടെ അകമ്പടി ടീമില്‍ തിരഞ്ഞെടുത്തത്‌. അഡ്വാനിയുടെ വരവ്‌ പ്രമാണിച്ചു ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും കോഴിക്കോട്ടു നടന്ന പരിശീലനങ്ങളിലും ട്രയല്‍ റണ്ണിലും ഇവര്‍ പങ്കെടുക്കുകയും ചെയ്‌തു.
കോഴിക്കോട്‌ എ.ആര്‍ ക്യാംപില്‍ നിന്നു മറ്റു പോലിസുകാര്‍ക്കൊപ്പം ഇന്നലെ രാവിലെ അഞ്ചരയ്‌ക്കാണ്‌ ഇവര്‍ അഡ്വാനി ഹെലികോപ്‌റ്റര്‍ ഇറങ്ങുന്ന വെസ്റ്റ്‌ഹില്‍ വിക്രം മൈതാനത്ത്‌ എത്തിയത്‌. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ പോലിസ്‌ ഡ്രൈവര്‍മാരുടെ ലിസ്‌റ്റ്‌ പരിശോധിച്ചശേഷം ലത്തീഫിനെയും ബഷീറിനെയും പുറത്തുനിര്‍ത്തുകയും മറ്റുള്ളവരെ അകത്തേക്കു വിടുകയും ചെയ്‌തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇവരോടു ജോലിക്കു കയറാതെ തിരിച്ചുപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരുമണിക്കൂറോളം വിക്രം മൈതാനത്തിന്റെ പുറത്തു കാത്തുനിന്ന ഇവര്‍ പിന്നീട്‌ എ.ആര്‍ ക്യാംപിലേക്കു തിരിച്ചുപോയി. അഞ്ചുവര്‍ഷമായി കാസര്‍കോഡ്‌ എ.ആര്‍ ക്യാംപില്‍ ഡ്രൈവറാണു ലത്തീഫ്‌. ബഷീര്‍ പാലക്കാട്‌ എ.ആര്‍ ക്യാംപിലെ ഹെഡ്‌കോണ്‍സ്‌റ്റബിളാണ്‌. 
തേജസ്‌ ദിനപത്രം: 15-10-08 

No comments: