Tuesday, October 28, 2008

മലേഗാവ്‌: ആര്‍.ഡി.എക്‌സ്‌ സൈനിക ഡിപ്പോയില്‍ നിന്നു മോഷ്ടിച്ചത്‌

മുംബൈ: മലേഗാവ്‌ സ്‌ഫോടനത്തിന്‌ ഉപയോഗിച്ച ആര്‍.ഡി.എക്‌സും മറ്റു സ്‌ഫോടകവസ്‌തുക്കളും ഇന്ത്യന്‍ സൈന്യത്തിന്റെ വെടിമരുന്നുശാലയില്‍ നിന്നു മോഷ്ടിച്ചതാണെന്നു വെളിപ്പെടുത്തല്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ മുന്‍ സൈനിക ഉദ്യോഗസ്ഥരാണ്‌ ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന്‌ മുതിര്‍ന്ന പോലിസ്‌ വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍, സൈന്യത്തിന്റെ ഏതു വെടിമരുന്നുശാലയില്‍ നിന്നാണ്‌ സ്‌ഫോടകവസ്‌തുക്കള്‍ മോഷ്ടിച്ചതെന്നു പറയാന്‍ അധികൃതര്‍ തയ്യാറായില്ല. ഉന്നത സൈനികോദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്കു ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്‌. റിട്ട. മേജര്‍ പ്രഭാകര്‍ കുല്‍ക്കര്‍ണി, മിലിറ്ററി ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥനായ മേജര്‍ ഉപാധ്യായ എന്നിവരെയാണ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ഭീകരവിരുദ്ധ സംഘം അറസ്റ്റ്‌ ചെയ്‌തത്‌. വിരമിച്ച സൈനികര്‍ മാത്രം അംഗങ്ങളായുള്ള ആര്‍.എസ്‌.എസിന്റെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍.
സപ്‌തംബര്‍ 29ന്‌ അഞ്ചു പേര്‍ മരിക്കാനിടയായ മലേഗാവ്‌ സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ സന്ന്യാസിനി പ്രജ്ഞാസിങ്‌ ഠാക്കൂറിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ മുന്‍ സൈനികരെ അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌ഫോടകവസ്‌തുക്കള്‍ ശേഖരിച്ചു നല്‍കുന്നതിനു പുറമെ ബോംബ്‌ നിര്‍മിക്കാനും ഉപയോഗിക്കാനും ഇവര്‍ പരിശീലനം നല്‍കിയിരുന്നു. നാഗ്‌പൂരിലെ ഭോന്‍സാല സൈനിക സ്‌കൂളില്‍ വച്ചാണ്‌ പരിശീലനം നല്‍കിയതെന്ന്‌ കഴിഞ്ഞ ദിവസം ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന ശിബിരത്തില്‍ മുതിര്‍ന്ന ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥനും പങ്കെടുത്തതായി കുല്‍ക്കര്‍ണി പോലിസിനോട്‌ സമ്മതിച്ചു. ബോംബുകള്‍ നിര്‍മിക്കുന്ന രീതിയും കൈകാര്യം ചെയ്യുന്ന രീതിയുമാണ്‌ പരിശീലിപ്പിച്ചത്‌. 2006ല്‍ നന്ദേഡില്‍ ബോംബ്‌നിര്‍മാണത്തിനിടെ രണ്ടു ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തിനു മുമ്പാണ്‌ പരിശീലന ശിബിരങ്ങള്‍ നടന്നതെന്നു സൈനികന്‍ പറഞ്ഞു.
രാജ്യത്തെ സൈനിക വെടിമരുന്നുശാലകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ഗൗരവമേറിയ ചോദ്യമാണ്‌ പുതിയ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത്‌- ഒരു മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ മറ്റൊരു വനിതയെക്കൂടി അറസ്റ്റ്‌ ചെയ്‌തു. വി.എച്ച്‌.പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി സംഘത്തിന്റെ അധ്യക്ഷയായിരുന്ന ശശികലാ ശാസ്‌ത്രിയെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എ.ബി.വി.പിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സമീര്‍ കുല്‍ക്കര്‍ണിയും അറസ്റ്റിലായിട്ടുണ്ട്‌.

സന്ന്യാസിനിയെ
ബ്രെയിന്‍ മാപ്പിങിന്‌ വിധേയയാക്കും

നാസിക്‌: മലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഹിന്ദു ജാഗരണ്‍ മഞ്ച്‌ പ്രവര്‍ത്തക സന്ന്യാസിനി പ്രജ്ഞാസിങ്‌ ഠാക്കൂറിനെ നുണപരിശോധന, ബ്രെയിന്‍ മാപ്പിങ്‌, നാര്‍കോ പരിശോധന എന്നിവയ്‌ക്കു വിധേയയാക്കും.
അന്വേഷണത്തിന്റെ ഭാഗമായി ഈ പരിശോധനകള്‍ നടത്താന്‍ പ്രാദേശിക കോടതി ഭീകരവിരുദ്ധ സംഘത്തിന്‌ അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അജയ്‌മിസര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

എന്നാല്‍, എപ്പോള്‍ പരിശോധന നടത്തുമെന്ന്‌ അദ്ദേഹം വ്യക്തമാക്കിയില്ല. ചോദ്യങ്ങളില്‍ നിന്ന്‌ പ്രജ്ഞ ഒഴിഞ്ഞുമാറുകയാണെന്നും അതുകൊണ്ടാണ്‌ ബ്രെയിന്‍ മാപ്പിങടക്കം പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും പോലിസ്‌ പറഞ്ഞു.

ബി.ജെ.പിയുടെ ഭീകരബന്ധം: എന്‍.ഡി.എയില്‍ ഭിന്നത
അന്ദലീബ്‌ അക്‌തര്‍
ന്യൂഡല്‍ഹി: മലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ സന്യാസിനിക്കു ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ദേശീയ ജനാധിപത്യ സംഘ (എന്‍.ഡി.എ)ത്തെ ആഭ്യന്തര കലാപത്തിലേക്കു നയിക്കുന്നു. ഭീകരപ്രവര്‍ത്തനം നടത്തുന്നവരുമായി ബി.ജെ.പിക്കുള്ള കൂട്ടുകെട്ട്‌ മുന്നണിയിലെ ചില ഘടക കക്ഷികളെ ആശങ്കയിലാക്കിയിരിക്കുകയാണ്‌.
ശരത്‌യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുനൈറ്റഡ്‌) ഇതു പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. അറസ്റ്റിലായ സന്യാസിനി പ്രജ്ഞാസിങുമായി ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്‌ അടക്കമുള്ളവര്‍ വേദിപങ്കിടുന്ന ചിത്രം കഴിഞ്ഞദിവസമാണു മാധ്യമങ്ങള്‍ പുറത്തുവിട്ടത്‌.
പൊതുതിരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍ ഇതു മുന്നണിക്കു തിരിച്ചടിയാവുമെന്നു ജനതാദള്‍ (യു) നേതാവ്‌ ശരത്‌യാദവ്‌ ബി.ജെ.പി നേതൃത്വത്തിനു മുന്നറിയിപ്പു നല്‍കി. എന്നാല്‍, മലേഗാവ്‌ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാനാവില്ലെന്ന്‌ അദ്ദേഹം തേജസിനോട്‌ പറഞ്ഞു.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനു ശരത്‌ ഇന്നലെ പാര്‍ട്ടി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി. ജനതാദള്‍ (യു) പോലുള്ള തങ്ങളുടെ വിശ്വസ്‌തരായ രാഷ്ട്രീയപങ്കാളികള്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങുന്നതു ബി.ജെ.പി നേതൃത്വത്തെ അലസോരപ്പെടുത്തുന്നുണ്ട്‌. മുമ്പ്‌ ദളി (യു)ന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണു നരേന്ദ്രമോഡിയുടെ ദേശീയ രാഷ്ട്രീയപ്രവേശനത്തിനു ബി.ജെ.പിക്ക്‌ തടയിടേണ്ടിവന്നത്‌.
ബി.ജെ.പിയുടെ എല്ലാ ചെയ്‌തികളെയും പിന്തുണച്ചാല്‍ അതു തങ്ങളുടെ പരമ്പരാഗത മുസ്‌ലിം വോട്ടുകളില്‍ ഇടിവുണ്ടാക്കിയേക്കുമെന്നാണു ശരത്‌യാദവും കൂട്ടരും ഭയപ്പെടുന്നത്‌.
ലാലുപ്രസാദ്‌ യാദവിന്റെ ആര്‍.ജെ.ഡിയും രാംവിലാസ്‌ പസ്വാന്റെ ലോക്‌ജനശക്തിയുമെല്ലാം ഇതില്‍ നിന്നു മുതലെടുപ്പു നടത്തുമെന്നുറപ്പാണ്‌. 

അമര്‍നാഥ്‌ ക്ഷേത്രവിവാദം, ഒറീസ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ ജനതാദള്‍ (യു) ബി.ജെ.പിയെ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. തങ്ങളുടെ മതേതരമുഖം കാത്തുസൂക്ഷിക്കണമെങ്കില്‍ ബി.ജെ.പിയുടെ ഇത്തരം പ്രവര്‍ത്തികളെ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു പാര്‍ട്ടി വിലയിരുത്തുന്നു. 

No comments: