Monday, October 27, 2008

മലയാളികളെ കശ്‌മീരിലെത്തിച്ചത്‌ ഐ.ബി?

മുസ്‌ലിംകളെ തീവ്രവാദികളാക്കാന്‍ ഐ.ബി വക `ഉസ്‌താദുമാര്‍'
സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിനു ശക്തിപകരാന്‍ പോലിസും ഹിന്ദുത്വശക്തികളും ചേര്‍ന്നു വ്യാജ ഭീകരന്‍മാരെ സൃഷ്ടിക്കുന്നതിന്‌ വ്യക്തമായ തെളിവുകള്‍ പുറത്തുവരുന്നു. ഡല്‍ഹി പോലിസിലെ സ്‌പെഷ്യല്‍ സെല്ലിന്റെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും ഒറ്റുകാരനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ഇര്‍ഷാദ്‌ അലി എന്ന യുവാവ്‌ തിഹാര്‍ ജയിലില്‍ നിന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനയച്ച കത്തിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്‌.
കശ്‌മീരിലെ ലശ്‌കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും പാക്‌ അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഐ.ബിയുടെ നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഇര്‍ഷാദ്‌ അലിയും സുഹൃത്ത്‌ നവാബ്‌ ഖമറും തിഹാര്‍ ജയിലിനകത്തെത്തുന്നത്‌.
അതിര്‍ത്തിയില്‍ വച്ചു ജീവന്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണമാണ്‌ ദീര്‍ഘകാലം ഐ.ബി ചാരന്‍മാരായിരുന്ന ഇരുവരും ഈ നിര്‍ദേശം നിരസിച്ചതെന്ന്‌ ഇവരുടെ അഭിഭാഷകന്‍ സുഫ്‌യാന്‍ സിദ്ദീഖ്‌ പറയുന്നു.
കള്ളക്കേസുണ്ടാക്കിയാണു തന്നെയും സുഹൃത്തിനെയും തിഹാര്‍ ജയിലിലടച്ചിരിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കാണിച്ചാണ്‌ പ്രധാനമന്ത്രിക്ക്‌ ഇര്‍ഷാദ്‌ കത്തയച്ചിരിക്കുന്നത്‌. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ സി.ബി.ഐ ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഐ.ബി ഓഫിസര്‍ മുഹമ്മദ്‌ ഖാലിദ്‌, ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിലെ ലളിത്‌, ഭൂഷണ്‍, രാജീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഇരുവരെയും തട്ടിക്കൊണ്ടുപോയതാണെന്നു സി.ബി.ഐ കണ്ടെത്തുകയുമുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന `ഏറ്റുമുട്ടലുകളി'ല്‍ മുസ്‌ലിം `ഭീകരന്മാര്‍' കൊല്ലപ്പെടുന്നതെങ്ങനെയെന്നു പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇര്‍ഷാദ്‌ അലി വ്യക്തമാക്കുന്നുണ്ട്‌. പോലിസിന്റെ മുഖ്‌ബിര്‍ (ഒറ്റുകാരന്‍) ആയി പ്രവര്‍ത്തിച്ച സ്വന്തം അനുഭവമാണ്‌ തിഹാര്‍ ജയിലിലെ എട്ടാംനമ്പര്‍ വാര്‍ഡില്‍ നിന്ന്‌ ഇദ്ദേഹം പങ്കുവയ്‌ക്കുന്നത്‌. ഇര്‍ഷാദ്‌ എഴുതുന്നു:
ഇസ്‌ലാമിക കാര്യങ്ങളില്‍ നല്ല അറിവുള്ള, താടിയും തലപ്പാവുമണിഞ്ഞ ഒരു ഏജന്റിനെ മുസ്‌ലിം പ്രദേശത്തു കുടിയിരുത്തുകയാണ്‌ ഐ.ബിയുടെ ആദ്യനീക്കം. മിക്കവാറും പള്ളിക്കു സമീപത്തുള്ള വാടകക്കെട്ടിടത്തിലോ പള്ളിയില്‍ത്തന്നെയോ ആയിരിക്കും ഇയാളുടെ താമസം. മതഭക്തിയും ആകര്‍ഷകമായ പെരുമാറ്റവും യുവാക്കളെ ഇയാളിലേക്കു ക്രമേണ അടുപ്പിക്കും. ധീരരും അഭ്യസ്‌തവിദ്യരുമായ യുവാക്കളെയാണ്‌ ഇയാള്‍ ഉന്നമിടുക.
ക്രമേണ ഇന്ത്യന്‍ മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥയ്‌ക്കു ജിഹാദാണ്‌ ഏകമാര്‍ഗമെന്ന്‌ അവരെ പഠിപ്പിക്കും. ബന്ധം സുദൃഢമാക്കിയശേഷം ലശ്‌കറെ ത്വയ്യിബയുടെ കമാന്‍ഡറാണ്‌ താനെന്നു പരിചയപ്പെടുത്തും. ഇവര്‍ക്കു ചെറിയ രീതിയില്‍ ആയുധപരിശീലനം നല്‍കുകയും സ്‌ഫോടകവസ്‌തു നിര്‍മാണം പഠിപ്പിക്കുകയും ചെയ്യും. ഐ.ബി തന്നെയാണ്‌ ഇതിനുള്ള തോക്കുകളും ആര്‍.ഡി.എക്‌സ്‌ അടക്കമുള്ള സ്‌ഫോടകവസ്‌തുക്കളും നല്‍കുക. പിന്നീട്‌ ഏതെങ്കിലും വ്യക്തിയെയോ ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയോ ലക്ഷ്യമാക്കി ഓപറേഷന്‍ നടത്താന്‍ പദ്ധതി തയ്യാറാക്കും. നേരത്തേ തീരുമാനിച്ചതനുസരിച്ച്‌ സംഭവസ്ഥലത്ത്‌ ആയുധങ്ങളുമായെത്തുന്ന യുവാക്കളെ, ഉസ്‌താദില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച്‌ അവിടെ കാത്തുനില്‍ക്കുന്ന പോലിസ്‌ ഒന്നുകില്‍ ഏറ്റുമുട്ടലില്‍ വധിക്കും; അല്ലെങ്കില്‍ പിടികൂടും. പിന്നില്‍ പ്രവര്‍ത്തിച്ച `ഉസ്‌താദി'നെക്കുറിച്ചാവട്ടെ, പിന്നീട്‌ യാതൊരു വിവരവുമുണ്ടാവാറില്ലെന്ന്‌ ഇര്‍ഷാദ്‌ അലി പറയുന്നു.
ഈ രീതിയില്‍ പിടിക്കപ്പെടുന്ന യുവാക്കളെ താമസിപ്പിക്കാന്‍ ഡല്‍ഹി പോലിസിനു കീഴില്‍ വിശാലമായ ഫാം ഹൗസുകളുണ്ടത്രെ. വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ഇവിടെയാണു സൂക്ഷിക്കാറ്‌. ചിലരെ മാസങ്ങളോളം ഇവിടെ താമസിപ്പിച്ചശേഷം ആവശ്യം വരുമ്പോള്‍ കൊലപ്പെടുത്തുകയാണു ചെയ്യുക.
ഇങ്ങനെ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ പൊതുജനമധ്യേ പ്രദര്‍ശിപ്പിക്കാന്‍ പോലിസോ മാധ്യമങ്ങളോ മെനക്കെടാറില്ല. മാതാപിതാക്കളാവട്ടെ, `ഭീകരനായ' മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കാറുമില്ല.
മുസ്‌ലിം ഭീകരവാദത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രചാരണം ശരിയാണെന്നു തെളിയിക്കാന്‍ പോലിസ്‌ ചെയ്‌തുകൂട്ടുന്ന ഗൂഢപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയെന്ന നിലയ്‌ക്ക്‌ ഇക്കാര്യങ്ങള്‍ പുറത്തറിയിക്കേണ്ടത്‌ ബാധ്യതയാണെന്നു മനസ്സിലാക്കിയാണ്‌ കത്തെഴുതുന്നതെന്നും ഇര്‍ഷാദ്‌ അലി പറഞ്ഞു.
``ഈ സുരക്ഷാ ഏജന്‍സികള്‍ രാജ്യത്തെ സുരക്ഷിതമാക്കുകയല്ല മറിച്ച്‌, ജനങ്ങളില്‍ ഭയവും ഭീകരതയും ജനിപ്പിച്ച്‌ അരക്ഷിതത്വം സൃഷ്ടിക്കുകയാണു ചെയ്യുന്നത്‌. തീ കൊണ്ട്‌ തീ കെടുത്താനാവില്ല. അതിനു വേണ്ടത്‌ വെള്ളമാണ്‌. എന്നാല്‍ താങ്കളുടെ സുരക്ഷാ ഏജന്‍സികള്‍ ചെയ്യുന്നത്‌ പെട്രോളൊഴിച്ച്‌ തീയണയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌''- തന്റെയും സുഹൃത്തിന്റെയും കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഇര്‍ഷാദ്‌ അലി പറഞ്ഞു.
തേജസ്‌ ദിനപത്രം: 27-10-08 

7 comments:

പാമരന്‍ said...

എന്താണീ വാര്‍ത്തയുടെ അടിസ്ഥാനം/ഉറവിടം? ഐബി ഇതില്‍ നിന്നുണ്ടാക്കുന്ന നേട്ടം എന്താണെന്നാണ്‌ ആരോപണം? തുറന്ന മനസ്സോടെത്തന്നെയാണു ചോദ്യം.

പക്ഷപാതി :: The Defendant said...

വാര്‍ത്ത വിശ്വസനീയമെങ്കില്‍(!) അന്വേഷിക്കേണ്ടതാണ്. പക്ഷെ ഇതില്‍ എത്രത്തോളം വാസ്തവമുണ്ട്? എല്ലാ മുസ്ലീം യുവാക്കളേയും അത്തരത്തിലാണോ റിക്രൂട്ട് ചെയ്യുന്നത്? അങ്ങനെയെങ്കില്‍ പല മുസ്ലീം സഘടനകളുറ്റെ വാരികകളില്‍ വരുന്ന ലേഘനങ്ങളും എഴുതുന്നത് ഐ ബി ഏജന്റുമരായിരിക്കണമല്ലോ? ഏതായാലും ഇത് മതത്തിന്റെ പേരിലുള്ള ജിഹാദ് അല്ല. അതി ബുദ്ധിമാന്മാരായ ചിലര്‍ മതത്തിന്റെ പേരില്‍ നടത്തുന്ന ഭീകര പ്രവ്ര്ത്തനം തന്നെ.

ഒരു “ദേശാഭിമാനി” said...

രാജ്യസുരക്ഷക്കു ആതീവഭീഷണിയുള്ള ഒരു വിഷയത്തില്‍‌ ലൊട്ടുലൊടുക്കു പത്രങ്ങള്‍ പറയുന്ന കാര്യങ്ങള്‍ എത്രത്തോളം ശരിയാകാം? ഭാരതം അനേക കോടി രൂപ തന്നെ നമ്മുടെ ആഭ്യന്തര സുരക്ഷക്കു വേണ്ടി ചിലവാക്കുന്നും. നമ്മുടെ ഐ ബി യെ ചളിവാരി എറിയുന്നവര്‍ ഒന്നു മനസ്സിലാക്കണം - ഭീകരപ്രവത്തനങ്ങള്‍ നടത്തുന്നവര്‍ ധാരാളം കള്ളകഥകള്‍ പറഞ്ഞു പരത്തും. അതു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുറെ എങ്കിലും വര്‍ഗ്ഗീയ പിന്തുണ കിട്ടാന്‍ സഹായിച്ചേക്കുമെന്നു കരുതി ചെയ്യുന്നതാണു. അതാണല്ലോ കേരളത്തില്‍ നിന്നു വരെ 100 കണക്കിനു ഭീകരര്‍ ഇന്ത്യന്‍ മണ്ണിലെ ചോറുതിന്നു, പാക്കിസ്താനുവേണ്ടി നമ്മോട് പോരടികുന്നതു. ജയിലില്‍ കിടക്കുന്നവര്‍ അവരുടെ നിലനില്പിനായി പല കഥകളും പറയും, അവരെകൊണ്ട് പുറത്തുള്ള മറ്റു ഭീകരര്‍ പറയിപ്പിക്കും. ഇതൊക്കെ സാധാരാ‍ണ അടവുകള്‍ മാത്രമാണു. കുറ്റാന്വേഷണം നടത്താന്‍ പോലീസും പ്രത്യേക വ്കുപ്പുമുള്ളപ്പോള്‍ പത്രക്കാരും, വര്‍ഗ്ഗീയവാദികളും അതിനു മുതിരണോ?

രജന said...

ഇത്‌ കശ്‌മീര്‍ ടൈംസില്‍ വന്ന റിപോര്‍ട്ടാണ്‌.ഏതായാലും ഇങ്ങനെയൊരു കത്തെഴുതിയ കാര്യം സര്‍ക്കാര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. ഐ.ബി കശ്‌മീരില്‍ നേരത്തേ അല്‍ബദര്‍ എന്ന സ്വന്തം ജിഹാദി സംഘടനയുണ്ടാക്കിയിരുന്നു. അത്‌ നേരത്തേ പത്രങ്ങളില്‍ വന്നതാണ്‌. ഇത്തരം സംഘങ്ങളെയും ആക്രമണങ്ങളെയും മറ്റ്‌ പല വാര്‍ത്തകളും മുക്കാനും ജന ശ്രദ്ധ തിരിക്കാനും സര്‍ക്കാര്‍ സാധാരണ ഉപയോഗപ്പെടുത്തുന്നതാണ്‌. കശ്‌മീര്‍ വിഷയം പുകഞ്ഞു നില്‍ക്കേണ്ടത്‌ ഇന്ത്യയിലെയും പാകിസ്‌താനിലെയും സര്‍ക്കാര്‍ ആയുധ ഇടപാടുകാരുടെ ആവശ്യമാണ്‌. ഇന്ത്യക്ക്‌ ആയുധം വില്‍ക്കുന്ന അമേരിക്കക്കും സൈന്യത്തിനും മറ്റും പരിശീലനം നല്‍കുന്ന ഇസ്രായേലിലെ മൊസാദിനും ഇങ്ങനെ പലതും നടക്കേണ്ടത്‌ ആവശ്യമാണ്‌. ഇതൊക്കെ നേരത്തേ തന്നെ മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ ചെയ്‌ത സംഗതികളാണ്‌. ഈയിടെ ബി.ജെ.പി നേതാവ്‌ സുഷമാ സ്വരാജ്‌ തന്നെ പറഞ്ഞല്ലോ, സര്‍ക്കാര്‍ ശ്രദ്ധ തിരിക്കാന്‍ സ്‌ഫോടനങ്ങളും മറ്റും നടത്താറുണ്ടെന്ന്‌.... ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച മിക്ക അന്വേഷണങ്ങളും പാതി വഴിയില്‍ മുങ്ങുന്നത്‌ ഇതിനു പിന്നില്‍ ഇത്തരം കറുത്ത കരങ്ങള്‍ ഉള്ളതു കൊണ്ടാണെന്നാണ്‌ എന്റെ വിശ്വാസം...
എല്ലാവരെയും റിക്രൂട്ട്‌ ചെയ്യുന്നത്‌ അങ്ങനെ തന്നെയാവണമെന്നില്ല.....
മതത്തിന്റെ പേരിലുള്ള ജിഹാദ്‌ ആണെന്ന്‌ എനിക്കും തോന്നുന്നില്ല... കശ്‌മീരില്‍ കൊല്ലപ്പെട്ടുവെന്ന്‌ പറയുന്ന നാല്‌ മലയാളികളില്‍ ഭൂരിപക്ഷത്തിനും ക്രിമിനല്‍ പശ്ചാത്തലമുണ്ട്‌. അതില്‍ ഒരാള്‍ അറിയപ്പെടുന്ന ഗുണ്ടാനേതാവ്‌ തമ്മനം ഷാജിയുടെ അനുയായിയാണ്‌. പണവും ഇതില്‍ ഒരു ഘടകമാവാന്‍ സാധ്യതയുണ്ട്‌.

രജന said...

പോലിസും സര്‍ക്കാരുമൊക്കെ അന്വേഷിച്ച്‌ 'തെളിയിച്ച' പലതിന്റെയും സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവന്നത്‌ മാധ്യമങ്ങളാണെന്ന കാര്യം ദേശാഭിമാനി മറക്കരുത്‌. ഉദാഹരണത്തിന്‌ തെഹല്‍ക്ക പുറത്തു കൊണ്ടു വന്ന സംഭവങ്ങള്‍........ . ഡെല്‍ഹിയില്‍ നടന്ന ഏറ്റുമുട്ടല്‍ നാടകത്തില്‍ മെയില്‍ ടുഡേ പുറത്തു കൊണ്ടു വന്ന കാര്യങ്ങള്‍. ജയിലിലടച്ച ഇഫ്‌തിഖാര്‍ ഗിലാനിയുടെ കാര്യത്തില്‍ പത്രങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്ന കാര്യങ്ങള്‍. കേരളത്തിലെ ഐസ്‌ക്രീം കേസ്‌...ഒരു ജനാധിപത്യ സംവിധാനത്തെ സംശുദ്ധമായി നിലനിര്‍ത്തുന്നതില്‍ ഫോര്‍ത്ത്‌ എസ്‌റ്റേറ്റിന്റെ ഭാഗമായ പത്രങ്ങള്‍ക്കുള്ള പങ്ക്‌ ദേശാഭിമാനി മറക്കരുത്‌. ഇര്‍ഷാദ്‌ അലിയുടെ കേസ്‌ 2007 ഒക്ടോബര്‍ 24ന്‌ ഡെല്‍ഹി ഹൈക്കോടതിയുടെ മുന്നില്‍ വന്നിട്ടുള്ളതാണ്‌. അന്ന്‌ ഐ.ബിയെയും ഡെല്‍ഹി പോലിസ്‌ സ്‌പെഷ്യല്‍ സെല്ലിനെയും ഹൈക്കോടതി കുറ്റപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. സംഭവം ഇപ്പോഴും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്‌. സത്യം പുറത്തു വരട്ടെ.. അതെത്ര കയ്‌പുള്ളതായാലും....

ഒരു “ദേശാഭിമാനി” said...

രജന, സത്യം തെളിഞ്ഞു വരണമെന്നു തന്നെ യല്ലേ എല്ലാ ഭാരതീയനും ആഗ്രഹിക്കുകയുള്ളൂ. എന്നാൽ ഇവിടെ നടക്കുന്നതെന്താണന്നു ഒന്നു കണ്ണോടിച്ചു നോക്കിക്കേ! രാഷ്ട്രീയ പ്രാധാന്യമോ, വർഗ്ഗീയ പ്രാധാന്യമോ, ഉള്ള ഒരു വിഷയമാണങ്കിൽ അതിന്റെ പിന്നാലെ തൂങ്ങാൻ എല്ലാ പത്രക്കാരും മീഡിയക്കാരും ഇറങ്ങും. എന്നിട്ട് ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം പല തരം റിപ്പോർട്ടുകൾ പുറത്തു വിടും. കേസ്സുകളിൽ അനേകം ഇടപെടലുകളും, പുറമേനിന്നുള്ള ഹർജികളും ഉണ്ടാകും. അവസ്സാനം കേസ്സുകൾ ദശാബ്ദങ്ങളോളം നീണ്ടുപോകുകയും, ഇതിനിടയിൽ പലരും പരലോകം പൂകി കേസുകൾ തെളിവില്ലാതാകുകയും ചെയ്യും. ഇടക്കൊക്കെ ചില പരാമർശങ്ങൾ കോടതി നടത്തിയെന്നിരിക്കും - മിക്കവാറും ആ പരാമർശങ്ങൾ വെറും പരാമർശങ്ങളായി തന്നെ തിരാറെഉള്ളു. മിക്കവാറും അവയെല്ലാം തെറ്റിദ്ധാരണ കൊണ്ട് വരുന്നതാണു. മനുഷ്യമനസ്സ് തന്നെ യല്ലെ ജഡ്ജിക്കും, അന്വേഷണ ഉദ്ദ്യോഗസ്ഥർക്കും ഉള്ളതു! മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു നല്ല മീഡിയ ആക്കി സാമൂഹ്യവിരുദ്ധരായ രാഷ്ട്ര്രീ‍ീയക്കാർ മുതൽ ബിസ്സിനസ്സ് കാർ - ഗുണ്ടകൾ- മാഫിയകൾ - സമുദായക്കാർ- മതക്കാർ - ഇവരെല്ലാം ഉപയോഗിക്കുന്നുണ്ട് എന്ന സത്യം എല്ലാ‍വരും കാണുന്നതല്ലെ?
രാഷ്ട്രീയകേസുകളിൽ ഒരാളെ ക്രൂശിച്ചിട്ടു സർക്കാരിനു എന്തു ഫലം? അതും ദേശദ്രോഹം ചെയ്യുന്നവരെ!

മാധ്യമക്കാർ ഒരു കാര്യം ചെയ്താൽ നന്നായിരിക്കും - ബുദ്ധിരാക്ഷസന്മാരായ മീഡിയ പ്രവർത്തകർ കാലെ കൂട്ടി വിധ്വംസകപ്രവർത്തനങ്ങളെ പറ്റി മനസ്സിലാക്കാൻ ശ്രമിക്കട്ടെ - എന്നാൽ നമുക്കു പല ജീവനും രക്ഷിക്കാൻ സാധിക്കും. അവർ ആവിവരം സർക്കാരിനേയോ,നിയമപാലകരേയോ, അറിയിക്കട്ടെ! അല്ലാതെ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ജാതകവും, ഗണിതവും നടത്തുന്നതു മാധ്യമപ്രവർത്തനമെന്നു പറയുന്നതിനേക്കാൾ നല്ലതു ഏഷണി പറച്ചിൽ എന്നു പറയുകയാണു.

കൂടുതൽ വാദപ്രതിവാദത്തിനില്ല എങ്കിലും ഒന്നു പറയാം - സ്വന്തം കാര്യങ്ങൾ നോക്കി , ജിവിക്കുന്ന ആർക്കും തിക്താനുഭവങ്ങൾ തീരെ ഉണ്ടാകാറില്ല എന്നാണു എന്റെ വിശ്വാസം!

Unknown said...

ഏതായാലും കത്തുകയല്ലേ കിടക്കട്ടെ എന്റെ വകയും ഒരു കപ്പ്‌ മണ്ണെണ്ണ എന്ന്‌ അല്ലേ കൊള്ളാം