Tuesday, October 21, 2008

കശ്‌മീര്‍ ബന്ധം: യുവാവിന്റെ അറസ്‌റ്റില്‍ ദുരൂഹതയേറുന്നു

സ്വന്തം പ്രതിനിധി
കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികളില്‍ നിന്നു മൊബൈലിലേക്ക്‌ കോളുകള്‍ വന്നുവെന്ന്‌ ആരോപിച്ച്‌ എന്‍. ഡി.എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുല്‍ ജലീലിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നില്‍ ചില ദുഷ്ടശക്തികളുടെ കൈയുണ്ടെന്നു സൂചന. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ നടന്ന ഗൂഢാലോചനയുടെ ഫലമാണു സംഭവമെന്നു വിലയിരുത്തപ്പെടുന്നു. ഈ രീതിയിലുള്ള ചില സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നതായി ജലീലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്താല്‍ വളയപ്പെട്ട തങ്ങളെ രക്ഷിക്കണമെന്ന സന്ദേശമാണു കശ്‌മീരില്‍ നിന്നു ലഭിച്ചതെന്ന റിപോര്‍ട്ടുണ്ടായിരുന്നുവെങ്കിലും വിളിച്ചത്‌ ആരെന്നോ ഫോണ്‍ നമ്പര്‍ ഏതെന്നോ വ്യക്തമാക്കാന്‍ പോലിസിന്‌ കഴിയാത്തത്‌ ഈ സംശയം ബലപ്പെടുത്തുന്നു. കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ ആരൊക്കെയാണെന്നും അവര്‍ എവിടുത്തുകാരാണെ ന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞതും കൊല്ലെപ്പട്ടവര്‍ മലയാളികളാണെന്ന്‌ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ്‌.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുവീതം മലയാളികള്‍ കൊല്ലപ്പെട്ടുവെന്നു കഴിഞ്ഞ ഏഴിനും 12നുമാണു വാര്‍ത്തകള്‍ വന്നത്‌. കൊല്ലപ്പെട്ടതു മലയാളികളാണെന്നതിനു തെളിവില്ലെന്നു കേരള-കശ്‌മീര്‍ പോലിസ്‌ പിന്നീടു വ്യക്തമാക്കിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചുവെന്ന്‌ ആദ്യം പറഞ്ഞിരുന്നെങ്കിലും അവ വ്യാജമാണെന്ന്‌ അന്വേഷണത്തില്‍ ബോധ്യമാവുകയും ചെയ്‌തി രുന്നു.
ഇവര്‍ മലയാളികള്‍ തന്നെയാണെന്നതിനു പിന്നീട്‌ തെളിവുകള്‍ ലഭിച്ചുവെങ്കില്‍ അവ വ്യക്തമാക്കാന്‍ പോലിസിനായിട്ടില്ല. മലയാളം മാത്രമറിയാവുന്ന ജലീലിനെ മലയാളികളല്ലാത്തവര്‍ വിളിക്കാനിടയില്ല. മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തയുമായി ബന്ധപ്പെട്ടാണു ജലീലിന്റെ അറസ്റ്റ്‌ നടന്നതെന്നാണ്‌ ഇതു വ്യക്തമാക്കുന്നത്‌.
കശ്‌മീരില്‍ നിന്നുള്ള നമ്പറില്‍ നിന്നാണു വിളി വന്നതെന്നതു മാത്രമാണു തെളിവെങ്കില്‍ ഇന്റര്‍നെറ്റ്‌ ടെലിഫോണ്‍ വ്യാപകമായ ഇക്കാലത്ത്‌ ഈ വാദം ബാലിശമാണെന്നു ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു.
ഉദാഹരണമായി വോയിപ്‌ (വോയിസ്‌ ഓവര്‍-ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍) സംവിധാനത്തില്‍ വെബ്‌ സൈറ്റ്‌ വഴി ലോകത്തിന്റെ ഏതു ഭാഗത്തു വച്ചും ഏതു പ്രദേശത്തെ നമ്പറില്‍ നിന്നും ഫോണ്‍ വിളിക്കാം. നിലവിലെ ലാന്റ്‌ ഫോണ്‍ ലൈനും മൊബൈല്‍ സേവനങ്ങളും ഉപയോഗിച്ചുകൊണ്ടാണ്‌ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്‌. വോയിപ്പിലെ ഫോണ്‍-ടു-ഫോണ്‍ ഓപ്‌ഷനില്‍ ?യുവര്‍ ഓണ്‍ ഫോണ്‍ നമ്പര്‍ (വിളിക്കുന്നയാളുടെ നമ്പര്‍), ?ഡെസ്റ്റിനേഷന്‍ നമ്പര്‍? (വിളിക്കേണ്ട വ്യക്തികളുടെ നമ്പര്‍) എന്നിവ ടൈപ്പ്‌ ചെയ്യാനുള്ള കോളങ്ങളുണ്ടാവും. ഇതില്‍ വിളിക്കുന്നയാളുടെ നമ്പറില്‍ ലോകത്തെ ഏതു ഫോണ്‍ നമ്പറും എന്റര്‍ ചെയ്‌താല്‍ മതി.
നാദാപുരത്തെ ഒരു വീട്ടില്‍ പാകിസ്‌താനില്‍ നിന്നു ഫോണ്‍കോള്‍ വന്നുവെന്നു കഴിഞ്ഞ ആഗസ്‌തില്‍ പോലിസ്‌ കണ്ടെത്തിയിരുന്നെങ്കിലും ഇന്റനെറ്റ്‌ സംവിധാനത്തിലൂടെ ഖത്തറില്‍ നിന്നാണു പാകിസ്‌താന്‍ നമ്പറില്‍ ഫോണ്‍ വന്നതെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണു ചില കുബുദ്ധികളുടെ കരങ്ങള്‍ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നത്‌. മുഖം മറച്ചാണു പോലിസ്‌ ജലീലിനെ കൊണ്ടുപോയതെങ്കിലും മാധ്യമങ്ങള്‍ക്കു യുവാവിന്റെ പാസ്‌പോര്‍ട്ടിലുള്ള ഫോട്ടോ എങ്ങനെ ലഭിച്ചുവെന്നതിലും ദുരൂഹതയുണ്ട്‌.



കശ്‌മീരില്‍ കൊല്ലപ്പെട്ടത്‌ മലയാളിയാണെന്നതിന്‌ തെളിവില്ല: കോടിയേരി
തിരുവനന്തപുരം: കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതു മലയാളിയാണെന്ന്‌ ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഇതു സംബന്ധിച്ച അന്വേഷണം നടന്നുവരുന്നതേയുള്ളൂവെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. 

തേജസ്‌ ദിനപത്രം: 22-10-08 

1 comment:

Unknown said...

കേരള പോലീസിലും സംഘപരിവാര്‍ നുഴഞ്ഞുകയറ്റം?